ഇത്തവണ ലോകകപ്പില്‍ കനത്ത പോരാട്ടം പ്രതീക്ഷിക്കാം: ബെന്‍സേമ


Photo: AFP

2018-ല്‍ ഫ്രാന്‍സ് ലോക ഫുട്ബോള്‍ ജേതാക്കളാകുമ്പോള്‍ ടീമിന് പുറത്തായിരുന്നു കരീം ബെന്‍സെമ. ദേശീയ ടീമില്‍നിന്ന് ആസമയം അനൗദ്യോഗിക സസ്പെന്‍ഷനിലായിരുന്നു. എന്നാല്‍, റയല്‍ മഡ്രിഡിനായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ ബെന്‍സെമയെ കോച്ച് ദിദിയര്‍ ദെഷാംപ്സ് 2020 യൂറോ കപ്പിനായി തിരഞ്ഞെടുത്തു. ഖത്തര്‍ ലോകകപ്പിനെക്കുറിച്ച് കരീം ബെന്‍സെമ മാതൃഭൂമി അഭിമുഖത്തില്‍ സംസാരിക്കുന്നു.

2014-നുശേഷം ലോകകപ്പിലേക്ക് മടങ്ങിവരുന്നതിന്റെ ആവേശത്തിലാണോ?



തീര്‍ച്ചയായും. ലോകകപ്പിലേക്ക് തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ്. 2014-ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഞങ്ങള്‍ പുറത്തായെങ്കിലും ബ്രസീലിലെ അനുഭവങ്ങള്‍ ഗംഭീരമായിരുന്നു. കളര്‍ഫുള്‍ ലോകകപ്പായിരുന്നു അത്.

2018-ല്‍ ഫ്രാന്‍സ് ലോകകപ്പ് നേടിയപ്പോള്‍ നിങ്ങള്‍ ടീമിലുണ്ടായിരുന്നില്ല.

ആ അധ്യായം നമുക്ക് മറക്കാം. മോസ്‌കോയില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ച് എന്റെ സഹതാരങ്ങള്‍ കപ്പുനേടിയത് അദ്ഭുതകരമായിരുന്നു. റയല്‍ മഡ്രിഡിലെ ഞങ്ങളുടെ പരിശീലന സെഷനുകളില്‍ ലൂക്ക മോഡ്രിച്ചിനോട് ഫൈനലിനെക്കുറിച്ച് ഞാന്‍ സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മികച്ച ഒരു ടൂര്‍ണമെന്റായിരുന്നു അത്. പക്ഷേ, ഫൈനലില്‍ അവരുടെ മുകളില്‍ ഞങ്ങള്‍ ആധിപത്യം പുലര്‍ത്തി വിജയിച്ചു.

നിലവിലെ ചാമ്പ്യന്മാര്‍ അടുത്ത ലോകകപ്പില്‍ പതറുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ ലോകകപ്പുകളില്‍ കാണുന്നത്. എന്നാല്‍, ഇക്കുറി ഫ്രാന്‍സ് ഫേവറിറ്റാണ്?

ഒരു ടീമെന്നനിലയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞങ്ങള്‍ നന്നായി കളിക്കുന്നുണ്ട്. എല്ലാ വര്‍ഷവും ഫുട്ബോളില്‍ എല്ലാം നേടാനാവില്ല. അതിനാല്‍ ഞങ്ങള്‍ക്ക് ചിലത് നഷ്ടമായിട്ടുണ്ട്. എന്നാലിപ്പോള്‍ ഒത്തെരുമയുള്ള സംഘമാണ് ഫ്രാന്‍സ്. യുവത്വത്തിന്റെയും അനുഭവപരിചയത്തിന്റെയും ശരിയായ ഗുണം ടീമിനുണ്ട്. ഓരോരുത്തര്‍ക്കും അവരുടെ ഉത്തരവാദിത്വങ്ങളുമറിയാം.

ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ടുണീഷ്യ എന്നിവയ്‌ക്കൊപ്പമാണ് ഗ്രൂപ്പ് ഘട്ടത്തിലെ കളികള്‍. പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യതനേടാന്‍ താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പാണോ?

ഒരിക്കലുമില്ല. ലോകകപ്പില്‍ എളുപ്പമുള്ള ഗ്രൂപ്പില്ല. യോഗ്യതാമത്സരങ്ങളില്‍ വിജയിച്ച മികച്ച 32 ടീമുകള്‍ മാത്രമായിരിക്കും ഇവിടെ ഉണ്ടാവുക. ആ പ്രക്രിയ എളുപ്പമല്ലല്ലോ. ഇറ്റലി യൂറോപ്യന്‍ ചാമ്പ്യന്മാരാണ്. പക്ഷേ, അവര്‍ക്ക് ലോകകപ്പിലേക്ക് യോഗ്യരാകാനായില്ല. അത് എല്ലാം പറയുന്നു.

2020 യൂറോയില്‍ നിങ്ങള്‍ നാലു ഗോളുകള്‍ നേടി. പക്ഷേ, പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സ് പുറത്തായി. സ്വിറ്റ്സര്‍ലന്‍ഡിനോട് ടൈബ്രേക്കറില്‍ തോല്‍ക്കുകയായിരുന്നു.

അത് ശരിക്കും വേദനാജനകമായിരുന്നു. ഞങ്ങള്‍ 3-1ന് മുന്നിലായിരുന്നു. അവസാന പത്ത് മിനിറ്റില്‍ രണ്ടു ഗോളുകളാണ് വഴങ്ങിയത്. പിന്നീട് ടൈബ്രേക്കര്‍ ഞങ്ങളുടെ ഹൃദയം തകര്‍ത്തു. നാല് വര്‍ഷംമുമ്പ് ഞങ്ങളുടെ നാട്ടില്‍ പോര്‍ച്ചുഗലിനോട് ഫൈനലില്‍ പരാജയപ്പെട്ടപ്പോള്‍ ഞാന്‍ ടീമിലുണ്ടായിരുന്നില്ല. പക്ഷേ, ആ തോല്‍വി ആവര്‍ത്തിക്കാതിരിക്കാനായിരുന്നു ടീം ശ്രമിച്ചത്. ഫുട്ബോള്‍ അങ്ങനെയാണ്. കഠിനപ്രയത്‌നങ്ങള്‍ എപ്പോഴും വിജയിക്കണമെന്നില്ല.

2016 യൂറോ ഫൈനലിലെ തോല്‍വി കൂടുതല്‍ നന്നായി കളിക്കാന്‍ താരങ്ങളെ പ്രേരിപ്പിച്ചതായി, ലോകകപ്പ് നേടിയശേഷം നിങ്ങളുടെ പരിശീലകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നുവല്ലോ?

അത് ശരിയാണ്. ടീമംഗങ്ങളോട് ഞാന്‍ സംസാരിച്ചിരുന്നു. അവരെല്ലാം അങ്ങനെത്തന്നെയാണ് പറഞ്ഞത്. യൂറോ കപ്പിലെ ആ തോല്‍വി അവരില്‍ വലിയ പ്രയാസമുണ്ടാക്കിയിരുന്നു. ഇക്കുറിയും പക്ഷേ, യൂറോ കപ്പില്‍ നേട്ടമുണ്ടാക്കാനായില്ല. എങ്കിലും ഞങ്ങള്‍ ലോകകപ്പിന് അര്‍ഹരാണെന്ന് ലോകത്തിന് കാണിച്ചുനല്‍കാനാണ് ശ്രമം.

ഖത്തര്‍ ലോകകപ്പില്‍ മികച്ച ടീമുകള്‍ ഏതൊക്കെയായിരിക്കും?

ലോകകപ്പില്‍ ഫേവറിറ്റുകളായി ആരുമില്ല. ഇത് പശ്ചിമേഷ്യയിലെ ലോകകപ്പാണ്. കാലാവസ്ഥ വ്യത്യസ്തമാണ്. ഏഷ്യന്‍ ടീമുകള്‍ കൂടുതല്‍ മുന്നോട്ടുപോകാന്‍ ശ്രമിച്ചേക്കും. ടൂര്‍ണമെന്റില്‍ എല്ലായ്പ്പോഴും മികവുപുലര്‍ത്തുന്ന ആറ്-ഏഴ് ടീമുകളുണ്ട്. ഏറ്റവും കഠിനമായ ലോകകപ്പായിരിക്കും ഇത്തവണത്തേത്.

Content Highlights: fifa world cup 2022, karim benzema, interview with karim benzema, football news, fifa world cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented