Photo: Getty Images
പന്തില്ലാതെ കളിച്ച് നേടിയ ജയം. ലോകകപ്പ് ഫുട്ബോളില്‍ ജപ്പാന്റെ ജയത്തെ ഇതിലും ലളിതമായി വിശേഷിപ്പിക്കാന്‍ കഴിയില്ല. സ്പെയിനിനെതിരായ മത്സരത്തില്‍ ജപ്പാന്റെ ബോള്‍ പൊസഷന്‍ 17.7 ശതമാനം മാത്രമായിരുന്നു. പാസുകളുടെ എണ്ണം 228 മാത്രം. എന്നിട്ടും ജപ്പാന് നിര്‍ണായക മത്സരം 2-1ന് ജയിച്ച് പ്രീക്വാര്‍ട്ടറില്‍ കടക്കുന്നു.
നോക്കൗട്ടില്‍ കടക്കാന്‍ ജയം അനിവാര്യമായ കളിയില്‍ വെല്ലുവിളി ഏറെനിറഞ്ഞ ഗെയിം പ്ലാനും ടാക്റ്റിക്സുമാണ് ജപ്പാന് പരിശീലകന് ഹാജിമെ മോറിയാസു പുറത്തെടുത്തത്. ടിക്കി-ടാക്ക ശൈലിയില്‍ പന്തിനുമേലുള്ള നിയന്ത്രണം എതിരാളികള്‍ക്ക് വിട്ടുകൊടുക്കാതെ കളിക്കുകയാണ് എതിരാളികളായ സ്പാനിഷ് ശൈലി. സ്പെയിനിന് പന്തിന്റെ നിയന്ത്രണം വിട്ടുകൊടുത്തശേഷം ഹൈപ്രസിങ് ഗെയിം കളിക്കുകയായിരുന്നു മോറിയാസുവിന്റെ തന്ത്രം.
ആധുനിക ഫുട്ബോളിലെ പഠനങ്ങള്‍പ്രകാരം ഓരോ താരവും ഒരു മത്സരത്തില്‍ മൊത്തം, പന്ത് കൈവശംവെക്കുന്ന സമയം മൂന്നു മിനിറ്റില്‍ താഴെയാണ്. എതിരാളിക്ക് പന്തിന്മേലുള്ള നിയന്ത്രണം വിട്ടുനല്കുമ്പോള്തന്നെ അവര്‍ക്ക് കളിക്കാനുള്ള സ്പേസ് നിഷേധിക്കുന്ന തന്ത്രമാണ് ജപ്പാന് നടപ്പാക്കിയത്.
ഓരോ സ്പാനിഷ് താരത്തിന് പന്ത് ലഭിക്കുമ്പോഴും രണ്ടോ മൂന്നോ ജപ്പാന് താരങ്ങള്‍ ചേര്‍ന്ന് മുന്നോട്ടുപോകാനുള്ള വഴി അടച്ചുകൊണ്ടിരുന്നു. ഇതിനൊപ്പം എപ്പോഴാണോ പന്ത് കിട്ടുന്നത്, ആ സമയത്തുതന്നെ വേഗമേറിയ ആക്രമണം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ യൂറോകപ്പില്‍ ഹങ്കറി വിജയകരമായി നടപ്പാക്കിയ പദ്ധതി അതിലും ഗംഭീരമായി അവതരിപ്പിക്കുകയായിരുന്നു ജപ്പാന്. സ്പാനിഷ് താരം റോഡ്രിയുടെ മൊത്തം പാസുകളുടെ എണ്ണം 218 ആണ്. ഇതിലും പത്ത് പാസുകള്‍ മാത്രമാണ് ജപ്പാന് ടീമില്‍നിന്നുണ്ടായത്.
1058 പാസുകള്‍ കളിച്ചിട്ടും സ്പെയിന് തോറ്റുപോകുന്നത് അവര്‍ക്ക് അവരുടെ തനതായ കളിക്കുള്ള സ്പേസ് ജപ്പാന് കൃത്യമായി അടച്ചതുകൊണ്ടാണ്. 3-4-3 ശൈലിയില്‍ കളിച്ച ജപ്പാന്റെ മധ്യനിരയിലുള്ള ഹിദെമസ മോറിറ്റയാണ് ടീമിനായി കൂടുതല്‍ പാസുകളും (34) ടച്ചുകളും (54) നടത്തിയത്. ജപ്പാന് ടീമിലെ എട്ട് താരങ്ങളുടെ പാസുകളുടെ എണ്ണം പത്തില്‍ താഴെയാണെന്നോര്‍ക്കണം. ജയത്തിനൊപ്പം റെക്കോഡും ജപ്പാന് സ്വന്തമായി. ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ ബോള്‍ പൊസഷനില്‍ ജയംനേടുന്ന ടീമായിമാറി.
Content Highlights: japans miracle performance in fifa world cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..