Kylian Mbappe | Photo: Alex Grimm/Getty Images
കൈലിയന്‍ എംബാപ്പെയുടെ പാദങ്ങളില്‍ വെടിമരുന്നായിരിക്കും നിറച്ചിരിക്കുക. ഫ്രാന്‍സിനു വേണ്ടി ഗോളുകള്‍ നേടിയതിന്റെ റെക്കോഡ് ഒലീവിയര്‍ ഷിറൂ മറികടന്നതിന്റെ പ്രാധാന്യം അതിനാല്‍ അല്പം പിറകിലേക്കു പോയി. 53 ഗോളുകള്‍ നേടിയ ഷിറൂ തിയറി ഓൻറിയുടെ റെക്കോഡ് മറികടന്നിരിക്കുന്നു. ഫോര്‍വേഡും സ്ട്രൈക്കറും തമ്മിലുള്ള വ്യത്യാസം എവിടെയൊ വിശദീകരിച്ചത് കൗതുകകരമായി തോന്നി. ഫോര്‍വേഡ് പന്ത് ഷൂട്ടു ചെയ്യുന്നു. സ്ട്രൈക്കറാകട്ടെ ഫിനിഷ് ചെയ്യുന്നു അഥവാ ഗോളടിച്ചശേഷം അതിനുമേല്‍ ആണി കൂടിയടിച്ച് അതുറപ്പിക്കുന്നു. രണ്ടും കൂടിയ കളിക്കാരേ ഉണ്ടാവൂ എന്നത് വാസ്തവം. എല്ലാ കളിക്കാരും എല്ലാം കൂടിച്ചേര്ന്നവരാണിപ്പോള്. പോളണ്ടിനെതിരേ ഫ്രാന്‍സിനുവേണ്ടി ഒരു ഘട്ടത്തില്‍ ഗോള്‍ പരിശ്രമത്തിന് മുതിരാത്ത ഒരേയൊരു കളിക്കാരന് മിഡ്ഫീല്‍ഡര്‍ ആഡ്രിയന് റാബിയൊ മാത്രമായിരുന്നു.
ഫ്രഞ്ച് നിരയില്‍ ഷിറൂവിനെക്കാള് പ്രശസ്തര്‍ ഉണ്ടായിട്ടുണ്ടാവും. ഇനിയും ഉണ്ടാവും. എന്നാല്‍ ഈ ലോകകപ്പില്‍ കരീം ബെന്സേമയില്ലത്താതിനാല് ഷിറൂ അവശ്യഘടകമായി മാറിയിരിക്കുന്നു. 2018 ല്‍ ഷിറൂ ഒറ്റ ഗോളും അടിക്കുകയുണ്ടായില്ല. ആ ടീമില്‍ അദ്ദേഹത്തിന്റ സാന്നിദ്ധ്യം അത്ര സ്ഥിരമായിരുന്നില്ല താനും. യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ കുറച്ചു കാണിക്കപ്പെട്ട ഗോളടിക്കാരനാണ് ഷിറൂ. പെനാല്‍റ്റി ബോക്സിന്റെ പരിസരങ്ങളില്‍ സദാ ഗോളവസരം അന്വേഷിക്കുകയാണ് ഷിറൂവിന്റെ ചുമതല. കളി മാത്രമല്ല ഈ റെക്കോഡും ഷിറൂവിന്റെ മേല്‍ കൂടുതല്‍ ശ്രദ്ധ പതിയുന്നതിന് ഇടയാക്കിയിരിക്കുന്നു.
ഒന്ന് നേരെയും മറ്റൊന്ന് കോണ്‍ ചേര്ന്നുമായിരുന്ന എംബാപ്പെ തൊടുത്തുവിട്ട ഇടികള്‍ അഥവാ അടികള്‍. വലയില്ലായിരുന്നുവെങ്കില് അത് പുറത്തെവിടെയെങ്കിലും എത്തിപ്പെടുമായിരുന്നു. സ്റ്റേഡിയത്തിന് പുറത്തേക്കു പോകുന്ന ക്രിക്കറ്റ് പന്തുകള്‍ പോലെ. എംബാപ്പെയെ ഓടിപ്പിടക്കാന് ഡിഫന്‍ഡര്‍മാര്‍ ക്ലേശിക്കുന്നു. അയാള്‍ ഓട്ടം തുടങ്ങുമ്പോഴേക്കും രണ്ടു മുഴത്തിന്റെയെങ്കിലും നേട്ടം നേടിക്കഴിഞ്ഞിരിക്കും. അത് മുന്‍കൂര്‍ കണ്ട് ഡിഫന്‍ഡര്‍ക്ക് ഒരു മുഴം നേരത്തെ എറിയാന്‍ പറ്റുകയില്ല. അങ്ങനെ ചെയ്താല്‍ നേരെ പോകുന്നതിനു പകരം എംബാപ്പെക്ക് റൂട്ട് മാറ്റി ഉള്ളിലേക്ക് വരാന്‍ കഴിയും. കാരണം പന്ത് അയാളുടെ കാലിലാണല്ലോ. എങ്കിലും പോളണ്ടിന്റെ റൈറ്റ് ബാക്ക് ക്യാഷ് പരമാവധി ശ്രമിച്ചു. അത്ര മാത്രം.
പോളണ്ട് തോറ്റുവെങ്കിലും വാസ്തവത്തില്‍ ടൂര്‍ണമെന്റില്‍ അവര്‍ക്ക് തൃപ്തിനല്കിയിട്ടുള്ള കളി ഇതായിരിക്കും. ഒന്നാം പകുതിയില്‍ ചില ഘട്ടങ്ങളിലെങ്കിലും അവര്‍ എതിര് നിരയില്‍ ഗോളടിക്കാന്‍ കഴിയും വിധം സമ്മര്‍ദ്ദമേല്‍പ്പിച്ചു. സീലിന്‍സ്കിയുടെ അടി ഗോളി ഹ്യൂഗോ ലോറീസ് കാല് കൊണ്ട് തടുത്തു. അതിന്റെ തുടര്അടി തിയൊ ഹര്ണാണ്ടസും. യാക്കോബ് കാമിന്‍സ്കിയുടെ അടി ഗോളിലേക്ക് പ്രവേശിക്കും മുമ്പ് വറാന് അടിച്ചകറ്റുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ എല്ലാം കഴിഞ്ഞു. ഒരു മിന്നല്‍. ഫ്രാന്‍സ് പിന്നീട് തരിച്ചുവരികയായി.
ഈ സാധ്യത ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്നതാണ്. ഫ്രാന്‍സിനെതിരെ ഓസ്ട്രേലിയയും ഡെന്മാര്ക്കും പരീക്ഷണത്തിന്് മുതിര്‍ന്നപ്പോള്‍ ടൂണീഷ്യയും ഗോള്‍ നേടിയിട്ടുണ്ട്. അവസാന ഘട്ടത്തില്‍ ലെവന്‍ഡോവ്സ്കിയിലൂടെ പോളണ്ടും. എതിരാളികളുടെ വലയില്‍ ഗോളടിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം, തങ്ങളുടെ കളിയിലെ മാനുഷികമായ പിഴവുകളെ സ്വാഗതം ചെയ്യാന്‍ പോലും ഫ്രാന്‍സിനെ സഹായിക്കുന്നു. എതിരാളിയെ തോല്‍പ്പിക്കുമ്പോഴും അവര്‍ക്ക് അവര്‍ക്ക്, അറിയാതെയാണെങ്കിലും ഒരു ചാന്‍സ് നല്‍കാനുള്ള സന്നദ്ധത പ്രശംസനീയം. ബ്രസീലിന്റെ കളിയില്‍ അതുണ്ട്. കാമറൂണിനെതിരെ ബ്രസീല്‍ 21 ഷോട്ടുകള്‍ പായിച്ചിട്ടും ജയിച്ചത് വിന്‍സന്റ് അബൂബക്കറും കാമറൂണുമായിരുന്നു.
ഇത്തരം പരീക്ഷണങ്ങള്‍ പാളിപ്പോവുമ്പോള് ടീമുകളും അതിന്റെ പിന്നാലെ കൂടിയിട്ടുള്ള നാട്ടുകാരായ പത്രലേഖകരും ഇതിനെ എങ്ങനെയാണ് സ്വാഗതം ചെയ്യുക? ബ്രസീല്‍ കോച്ച് ടിറ്റേക്ക് ഇതിന്റെ പേരില്‍ വിമര്‍ശനം നേരിടേണ്ടി വന്നു. ഒരു കളിയും മറ്റേതും തമ്മിലുള്ള സമയം കളിക്കാര്‍ക്ക് തങ്ങളുടെ ശാരീരിക മികവ് വീണ്ടെടുക്കാന്‍ തികയാത്തതിനാല്‍ സാധിക്കുമെങ്കില്‍ കളിക്കാര്‍ക്ക് വിശ്രമം നല്‍കാനാണ് താന്‍ പരിശ്രമിച്ചിട്ടുള്ളതെന്ന് ടിറ്റെ പറയുകയുണ്ടായി. ചൂടും ഒരു പ്രശ്നമാണ്. ഗബ്രിയേല്‍ ജീസസിന് പരിക്കേറ്റതിന്റെ പിഴയും ടിറ്റേക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
ബ്രസീലിനെ നേരിടുന്ന തെക്കന്‍ കൊറിയയുടെ പരിശീലകന് പാവ്ലോ ബെന്റോയും കളികള്‍ക്കിടയില്‍ 72 മണിക്കൂര്‍ ഇടവേള പോരെന്ന അഭിപ്രായക്കാരനാണ്. തെക്കന്‍ കൊറിയക്ക് പക്ഷേ പോര്‍ച്ചുഗലിനെതിരെ പരീക്ഷണം നടത്താന്‍ ആവുമായിരുന്നില്ല. അദ്ദേഹത്തിന്റെ ടീമിനേക്കാള്‍ ബ്രസീലിന്റെ കളിക്കാര്‍ക്ക് കൂടുതല്‍ വിശ്രമം ലഭിച്ചിരിക്കുന്നത് അവര്‍ക്ക് ഗുണകരമാണ്.
ആദ്യ നേരങ്ങളില്‍ സെനഗല്‍ ഇംഗ്ലണ്ടിനെതിരെ പൊരുതി നിന്നുവെങ്കിലും ഇസ്മായില സാറിന്റെയും ബൗലായാ ദിയയുടെയും ശ്രമങ്ങള്‍ക്ക് ഫലം കണ്ടില്ല. സാര്‍ പുറത്തേക്കടിക്കുകയും ദായുടെ അടി ജോര്ഡന് പിക്ഫോര്‍ഡ് ഒറ്റക്കൈകൊണ്ട് തടുക്കുകയും ചെയ്തു. ഹെന്ഡേഴ്സന് നേടിയ ഗോളോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. ജൂഡ് ബെല്ലിങ്ങാമിന്റെ കളിയാണ് ഇംഗ്ലണ്ടിനെ തിരിച്ചുകൊണ്ടു വന്നത്. ഹെന്‍ഡേഴ്സന്റെ ഗോളില്‍ മാത്രമല്ല, ഹാരി കെയ്ന്‍ നേടിയ ഗോളിലും ബെല്ലിങ്ങാമിന്റെ തളരാത്ത കാലുകളുണ്ട്. പകുതി സമയത്തെ വിസിലിനു മുമ്പ് വീണ രണ്ടാമത്തെ ഗോളോടെ സെനഗല്‍ കളി മതിയാക്കിയെന്നു പറയണം. പിന്നീട് ഇംഗ്ലണ്ടേ ഉണ്ടായിരുന്നുള്ളൂ. ഇംഗ്ലണ്ട് പരിശീലകന് സൗത്ത്ഗേറ്റിന് കളിക്കാര്‍ക്ക് വിശ്രമം നല്കാനുമായി. ബെല്ലിങ്ങാമിന്റെ അത്യുല്ഹാസത്തിന് ഒപ്പം നില്‍ക്കുന്നതായിരുന്നു ആ കളിയും.
ആഫ്രിക്കന്‍ ടീമായാണ് സെനഗല്‍ കളിച്ചത് എന്നു പറയാമെങ്കിലും ആഫ്രിക്കന്‍ ടീമുകള്‍ക്കിടയില്‍ മാല്‍സര്യം ശക്തമായതിനാല്‍ ഒരു ടീം ജയിക്കുന്നതിനെ മറ്റൊരു ടീം കൊണ്ടാടാറില്ലെന്നു പറയുന്നു. വളരെ ദൂരെയിരിക്കുന്ന നമ്മള്‍ക്ക് അങ്ങനെ ടീമുകള്‍ തമ്മില്‍ വളരെ സാഹോദര്യമുണ്ടെന്ന് സാമ്രാജ്യത്വവിരുദ്ധമായി ഭാവന ചെയ്യാമെങ്കിലും. എന്നാല്‍ പരിശീലകര്ക്കൊ സംഘാടകര്‍ക്കൊ ഇത്തരം ഒരു വിചാരം പ്രോല്‍സാഹിപ്പിക്കണം എന്ന തോന്നലുണ്ടാവും. ബ്രസീലിനും അര്‍ജന്റീനയ്ക്കും പരസ്പരം കണ്ടുകൂടാ എന്നു വരികിലും മറ്റ് ലാറ്റനമേരിക്കന്‍ ടീമുകളുടെ ആരാധകര്‍ പരസ്പരം പ്രോല്‍സാഹിപ്പിക്കാന്‍ ഉല്സുകരാണെന്നും കാണുകയുണ്ടായി. അതാണ് വ്യത്യാസം.
ഇത്തരം അകല്‍ച്ചയും അടുപ്പവും സാധാരണം. ബ്രിട്ടന്റെ തന്നെ ഭാഗമായ ഇംഗ്ലണ്ടും വെയില്‍സും തമ്മില്‍ ഫുട്ബോള്‍ കളിക്കുമ്പോള്‍ കടുത്ത എതിരാളികളൊണ്. ഒരാളുടെ ജയം മറ്റൊരാള്‍ ആഘോഷിക്കണമെന്നില്ല എന്നു മാത്രമല്ല ഒരു കൂട്ടര്‍ക്ക് കടുത്ത വിദ്വേഷവും തോന്നിയേക്കാം. 1966-ല്‍ ഇംഗ്ലണ്ട് നേടിയ ലോക കപ്പ് വിജയത്തെ സഹോദരങ്ങളായ സ്കോട്ലന്ഡ് ആരാധകര്‍ നല്ല മനസ്സോടെ സ്വീകരിക്കുയുണ്ടായില്ല എന്നാണ് തോന്നുന്നത്. അപ്പോള്‍ മറ്റൊരു രാജ്യത്തിന്റെ കാര്യം പറയുകയേ വേണ്ട. ജര്‍മനിയുട വീഴ്ചയില്‍ ആഹ്ലാദിച്ചുകൊണ്ട് മുന്‍ ഇംഗ്ലണ്ട് താരങ്ങളായ അലന് ഷിയററും ഗാരി ലിനേക്കറും പൊട്ടിച്ചിരിക്കുന്ന അല്ലെങ്കില്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന വീഡിയൊ കാണാന്‍ കിട്ടും.
'പുറംരാജ്യ'ങ്ങളില്‍ ഇനി അവശേഷിച്ചിട്ടുള്ളത് കൊറിയയും ജപ്പാനും മൊറോക്കോയുമാണ്. പരമ്പരാഗതനില തുടരുമോ അതിലെ കോണിപ്പടികളിലൂടെ മറ്റാരെങ്കിലും കയറുമോ എന്നറിയാന്‍ ഇനി അധികം സമയം വേണ്ട. നീല സമുറായ്ക്കളായ ജപ്പാന്‍കാര്‍ മൂന്നു തവണ ഇതിനു മുമ്പ് പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. അവിടെ നിന്നു മടങ്ങി. ഇത്തവണ ജപ്പാന്റേത് അക്കൂട്ടത്തില്‍ മികച്ച ടീമാണെന്ന് അവരുടെ പരിചയസമ്പന്നനായ ഡിഫന്‍ഡര്‍ യൂട്ടോ നഗട്ടോമോ പറയുന്നു. ചേകവന്മാരായ സമുറായ്ക്കളുടെ പാരമ്പര്യത്തെക്കുറിച്ച് നഗട്ടോമോ പറയുന്നുണ്ട്. ആയുധം ഉണ്ടായിട്ട് കാര്യമില്ല, ഭീതിയാണ് അകറ്റേണ്ടതെന്ന് ബുസ്ക്കെറ്റ്സിന്റെ മുഖഛായയുള്ള നഗട്ടോമോ. 'കൊറാഗ്ഗിയൊ!' എന്നാണ് ജപ്പാന്റെ പോര്‍വിളി. ഇറ്റാലിയനാണിത്. കറേജ്, ധൈര്യം എന്ന് അര്‍ത്ഥം. നഗട്ടോമോ ഇറ്റലിയിലെ ഇന്റര്‍ മിലാന് കളിച്ചിട്ടുണ്ട്. ഇനി കൊറാഗ്ഗിയൊ എന്ന് നീല സമുറായ്മാര്ക്ക് ആര്പ്പുവിളിക്കേണ്ടെന്ന് അദ്ദേഹം പറയും. കാരണം ടീം ആ സ്ഥിതിയിലെത്തിയിരിക്കുന്നു.
ജപ്പാന്റെ എതിരാളികളായ ക്രൊയേഷ്യ സൂത്രശാലികളാണ്. മാത്രമല്ല ജപ്പാന്റെ കളി എല്ലാവരും കണ്ടുകഴിഞ്ഞു. അല്‍ഭുതത്തിന്റെ ഒരു കെണി ഒരുക്കാന്‍ ജപ്പാന് കഴിഞ്ഞെന്നു വരില്ല. എങ്കിലും കളി അവിടെത്തന്നെയുണ്ടാവുമല്ലോ. ജപ്പാന് നടാടെ അടുത്ത റൗണ്ടിലേക്ക് കടക്കുവാനള്ള അപൂര്‍വാവസരമാണിത്.
Content Highlights: Kylian Mbappé, france vs poland, england vs senegal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..