അന്ന് ആ ജഴ്‌സി വാങ്ങി കുഞ്ഞാരാധകന്‍ പറഞ്ഞു..'മാപ്പ്,ഈ ആള്‍ക്കൂട്ടം നിങ്ങളെ കുരങ്ങനെന്ന് വിളിച്ചതിന്'


സജ്‌ന ആലുങ്ങല്‍കാലിദൊ കൗലിബാലി | Photo: getty images

പ്രതിരോധപ്പൂട്ടിട്ട് പൂട്ടാന്‍ മിടുക്കനാണ് കാലിദൊ കൗലിബാലി. ഇറ്റാലിയന്‍ ലീഗിലെ കരുത്തന്മാരായ നാപ്പോളിയുടെ പ്രതിരോധ മതിലില്‍ കൗലിബാലി ഇരിപ്പുറപ്പിച്ചതും അങ്ങനെയാണ്. എന്നാല്‍ ജീവിതത്തില്‍ ഒരു മതിലിനപ്പുറം ചെരുപ്പിടാത്ത പാദങ്ങളുമായി വെയിലില്‍ പൊള്ളിനില്‍ക്കേണ്ടി വന്നവനാണ് ഈ സെനഗല്‍ താരം. അതിനിടയില്‍ ആ മതിലിനപ്പുറത്തെ വഴിയിലൂടെ നടന്നുപോയവര്‍ എത്തിനോക്കി അവനെ കല്ലെറിയുകയും കറുത്ത കുരങ്ങനെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.

ലോകം മുഴുവന്‍ ഫുട്ബോള്‍ ഗ്രൗണ്ടിന്റെ മധ്യത്തിലുള്ള വൃത്തത്തിലേക്ക് ചുരുങ്ങിയപ്പോഴും സ്നേഹവും സാഹോദര്യവും ആ പന്തിനുള്ളില്‍ നിറഞ്ഞപ്പോഴും കൗലിബാലി വെറുക്കപ്പെട്ടവനായി. നിരന്തരം ക്രൂശിക്കപ്പെട്ടവനായി. പക്ഷേ ഉയര്‍ത്തെഴുന്നേല്‍പ്പ് തന്നെയായിരുന്നു പ്രതിവിധിയെന്ന് അവന് ആരും ചെവിയില്‍ ഓതിക്കൊടുക്കേണ്ടി വന്നില്ല. കാല്‍പ്പാദത്തിലെ പൊള്ളിയ പാടുമായി അവന്‍ വളര്‍ന്നു, ആ പാദം കൊണ്ട് ലോകോത്തര സ്ട്രൈക്കര്‍മാരെ പൂട്ടിട്ടുപിടിച്ചു. എന്നാലും ഇപ്പോഴും കാലില്‍ പന്തെത്തുമ്പോഴേക്കും ഗാലറിയില്‍ നിന്ന് എവിടെ നിന്നെങ്കിലും വരുന്ന കറുത്ത കുരങ്ങനെന്ന വിളി കൗലിബാലിയുടെ ചെവിയിലെത്തും.

പക്ഷേ അത് കൂടുതല്‍ ഊര്‍ജ്ജത്തോടെ കുതിക്കാനുള്ള ഇന്ധനമായി മാറ്റാനുള്ള മാന്ത്രികവിദ്യ അവന്റെ ബൂട്ടിനുള്ളില്‍ ഇപ്പോഴുണ്ട്. കറുത്തവന്‍ കളിക്കുന്നത് കുരങ്ങു കളിയല്ല, ഫുട്ബോള്‍ തന്നെയാണ് എന്ന് ഉറക്കെ വിളിച്ചു പറയുന്ന മാന്ത്രികവിദ്യ. ഖത്തറില്‍ ലോകകപ്പില്‍ പന്തുരുളുമ്പോള്‍ സെനഗലിന്റെ കപ്പിത്താനായ ഈ 31-കാരന്‍ ആരെയെല്ലാം പൂട്ടിട്ട് പിടിക്കുമെന്ന ആകാംക്ഷയുടെ ദിനങ്ങളാണ് ഇനി വരാനുള്ളത്.

ബൂട്ട് വലിച്ചെറിഞ്ഞ് തെരുവില്‍ കളിച്ചവന്‍

സെനഗലില്‍ നിന്ന് മെച്ചപ്പെട്ട ജീവിതസാഹചര്യം തേടി ഫ്രാന്‍സിലേക്ക് കുടിയേറിയതാണ് കൗലിബാലിയുടെ അച്ഛന്‍. നിയമപരമായ രേഖകളൊന്നുമില്ലാതെ പാരീസിലെ ടെക്സ്‌റ്റൈല്‍ മില്ലില്‍ അഞ്ചു വര്‍ഷം അയാള്‍ പണിയെടുത്തു. ആഴ്ച്ചയില്‍ ഏഴു ദിവസവും ജോലി തന്നെയായിരുന്നു. ശനിയാഴ്ച്ചയോ ഞായറാഴ്ച്ചയോ ഉണ്ടായിരുന്നില്ല. എങ്ങനേയും പണം സമ്പാദിച്ച് ഭാര്യയെ പാരീസിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു അയാളുടെ സ്വപ്നം. അഞ്ചു വര്‍ഷത്തിന് ശേഷം അതു സഫലമായി. അങ്ങനെ ഫ്രാന്‍സിലെ സെയ്ന്റ് ഡൈയില്‍ അവര്‍ രണ്ടുപേരും ഒരുമിച്ച് താമസം തുടങ്ങി. മൊറോക്കയ്ക്കാരും തുര്‍ക്കിക്കാരും സെനഗലില്‍ നിന്നുള്ളവരും തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായിരുന്നു സെയ്ന്റ് ഡൈ. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജൂണ്‍ 20-ന് കൗലിബാലി ജനിച്ചത് ആ സെയ്ന്റ് ഡൈയിലായിരുന്നു. ഏതാണ് രാജ്യമെന്ന് ചോദിച്ചാല്‍ പല ഉത്തരങ്ങള്‍ പറയാവുന്ന ആ തെരുവില്‍.

പിന്നീട് സ്വന്തം രാജ്യമായ സെനഗലിലേക്ക് കുഞ്ഞുകൗലിബാലി ആദ്യമായി പോയത് ആറാം വയസ്സിലാണ്. അന്ന് അമ്മയോടൊപ്പമായിരുന്നു പാരീസില്‍ നിന്ന് സെനഗലിലേക്കുള്ള ആ യാത്ര. ആ കുഞ്ഞുകണ്ണുകളില്‍ ആദ്യമായി ദൂരയാത്ര പോകുന്നതിന്റെ ഭയമുണ്ടായിരുന്നു. ഒപ്പം മുത്തച്ഛനേയും മുത്തശ്ശിയേയും സഹോദരങ്ങളേയും ആദ്യമായി കാണാന്‍ പോകുന്നതിന്റെ സന്തോഷവും. പക്ഷേ ആ യാത്രയില്‍ കൗലിബാലി കണ്ടത് സങ്കടകരമായ കാഴ്ച്ചകളായിരുന്നു. പാരീസിലെ സൗകര്യവും സുഖവുമൊന്നുമില്ലാത്ത ലോകത്തിന്റെ മറ്റൊരു മുഖം ആറു വയസ്സുകാരന്‍ കണ്ടു. ഇങ്ങനേയും ആളുകള്‍ ജീവിക്കുന്നുവല്ലോ എന്നോര്‍ത്ത് കുഞ്ഞുകൗലിബാലിക്ക് കരച്ചിലടക്കാനായില്ല.

അന്നത്തെ യാത്രയിലെ ഒരു അനുഭവം കൗലിബാലി പിന്നീട് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. 'സെനഗലില്‍ എത്തിയപ്പോള്‍ കുട്ടികള്‍ തെരുവില്‍ ബൂട്ടിടാതെ കളിക്കുന്നതു കണ്ടു. ഇതോടെ ഞാന്‍ വാശിപിടിച്ച് കരച്ചിലായി. എന്റെ കാലിലുള്ളതുപോലെ ബൂട്ടുകള്‍ അവര്‍ക്ക് വാങ്ങിക്കൊടുക്കണം എന്നു അമ്മയോട് പറഞ്ഞായിരുന്നു കരച്ചില്‍. അമ്മയ്ക്ക് ഒരു സൈ്വര്യവും നല്‍കിയില്ല. എന്നാല്‍ മാത്രമേ ബൂട്ടുള്ള എനിക്ക് അവരോടൊപ്പം ഫുട്ബോള്‍ കളിക്കാനൂ. പക്ഷേ എല്ലാവര്‍ക്കും ബൂട്ടു വാങ്ങാനുള്ള പണം അമ്മയുടെ കൈയിലില്ലായിരുന്നു. ഇതോടെ അമ്മ പറഞ്ഞു..''കാലിദൂ, നീ നിന്റെ ബൂട്ട് അഴിച്ചുകളഞ്ഞു അവരോടൊപ്പം പോയി കളിച്ചോ'. അവസാനം ഞാന്‍ ബൂട്ടു ഊരി വലിച്ചെറിഞ്ഞ് അവര്‍ക്കിടയിലേക്ക് ഓടി. അവരോടൊപ്പം ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങി.' ഒരു ഫുട്ബോള്‍ താരമെന്ന നിലയിലേക്കുള്ള കൗലിബാലിയുടെ ആദ്യ കാല്‍വെയ്പ്പ് കൂടിയായിരുന്നു അത്.

കൂട്ടുകാരോടൊപ്പം വീട്ടുമുറ്റത്തൊരു ലോകകപ്പ്

സെനഗലില്‍ നിന്ന് ഫ്രാന്‍സിലേക്ക് ആ ആറു വയസ്സുകാരന്‍ തിരിച്ചെത്തിയത് മാറ്റങ്ങളോടെയാണ്. അവന്‍ സ്വപ്നം കാണുന്നവനായി മാറിയിരുന്നു. സെയ്ന്റ് ഡൈയില്‍ അയല്‍വീട്ടിലെ കുട്ടികളെയെല്ലാം കൂട്ടി കൗലിബാലി ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങി. സെനഗല്‍, മൊറോക്കോ, തുര്‍ക്കി, ഫ്രാന്‍സ് തുടങ്ങിയ വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ആ കുടിയേറ്റ തെരുവില്‍ ഫുട്ബോളിലൂടെ ഒത്തുചേര്‍ന്നു. അതൊരു തരത്തില്‍ ലോകകപ്പ് ആയി മാറി. ഓരോ രാജ്യങ്ങളായി തിരിഞ്ഞ് ടീമുകളുണ്ടാക്കി അവര്‍ ലോകകപ്പ് കളിച്ചു. അങ്ങനെ ഓരോ ദിവസവും ആ തെരുവില്‍ ലോകകപ്പ് നടന്നു.

കുട്ടിക്കാലത്ത് അയല്‍ക്കാരില്‍ നിന്ന് കൗലിബാലിക്ക് കിട്ടിയ സ്നേഹത്തിന്റെ മാധുര്യം ഇപ്പോഴും ആ നാവിലുണ്ട്. വീട്ടില്‍ എന്തെങ്കിലും ഭക്ഷണസാധനങ്ങള്‍ തീര്‍ന്നാല്‍ ആദ്യം പോകുന്നത് കടയിലേക്ക് ആകില്ല. അടുത്തുള്ള വീട്ടിലേക്ക് ആയിരിക്കും. അവര്‍ ചിലപ്പോള്‍ മൊറോക്കയ്ക്കാര്‍ ആയിരിക്കും. വേറെ രാജ്യത്ത് നിന്ന് തന്നെയുള്ളവര്‍. എന്നാല്‍ നമ്മുടെ മനസ്സിലേക്കുള്ള അവരുടെ സ്നേഹത്തിന്റെ ദൂരം പൂജ്യമായിരിക്കും. വീട്ടില്‍ കൂട്ടുകാരെ അന്വേഷിച്ചു ചെല്ലുമ്പോഴും ഇങ്ങനെ തന്നെയായിരിക്കും ആ സ്നേഹം. ഒരിക്കല്‍ കൂട്ടുകാരന്‍ മുഹമ്മദിനെ അന്വേഷിച്ച് കുഞ്ഞുകൗലിബാലി അവന്റെ വീട്ടില്‍ പോയി. പക്ഷേ മുഹമ്മദ് അവിടെ ഇല്ലായിരുന്നു, പുറത്തുപോയതായിരുന്നു. ഇതോടെ കളിക്കാന്‍ ആരുമില്ലാത്തതിന്റെ കൗലിബാലിയുടെ സങ്കടം കണ്ട് മുഹമ്മദിന്റെ ഉമ്മ ചോദിച്ചു. നിനക്ക് പ്ലേ സ്റ്റേഷനില്‍ കളിക്കണോ? കൗലിബാലിയുടെ വീട്ടില്‍ പ്ലേ സ്റ്റേഷന്‍ ഇല്ലായിരുന്നു. ഇതുകൂടി പരിഗണിച്ചായിരുന്നു ഉമ്മയുടെ ചോദ്യം. ഇതോടെ കൗലിബാലി വീട്ടിനുള്ളിലേക്ക് ഓടി പ്ലേ സ്റ്റേഷനില്‍ കളിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ മുഹമ്മദിന്റെ ഉമ്മ അവനെ കടയില്‍ പറഞ്ഞയച്ച് ബ്രെഡ് വാങ്ങിപ്പിച്ചു. സ്വന്തം വീടു പോലെയായിരുന്നു അന്ന് അയല്‍വീടുമെന്ന് കൗലിബാലി ഓര്‍ത്തെടുക്കുന്നു.

അന്ന് എല്ലാവര്‍ക്കും ഫ്രാന്‍സുകാര്‍ എന്ന വികാരം മാത്രമേ മനസിലുണ്ടായിരുന്നുള്ളു. കറുത്തവരും വെളുത്തവരും അറബിയും ആഫ്രിക്കയ്ക്കാരും മുസ്ലിമും ക്രിസ്ത്യാനിയുമെല്ലാം ഒരുമിച്ച് ഒരു കുടക്കീഴില്‍ താമസിച്ചു. എല്ലാവര്‍ക്കും വിശക്കും. അപ്പോള്‍ ഏതെങ്കിലും വീട്ടില്‍ പോയി ഒരുമിച്ചു ഭക്ഷണം കഴിക്കണം. ഒരു ദിവസം ടര്‍ക്കിഷ് ഭക്ഷണമാണെങ്കില്‍ അടുത്ത ദിവസം സെനഗലീസ് ഡിന്നര്‍ ആകും. കൗലിബാലിക്ക് എന്നും താലോലിക്കാന്‍ ഇഷ്ടമുള്ളതാണ് കുട്ടിക്കാലത്തെ ഈ ഓര്‍മ്മകള്‍. ഇങ്ങനെയൊരു സാഹചര്യത്തില്‍ വളര്‍ന്നതുകൊണ്ടുതന്നെ അവഗണനയും അവഹേളനവും കൗലിബാലിക്ക് അപരിചിതമായിരുന്നു. എല്ലാവരേയും സഹോദരനായി കാണാന്‍ മാത്രമേ അവന് അറിയുമായിരുന്നുള്ളു. പക്ഷേ കാലം കാത്തുവെച്ചത് മറ്റൊന്നായിരുന്നു.

2002 ലോകകപ്പില്‍ ടീച്ചര്‍ കൊടുത്ത സര്‍പ്രൈസ്

ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി ലോകകപ്പ് നടക്കുമ്പോള്‍ ആറാം ക്ലാസുകാരനായിരുന്നു കൗലിബാലി. അന്ന് സെനഗലും ഫ്രാന്‍സും തമ്മിലുള്ള മത്സരം ആകാംക്ഷയോടയാണ് ആ ആറാം ക്ലാസുകാരനും കൂട്ടുകാരും കാത്തിരുന്നത്. എന്നാല്‍ മത്സരം ജപ്പാനില്‍ ആയതിനാല്‍ സമയം ചതിച്ചു. ജപ്പാനില്‍ കളി നടക്കുമ്പോള്‍ ഫ്രാന്‍സില്‍ സമയം നട്ടുച്ചയായിരുന്നു. രണ്ടു മണി. ആ സമയത്ത് കൗലിബാലിയും കൂട്ടുകാരും ക്ലാസിലായിരുന്നു. കളി കാണാന്‍ കഴിയാത്തതിലെ സങ്കടമായിരുന്നു എല്ലാവര്‍ക്കും.

രണ്ടു മണിയായപ്പോള്‍ ടീച്ചര്‍ എല്ലാവരോടും പുസ്തകം തുറക്കാന്‍ പറഞ്ഞു. ഇതോടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. പക്ഷേ ആരും പുസ്തകം വായിക്കുകയായിരുന്നില്ല. എല്ലാവരുടേയും മനസ്സ് ഗ്രൗണ്ടിലായിരുന്നു. ഹെന്‍ട്രിയും സിസോയും ദിയോഫുമെല്ലാം അവരുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. രണ്ട് മിനിറ്റ് കഴിഞ്ഞു, മൂന്നു മിനിറ്റ് കഴിഞ്ഞു. ആ സമയത്ത് ടീച്ചര്‍ വാച്ചിലേക്ക് നോക്കി. എന്നിട്ട് കുട്ടികളോട് പറഞ്ഞു. എല്ലാവരും പുസ്തകം അടച്ചുവെച്ചോളൂ. നമ്മള്‍ ഒരു എജ്യുക്കേഷണല്‍ ഫിലിം കാണാന്‍ പോകുകയാണ്. എന്നിട്ട് ക്ലാസ് റൂമിലെ ചെറിയ ടിവി ഓണ്‍ ചെയ്തു. പക്ഷേ അത് ഫിലിം ആയിരുന്നില്ല. എല്ലാവരും കാത്തുകാത്തിരുന്ന ഫുട്ബോള്‍ മത്സരമായിരുന്നു. കൗലിബാലിയുടെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമായിരുന്നു അത്. തുര്‍ക്കി, മൊറോക്കോ, സെനഗല്‍, ഫ്രാന്‍സ് എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 25 കുട്ടികള്‍ ഒരുമിച്ചിരുന്ന് സെനഗലും ഫ്രാന്‍സും തമ്മിലുള്ള ലോകകപ്പ് കണ്ടു.

അന്ന് ഫ്രാന്‍സിനെ സെനഗല്‍ അട്ടിമറിച്ചു. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ സെനഗലുകരായ കൂട്ടുകാരുടെ അച്ഛനമ്മമാര്‍ തെരുവില്‍ നൃത്തം ചെയ്യുന്നത് ഒരു സിനിമാ ഫ്രെയിം പോലെ ഇപ്പോഴും കൗലിബാലിയുടെ കണ്‍മുന്നിലുണ്ട്. അന്ന് ഫ്രഞ്ചുകാരും തുര്‍ക്കിയില്‍ നിന്നുള്ളവും സെനഗലുകാരുടെ സന്തോഷത്തോടൊപ്പം പങ്കുചേര്‍ന്നു. അവിടെ തോറ്റിട്ടും ഫ്രാന്‍സുകാര്‍ വിജയിച്ച ടീമിനെ അവഹേളിച്ചില്ല. പകരം സന്തോഷം പങ്കിട്ടു. ഇതാണ് ജീവിതവും സ്നേഹവും. നിങ്ങള്‍ക്ക് ജീവിതത്തില്‍ എല്ലാമുണ്ടാകാം. പണം, പുതിയ കാറുകള്‍, വലിയ വീട്..പക്ഷേ മൂന്നു കാര്യങ്ങള്‍ ഒരിക്കലും വില കൊടുത്ത് വാങ്ങാനാകില്ല. സൗഹൃദം, കുടുംബം, സമാധാനം. തനിക്കെതിരേ ഉയരുന്ന വംശീയ അധിക്ഷേപങ്ങളുടെ പശ്ചാത്തലത്തില്‍ കൗലിബാലി ഓര്‍മിപ്പിക്കുന്നു.

'നിങ്ങള്‍ മുഴുവന്‍ പണവും കൊടുത്തോളൂ, ആ ഉയരക്കുറവ് ഗ്രൗണ്ടില്‍ കാണില്ല'

ഫ്രഞ്ച് ക്ലബ്ബ് മെറ്റ്സിലൂടെയാണ് കൗലിബാലി പ്രൊഫഷണല്‍ ഫുട്ബോളിലെത്തുന്നത്. അന്ന് 19 വയസ്സായിരുന്നു പ്രായം. രണ്ടു വര്‍ഷം മെറ്റ്സില്‍ കളിച്ച് കൗലിബാലിയുടെ അടുത്ത തട്ടകം ബെല്‍ജിയം ക്ലബ്ബ് ജെങ്ക് ആയിരുന്നു. അവിടേയും രണ്ട് വര്‍ഷം പ്രതിരോധ താരമായി 22-ാം വയസ്സില്‍ ഇറ്റാലിയന്‍ കരുത്തരായ നാപ്പോളിയിലെത്തി. ജെങ്കില്‍ നിന്ന് നാപ്പോളിയിലേക്കുള്ള ആ യാത്ര വളരെ രസകരമായിരുന്നു. എങ്ങനെയാണ് ഇറ്റാലിയിന്‍ ടീമിലേക്കുള്ള വിളി വന്നതെന്നത് പിന്നീട് കൗലിബാലി വെളിപ്പെടുത്തുകയുണ്ടായി.

'തമാശ കലര്‍ന്ന ഒരു കഥയാണ് അത്. ജെങ്കില്‍ കളിക്കുന്ന സമയത്ത് സഹതാരവും സുഹൃത്തുമായ അഹമ്മദ് ഒരു ദിവസം വീട്ടില്‍ താമസിക്കാന്‍ വരുമെന്ന് പറഞ്ഞു. കുറച്ചു ദിവസത്തേക്ക് തങ്ങാനാണ് അവന്‍ വരുന്നത്. അങ്ങനെ അഹമ്മദിനായി ഭക്ഷണം തയ്യാറാക്കിവെച്ച് കാത്തിരിക്കുകയായിരുന്നു ഞാനും അമ്മയും. ആ സമയത്ത് ഒരു അപരിചിത നമ്പറില്‍ നിന്ന് ഒരു കോള്‍ വന്നു. ആരാണ് എന്ന് ഞാന്‍ ഇംഗ്ലീഷില്‍ ചോദിച്ചു. റാഫ ബെനിറ്റ്സ് എന്നായിരുന്നു മറുപടി. ആ സമയത്ത് നാപ്പോളിയുടെ പരിശീലകനായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ അഹമ്മദ് കളിപ്പിക്കാന്‍ നോക്കുകയാണെന്നാണ് ഞാന്‍ കരുതിയത്. അഹമ്മദേ..നീ ഇങ്ങനെ കളിക്കല്ലേ..ഞാന്‍ നിന്നെ കാത്തിരിക്കുകയാണ്.. എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. വീണ്ടും കോള്‍ വന്നു. ഈ സംഭാഷണം തന്നെ ആവര്‍ത്തിച്ചു. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. പിന്നീട് എന്റെ ഏജന്റ് എന്നെ വിളിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു.'കൗലീ..നീ എവിടെ. നീ നാപ്പോളിയുടെ റാഫേല്‍ ബെനിറ്റ്സിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹം നിന്നെ വിളിക്കും' ഇതോടെ ഞാന്‍ വിയര്‍ത്തൊഴുകി. അദ്ദേഹം വിളിച്ചിരുന്നെന്നും എന്താണ് സംഭവിച്ചതെന്നും ഏജന്റിനോട് പറഞ്ഞു. ഇതോടെ ഏജന്റ് റാഫയെ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ചു.

പിന്നീട് റാഫ വിളിച്ചപ്പോള്‍ ഒന്നും സംഭവിക്കാത്തതു പോലെ ഞാന്‍ സംസാരിച്ചു. ഇംഗ്ലീഷില്‍ സംസാരിക്കണോ എന്നാണ് അദ്ദേഹം ആദ്യം ചോദിച്ചത്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതു ഭാഷയില്‍ വേണമെങ്കിലും സംസാരിക്കാം എന്നു ഞാന്‍ പറഞ്ഞു. അങ്ങനെ ഫ്രഞ്ചിലാണ് ഞങ്ങള്‍ സംസാരിച്ചത.് അങ്ങനെ നാപ്പോളിയിലേക്ക് കൂടുമാറുന്ന കാര്യം തീരുമാനമായി. പക്ഷേ എന്റെ ഉള്ളില്‍ പേടിയുണ്ടായിരുന്നു. എനിക്ക് നാപ്പോളിയിലെ താരങ്ങളെ അറിയില്ലായിരുന്നു. ഇറ്റാലിയിന്‍ സംസാരിച്ചിട്ടില്ലായിരുന്നു. എങ്കിലും പോകാന്‍ തന്നെ തീരുമാനിച്ചു.

ചങ്കിടിപ്പോടെയാണ് മെഡിക്കലിന് എത്തിയത്. അവിടെ വെച്ച് ചെയര്‍മാന്‍ ലോറെന്‍ഷിസിനെ കണ്ടു. നിങ്ങളാണോ കൗലിബാലി എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചോദ്യം. അതെ എന്നു ഞാന്‍ ഉത്തരം നല്‍കി. പക്ഷേ നിങ്ങള്‍ പ്രതീക്ഷിച്ച അത്ര ഉയരമില്ലാലോ? 1.92 മീറ്റര്‍ അല്ലേ പറഞ്ഞിരുന്നത്. അടുത്ത സംശയം അതായി. ഞാന്‍ അത്രയും ഉയരമില്ലെന്നും 1.86 മീറ്റര്‍ ഉള്ളൂവെന്നും പറഞ്ഞു. ഇതോടെ അദ്ദേഹം ദേഷ്യപ്പെട്ടു. ഡെങ്കിനെ സമീപിച്ച് കുറച്ച് പണം തിരച്ചുവാങ്ങിക്കുമെന്ന് സൂചിപ്പിച്ചു. ആ സമയത്ത് ഞാന്‍ നല്‍കിയ മറുപടി അദ്ദേഹത്തിന് ഒരുപാടിഷ്ടപ്പെട്ടു. നിങ്ങള്‍ മുഴുവന്‍ പണവും കൊടുത്തത് വെറുതെയാകില്ലെന്നും ഉയരക്കുറവ് ഗ്രൗണ്ടില്‍ കാണില്ലെന്നുമായിരുന്നു ഞാന്‍ നല്‍കിയ മറുപടി. ഇതോടെ അദ്ദേഹം അയഞ്ഞു. എന്റെ കൈപിടിച്ച് കുലുക്കി നാപ്പോളിയിലേക്ക് സ്വാഗതം ചെയ്തു'. കൗലിബാലി നാപ്പോളിയിലേക്കെത്തിയ കഥ ഇങ്ങനെ പറഞ്ഞുനിര്‍ത്തുന്നു.

അന്ന് ആള്‍ക്കൂട്ടത്തിന് വേണ്ടി അവന്‍ പറഞ്ഞു..'മാപ്പ്, നിങ്ങളെ വേദനിപ്പിച്ചതിന്'

ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോക്കെതിരേ കളിക്കുമ്പോഴായിരുന്നു കൗലിബാലിയുടെ ജീവിതത്തിലെ ഏറ്റവും വേദനയാര്‍ന്ന ദിവസം കടന്നുപോയത്. ഫുട്ബോള്‍ കളിക്കുന്നതിനിടയില്‍ ആദ്യമായി വംശീയമായി കൗലിബാലി അധിക്ഷേപിക്കപ്പെട്ടത് ആ ദിവസമായിരുന്നു. കൗലിബാലിയുടെ കാലില്‍ പന്തെത്തുമ്പോഴെല്ലാം ലാസിയോ ആരാധകര്‍ ശബ്ദമുണ്ടാക്കാന്‍ തുടങ്ങി. അത് എന്താണെന്ന് ആദ്യം കൗലിബാലിക്ക് മനസ്സിലായില്ല. പിന്നീടാണ് കുരങ്ങന്റെ ശബ്ദമാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഉയരുന്നതെന്ന് തിരിച്ചറിഞ്ഞത്. സങ്കടം സഹിക്കാനാകാതെ കൂട്ടുകാരുടെ അടുത്തുപോയി കൗലിബാലി എന്നോട് മാത്രമാണോ ഇങ്ങനെ എന്ന് ചോദിച്ചു. ആര്‍ക്കും ഉത്തരമില്ലായിരുന്നു. ഒടുവില്‍ ദേഷ്യം സഹിക്കാനാകാതെ ഗ്രൗണ്ട് വിടാന്‍ വരെ തീരുമാനിച്ചു. പക്ഷേ അതാണ് കൂവി വിളിക്കുന്നവര്‍ക്ക് വേണ്ടതെന്ന് തിരിച്ചറിഞ്ഞതോടെ കൗലിബാലി കളി തുടര്‍ന്നു.

ഇതിനിടയില്‍ കളി നിര്‍ത്തി റഫറി കൗലിബാലിയുടെ അടുത്തേക്ക് ഓടിവന്നു. ഞാന്‍ നിന്നോട് കൂടെയുണ്ടെന്നും നമുക്ക് ഈ പരിഹാസം നിര്‍ത്താമെന്നും കളി തുടരുന്നില്ലെങ്കില്‍ തന്നോട് പറയാമെന്നും പറഞ്ഞു. പക്ഷേ അതില്‍ തളരാന്‍ കൗലിബാലി ഒരുക്കമല്ലായിരുന്നു. ഫൈനല്‍ വിസില്‍ വരെ ആ പരിഹാസവും സഹിച്ച് കൗലിബാലി കളിച്ചു.

മത്സരശേഷം ടണലിലൂടെ നടക്കുമ്പോള്‍ ജീവിതത്തിലെ ഏറ്റവും സമ്മര്‍ദ്ദ ഘട്ടത്തിലൂടെയാണ് കൗലിബാലി കടന്നുപോയത്. ഒരു കറുത്തവംശജനായതില്‍ എന്താണ് കുഴപ്പം എന്നായിരുന്നു മനസ്സുനിറയെ. ആ സമയത്താണ് ഒരു കാര്യം കൗലിബാലി ഓര്‍ത്തത്. കളിക്കാനിറങ്ങുമ്പോള്‍ ഒപ്പം കൈപിടിച്ചുനടന്ന കുട്ടിക്ക് മത്സരശേഷം ജഴ്സി നല്‍കാമെന്ന് വാഗ്ദ്ധാനം ചെയ്തിരുന്നു. ഇതോടെ ടണലില്‍ നിന്ന ഗ്രൗണ്ടിലേക്ക് തിരിച്ചുനടന്ന കൗലിബാലി തന്നെ കാത്തുനിന്ന കുഞ്ഞാരാധകന് ജഴ്സി കൊടുത്തു. അതു വാങ്ങി അവന്‍ ആദ്യം പറഞ്ഞത് എന്താണെന്ന് അറിയുമോ? ' ഈ ആള്‍ക്കൂട്ടം നിങ്ങളെ വേദനിപ്പിച്ചതിന് ഞാന്‍ മാപ്പ് ചോദിക്കുന്നു.' ഇതു കേട്ടതോടെ കൗലിബാലിയുടെ രണ്ടു കണ്ണും നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഒരു ഏഴു വയസ്സുകാരന്റെ നിഷ്‌കളങ്കത മുഴുവന്‍ അവന്റെ ആ ക്ഷമചോദിക്കിലുണ്ടായിരുന്നു.

തന്നെ അപമാക്കുന്ന, അധിക്ഷേപിക്കുന്ന, കറുത്തവനെന്ന് വിളിച്ച് പരഹസിക്കുന്ന ഓരോരുത്തരോടും കൗലിബാലിക്ക് പറയാനുള്ളത് ഒരൊറ്റ കാര്യമാണ്. അത് ഇങ്ങനെയാണ്.' കുഞ്ഞു കൗലിബാലി ആയിട്ടോ നിങ്ങളുടെ ഒരു സുഹൃത്ത് ആയിട്ടോ കാണാതെ ഒരു ഫുട്ബോള്‍ താരമായി മാത്രം നിങ്ങള്‍ എന്നെ കാണുന്നുവെങ്കില്‍ ഞാന്‍ ജീവിതത്തില്‍ പരാജയപ്പെട്ടവനാണ്. ഞാനൊരു ഫുട്ബോള്‍ താരമാണ്. കറുത്ത വംശജനായ ഫുട്ബോള്‍ താരം. അതു മാത്രമല്ല, ഞാന്‍ മുസ്ലിമാണ്. സെനഗലില്‍ നിന്നുള്ള മുസ്ലിമാണ്. ഞാന്‍ ഫ്രഞ്ചുകാരനാണ്. ഞാന്‍ നാപ്പോളിറ്റനാണ്. ഞാന്‍ ഒരു അച്ഛനുമാണ്. ഞാന്‍ ലോകത്ത് എല്ലായിടത്തുമുണ്ട്. ഒരുപാട് ഭാഷകള്‍ അറിയുന്നവനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കളിച്ചവനുമാണ്. എന്നിരുന്നാലും എന്റെ വേരുകള്‍ ആഫ്രിക്കയിലാണ്. കറുത്ത വംശജനായിട്ട് തന്നെയായിട്ടാണ് എന്റെ ജീവിതം അവസാനിക്കുക. അതൊരിക്കലും എന്നില്‍ നിന്ന് മായ്ച്ചുകളയാനാകില്ല. ഇങ്ങനെ ഓരോ തരത്തിലും നമ്മള്‍ വ്യത്യസ്തരാണ്. പക്ഷേ നമ്മള്‍ എല്ലാവരും സഹോദരങ്ങളാണ്. അതു മാത്രം നിങ്ങള്‍ മറന്നുപോകാതിരിക്കട്ടെ.'

Content Highlights: kalidou koulibaly life story senegal football team captian qatar world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented