Kylian Mbappe | Photo : Elsa/Getty Images
പെലെ, മാറഡോണ, സിനദിന്‍ സിദാന്, മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ... ഫുട്ബോളിനെ മനോഹരമാക്കാന്‍ പിറവിയെടുത്ത പ്രതിഭാസങ്ങള്‍. അടുത്തതലമുറയ്ക്ക് താലോലിക്കാന്‍ ആരെന്ന ചോദ്യത്തിന് കിലിയന്‍ എംബാപ്പെ ഉത്തരം നല്കുന്നു. വേഗത്തിലും ഡ്രിബ്ലിങ്ങിലും ഫിനിഷിങ്ങിലും അസാമാന്യ മികവ്. ഇടംകാലിലും വലംകാലിലും ഒരുപോലെ സ്വാധീനം, ഗ്രൗണ്ടില്‍ നിലയ്ക്കാത്ത ഊര്‍ജം, പഴുതുകള്‍ സൃഷ്ടിച്ച് കുതിച്ചുകയറുന്ന ബുദ്ധി. എംബാപ്പെയെ കരുത്തനാക്കുന്ന പലതുണ്ട്. ഒപ്പം, വിട്ടുവീഴ്ചയില്ലാത്ത ആത്മസമര്‍പ്പണവും ഗോളിനോടുള്ള അഭിനിവേശവും.
ലോകകപ്പ് ഫുട്ബോളില്‍ ആദ്യത്തെ ഗോളടിച്ചപ്പോള്‍ എംബാപ്പെ താരതമ്യം ചെയ്യപ്പെട്ടത് ബ്രസീല്‍ ഇതിഹാസം പെലെയുമായിട്ടാണ്. 2018 റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിനുവേണ്ടി പെറുവിനെതിരേ ഗോള്‍ നേടുമ്പോള്‍ എംബാപ്പെയ്ക്ക് പ്രായം 19. പെലെയ്ക്കുശേഷം ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ കളിക്കാരനായി. അതേ ലോകകപ്പിലെ ഫൈനലില്‍ ക്രൊയേഷ്യക്കെതിരേയും സ്കോര്‍ ചെയ്തതോടെ പെലെയ്ക്കുശേഷം ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായംകുറഞ്ഞ താരവുമായി. മികച്ച യുവതാരത്തിനുള്ള പുരസ്കാരവുമായാണ് എംബാപ്പെ റഷ്യയില്‍നിന്ന് മടങ്ങിയത്. 'ഞങ്ങളുടെ കൂട്ടത്തിലേക്ക് സ്വാഗതം' -അന്ന് പെലെ എംബാപ്പെയെ ക്ഷണിച്ചു.
ആറാംവയസ്സില്‍ത്തന്നെ പ്രൊഫഷണല്‍ ഫുട്ബോള്‍ പരിശീലനം തുടങ്ങി. അച്ഛനും കാമറൂണ്‍ മുന്‍ ഫുട്ബോളറുമായ വില്‍ഫ്രഡായിരുന്നു ആദ്യ കോച്ച്. അള്‍ജീരിയക്കാരിയായ അമ്മ ഫൈസ ലാമരി അത്ലറ്റായിരുന്നു. സഹോദരന് ഏഥനും ഫുട്ബോള്‍ താരം. ഇപ്പോള്‍ പി.എസ്.ജി.യില്‍ കളിക്കുന്നു. ഒപ്പം, അച്ഛനമ്മമാര്‍ ദത്തെടുത്ത ഒരു സഹോദരന്‍കൂടിയുണ്ട്, ജിറെസ് കെംബോ എകോകോ. എകോകോയും കളിക്കാരനാണ്. കളിപറഞ്ഞും കറങ്ങിനടന്നും വളര്‍ന്ന മറ്റു കുട്ടികളെപ്പോലുള്ള ജീവിതമേയായിരുന്നില്ല തന്റേതെന്ന് എംബാപ്പെതന്നെ പറഞ്ഞിട്ടുണ്ട്. എല്ലാം ലോകഫുട്ബോളറാകുകയെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയായിരുന്നു. അതില്‍ നിരാശയില്ലെന്നും പറഞ്ഞു.
ഇക്കുറി നാലുകളിയില്‍ അഞ്ചുഗോള്‍. രണ്ടു ലോകകപ്പിലെ 11 മത്സരങ്ങളില്‍ ഒമ്പതു ഗോളുമായി എംബാപ്പെ ചരിത്രത്തില്‍ കൈയൊപ്പിട്ടു. അഞ്ചാം ലോകകപ്പ് കളിക്കുന്ന ലയണല്‍ മെസ്സിക്കും ഒമ്പതു ഗോളാണ്. എംബാപ്പെയുടെ ആരാധനാപാത്രമായ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് അഞ്ചു ലോകകപ്പില്‍ എട്ടു ഗോളാണ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്ക്കുടമയായ ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെ 24 കളിയില്‍ നേടിയത് 16 ഗോളാണെന്നും ഓര്‍ക്കണം. 16-ാം വയസ്സില്‍ മൊണോക്കോയിലൂടെ തുടങ്ങി പി.എസ്.ജി.യില്‍ എത്തിനില്‍ക്കുന്ന എംബാപ്പെയുടെ ക്ലബ്ബ് ഫുട്ബോള്‍ ജീവിതവും ഗോള്മയം.
അച്ഛന് കാമറൂണുകാരനും അമ്മ അള്ജീരിയക്കാരിയുമായതിനാല് ആ രാജ്യങ്ങള്‍ക്കുവേണ്ടി കളിക്കാനും എംബാപ്പെയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍, ശരിയായ സമയത്ത് എംബാപ്പെ ശരിയായ സ്ഥലത്ത് എത്തിപ്പെട്ടു. ഫ്രാന്‍സ് ലോകത്തെ ഏറ്റവും മികച്ച ടീമായിരിക്കേതന്നെ അവരുടെ ആക്രമണത്തിന്റെ അമരത്തെത്തി. റെക്കോഡുകളോ എന്റെ നേട്ടങ്ങളോ അല്ല, ലോകകപ്പ് കിരീടവിജയമാണ് ലക്ഷ്യമെന്ന് കഴിഞ്ഞദിവസം എംബാപ്പെ പ്രതികരിച്ചു.
Content Highlights: Kylian Mbappé, FIFA World Cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..