എംബാപ്പെ, ബെന്‍സമ, ഗ്രീസ്മാന്‍... എതിരാളികള്‍ വിറയ്ക്കുന്ന ലൈനപ്പ്; വീണ്ടും കപ്പടിക്കാന്‍ ഫ്രഞ്ച് പട


ജിതേഷ് പൊക്കുന്ന്പോള്‍ പോഗ്ബ, എന്‍ഗോളെ കാന്റെ, പരിക്കേറ്റ ഈ രണ്ട് വമ്പന്‍മാരും ഇത്തവണ ടീമിനൊപ്പമില്ല. കഴിഞ്ഞ തവണ റഷ്യയില്‍ മധ്യനിരയില്‍ കളി മെനഞ്ഞ് ഫ്രാന്‍സിനെ കിരീടത്തിലേക്ക് നയിച്ചവരില്‍ പ്രധാനികളായിരുന്നു ഇരുവരും

2018 ലോകകപ്പിൽ ഫ്രാൻസ് ജേതാക്കളായപ്പോൾ വിജയം ആഘോഷിക്കുന്ന എംബാപ്പെ, പോഗ്ബ, ഗ്രീസ്മാൻ. photo: getty images

കാല്‍പ്പന്ത് കളിയുടെ അറേബ്യന്‍ രാവുകള്‍ക്ക് ഖത്തറില്‍ തുടക്കംകുറിക്കുകയാണ്. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍. നവംബര്‍ 20ന് അല്‍ ഖോറിലെ അല്‍ ബയ്ത് സ്‌റ്റേഡിയത്തില്‍ പന്തുരുളുന്നതോടെ അടുത്ത ഒരുമാസം ലോകം കാല്‍പ്പന്ത് ലഹരിയിലേക്ക് ചുരുങ്ങും. വിശ്വകിരീടത്തിനായുള്ള പോരാട്ടത്തിനൊടുവില്‍ അറിയേണ്ടത് ഒറ്റകാര്യം മാത്രം, ആരാകും ചാമ്പ്യന്‍മാര്‍? നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് കിരീടം നിലനിര്‍ത്താന്‍ ഉറച്ചാണ് ഖത്തറിലേക്ക് പറന്നത്. പ്രഗല്‍ഭരായ കളിക്കാരുടെ ഒരുനിര തന്നെയുള്ള ഫ്രഞ്ച് പട ഇത്തവണ വീണ്ടും കപ്പടിക്കുമോ?

ലോകകപ്പിലെ സമീപകാല ചരിത്രംവെച്ച് നിലവിലെ ചാമ്പ്യന്‍മാര്‍ ആദ്യ റൗണ്ടിനപ്പുറം കടക്കാറില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അതാണ് പതിവ്. 2006ല്‍ കപ്പടിച്ച ഇറ്റലി, പിന്നീട് ജേതാക്കളായ സ്പെയിന്‍, ജര്‍മനി ഇവരെല്ലാം ഈയൊരു ദുഷ്പേര് കേള്‍പ്പിച്ചവരാണ്. ലോക ചാമ്പ്യന്‍മാരെന്ന ഗമയോടെ തൊട്ടടുത്ത ലോകകപ്പിനെത്തിയ ഈ മൂന്ന് വമ്പന്‍മാര്‍ക്കും തലതാഴ്ത്തി മടങ്ങാനായിരുന്നു വിധി. 1998ല്‍ ജേതാക്കളായ ഫ്രാന്‍സും തൊട്ടടുത്ത ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായി. ലോകകപ്പ് ചാമ്പ്യന്‍മാരുടെ ഈ ദുര്‍വിധിക്ക് അന്ത്യം കുറിക്കാനാണ് ഇക്കുറി ഫ്രഞ്ച് പട ഇറങ്ങുന്നത്.എന്നാല്‍ മുന്‍നിര താരങ്ങളുടെ പരിക്ക് ഫ്രാന്‍സിന് തലവേദനയാണ്. പോള്‍ പോഗ്ബ, എന്‍ഗോളെ കാന്റെ, പരിക്കേറ്റ ഈ രണ്ട് വമ്പന്‍മാരും ഇത്തവണ ടീമിനൊപ്പമില്ല. കഴിഞ്ഞ തവണ റഷ്യയില്‍ മധ്യനിരയില്‍ കളി മെനഞ്ഞ് ഫ്രാന്‍സിനെ കിരീടത്തിലേക്ക് നയിച്ചവരില്‍ പ്രധാനികളായിരുന്നു ഇരുവരും.

ശൂന്യതയില്‍നിന്ന് ഗോള്‍മണമുള്ള ആക്രമണങ്ങള്‍ സൃഷ്ടിക്കാനും എതിരാളിയുടെ കടുത്ത ആക്രമണത്തെ തടഞ്ഞുനിര്‍ത്താനും കഴിവുള്ള പോഗ്ബയും കാന്റെയും പുറത്തായതോടെ മധ്യനിരയില്‍ പുതുമുഖ താരങ്ങളിലാണ് ഫ്രാന്‍സിന്റെ പ്രതീക്ഷ. ഇവര്‍ക്ക് പുറമേ മുന്നേറ്റ നിരയിലെ വജ്രായുധമായിരുന്ന ക്രിസ്റ്റഫര്‍ എന്‍കുന്‍കുവിന്റെ പരിക്കും ഫ്രാന്‍സിന് തിരിച്ചടിയാണ്. ഖത്തറിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ലോകകപ്പിനുള്ള അവസാന റൗണ്ട് പരിശീലനത്തിനിടെയാണ് ടീമിന് അപ്രതീക്ഷിത പ്രഹരമായി എന്‍കുന്‍കു പരിക്കേറ്റ് പുറത്തായത്.

പരിക്കിന്റെ പിടിയിലായ മിന്നും താരങ്ങളുടെ അഭാവത്തിനൊപ്പം ടീമിന്റെ സമീപകാല പ്രകടനവും ആശാവഹമല്ല. യൂറോയില്‍ അവര്‍ നിരാശപ്പെടുത്തി. യുവേഫ നേഷന്‍സ് ലീഗില്‍ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറ് കളികളില്‍ ഒന്ന് മാത്രമാണ് ജയിച്ചത്. മൂന്ന് കളികളില്‍ തോറ്റു. ഡെന്‍മാര്‍ക്കിനോട് രണ്ട് തവണയും ക്രൊയേഷ്യയോട് ഒരു തവണയും പരാജയപ്പെട്ട ഫ്രാന്‍സിന് ജയിക്കാനായത് ഓസ്ട്രിയയോട് മാത്രമാണ്. എന്നാല്‍ ഇതെല്ലാം വെറും താത്ക്കാലിക തിരിച്ചടികള്‍ മാത്രമാണെന്നും ടീം ഗംഭീരമായി തിരിച്ചുവരുമെന്നുമാണ് ഫ്രാന്‍സ് ആരാധകരുടെ പക്ഷം. ഏത് പ്രതിസന്ധിയും മറികടക്കാന്‍ കെല്‍പ്പുള്ളവരാണ് കോച്ച് ദേഷാംപ്സും കൂട്ടരും. അതിനൊത്ത കരുത്തുറ്റ ബെഞ്ച് സ്‌ട്രെങ്ത്തും ഫ്രഞ്ച് പടയ്ക്കുണ്ട്.

മുന്നേറ്റവും പ്രതിരോധവും മധ്യനിരയും സുസജ്ജം

ലോകത്തെ വമ്പന്‍ ക്ലബ്ലുകളിലെ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന പ്രതിഭാധനരുടെ സംഘമാണ് ഫ്രാന്‍സ്. ഓരോ പൊസിഷനിലും കളത്തിലിറങ്ങുന്നത് ഏറ്റവും മികച്ച താരങ്ങളാണ്. വേഗത്തിലും സാങ്കേതികത്തികവിലും അത്‌ലറ്റിക് മികവിലും ഫ്രഞ്ച് പട ഏറെ മുന്നിലാണ്. ബാലണ്‍ദ്യോര്‍ ജേതാവ് കരീം ബെന്‍സമ, കൈലിയന്‍ എംബാപ്പെ, അന്റോയിന്‍ ഗ്രീസ്മാന്‍, ഒളിവര്‍ ജിറുഡ്, കിങ്സ്ലി കോമാന്‍. കൊമ്പന്‍മാര്‍ അടങ്ങിയ ഈ മുന്നേറ്റനിര എതിരാളികള്‍ക്ക് പേടിസ്വപ്നം ആണെന്ന കാര്യത്തില്‍ സംശയമില്ല. പന്തുമായി കുതിക്കുന്ന എംബാപ്പെയുടെ സ്പീഡും ബെന്‍സമയുടെ ഫിനിഷിങ് പാടവവും എതിരാളികള്‍ക്കുമേല്‍ ഫ്രാന്‍സിന് മേല്‍കൈ നല്‍കും.

ദിദിയര്‍ ദേഷാംപ്‌സ്. photo: getty images

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റാഫേല്‍ വരാന്‍, ആഴ്സണലിന്റെ വില്യം സലിബ, ലിവര്‍പൂളിന്റെ ഇബ്രാഹിമ കോനാറ്റെ, ബാഴ്സയുടെ യൂള്‍സ് കൗണ്ടെ, ബയേണ്‍ മ്യൂണിക്കിന്റെ തിയോ ഹെര്‍ണാണ്ടസ്, ഡയോറ്റ് ഉപമെങ്കാവോ, ബെഞ്ചമിന്‍ പവാര്‍ഡ്. പ്രതിരോധത്തിലും ടീമിന് ആശങ്കകളേതുമില്ല. ഇവരെയെല്ലാം ഭേദിച്ച് പോസ്റ്റിനുള്ളിലേക്ക് പന്ത് കയറ്റാന്‍ എതിരാളികള്‍ പാടുപെടും. മധ്യനിരയില്‍ പോഗബയുടെയും കാന്റെയുടെയും പരിചയസമ്പത്തിനെ പകരംവയ്ക്കാന്‍ റയല്‍ മാഡ്രിഡ് താരങ്ങളായ ഔര്‍ലിയന്‍ ചൗമെനിയും എഡ്വേര്‍ഡോ കമവിന്‍ഗയുമുണ്ട്. ഏത് പ്രതിരോധ കോട്ടയും പിളര്‍ത്തി പന്ത് എത്തിക്കാന്‍ കഴിവുള്ളവര്‍.

ചെല്‍സിയുടെ യൂസഫ് ഫോഫാന, യുവന്റസിന്റെ അഡ്രിയന്‍ റാബിയോട്ട്, മാറ്റിയോ ഗ്യൂന്‍ഡോസി എന്നിവരും മധ്യനിരയില്‍ ചലനങ്ങള്‍ സൃഷ്ടിക്കും. ഗോള്‍ വല കാക്കാന്‍ ടോട്ടനം താരമായ ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസുമുണ്ട്. ബെന്‍സമ- എംബാപ്പെ എന്നിവരെ മുന്നേറ്റത്തിലിറക്കി തൊട്ടുതാഴെ ഗ്രീസ്മാനെ കളിപ്പിക്കുന്ന 3-4-1-2 ശൈലിയിലാണ് ദെഷാംപ്സ് കൂടുതലും കളിക്കാറ്. ഈ ഫോര്‍മേഷന്‍ ആണെങ്കില്‍ കമവിന്‍ഗ-ചൗമെനി സഖ്യം തന്നെയാകും സെന്‍ട്രല്‍/ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍.

ഖത്തര്‍ ലോകകപ്പിനുള്ള ഫ്രാന്‍സ് ടീം. photo: equipedefrance/facebook

കടലാസിലെ മുന്‍തൂക്കത്തിനൊപ്പം ലോകകപ്പ് പോലുള്ള വലിയ ചാമ്പ്യന്‍ഷിപ്പില്‍ കളത്തിലും മികവ് പുറത്തെടുക്കുന്ന ഫ്രാന്‍സിനെ പിടിച്ചുകെട്ടുക ആര്‍ക്കും അത്ര എളുപ്പമല്ല. വേഗമേറിയ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ കണ്ടെത്തുന്നതാണ് ഫ്രഞ്ച് ടീമിന്റെ മുഖമുദ്ര. 2018ല്‍ റഷ്യയില്‍ അത് പലകുറി കണ്ടതാണ്. ഒരൊറ്റ മത്സരം പോലും തോല്‍ക്കാതെയായിരുന്നു കഴിഞ്ഞ തവണ ഫ്രാന്‍സിന്റെ കുതിപ്പ്. ഇത്തവണ ടീമില്‍ ബെന്‍സമ കൂടി മടങ്ങിയെത്തിയതോടെ റഷ്യയിലേതിനെക്കാള്‍ മികച്ച മുന്നേറ്റം ഖത്തറില്‍ സാധ്യമാണെന്നാണ് ഫ്രഞ്ച് പട കണക്കുകൂട്ടുന്നത്.

ലോകകപ്പുകളിലെ ഫ്രാന്‍സ്

ഫ്രാന്‍സിന്റെ ലോകകപ്പ് ചരിത്രം ഒന്നുനോക്കാം. ഇത് 16-ാം തവണയാണ് ഫ്രഞ്ച് പട ലോകകപ്പിന് ബൂട്ട് കെട്ടുന്നത്. 1930ലെ ആദ്യ ലോകകപ്പില്‍ പങ്കെടുത്ത നാല് യൂറോപ്യന്‍ ടീമുകളിലൊന്നായിരുന്നു ഫ്രാന്‍സ്. യുറഗ്വായ് ചാമ്പ്യന്‍മാരായ ആ ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്താകാനായിരുന്നു ഫ്രാന്‍സിന്റെ വിധി. 1938ല്‍ പോരാട്ടം ക്വാട്ടര്‍ ഫൈനല്‍ വരെയെത്തി. 1958ല്‍ സെമിയില്‍ വീണു. റെയ്മണ്ട് കോപ്പയും ജസ്റ്റ് ഫൊണ്ടെയ്‌നും ഉള്‍പ്പെട്ട ടീം അന്ന് മൂന്നാം സ്ഥാനക്കാരായാണ് മടങ്ങിയത്. പിന്നീട് ഫ്രാന്‍സിന് മികച്ചൊരു പ്രകടനം കാഴ്ചവെക്കാനായത് 1982ലെ ലോകകപ്പിലാണ്. അന്നും സെമിയില്‍ കാലിടറി. വലിയ പ്രതീക്ഷയോടെ എത്തിയ 1986 മെക്‌സിക്കോ ലോകകപ്പിലും സെമിയില്‍ വീണു.

1998ല്‍ ലോകകപ്പ് ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ടീം. photo: fifa.com

പിന്നീടുള്ള രണ്ട് ലോകകപ്പിലും യോഗ്യത നേടാന്‍ പോലും അവര്‍ക്കായില്ല. എന്നാല്‍ പിന്നീടങ്ങോട്ട് ഫ്രാന്‍സ് ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നു. ക്യാപ്റ്റന്‍ ദിദിയര്‍ ദേഷാംപ്‌സ്, സിനദിന്‍ സിദാന്‍, ഫാബിയന്‍ ബാര്‍ത്താസ്, പാട്രിക് വിയേറ, ലിലിയന്‍ തുറാം, തിയറി ഒന്‍ട്രി എന്നിവരടങ്ങിയ സുവര്‍ണ നിരയുമായെത്തിയ ഫ്രാന്‍സ് 1998 ലോകകപ്പില്‍ എതിരാളികളെ ഞെട്ടിച്ചു. സ്വന്തം നാട്ടില്‍ നടന്ന ആ ലോകകപ്പില്‍ കലാശപ്പോരില്‍ വമ്പന്‍മാരായ ബ്രസീലിനെ വീഴ്ത്തി ഫ്രാന്‍സ് ആദ്യ ലോകകിരീടം ഉയര്‍ത്തി. 2000ത്തില്‍ യൂറോ കിരീടവും 2001ല്‍ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പും നേടിയ ഫ്രഞ്ച് പട പിന്നീടങ്ങോട്ട് കുതിക്കുകയായിരുന്നു.

എന്നാല്‍ 2002ലെ ലോകകപ്പില്‍ ഫ്രഞ്ച് പടയുടെ പ്രകടനം തീര്‍ത്തും നിറംമങ്ങി. ആദ്യ റൗണ്ടില്‍ തന്നെ തലതാഴ്ത്തി മടങ്ങി. പിന്നീട് സിദാന് കീഴില്‍ മിന്നും ഫോമിലേക്കുയര്‍ന്ന ഫ്രാന്‍സ് 2006ല്‍ ഗംഭീരമായി തിരിച്ചുവന്നു. ഇത്തവണ കിരീടം തങ്ങള്‍ക്കുള്ളതാണെന്ന് ആരാധകര്‍ പോലും ഉറപ്പിച്ച നിമിഷം. എന്നാല്‍ ഫൈനലില്‍ ഇറ്റലിയോടേറ്റ പെനാല്‍റ്റി ഷൂട്ടൗട്ട് ദുരന്തം ഫ്രാന്‍സിന് കണ്ണീരായി. ആ മത്സരത്തില്‍ മറ്റൊരാസിയെ തല കൊണ്ടിടിച്ച് വീഴ്ത്തിയ സിദാന്‍ ചുവപ്പു കാര്‍ഡ് കണ്ട് കളത്തിന് പുറത്തേക്ക് നടന്ന കാഴ്ച ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇന്നും മറക്കാനാകാത്തതാണ്. സിദാന്റെ ആ ഫൗളിന് ഫ്രാന്‍സിന് നല്‍കേണ്ടി വന്ന വില ആ ലോകകപ്പ് കിരീടം തന്നെയായിരുന്നു.

2006 ലോകകപ്പിനിടെ മറ്റൊരാസിയെ തലകൊണ്ടിടിച്ച് വീഴ്ത്തുന്ന സിദാന്‍. photo: AFP

പിന്നീടുള്ള രണ്ട് ലോകകപ്പിലും ഫ്രാന്‍സിന് നിരാശയായിരുന്നു ഫലം. 2018ല്‍ ക്രൊയേഷ്യയെ തറപറ്റിച്ച് വീണ്ടും ചാമ്പ്യന്‍മാരായ ടീം ഖത്തറില്‍ ലക്ഷ്യമിടുന്നത് മൂന്നാം കിരീടമാണ്. ആ ലക്ഷ്യം കൈവരിച്ചാല്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീം എന്ന റെക്കോര്‍ഡും ഫ്രാന്‍സിന് സ്വന്തമാകും. 1934ലും 1938ലും ഇറ്റലിയും 1958ലും 1962ലും ബ്രസീലും മാത്രമാണ് ഇതിന് മുമ്പ് കിരീടം നിലനിര്‍ത്തിയ ടീമുകള്‍. കഴിഞ്ഞ 56 വര്‍ഷമായി ഒരു ടീമിന് പോലും ലോക കിരീടം നിലനിര്‍ത്താന്‍ സാധിച്ചിട്ടുമില്ല. ഈ ചരിത്രം ഇക്കുറി തിരുത്തുകയാണ് ഫ്രഞ്ച് പടയുടെ ലക്ഷ്യം.

ഗ്രൂപ്പ് ഡിയില്‍ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ടുണീഷ്യ എന്നിവരാണ് ഫ്രാന്‍സിനൊപ്പമുള്ളത്. ഇതില്‍ ടൂര്‍ണമെന്റിലെ കറുത്ത കുതിരകളാകാന്‍ സാധ്യതയുള്ള ഡെന്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെങ്കിലും ഫ്രഞ്ച് പട നിഷ്പ്രയാസം പ്രീക്വാട്ടറും ക്വാര്‍ട്ടറും സെമിയും കടന്ന് ഡിസംബര്‍ 18ന് ലുസൈന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ കപ്പടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേ, അവര്‍ കാത്തിരിക്കുന്നു ഫ്രാന്‍സിന്റെ മൂന്നാം കിരീട നേട്ടത്തിനായി.

Content Highlights: france team fifa world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented