മലപ്പുറത്തെങ്ങും കാല്‍പ്പന്താവേശം


ഖത്തറില്‍ വിസില്‍മുഴങ്ങാന്‍ ഇനി പത്തുദിവസം. ആ ചൂളംവിളിക്ക് കാതോര്‍ക്കുകയാണ് കടലിനിക്കരെ മാമലനാട്ടില്‍ പതിനായിരങ്ങള്‍. വലകുലുക്കുന്ന പന്തിന്റെ കൂടെയാണ് ഇനി ഇവരുടെ കണ്ണും കരളും. ലോകകപ്പിന്റെ ആരവങ്ങള്‍തേടി വിമല്‍ കോട്ടയ്ക്കലും കെ.ബി. സതീഷ്‌കുമാറും നടത്തിയ യാത്ര

പാലക്കുളത്ത് ടീമുകളുടെ പതാകയുടേയും കളിക്കാരുടേയും ചിത്രങ്ങൾ വരച്ച വീട്ടുചുമരുകൾ

ലോകകപ്പ് എവിടെ നടക്കുന്നുവെന്നത് മലപ്പുറംകാര്‍ക്ക് വിഷയമല്ല. മൈതാനം എവിടെയായാലും അത് അവരുടെ ഹൃദയമാണ്. ഇനി പന്തുരുളുന്നത് അവരുടെ നെഞ്ചിലൂടെയാകും. ഗാലറി ഇരമ്പുന്നത് അവരുടെ സിരകളിലൂടെയും. ചിന്തകള്‍ മുഴുവന്‍ ആ പന്തിനെ ചുറ്റിപ്പറ്റിയാകും.

പന്തിന്റെ പിരാന്തന്‍മാര്‍ക്ക് ഖത്തര്‍ മലപ്പുറത്തിന്റെ അയല്‍ ജില്ലയാണ്. ആയിരക്കണക്കിനുപേര്‍ ഖത്തറിലേക്ക് ടിക്കറ്റ് ബുക്കുചെയ്തുകഴിഞ്ഞു. വിദേശത്തുള്ളവര്‍ അവധിയെടുത്തു നാട്ടിലേക്കും പുറപ്പെട്ടു. ഇനി നാട്ടിലെ കൂട്ടുകാരൊരുക്കിയ പന്തലിലെ സ്‌ക്രീനില്‍ കളിയും കിസ്സയുമായി ഒരുമാസക്കാലം.പന്തിന്റെ പൂരത്തിനായി മലപ്പുറം നടത്തുന്ന ഒരുക്കങ്ങള്‍ കാണാനായിരുന്നു യാത്ര. എന്നാല്‍ മുന്‍പത്തെപ്പോലെ നഗരങ്ങളുണര്‍ന്നിട്ടില്ല. മലപ്പുറത്തുനിന്ന് മഞ്ചേരിവരെ വഴിയോരങ്ങളിലൊന്നും കാര്യമായ അടയാളങ്ങളില്ല. മഞ്ചേരിയില്‍നിന്ന് എടവണ്ണയിലേക്ക് തിരിച്ചു. ആസിഫ് സഹീറിനെപ്പോലുള്ള പടക്കുതിരകളെ പടച്ച നാടാണ്. എടവണ്ണയിലെത്തിയപ്പോള്‍ ചില കളിയനക്കങ്ങള്‍ തുടങ്ങി.

മുതീരി അങ്ങാടിയിൽ എം.എസ്.സി. ക്ലബ്ബ് പ്രവർത്തകർ ലോകകപ്പ് കളിക്കുന്ന 33 രാജ്യങ്ങളുടേയും പതാകയുയർത്തിയപ്പോൾ

നേരത്തേ ഉണര്‍ന്ന് നാട്ടിന്‍പുറങ്ങള്‍

വേണ്ടത്ര കാഴ്ചവിരുന്നുകളില്ലാത്തതുകൊണ്ട് ഉള്‍പ്രദേശങ്ങളിലേക്ക് ലക്ഷ്യംവെച്ചു. അങ്ങനെ ചാത്തല്ലൂരിലെത്തിയപ്പോഴുണ്ട് റോഡരികില്‍ വന്‍ പന്തലൊരുങ്ങുന്നു. നാട്ടുകാര്‍ക്ക് കൂട്ടമായി കളികാണാനാണ്. ചാത്തല്ലൂരിലെ 'വെസ്റ്റ്ലാന്‍ഡ്' ക്ലബ്ബിന്റെ നേതൃത്വത്തില്‍ പണിതുടങ്ങിയിട്ട് മൂന്നുമാസമായി. വലിയ സ്‌ക്രീനില്‍ 400 പേര്‍ക്ക് കളികാണാവുന്ന രീതിയിലാണ് തയ്യാറാക്കുന്നത്. നാട്ടിലെ ചില പ്രമുഖരാണ് ഇതിന്റെ ചെലവൊക്കെ കൊടുത്തത്. ക്ലബ്ബ് പ്രസിഡന്റ് ശ്യാംലാല്‍, സെക്രട്ടറി എ.കെ. ആദില്‍, വി.എം. ഷിബു, സ്ഫടികം രാജന്‍, പി.പി. റസീല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുകൂട്ടം യുവാക്കളുണ്ട് പന്തലൊരുക്കാന്‍. അധികം അകലെയല്ലാതെ റോഡരികില്‍ത്തന്നെ 'വീ വണ്‍' ക്ലബ്ബിന്റെ നേതൃത്വത്തില്‍ മറ്റൊരു പന്തലുമൊരുങ്ങുന്നുണ്ട്. ഇവിടെയും സൗജന്യ കളിപ്രദര്‍ശനം നടക്കാനിരിക്കുകയാണ്. ഈ കൊച്ചുഗ്രാമത്തില്‍ അഞ്ച് സ്പോര്‍ട്സ് ക്ലബ്ബുകളുണ്ട്.

അര്‍ജന്റീന ടീമിതാ പന്തലിങ്ങലില്‍

ചാത്തല്ലൂരില്‍നിന്നു പന്തലിങ്ങലിലേക്ക്... അര്‍ജന്റീനയുടെ മുഴുവന്‍ കളിക്കാരേയും ഒറ്റനോട്ടത്തില്‍ കാണാന്‍ ഇവിടെ വന്നാല്‍ മതി. കവലയില്‍ റോഡരികിലായി മുളങ്കമ്പില്‍ ഓരോ കളിക്കാരന്റേയും ചെറു കട്ടൗട്ടുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ് ആരാധകര്‍. 12 പേരുടെ ചിത്രങ്ങളുണ്ടിവിടെ. ഓരോരുത്തര്‍ക്കും ഓമനപ്പേരും നല്‍കിയിട്ടുണ്ട്. എമിലിയാനോ (കാവല്‍ക്കാരന്‍), നിക്കോളാസ് (ബഡാ രാജ), നഹുവല്‍ മോളിന (ഡെയ്ഞ്ചര്‍), മെസ്സി (മിശിഹ) അങ്ങനെയങ്ങനെ... റോഡിനു മുകളിലായി ബാലന്‍സ് ചെയ്യാന്‍ ബ്രസീല്‍ ആരാധകരുടെ വര്‍ണപ്പന്തലുമുണ്ട്.

പാലക്കുളത്ത് ടീമുകളുടെ പതാകയുടേയും കളിക്കാരുടേയും ചിത്രങ്ങൾ വരച്ച വീട്ടുചുമരുകൾ

ലോകകപ്പ് സ്ഥാപിച്ച ഗ്രാമം

പിന്നെ വണ്ടൂരിലേക്കായിരുന്നു യാത്ര. പാണ്ടിക്കാട് റോഡില്‍ ചെട്ട്യാറമ്മലില്‍ കാലങ്ങളായി സ്വര്‍ണശോഭചൊരിഞ്ഞ് ഒരു ലോകകപ്പുണ്ട്. 2002-ല്‍ കളിക്കമ്പക്കാരായ നാട്ടുകാര്‍ചേര്‍ന്ന് സ്ഥാപിച്ചതാണിത്. റോഡരികില്‍ അരയാള്‍പ്പൊക്കത്തില്‍ തറയൊരുക്കി, അതിനുമുകളില്‍ ലോകകപ്പിന്റെ സിമന്റ് മാതൃകയൊരുക്കിയത് ശില്പിയായ എ.പി. ഷരീഫാണ്. തൊട്ടടുത്തുതന്നെ നെയ്മറിന്റെ കൂറ്റന്‍ െഫ്‌ളക്‌സുമുണ്ട്. എല്ലാവര്‍ഷവും ഏതെങ്കിലും ബിസിനസുകാരുടെ സഹായത്തോടെ ഇവിടെ വൃത്തിയാക്കി പെയിന്റടിക്കും. ഇതിനുചുറ്റുമായി ചെറുപ്പക്കാര്‍ കളിസ്വപ്നങ്ങള്‍ പങ്കുവെക്കും.

ഇനി മഞ്ചേരി റൂട്ടിലേക്കാണ്. ചെറുകോട് അങ്ങാടിയിലെത്തിയാല്‍ 'ബ്രസീല്‍ അങ്ങാടിയിലേക്ക് സ്വാഗതം' എന്നെഴുതിയ ബാനറാണ് സ്വീകരിക്കുക. ബ്രസീലിയന്‍ കളിക്കാരുടെ ചെറു കട്ടൗട്ടുകള്‍, ബാനറുകള്‍, തോരണങ്ങള്‍ എന്നിവയോടെ ഹരിത-പീത വര്‍ണങ്ങളില്‍ കുളിച്ചിരിക്കുകയാണ് ഈ അങ്ങാടി. നിരന്നപറമ്പില്‍ ബ്രസീലും അര്‍ജന്റീനയും തുല്യശക്തരാണെന്ന് അവിടത്തെ അലങ്കാരങ്ങള്‍ കണ്ടാലറിയാം. മുതീരി അങ്ങാടിയില്‍ എം.എസ്.സി. ക്ലബ്ബിന്റെ പോരാളികള്‍ കാര്യമായ പണിയിലാണ്. കവുങ്ങുതടികളില്‍ പെയിന്റടിച്ച്, ലോകകപ്പ് കളിക്കുന്ന 33 രാജ്യങ്ങളുടേയും പതാകകള്‍ പാറിച്ചിട്ടുണ്ട്. വലിയ സ്‌ക്രീനില്‍ കളി കാണിക്കാനും പദ്ധതിയൊരുക്കുന്നുണ്ട്.

തൃപ്പനച്ചിയിലെ ഓഡിറ്റോറിയത്തിൽ ആഷിഖ് സബീൽ ഒരുക്കിയ മെസ്സിയുടെ ചിത്രം

പാലക്കുളത്തെ കളിയഴക്

ചേരിപറമ്പിലെ റോഡരികില്‍ കാണാം മാനത്തുനോക്കി നന്ദിപറയുന്ന മെസ്സിയെന്ന മിശിഹയെ. ഇവിടെനിന്ന് പോകാനുള്ളത് പാലക്കുളത്തേക്കാണ്. ചെറുവഴിയിലൂടെ അങ്ങോട്ടു തിരിഞ്ഞാല്‍ത്തന്നെ കളിക്കമ്പക്കാരുടെ കലാവിരുതിന്റെ ലക്ഷണങ്ങളുണ്ട്. മഞ്ഞയും പച്ചയും നീലയും ചുവപ്പുമെല്ലാം വാരിപ്പൂശിയ കവല. പാലക്കുളത്തെത്തിയാല്‍ കുറച്ചുസമയം ആരും നോക്കിനിന്നുപോകും. മൂന്നു വീടുകളുടെയും അടുത്തുള്ള കടയുടെയും ചുമരുകള്‍ മുഴുവന്‍ നിറങ്ങളണിഞ്ഞുനില്‍ക്കുന്നു. പോര്‍ച്ചുഗല്‍, ഘാന, ബ്രസീല്‍, അര്‍ജന്റീന, ഇംഗ്ലണ്ട് എന്നീ ടീമുകളുടെ കൊടിയും കളിക്കാരുമാണ് ചുവരുകളെ വര്‍ണാഭമാക്കുന്നത്. പാലക്കുളത്തെ എഫ്.സി. ക്ലബ്ബിന്റെ ദിവസങ്ങളോളമുള്ള അധ്വാനമാണ്. വീട്ടുകാര്‍ കളിപ്രേമികളായതുകൊണ്ട് തടസ്സം പറഞ്ഞില്ല. 30,000 രൂപ ചെലവുണ്ട് ഈ കലാപരിപാടിക്ക്. അന്‍സാര്‍ മാടായി, അനൂജ് ചേലാടത്തില്‍, പി.കെ. നൗഷീദ് ബാബു, ജസീമലി ഏലായി തുടങ്ങിയവരാണ് ക്ലബ്ബിന്റെ നായകന്‍മാര്‍.

എന്തൊരു വലുപ്പം ഈ മെസ്സിക്ക്

മഞ്ചേരിയില്‍നിന്ന് നേരേ തൃപ്പനച്ചിയിലേക്ക്. അവിടത്തെ ഓഡിറ്റോറിയത്തില്‍ ഒരു കൗതുകം കാത്തിരിപ്പുണ്ട്. 1319 ച.അടി വലുപ്പമുള്ള മെസ്സിയുടെ ചിത്രം. വെറും ചിത്രമല്ല, 985 എ.ത്രീ പേപ്പറുകളില്‍ കഷിങ്ങളായി വരച്ച ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചതാണ് ഈ കൂറ്റന്‍ ചിത്രം. തൃപ്പനച്ചി സ്വദേശിയായ ആഷിഖ് സബീലാണ് ഈ വ്യത്യസ്തമായ ചിത്രം തയ്യാറാക്കിയത്. മുംബൈയില്‍ ഡ്രാഫ്റ്റ്സ്മാന്‍ കോഴ്സ് വിദ്യാര്‍ഥിയായ ആഷിഖ് ഒരുമാസം സമയമെടുത്താണ് കറുപ്പും വെളുപ്പും നിറത്തില്‍ തന്റെ മിശിഹയുടെ ചിത്രമൊരുക്കിയത്. അക്രിലിക് പെയിന്റാണ് ഇതിനുപയോഗിച്ചത്. ഇത് പ്രദര്‍ശിപ്പിക്കാന്‍ വേറൊരു വഴിയുമില്ലാത്തതിനാല്‍ ഓഡിറ്റോറിയം തിരഞ്ഞെടുക്കുകയായിരുന്നു.

കളിപ്രേമത്തിന് കണ്ണില്ലെന്നു തെളിയിക്കുന്ന കാഴ്ചകളാണ് നാട്ടിന്‍പുറങ്ങളില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഓരോദിവസം പിന്നിടുമ്പോഴും കാഴ്ചകള്‍ക്ക് നിറവും വൈവിധ്യവും കൂടുകയാണ്. കളി തുടങ്ങിയാല്‍ അത് മൂര്‍ധന്യത്തിലാകും. ആ കാഴ്ചകള്‍ക്കായാണ് പന്തിന്റെ നാടും നാട്ടുകാരും കാത്തിരിക്കുന്നത്.

Content Highlights: Football feaver everywhere in Malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented