ചരിത്രം ചുണ്ടിനോട് ചേർന്ന് വഴുതി ഫ്രാൻസ്


അനുരഞ്ജ് മനോഹര്‍

Photo: Getty Images

ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം ഒരിക്കലും ആരാധകരെ നിരാശപ്പെടുത്തിയിട്ടില്ല. എപ്പോഴെങ്കിലും താഴെ വീണാലും അവര്‍ പിടിച്ചുകയറി ഉയരത്തിലെത്തും. ലോകകപ്പില്‍ അത്രമേല്‍ പ്രബലരാണ് ഫ്രാന്‍സ്. 2022 ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ വിറപ്പിച്ചാണ് ഫ്രാന്‍സ് കീഴടങ്ങിയത്. തുടര്‍ച്ചയായി രണ്ടാം തവണയും കപ്പുയര്‍ത്തുമെന്ന് ഉറപ്പിച്ച ശേഷമാണ് ഫ്രാന്‍സ് അവസാനം വീണത്. രണ്ട് ഗോളിന് പിന്നില്‍ നിന്നിട്ടും ഫ്രാന്‍സ് ഇന്ന് പൊരുതിക്കയറി സമനില നേടിയത് അവരുടെ പോരാട്ടവീര്യത്തിന്റെ ഉദാത്തമായ പ്രതീകമാണ്. എക്‌സ്ട്രാ ടൈമില്‍ വീണ്ടും അര്‍ജന്റീന ഒരു ഗോള്‍ കൂടി നേടി വിജയമുറപ്പിച്ചിട്ടും ഫ്രഞ്ച് പടയുടെ വീര്യം ചോര്‍ന്നില്ല. പ്രധാന താരങ്ങളെല്ലാം കൂടാരം കയറിയിട്ടും എംബാപ്പെ നയിച്ച യുവതാരനിരയുടെ വീര്യം പേരുകേട്ട അര്‍ജന്റീനയുടെ പ്രതിരോധം പൊളിച്ച് സമനില നേടി. അത്രമേല്‍ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ഫ്രാന്‍സ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പൊരുതിവീണെങ്കിലും അവര്‍ മടങ്ങുന്നത് തലയുയര്‍ത്തിയാണ്.
2018-ല്‍ കിരീടവും 2022-ല്‍ രണ്ടാം സ്ഥാനവും നേടിക്കൊണ്ട്.. ആത്മവീര്യത്തോടെ... ആത്മവിശ്വാസത്തോടെ...

ഫിഫ ലോകകപ്പില്‍ ഫ്രാന്‍സ് എക്കാലത്തും ശക്തമായ ടീമാണ്. 1930 മുതല്‍ അവര്‍ ലോകകപ്പില്‍ പന്തുതട്ടിത്തുടങ്ങിയതാണ്. ആദ്യ ലോകകപ്പില്‍ തന്നെ ഏഴാം സ്ഥാനത്ത് അവര്‍ മത്സരം പൂര്‍ത്തീകരിച്ചു. പിന്നീട് കാര്യമായ നേട്ടങ്ങള്‍ ലോകകപ്പില്‍ ഫ്രാന്‍സിന് നേടാനായില്ല. 1938 ലോകകപ്പില്‍ ക്വാര്‍ട്ടറിലെത്തിയതാണ് ഓര്‍ക്കാനുള്ള ഏക ഓര്‍മ. എന്നാല്‍ 1958 എന്ന വര്‍ഷം ഫ്രാന്‍സ് ഫുട്‌ബോളിന്റെ ജനിതകഘടനയില്‍ കാതലായ മാറ്റങ്ങളുണ്ടാക്കി. സ്വീഡനാണ് ആ ലോകകപ്പിന് ആതിഥ്യമരുളിയത്. കിരീടസാധ്യത ഒട്ടും കല്‍പ്പിക്കാതിരുന്ന ഫ്രാന്‍സ് പക്ഷേ ആ ലോകകപ്പിലെ കറുത്ത കുതിരകളാകുകയായിരുന്നു.

ടൂര്‍ണമെന്റിലുടനീളം 13 ഗോളുകളുമായി തിളങ്ങിയ ജസ്റ്റ് ഫോണ്ടെയ്‌ന്റെ മാസ്മരിക പ്രകടനത്തിന്റെ കരുത്തില്‍ ഫ്രാന്‍സ് പ്രതിബന്ധങ്ങളെ ഓരോന്നോരോന്നായി അരിഞ്ഞുവീഴ്ത്തി. സാക്ഷാല്‍ പെലെയെപ്പോലും പിന്നിലാക്കിയാണ് ഫോണ്ടെയ്ന്‍ ഫ്രാന്‍സിനെ മുന്നില്‍ നിന്ന് നയിച്ചത്. ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് കയറിയ ഫ്രഞ്ച് പട ക്വാര്‍ട്ടറില്‍ ഉത്തര അയര്‍ലന്‍ഡിനെ തകര്‍ത്ത് സെമിയിലെത്തി ചരിത്രം കുറിച്ചു. എന്നാല്‍ സെമിയില്‍ കരുത്തരും ആ ലോകകപ്പില്‍ കിരീടം നേടുകയും ചെയ്ത ബ്രസീലായിരുന്നു ഫ്രാന്‍സിന്റെ എതിരാളികള്‍. തോല്‍ക്കുമെന്ന് ഉറപ്പായിട്ടും ഫ്രാന്‍സ് പൊരുതി. ഒടുവില്‍ ടീം 5-2 ന് തോല്‍വി വഴങ്ങി. പെലെയുടെ ഹാട്രിക്കാണ് ബ്രസീലിന് വിജയമൊരുക്കിയത്. ഇതോടെ ടീം മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള ലൂസേഴ്‌സ് ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടി. ലൂസേഴ്‌സ് ഫൈനലില്‍ കരുത്തരായ ജര്‍മനിയായിരുന്നു ഫ്രാന്‍സിന്റെ എതിരാളികള്‍. നാല് ഗോളടിച്ച ഫോണ്ടെയ്‌നിന്റെ മികവില്‍ ഫ്രാന്‍സ് മൂന്നിനെതിരേ ആറുഗോളുകള്‍ക്ക് ജര്‍മനിയെ മുക്കി മൂന്നാം സ്ഥാനം നേടി. ഫ്രാന്‍സ് ഫുട്‌ബോള്‍ ടീം ചരിത്രം കുറിച്ച മുഹൂര്‍ത്തമായിരുന്നു അത്.

പിന്നീടൊരു സെമി ഫൈനല്‍ കളിക്കാന്‍ ഫ്രാന്‍സിന് 24 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. സ്‌പെയിന്‍ ആതിഥേയത്വം വഹിച്ച 1982 ലോകകപ്പില്‍ ഫ്രാന്‍സ് നാലാം സ്ഥാനത്തെത്തി. സെമിയില്‍ ജര്‍മനിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (5-4) പരാജയപ്പെട്ട ഫ്രാന്‍സ് ലൂസേഴ്‌സ് ഫൈനലില്‍ പോളണ്ടിനോടും (3-2) തോല്‍വി വഴങ്ങി. ആ വര്‍ഷം ഇറ്റലിയാണ് കപ്പുയര്‍ത്തിയത്. തൊട്ടടുത്ത ലോകകപ്പില്‍ ഫ്രാന്‍സ് മൂന്നാം സ്ഥാനം നേടി ആരാധകരുടെ മനം കീഴടക്കി. മെക്‌സിക്കോ ആതിഥേയത്വം വഹിച്ച 1986 ലോകകപ്പില്‍ ഫ്രാന്‍സ് മൂന്നാം സ്ഥാനം നേടിയെടുത്തു. ഫുട്‌ബോള്‍ ഇതിഹാസം മാറഡോണയുടെ കരുത്തില്‍ അര്‍ജന്റീന കിരീടം നേടിയപ്പോള്‍ ലൂസേഴ്‌സ് ഫൈനലില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ 4-2 ന് തകര്‍ത്ത് മൂന്നാം സ്ഥാനം നേടിയെടുത്തു.

പിന്നീടുള്ള രണ്ട് ലോകകപ്പുകള്‍ ഫ്രാന്‍സിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളാണ്. 1990, 1994 ലോകകപ്പുകളില്‍ ഫ്രാന്‍സിന് ലോകകപ്പ് യോഗ്യത പോലും നേടാനായില്ല. തുടര്‍ച്ചയായി ലോകകപ്പ് കളിച്ചെത്തിയ ഫ്രാന്‍സിന് ഞെട്ടിക്കുന്ന തിരിച്ചടിയാണ് ഈ രണ്ട് ലോകകപ്പിലും ലഭിച്ചത്. ഈ തിരിച്ചടി ഫ്രാന്‍സ് ഫുട്‌ബോളിന്റെ കണ്ണുതുറപ്പിച്ചു. ഒരുപിടി പുതിയ താരങ്ങളെ കൊണ്ടുവന്ന് ഫ്രഞ്ച് പട അടുത്ത ലോകകപ്പിനായി ടീമിന്റെ ശക്തി പതിന്മടങ്ങുവര്‍ധിപ്പിച്ചു. ഇതിഹാസതാരം സിനദിന്‍ സിദാന്‍, ലിലിയന്‍ തുറാം, നിലവിലെ ഫ്രാന്‍സിന്റെ പരിശീലകനായ ദിദിയര്‍ ദെഷാംപ്‌സ്, പാട്രിക്ക് വിയേര, ഫാബിയാന്‍ ബാര്‍ത്തേസ് തുടങ്ങിയ വമ്പന്‍ താരനിര അണിനിരന്ന ഫ്രാന്‍സ് ആധികാരിക വിജയങ്ങള്‍ സഞ്ചിയിലാക്കിയാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഫ്രാന്‍സ് ഫുട്‌ബോളിന്റെ ചരിത്രത്തിലെ സുവര്‍ണാധ്യായം. ആദ്യമായി അവര്‍ ഒരു ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനലിലെത്തിയിരിക്കുന്നു. മുന്‍പ് പലതവണ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കാനുള്ള അസുലഭ മുഹൂര്‍ത്തം. ഫൈനലില്‍ എതിരാളികളായി എത്തിയത് നിലവിലെ ചാമ്പ്യന്മാരായ കരുത്തിന്റെ പ്രതീകമായ സാക്ഷാല്‍ ബ്രസീല്‍. മഞ്ഞപ്പടയെ മെരുക്കാന്‍ ഫ്രാന്‍സിന് കഴിയില്ലെന്ന് ഫുട്‌ബോള്‍ പണ്ഡിതന്മാര്‍ ആണയിട്ടുറപ്പിച്ചു. പക്ഷേ അവര്‍ക്കറിയില്ലായിരുന്നു സിനദിന്‍ സിദാന്‍ കാലിലൊളിപ്പിച്ചുവച്ച ഫുട്‌ബോളിന്റെ അത്ഭുതത്തെ.

ഫൈനലില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഫ്രാന്‍സ് ബ്രസീലിനെ തകര്‍ത്തുവിട്ടത്. കാനറികള്‍ കരഞ്ഞുകൊണ്ട് ഗ്രൗണ്ട് വിടുമ്പോള്‍ ഫ്രഞ്ച് ക്യാമ്പില്‍ ആവേശം കൊടുമുടി നടന്നുകയറിയിരുന്നു. സുവര്‍ണക്കപ്പില്‍ മുത്തമിട്ടുകൊണ്ട് നായകന്‍ ദിദിയര്‍ ദെഷാംപ്‌സ് ഫ്രഞ്ച് വിപ്ലവം തീര്‍ത്തു. സിനദിന്‍ സിദാന്‍ ആരാധകരുടെ ഇഷ്ടതാരമായി വളര്‍ന്ന ലോകകപ്പ് കൂടിയായിരുന്നു അത്. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് 2002-ഫുട്‌ബോള്‍ ലോകകപ്പില്‍ പന്തുതട്ടാനെത്തിയപ്പോള്‍ വിറച്ചുവീണുപോയി. സിദാന്‍ അടക്കമുള്ള വലിയ താരനിരയുണ്ടായിരുന്നിട്ടും ഫ്രാന്‍സ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ തോറ്റ് പുറത്തായി. വലിയ നാണക്കേടാണ് ടീം അന്ന് നേരിട്ടത്. ഗ്രൂപ്പ് ഘട്ടത്തില്‍ സെനഗലും ഡെന്മാര്‍ക്കും ഫ്രാന്‍സിനെ പരാജയപ്പെടുത്തി. ഇതോടെ ടീം നാണംകെട്ട് പുറത്തായി.

തിരിച്ചടികള്‍ എന്നും ഫ്രാന്‍സിന് ശക്തിപകര്‍ന്നിട്ടേയുള്ളൂ. അത് 1998 ലോകകപ്പില്‍ കണ്ടതുമാണ്. 2002-ല്‍ വഴങ്ങിയ ഞെട്ടിക്കുന്ന തോല്‍വികള്‍ ഫ്രാന്‍സിന് നല്‍കിയ ഊര്‍ജം ചെറുതല്ല. അതുകൊണ്ടുതന്നെ 2006 ലോകകപ്പില്‍ ഫ്രാന്‍സ് വീണ്ടും കരുത്തുകാട്ടി. സിദാന്റെ മിന്നും ഫോമില്‍ ഫ്രാന്‍സ് 2006 ലോകകപ്പിന്റെ ഫൈനലിലെത്തിയതുമാണ്. എന്നാല്‍ കാലം ഫ്രാന്‍സിന് കാത്തുവെച്ച വിധി മറ്റൊന്നായിരുന്നു. സിദാന്‍ വരുത്തിവെച്ച വിവാദം ഒരു ഫുട്‌ബോള്‍ ആരാധകനും അത്രപെട്ടെന്ന് മറക്കില്ല. 2006 ലോകകപ്പ് ഫൈനലില്‍ ഇറ്റലിയ്‌ക്കെതിരേ ഫ്രാന്‍സ് തോല്‍ക്കാനുള്ള കാരണവും ഒരുപക്ഷേ സിദാന്റെ ആ പെരുമാറ്റമാണ്. ഫൈനലില്‍ സിദാന്റെ അതിമനോഹരമായ പനേങ്ക കിക്കിലൂടെ ഫ്രാന്‍സ് ലീഡുയര്‍ത്തി. എന്നാല്‍ 19-ാം മിനിറ്റില്‍ മാര്‍ക്കോ മറ്റെരാസിയിലൂടെ ഇറ്റലി സമനില നേടി. മത്സരം നിശ്ചിത സമയം പൂര്‍ത്തീകരിച്ച് എക്‌സ്ട്രാ ടൈമിലേക്ക് നീളുന്ന സമയത്താണ് ആ ദുരന്തം ഫ്രാന്‍സിനെത്തേടിയെത്തിയത്. മത്സരത്തിന്റെ 110-ാം മിനിറ്റില്‍ സിദാന്‍ മറ്റെരാസിയുടെ നെഞ്ചില്‍ തലകൊണ്ട് കുത്തി ചുവപ്പുകാര്‍ഡ് കണ്ട് പുറത്താവുമ്പോള്‍ അയാള്‍ തലകൊണ്ട് പൊടിച്ചുകളഞ്ഞത് ഫ്രാന്‍സിന്റെ സ്വപ്‌നങ്ങള്‍ കൂടിയാണ്. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീളുകയും 5-3 എന്ന സ്‌കോറിന് ഇറ്റലി ഫ്രാന്‍സിനെ കീഴടക്കി കിരീടം നേടുകയും ചെയ്തു. ആ ദിവസം സിദാന്‍ ഫ്രാന്‍സിന്റെ നായകനില്‍ നിന്ന് പ്രതിനായകനിലേക്ക് പരകായപ്രവേശം നടത്തുകയായിരുന്നു.

പിന്നീട് 2018 ലോകകപ്പ് വേണ്ടിവന്നു ഫ്രാന്‍സിന് കിരീടസ്വപ്‌നങ്ങള്‍ വീണ്ടും നെയ്തുകൂട്ടാന്‍. 2010 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ഫ്രാന്‍സ് 2014-ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാലിടറിവീണു. പക്ഷേ വീണുപോയെന്ന് കരുതിയവര്‍ക്ക് തെറ്റി. അത്രമേല്‍ ശക്തമായാണ് അവര്‍ 2018 ലോകകപ്പ് കളിക്കാനായി റഷ്യയിലേക്ക് പറന്നിറങ്ങിയത്. ലോകോത്തര താരങ്ങളുടെ നിരയായിരുന്നു ഫ്രാന്‍സിനായി അണിനിരന്നത്. ആന്റോയിന്‍ ഗ്രീസ്മാന്‍, കിലിയന്‍ എംബാപ്പെ, ഒലിവിയര്‍ ജിറൂഡ്, എന്‍ഗോളോ കാന്റെ, പോള്‍ പോഗ്ബ, റാഫേല്‍ വരാനെ, ബെഞ്ചമിന്‍ പവാര്‍ഡ്, ഹ്യൂഗോ ലോറിസ്... നീളുന്നു ഫ്രാന്‍സ് ടീമിന്റെ ശക്തി. അവര്‍ അത് ടൂര്‍ണമെന്റിലുടനീളം കാണിക്കുകയും ചെയ്തു. ഒരുതരത്തിലും ഫ്രാന്‍സിന്റെ ശക്തി തെളിയിക്കാന്‍ പോന്ന എതിരാളികള്‍ ടൂര്‍ണമെന്റിലുണ്ടായിരുന്നില്ല എന്ന് വേണം കരുതാന്‍. ഫൈനലില്‍ ക്രൊയേഷ്യയെ 4-2 തകര്‍ത്തതുതന്നെയാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം.

2018-ഫിഫ ലോകകപ്പില്‍ കളിച്ച മിക്ക താരങ്ങളും ഇത്തവണ ഫ്രാന്‍സിനായി അണിനിരന്നിരുന്നു. അതുകൊണ്ടുതന്നെ ഫ്രാന്‍സിന് ആരും അധികം കിരീടസാധ്യത കല്‍പ്പിച്ചിരുന്നില്ല. കിരീടം നേടിയ ടീം അടുത്ത ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്താകുമെന്ന അന്ധവിശ്വാസം 2002-ല്‍ തുടങ്ങിവെച്ച ഫ്രാന്‍സ് തന്നെ അത് 2022 ലോകകപ്പിലൂടെ അവസാനിപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ടുണീഷ്യയ്‌ക്കെതിരേ വീണെങ്കിലും ഫ്രാന്‍സ് സടകുടഞ്ഞെഴുന്നേറ്റു. ആധികാരികമായാണ് അവര്‍ ഫൈനലിലേക്ക് വന്നത്. കിലിയന്‍ എംബാപ്പെയും ആന്റോയിന്‍ ഗ്രീസ്മാനും ഫ്രാന്‍സിനെ കൈപിടിച്ചുയര്‍ത്തി.

ഇത്തവണയും ആ കൈകള്‍ ഫ്രാന്‍സിനുണ്ടായിരുന്നു. എംബാപ്പെ മൂന്ന് ഗോളടിച്ചുകൊണ്ട് ഫ്രഞ്ച് പടയുടെ രക്ഷകനായി അവതരിച്ചെങ്കിലും വിജയം അകന്നുപോയി. ഒരു ഘട്ടത്തില്‍ 2-0 ന് പിന്നില്‍ നിന്ന ഫ്രാന്‍സിനെ ഇരട്ടഗോള്‍ നേടിക്കൊണ്ട് എംബാപ്പെ ഒപ്പമെത്തിച്ചു. എക്‌സ്ട്രാ ടൈമില്‍ മെസ്സിയിലൂടെ അര്‍ജന്റീന വീണ്ടും ലീഡെടുത്തപ്പോഴും എംബാപ്പെ തളര്‍ന്നില്ല. വീണ്ടും ഗോളടിച്ച് ഹാട്രിക്ക് നേടി താരം ഫ്രാന്‍സിനായി സമനില നേടിക്കൊടുത്തു. പെനാല്‍റ്റി ഷൂട്ടൗട്ടിലും ലക്ഷ്യം കണ്ട് എംബാപ്പെ തന്റെ റോള്‍ ഭംഗിയായി നിറവേറ്റിയെങ്കിലും മറ്റ് താരങ്ങള്‍ക്ക് അവസരത്തിനൊത്തുയരാനായില്ല. ഇതോടെ ഫ്രാന്‍സ് കീഴടങ്ങി. തോറ്റെങ്കിലും തലയുയര്‍ത്തിയാണ് ഫ്രാന്‍സ് മടങ്ങുന്നത്. അടുത്ത ലോകകപ്പില്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന ഉറപ്പ് നല്‍കിക്കൊണ്ട്....

Content Highlights: incredible performance of france football team in fifa world cup 2022

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023

Most Commented