അർജന്റീന ആരാധകർ | Photo: Richard Heathcote/Getty Images
ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീന കളിക്കുമ്പോള്‍ ഹിഞ്ചകള് എന്ന് സ്വയം വിശേഷിപ്പിക്കുന്ന കടുത്ത ആരാധകര്‍ പറയുക അവരുടെ പ്രിയതാരങ്ങള്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ കാലുകൊണ്ട് കവിതയെഴുതുകയാണെന്നാണ്. എന്നാല്‍ ഒന്നിനോടും അത്രയ്ക്ക് ആരാധനയില്ലാത്ത ഞാന്‍ കാണുന്നത് കളിക്കളത്തില്‍ അതിവേഗത്തില്‍ വലകെട്ടിക്കൊണ്ടിരിക്കുന്ന എട്ടുകാലികളെയാണ്. കണ്ണഞ്ചിക്കുന്ന വേഗത്തില്‍ കുറിയ പാസുകള്‍ നല്കി എതിരാളികളെ ബന്ധനത്തിലാക്കുന്ന എട്ടുകാലികളുടെ സംഘനൃത്തം... അവരുടെ കളിക്കൊരു ചന്തമുണ്ട്. ഒന്നോ രണ്ടോ ദിവസം കൊണ്ടുണ്ടായതല്ലത്. പല തലമുറകളുടെ ജീവവായു ആവേശിച്ച് വാറ്റിയെടുത്ത കളിവീഞ്ഞിന്റെ രുചി അതില്‍ കലര്‍ന്നിട്ടുണ്ട്. ചമയങ്ങളും ചമല്‍ക്കാരങ്ങളും ഇല്ലാതെ തന്നെ അതങ്ങനെ തിളങ്ങി നില്ക്കുന്നു. അല്‍ഫ്രെഡോ ഡിസ്റ്റെഫാനോയും മരിയോ കെംപസും ഡീഗോ മാറഡോണയും ലയണല്‍ മെസ്സിയും കാലാകാലങ്ങളില്‍ ആ വീഞ്ഞിന് വീര്യം പകര്‍ന്നവരാണ്. ഹിഞ്ചകളെ മത്തുപിടിപ്പിക്കുന്ന കളിവീഞ്ഞ് നിറച്ച ചഷകങ്ങള്‍ തേടിയുള്ള മടക്കയാത്രയാണ് ഈ കുറിപ്പ്.
സ്പാനിഷ് ഭാഷയില്‍ ബ്യൂണിസ് ഏറീസ് എന്ന വാക്കിന് സ്വച്ഛന്ദമായ തെന്നല്‍ എന്ന് അര്‍ഥം വരും. പ്ലാറ്റാ നദിയെ പുണര്‍ന്ന കാറ്റിന്റെ കുളിര് കയറിയിറങ്ങുന്നതു കൊണ്ടാകാം അര്‍ജന്റീനയുടെ തലസ്ഥാന നഗരത്തിന് ഈ പേര് വന്നത്. ഫ്രാന്‍സിസ് പാപ്പയും സാക്ഷാല്‍ മാറഡോണയും ടാംഗോ നൃത്തച്ചുവടുകളും പിറന്ന മണ്ണാണ് ഇവിടം. വിഖ്യാത സാഹിത്യകാരനായ ബോര്‍ഹെസിന്റെ ജന്മനാടും ഇവിടംതന്നെ. അദ്ദേഹത്തിന്റെ ചെറുകഥകളുടെ ഒരു സമാഹാരത്തിന് എ യൂണിവേഴ്സല്‍ ഹിസ്റ്ററി ഓഫ് ഇന്ഫേമി എന്ന് പേര്. ദുഷ്കീര്‍ത്തിയുടെ സമ്പൂര്‍ണ ചരിത്രം എന്ന് മലയാളത്തില്‍ പരിഭാഷപ്പെടുത്താം ആ തലക്കെട്ടിനെ. അതേ തലക്കെട്ട് ബ്യൂണിസ് ഏറീസിലെ മൈതാനങ്ങളില്‍ പിറന്ന ഒരു മത്സര പരമ്പരയുടെ ചരിത്രത്തിനും ഇണങ്ങും. കായികചരിത്രം സൂപ്പര്‍ ക്ലാസിക്കോ എന്ന് പേരിട്ടുവിളിക്കുന്ന കാല്‍പന്തിലെ കുടിപ്പക. ലോകത്തെ ഏറ്റവും വാശിയേറിയ ഫുട്ബോള്‍ ടൂര്‍ണമെന്റ്. ആ പകയുടെ കുപ്രസിദ്ധിക്ക് ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. അത് കാല്പന്തിന്റെ ഇളംതെന്നലഴകല്ല... കലിയടങ്ങാത്ത ചക്രവാതം പോലൊരു കളിക്കാഴ്ച. ബോക്കാ ജൂനിയേഴ്സിനും റിവര്‍ പ്ലേറ്റിനും ഇടയിലുള്ള ഈ കൊടുംവൈരത്തിന്റെ ഉല്പത്തിയും പുറപ്പാടും ബ്യൂണിസ് ഏറീസില്‍ നിന്നുതന്നെയാണ്.
ചഷകത്തിലെ വീഞ്ഞ്
അര്‍ജന്റീനക്കാരുടെ ജനിതകഘടനയില്‍ പോലുമുണ്ടാകും കാല്പന്തിന്റെ രാസാമ്ലങ്ങള്. അവരുടെ ജീനുകളിലെ ജീവന്റെ ചുരുളകള്‍ക്ക് കാല്പന്തിന്റെ ആകൃതിപോലും കല്പിക്കപ്പെടാം. ഇരട്ടപ്പിരി രൂപമുള്ള മനുഷ്യ ഡി.എന്‍.എ പോലെയാണ് അവര്‍ക്ക് കാല്പന്തിനോടുള്ള അഭിനിവേശം. അതിന്റെ പിരിയന്‍ ഗോവണികളില്‍ വിയോജിപ്പുകളും വിജയോന്മാദങ്ങളും അടുക്കിച്ചേര്ക്കപ്പെട്ടിരിക്കുന്നു. ഗാലറികളിലെ അഡ്രിനാലിന്‍ പ്രവാഹങ്ങളില്‍ ഉത്തേജിക്കപ്പെടുന്ന ജീവന്റെ ആസക്തികള്‍. ഫുട്ബോള്‍ അവര്‍ക്ക് മതത്തേക്കാള്‍ മതിപ്പുള്ളൊരു മതമാണ്. ക്ലബ് ഫുട്ബോളിന്റെ ഈറ്റില്ലമാണ് അവിടം. അര്‍ജന്റീനന്‍ സൂപ്പര്‍ ലീഗിലെ 26 ക്ലബ്ബുകള്‍. അവയില്‍ 12ഉം ബ്യൂണിസ്അയേഴ്സ് പ്രവിശ്യയില്‍ നിന്നുള്ളത്. അക്കൂട്ടത്തില്‍ ഉന്നതിയുടെ മുനമ്പിലാണ് അവരുള്ളത്. ബൊക്കാ ജൂനിയേഴ്സും റിവര്‍പ്ലേറ്റും. അവര്‍ക്കിടയിലെ വൈരത്തേക്കാള്‍ വീര്യമുള്ളതൊന്നും ഫുട്ബോളിന്റെ ചഷകത്തിലില്ല. ആ വീര്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. ഉന്മാദത്തിന്റെ പരകോടിയിലെത്തിക്കുന്ന മായികലഹരി.
പിറവി
ബ്യൂണിസ് ഏറീസിന്റെ പ്രാന്തപ്രദേശമായ ലാ ബൊക്കയിലാണ് ബോക്കാ ജൂനിയേഴ്സിന്റെയും റിവര്‍ പ്ലേറ്റിന്റെയും പിറവി. അഭ്യന്തരകലാപങ്ങളുടെ മുറിവുകള്‍ പേറിയ തുറമുഖനഗരം. അവിടെ പൊട്ടിമുളച്ച ഫുട്ബോള്‍ ക്ലബ്ബുകള്‍. പണത്തേക്കാള്‍ പദവിയേക്കാള്‍ വിയോജിപ്പുകള്‍ക്ക് ഉല്പ്രേരകമായി ക്ലബ്ബുകളും കളിക്കമ്പവും. എങ്കിലും എല്ലാ ഭിന്നിപ്പുകള്ക്കുമിടയിലും കാല്പന്ത് ഭൂഗോളമെന്ന പോലെ അഭയസ്ഥാനമായി. ആലിംഗന നൃത്തമായ ടാംഗോയില്‍ വിരുതു തെളിയിച്ചവരായിരുന്നു പ്രദേശവാസികള്‍. പക്ഷേ, പന്തില്‍ കാല് തൊടുന്നതോടെ അവരിലെ ലാസ്യം അണഞ്ഞുപോകും. എതിരാളിയുടെ ചോരയൂറ്റുന്ന വൈരം മാത്രം ബാക്കിയാകും. ലാ റോസാലസ്, സാന്റാ റോസാ എന്നീ രണ്ട് ക്ലബ്ബുകള്‍ ലയിച്ച് 1901-ല്‍ റിവര്‍പ്ലേറ്റ് രൂപംകൊണ്ടു. നാലുവര്‍ഷത്തിനു ശേഷം ബോക്ക ജൂനിയേഴ്സും മൈതാനം കണ്ടു. മദ്ധ്യധരണ്യാഴിയിലെ ഏറ്റവും വലിയ തുറമുഖമായ ജെനോവയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ലാ ബൊക്കയില്‍ പാര്‍ത്തിരുന്നു. അവരാണ് ബൊക്കാ ജൂനിയേഴ്സിന്റെ പിറവിക്കു പിന്നില്‍. ലിഗൂറിയന്‍ കടലിനും അപെന്നെന് പര്‍വത നിരകള്‍ക്കും ഇടയിലെ പരദേശികളില്‍ നിന്ന് പിറന്നതുകൊണ്ടാകാം ബോക്കാ ജൂനിയേഴ്സ് കളിക്കളങ്ങളില്‍ ജെനോയീസ് എന്ന ഇതരനാമത്തില് അറിയപ്പെട്ടു.
വരേണ്യരുടെ തട്ടകമായിരുന്നു റിവര്‍പ്ലേറ്റ്. ബോക്കയാകട്ടെ സാധാരണക്കാരുടേതും. പാഴ്വസ്തുക്കൾ ശേഖരിക്കുന്നവരും ശുചീകരണത്തൊഴിലാളികളും ഒക്കെച്ചേര്‍ന്ന സാധാരണക്കാര്‍. 1913 ഓഗസ്റ്റ് 13-ന് അന്നാദ്യമായി ഇരുകൂട്ടരും ഒരു മൈതാനത്ത് ഏറ്റുമുട്ടിയപ്പോള്‍ കളി, കായികമത്സരത്തേക്കാളുപരി വര്‍ഗസമരത്തെ അനുസ്മരിപ്പിച്ചു. 2-1 ന് റിവര്‍പ്ലേറ്റ് കന്നിയങ്കം കൈക്കലാക്കി. ജയവും തോല്‍വിയും. അതില്‍ നിന്ന് ഒരു പകയുടെ ഉരുവവും. തുടര്‍ന്നു വന്നത് ബോക്കയുടെ വിജയക്കുതിപ്പുകളുടെ പുലരികളായിരുന്നു. അവര്‍ സീസണിലെ ആദ്യ ലീഗ് ടൈറ്റില്‍ സ്വന്തമാക്കി. റിവര്‍പ്ലേറ്റ് കൂടുതല്‍ സമ്പന്നമായ പണത്തളികയായി വളര്‍ന്നു. ദ മില്യണയര്സ് എന്ന വിളിപ്പേരും അവര്‍ സ്വന്തമാക്കി. വന്‍തുകയ്ക്ക് കേമന്മാരെ തട്ടകത്തിലെത്തിച്ച് കരുത്തുകൂട്ടാനായി അവരുടെ ശ്രമം. തെക്കേഅമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കായികാധിപത്യം അവര്‍ കൊതിച്ചു. കാണികളെ ത്രസിപ്പിക്കുക എന്നതായിരുന്നു റിവര്‍പ്ലേറ്റ് കളിക്കളത്തില്‍ പയറ്റിയ തന്ത്രം. ബോക്കയുടെ പടയാളികളാകട്ടെ അവരുടെ അനുയായികളുടെ ജീവിതത്തെ അനുസ്മരിപ്പിക്കും വിധത്തില്‍ നിലനില്‍പ്പിനായി കളിച്ചു. വിജയത്തേക്കാള്‍ മഹത്തരമായ യാതൊന്നും തന്നെ അവരെ സ്വാധീനിച്ചതേയില്ല.
അന്തരം
ദ ഗ്രേറ്റ് ഡിപ്രഷന് എന്ന് പേരിട്ടുവിളിച്ച മഹാസാമ്പത്തികമാന്ദ്യം അര്‍ജന്റീനയുടെ അടിവേരിളക്കിയ കാലത്ത് ഇരു ക്ലബ്ബുകളും തമ്മിലുള്ള അന്തരം വലിയ വിടവായി. ബൊക്കാ ആരാധകര്‍ റിവര്‍പ്ലേറ്റ് സംഘത്തെ ഗാലിനാസ് അഥവാ കോഴികള്‍ എന്ന് വിളിച്ചു. അതേ സമയം റിവര്‍പ്ലേറ്റ് ആരാധകര്‍ ബോക്കയ്ക്ക് ചാര്‍ത്തിക്കൊടുത്ത പേര് ലോസ് ചാഞ്ചിറ്റോസ് അഥവാ കൊച്ചുപന്നികള്‍ എന്നായിരുന്നു. കലഹങ്ങളും കലാപങ്ങളും പതിവായി. കളിക്കളങ്ങള്‍ കാര്‍ണിവല്‍ വേദികളായെങ്കിലും അമിതാവേശം അക്രമങ്ങള്‍ക്ക് വഴി പാകി. വീടുകള്‍ക്ക് തീവച്ചും ഒളിയിരുന്നാക്രമിച്ചും ജയവും തോല്‍വിയും ഇരുകൂട്ടരും ആഘോഷിച്ചു. അര്‍ജന്റീനന്‍ ഫുട്ബോളിലെ ഏറ്റവും കരുത്തരായ ഈ രണ്ട് ക്ലബ്ബുകള്‍ തമ്മിലുള്ള മത്സരം സൂപ്പര്‍ക്ലാസിക്കോ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടു. സൗത്ത് അമേരിക്കന്‍ ക്ലബ് ഫുട്ബോളിലെ ഏറ്റവും ഉന്നതമായ ഫുട്ബോള്‍ മാമാങ്കമാണ് കോപ്പ ലിബര്‍ട്ടറോസ്. 2000ലും 2004ലും ബോക്കയോട് ഏറ്റുമുട്ടി റിവര്‍പ്ലേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. 2000, 2001, 2003 വര്‍ഷങ്ങളില്‍ ബോക്കാ ജൂനിയേഴ്സ് ചാമ്പ്യന്മാരായി. 2014-ല്‍ കോപ്പ സുഡാമിരക്കാനാ 2015-ല്‍ കോപ്പ ലിബര്‍ട്ടഡോസ്, 2017-ല്‍ സൂപ്പര്‍കോപ്പ അര്‍ജന്റീന, 2018-ല്‍ വീണ്ടും കോപ്പ ലിബര്‍ട്ടഡോസ് ബോക്കയെ മലര്‍ത്തിയടിച്ച് റിവര്‍പ്ലേറ്റിന്റെ കിരീടവേട്ട.
രക്തരൂക്ഷിതം
ജയപരാജയങ്ങളുടെ ഈ പരമ്പര രക്തച്ചൊരിച്ചിലിനുപോലും കാരണമായിട്ടുണ്ട്. 1968 ജൂണ്‍ 23. എല്‍ മൊണ്യൂമെന്റല്‍ സ്റ്റേഡിയം. അത് അവരുടെ 89-ാം കൂടിക്കാഴ്ചയായിരുന്നു. സ്റ്റേഡിയത്തിന്റെ അടഞ്ഞ കവാടത്തിന് അരികിലെ തിക്കിലും തിരക്കിലും ചതഞ്ഞുമരിച്ചു എണ്‍പതോളം പേര്. കൂടുതലും കൗമാരക്കാര്‍. പരിക്കേറ്റവര്‍ നിരവധി. സൂപ്പര്‍ക്ലാസിക്കോ ദുരന്തമുഖമായി. ലോക ഫുട്ബോളിലെ ഏറ്റവും വീര്യം നിറഞ്ഞ പോരാട്ടമായി സൂപ്പര്‍ക്ലാസിക്കോ വളര്‍ന്നു. ആ വളര്‍ച്ച ഒരേ സമയം പ്രസിദ്ധിയും കുപ്രസിദ്ധിയുമാര്ജിച്ചു. 2015-ല്‍ കോപ്പ ലിബര്‍ട്ടഡോസില്‍ നിന്നും ബോക്കാ ജൂനിയേഴ്സ് പുറത്താക്കപ്പെട്ട സംഭവവും വിവാദപരമായിരുന്നു. ബോക്കോ ജൂനിയേഴ്സ് ആരാധകര്‍ റിവര്‍ പ്ലേറ്റ് താരങ്ങള്‍ക്കു നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചു. മത്സരത്തില്‍ 1-0ത്തിന് റിവര്‍ പ്ലേറ്റ് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു ഈ സംഭവം. തടസപ്പെട്ട മത്സരത്തിനൊടുവില്‍ റിവര്‍പ്ലേറ്റിനെ വിജയിയായി പ്രഖ്യാപിച്ചു.
നേര്‍ക്കുനേര്‍
കോപ്പ ലിബര്ട്ടഡോസിന്റെ പലഘട്ടങ്ങളില്‍ നേര്‍ക്കുനേര്‍ വന്നെങ്കിലും ഫൈനലില്‍ അവരാദ്യമായി ഒന്നിച്ചത് 2018-ലാണ്. അര്‍ജന്റീനയിലെ ഫുട്ബോള്‍ ആരാധകര്‍ ആവേശത്തിലായി. അതൊരു ജീവന്മരണ പോരാട്ടമായിരുന്നു. തോല്‍ക്കുന്നവര്‍ക്ക് രാജ്യത്തിനു പുറത്തേക്ക് വഴിതുറക്കപ്പെടുന്ന അന്ത്യവിധിയുടെ നാള്. അര്‍ജന്റീനയിലെ ഏറ്റവും മികച്ച ക്ലബ് ഏതെന്ന ഉത്തരമില്ലാത്ത ചോദ്യത്തിന്റെ ചുരുളഴിയുന്ന ദിവസം. ഫൈനലിന്റെ ആദ്യപാദ മത്സരം ബൊക്കാ ജൂനിയേഴ്സിന്റെ കളിക്കളമായ ലാ ബൊംബോനെറായിലായിരുന്നു. 2-2ന്റെ സമനില. രണ്ടാംപാദ മത്സരം 2018 നവംബര്‍ 24-ലേക്ക് നിശ്ചയിച്ചു. ഇത്തവണ റിവര്‍പ്ലേറ്റ് ആരാധകര്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ബൊക്കാ ജൂനിയേഴ്സിന്റെ ടീം ബസ്സിനു നേരെ അവര്‍ കരിങ്കല്‍ ചീളുകളും സ്ഫോടകവസ്തുക്കളും വലിച്ചെറിഞ്ഞു. വാഹനത്തിന്റെ ചില്ലുകള്‍ പൊട്ടി. കളിക്കാര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കളി തടസപ്പെട്ടു. കാണികള്‍ അരിശത്താല്‍ ആര്‍ത്തു.
ആ മഹാദുരന്തം ആ വന്‍കരയില്‍നിന്ന് കളിത്തിളക്കത്തെ മായ്ച്ചുകളഞ്ഞു. തെക്കേ അമേരിക്കയിലെ ഏറ്റവും ആവേശം നിറഞ്ഞ മത്സരം പിന്നെ തുടര്‍ന്നത് മാഡ്രിഡിലാണ്. 2018 ഡിസംബര്‍ 9. മാഡ്രിഡ് ബ്യൂണിസ് അയേഴ്സായി പരിണമിച്ചു. മുടങ്ങിയ കളിയുടെ തുടര്‍ച്ച. എക്സ്ട്രാ ടൈമിനുശേഷം റിവര്‍ പ്ലേറ്റിന് 3-1ന്റെ വിജയം. റിവര്‍പ്ലേറ്റ് ആരാധകര്‍ വിജയമെന്ന വികാരത്തെ അതിന്റെ ഉന്മത്താവസ്ഥയില്‍ രുചിച്ച ദിവസം. ബൊക്കാ ജൂനിയേഴ്സും റിവര്‍പ്ലേറ്റും 2019 കോപ്പ ലിബര്‍ട്ടഡോസ് സെമി ഫൈനലില്‍ വീണ്ടും നേര്‍ക്കുനേര്‍. ബൊക്കാ പുനര്‍ജനി കൊതിച്ചു. പക്ഷേ, ജയിച്ചത് റിവര്‍പ്ലേറ്റ് ആയിരുന്നു. കോപ്പാ ലിബര്‍ട്ടഡോസില്‍ ബോക്ക ആകെ ആറുതവണ ജേതാക്കളായി. റിവര്‍പ്ലേറ്റ് നാലുതവണയും.
സൂപ്പര്‍ക്ലാസിക്കോ
കാറു വിറ്റും വീടുവിറ്റുമൊക്കെ സൂപ്പര്‍ ക്ലാസിക്കോ കാണാന്‍ ലോകത്തിന്റെ ഏതുകോണില്‍ നിന്നും അര്‍ജന്റീനക്കാര്‍ ഓടിയെത്തും. രാജ്യത്തെ സകല ചാനലുകളും റേഡിയോ സ്റ്റേഷനുകളും മത്സരം തത്സമയം സംപ്രേഷണം ചെയ്യും. സൂപ്പര്‍ ക്ലാസിക്കോയുടെ പട്ടികയില്‍ 88 ജയവും 82 തോല്‍വിയുമായി ബൊക്ക വിജയക്കണക്കണക്കില് മുന്നിലാണ്. മനുഷ്യനിലെ മൃഗതൃഷ്ണ വെളിപ്പെടുന്ന അരങ്ങാണ് ഓരോ സൂപ്പര്‍ ക്ലാസിക്കോ വേദിയും. ആരാധര്‍ക്കിടയില്‍ കലഹവും കശപിശയും പതിവ്. കളിക്കളത്തില്‍ വിലക്കപ്പെട്ടതെല്ലാം അവര്‍ ഗാലറികളില്‍ ആവര്‍ത്തിച്ചു.സൂപ്പര്‍ക്ലാസിക്കോ മത്സരങ്ങളുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ ഹൃദയാഘാതം വന്നവര്പോലുമുണ്ട്.
അര്‍ജന്റീനന്‍ ഫുട്ബോളിലെ അതികായരില്‍ പലരും ഈ ടീമുകളിലെ അംഗങ്ങളായിരുന്നു. ഡീഗോ മാറഡോണ, റിക്കല്‍മി, മാര്ട്ടിന് പലേര്‍മോ തുടങ്ങിയ താരങ്ങള്‍ ബൊക്കാ ജൂനിയേഴ്സിനുവേണ്ടി കളിച്ചു. ആല്‍ഫ്രഡോ ഡി സ്റ്റെഫാനോ, മൊറീനോ, ഡാനിയല്‍ പാസറെല്ല... ഇവരൊക്കെയും റിവര്പ്ലേറ്റിനുവേണ്ടിയും. റിവര്‍പ്ലേറ്റില്‍ നിന്ന് ബോക്കയിലേക്കും തിരിച്ചും മലക്കംമറിഞ്ഞ താരങ്ങളും ഏറെ. ബാറ്റിസ്റ്റ്യൂട്ടയും ക്ലോഡിയ കനീജിയയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇരുടീമുകളുടേയും ജഴ്സിയണിഞ്ഞു. കായിക മത്സരങ്ങളില്‍ യുക്രൈന് കളിക്കാര്‍ കവിളില്‍ നോ വാര് അഥവാ യുദ്ധം അരുത് എന്ന സന്ദേശം എഴുതി മൈതാനത്ത് ഇറങ്ങുന്ന ദശകം ആണിത്. കുടിപ്പകയുടെ ദശകങ്ങളില്‍ ഒരുദേശക്കാരായ ഇരുക്ലബ്ബുകള് ഒഴുക്കിയ വൈരത്തിന്റെ വീര്യം ഓര്ക്കേണ്ടതാണിപ്പോള്.
Content Highlights: football legacy of argentina, argentina football supporters
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..