പ്രീക്വാർട്ടർ പ്രവേശം ആഘോഷിക്കുന്ന മൊറോക്കോ ടീം| ഫോട്ടോ: എ.പി
ജര്‍മ്മന്‍ പതനത്തിന്റെ ആവര്‍ത്തനം. പെരുമകൊഴിഞ്ഞ ബെല്‍ജിയം. കണ്ണീരിന് പകരം കണ്ണീര്. യുറഗ്വായിയുടെ കരച്ചില്. ഖത്തറിന്റെ ഖല്ബില് അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ് അല്‍ രിഹ് ല. പലകുറി വാണവര്‍ വീഴുന്നു. ഒരിക്കലും വീഴില്ലെന്ന് ഉറപ്പിച്ചവര്‍ ഞെട്ടുന്നു. ആരും ആരെയും അട്ടിമറിക്കുന്നു. എല്ലാ ഗ്രൂപ്പും മരണഗ്രൂപ്പായി. ഫുട്ബോള്‍ ലോകകപ്പ് അതിന്റെ സൗന്ദര്യം തികയ്ക്കുകയാണ് ഖത്തറില്‍. അട്ടിമറികളുടെ പൂരപ്പറമ്പായി ലോകകപ്പ് മൈതാനങ്ങള്‍. ഇത്രയധികം അട്ടിമറികള്‍ കണ്ട ലോകകപ്പ് ലീഗ് റൗണ്ട് വേറെ കാണുമോ. കേമന്മാരുടെയെല്ലാം കണക്കുപുസ്തകം തെറ്റി. വമ്പന്മാരുടെ തന്ത്രങ്ങള്‍ പിഴച്ചു. കരുത്തരെല്ലാം തോല്‍വിയറിഞ്ഞു. ഞെട്ടിക്കല്‍ തുടര്‍ക്കഥയാക്കി പുത്തന്‍കൂറ്റുകാരും ഏഷ്യന്‍ പ്രതിനിധികളും. നോക്കൗട്ടിന് കിക്കോഫ് ആകുമ്പോള്‍ ആദ്യ റൗണ്ടില്‍ എല്ലാ കളിയും ജയിച്ച ഒരൊറ്റ ടീം പോലുമില്ല പ്രീക്വാര്‍ട്ടറില്‍. 32 ടീമുകള്‍ മാറ്റുരച്ച ഗ്രൂപ്പ് ഘട്ടം തോല്‍വിയറിയാതെ അതിജീവിച്ചത് കേവലം അഞ്ച് ടീമുകള്‍ മാത്രം. അതില്‍ മുന്‍ ലോകചാമ്പ്യന്മാരുടെ കൂട്ടത്തിലുള്ളത് ഇംഗ്ലണ്ട് മാത്രം. വിഐപി ടീമുകളില്‍ ക്രൊയേഷ്യയും നെതര്‍ലന്‍ഡ്സും മാത്രമാണ് തോല്‍വിയുടെ ഭാരം പേറാതെ പ്രീക്വാര്‍ട്ടറിലെത്തിയത്. പിന്നെയുള്ളത് യു.എസ്.എയും, മൊറോക്കോയും മാത്രം. അര്‍ജന്റീനയുടേയും ബ്രസീലിന്റെയും തോല്‍വി ഖത്തറില്‍ കണ്ടു.
.jpg?$p=30fec72&&q=0.8)
ജപ്പാന് ടീമിന്റെ ഗോളാഘോഷം| ഫോട്ടോ: എ.പി
മരണഗ്രൂപ്പില്‍ ജര്‍മ്മനിയേയും സ്പെയിനേയും അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി അത്ഭുതം സൃഷ്ടിച്ചത് ജപ്പാന്. പോര്‍ച്ചുഗലിനെതിരെ ഇഞ്ജുറി ടൈം മാജിക്കില്‍ ദക്ഷിണ കൊറിയ വീരഗാഥ രചിച്ചപ്പോള്‍ ആ ഗോള്‍ തറച്ചത് യുറുഗ്വായിയുടെ 'പോസ്റ്റിലായിരുന്നു'. ക്രൊയേഷ്യയും ബെല്‍ജിയവും അണിനിരന്ന ഗ്രൂപ്പ് എഫില്‍ ഏവരേയും ഞെട്ടിച്ച് ചാമ്പ്യന്മാരായത് മൊറോക്കോ. ഗോള്‍ ശരാശരിയില്‍ പോളണ്ട് ചിരിച്ചപ്പോള്‍ മെക്സിക്കോ കരഞ്ഞു. അതിന്റെ ആവര്‍ത്തനം കണ്ട ഗ്രൂപ്പ് ഇയില്‍ സ്പെയിന് കടന്നുകൂടിയപ്പോള്‍ ജര്‍മ്മനിക്ക് ഗോള്‍ ശരാശരി അവസാന നിമിഷം വില്ലനായി. അര്‍ജന്റീന തോറ്റപ്പോള്‍ ആഹ്ലാദിച്ച ബ്രസീലുകാര്‍ക്ക് വെള്ളിയാഴ്ച ഉറക്കമില്ലാത്ത രാത്രിയായി. ഇഞ്ജുറി ടൈമില്‍ 92 ാം മിനിറ്റില്‍ ഗോള്‍ നേടി 93 ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ വിന്‍സെന്റ് അബൂബക്കര്‍ കാമറൂണിന്റെ കണക്കുപുസ്തകത്തില്‍ എഴുതിച്ചേര്‍ത്തത് പുതിയ ചരിത്രമാണ്. ബ്രസീലിനെതിരെ ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ കാമറൂണ്‍കാരന്‍ മാത്രമല്ല ബ്രസീലിനെ ലോകകപ്പില്‍ തോല്പിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന ചരിത്രവും അതിനൊപ്പം രചിക്കപ്പെട്ടു.
വാര് പലരേയും ചതിച്ചു. പല ഗോളും വാറില്‍ തട്ടി തെറിച്ചു. പല ഗോളാഘോഷങ്ങളും വാറിന്റെ ഓഫ് സൈഡ് വിസിലില്‍ അസ്തമിച്ചു. അതിര്‍വര കടന്ന പന്തില്‍ വാറിന്റെ ആകാശ ദൃശ്യം ജപ്പാന് സമ്മാനിച്ചത് പ്രീക്വാര്‍ട്ടര്‍ ബര്‍ത്താണ്. പുറത്തേക്ക് പോയ പന്തില്‍ അവിശ്വസനീയമായി ജപ്പാന് ഗോള്‍ നേടുന്നത് കണ്ട് തരിച്ചത് ഫുട്ബോള്‍ ലോകമാണ്. ഗോള്‍ വഴങ്ങാതെ പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ കഴിഞ്ഞവര്‍ ആരുമില്ല. ഓരോ ഗോള്‍ മാത്രം വഴങ്ങിയ ആറ് ടീമുകളുണ്ട്. ബ്രസീലും, നെതര്‍ലന്‍ഡ്സും, ടുണീഷ്യയും, മൊറോക്കോയും, ക്രൊയേഷ്യയും, സ്വിറ്റ്സര്‍ലന്‍ഡും. മൂന്നു കളിയും തോറ്റ ഒരേയൊരു ടീം ആതിഥേയരായ ഖത്തര്‍ മാത്രമാണ്. ബ്രൂണോ ഫര്ണാണ്ടസോ റൊണാള്‍ഡോയോ ആരാണ് ഗോളിന്റെ അവകാശി എന്ന തര്‍ക്കവും വാദപ്രതിവാദങ്ങളുമാണ് ആദ്യ റൗണ്ടിലെ പ്രധാന ഹൈലൈറ്റ്. മാതൃരാജ്യത്തിനെതിരെ ഗോളിടിച്ചിട്ടും ആഘോഷിക്കാത്ത എംബോളയെ കണ്ടു. കഴിഞ്ഞ ലോകകപ്പില്‍ നിര്‍ത്തിയിടത്ത് നിന്ന് മിന്നുന്ന ഫോം തുടരുന്ന എംബാപെ. പരിക്കിന്റെ ഷോക്കറിയാതെ പ്രകീക്വാര്ട്ടര് ബര്‍ത്തി നേടിയ നിലവിലെ ചാമ്പ്യന്മാര്ക്ക് റിസര്‍വ് ടീമുമായി ടുണീഷ്യയോട് കളിച്ച് കൈപൊള്ളി. പോര്‍ച്ചുഗലിനും ബ്രസീലിനും അവസാന കളിയില്‍ സംഭവിച്ചതും ഇത് തന്നെ.
.jpg?$p=087bead&&q=0.8)
ഷോക്കില്‍ നിന്ന് തിരിച്ചുവന്ന മെസ്സിയും കൂട്ടരും വരവറിയിച്ചുകഴിഞ്ഞു. മെസ്സിയുടെ ബൂട്ടില്‍ നിന്ന് പിറന്ന മനോഹര ഗോള്‍ തന്നെ തിരിച്ചുവരവിന്റെ ഉദ്ഘാടനമായി. മെക്സിക്കോയേയും പോളണ്ടിനേയും തോല്പിച്ച അര്‍ജന്റീനയുടെ ആരാധകര്‍ 2010 ലെ സ്പാനിഷ് നിരയുടെ തിരിച്ചുവരവാണ് ചേര്‍ത്ത് പറയുന്നത്. നെയ്മറുടെ പരിക്കില്‍ നിരാശരായ ബ്രസീലിന് റിച്ചാലിസണ് ഒത്ത പകരക്കാരനായി ടീമിന്റെ മുന്നണി പോരാളിയായി. സ്വിസ് പൂട്ട് പൊളിക്കാന്‍ മുന്നേറ്റനിരയ്ക്ക് കഴിയാതെ വന്നപ്പോള്‍ കാസെമറോ അവതരിച്ചു.
കേമന്മാര് പലരും തോല്‍വിയുടെ രുചിയറിഞ്ഞ പരീക്ഷണ കടമ്പ ആധികാരികമായി കടന്നവര്‍ നെതര്‍ലന്‍ഡ്സാണ്. യുവനിരയുടെ കരുത്തും പ്രതിരോധവും മധ്യനിരയും അടക്കിവാഴുന്ന താരങ്ങളും നെതര്‍ലന്‍ഡ്സിന് പ്രതീക്ഷ നല്കുന്നു. കഴിഞ്ഞ ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയ നെതര്‍ലന്‍ഡ്സിന് ഇക്വഡോറിനോട് സമനില വഴങ്ങേണ്ടി വന്നു. ഇറ്റ് ഈ ബാക്ക് എന്ന ഇംഗ്ലീഷ് സ്വപ്നം വീണ്ടും ഖത്തറിയില്‍ അലയടിക്കുകയാണ്. സൗത്ത്ഗേറ്റിന്റെ കുട്ടികള്‍ യൂറോകപ്പിലെ ആ ഫോം തുടരുന്നത് ഇംഗ്ലീഷ് ആരാധകര്‍ക്ക് പ്രതീക്ഷ നല്കുന്നു. സ്പെയിന് കോസ്റ്റാറിക്കയെ ഗോള്‍മഴയില്‍ മുക്കിയത് കഴിഞ്ഞാല്‍ ഇറാനെ രണ്ടിനെതിരെ 6 ഗോളിന് മുക്കിയ ഇംഗ്ലീഷ് സ്ട്രൈക്കേഴ്സ് മിന്നും ഫോമിലാണ്. മൊറോക്കോയുടെ വരവും കുതിപ്പുമാണ് ഈ ലോകകപ്പിന്റെ തികവ്. ഒരുപക്ഷേ കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യയുടെ താളം അവര്‍ ഓര്‍മ്മിപ്പിക്കുന്നു. സ്പെയിന് കടമ്പ കടന്നാല്‍ അവര്‍ ഈ ലോകകപ്പിന്റെ ടീമാകും അതുറപ്പ്.
ജര്‍മ്മന്‍ വിധിയെഴുത്താണ് ഈ ലോകകപ്പിന്റെ വലിയ നിരാശ. നാല് തവണ ലോകചാമ്പ്യന്മാര്, നാല് തവണ ഫൈനലിസ്റ്റുകള്‍ മൂന്നു തവണ മൂന്നാം സ്ഥാനം. അതേ ജര്‍മ്മനിയാണ് തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ ആദ്യ റൗണ്ടില്‍ വീണുപോയത്. കഴിഞ്ഞ തവണ ദക്ഷിണ കൊറിയയാണ് വഴിയടച്ചതെങ്കില് ഇത്തവണ ആ നിയോഗം ജപ്പാനായിരുന്നു. 2014 ലില്‍ ബ്രസീലിനെ അവരുടെ നാട്ടില്‍ 7-1 ന് തകര്‍ത്തെറിഞ്ഞ് ഫൈനലില്‍ അര്‍ജന്റീനയേയും മുട്ടുകുത്തിച്ച് ലോക ചാമ്പ്യന്മാരായ ജര്‍മ്മനിയുടെ പതനം അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നതായി. മുള്ളറും സംഘവും പാടേ നിറം മങ്ങി. ഓര്‍ത്തുവെക്കാന്‍ അവര്‍ക്ക് മൂസി യോളയുടെ മുന്നേറ്റങ്ങള്‍ മാത്രമാണ് ഈ ലോകകപ്പ് ബാക്കിവെക്കുന്നത്. ബെല്‍ജിയത്തിന്റെ വീഴ്ചയും ഖത്തര്‍ ലോകകപ്പിന്റെ കാഴ്ചയായി. സുവര്‍ണനിര അണിനിരന്ന 2018 ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍. ഫിഫ റാങ്കിങ്ങില്‍ ഇപ്പോഴും രണ്ടാം സ്ഥാനക്കാര്‍. ബ്രസീലിനെ പോലും കഴിഞ്ഞ തവണ വീഴ്ത്തിയ ലൂക്കാക്കുവിനും ഹസാര്‍ഡിനും ഡിബ്രുയിനും ഇത്തവണ ആകെ ആശ്വാസം കാനഡയോട് നേടിയ ഏക ഗോളിന്റെ വിജയം മാത്രം. ക്രൊയേഷ്യയോട് സമനില വഴങ്ങിയപ്പോള്‍ മൊറോക്കോ ബെല്‍ജിയത്തിന്റെ കഥകഴിച്ചു.
ഈ ലോകകപ്പില്‍ ഓര്‍ത്തിരിക്കാവുന്ന മുഹൂര്‍ത്തം സമ്മാനിച്ചതിന്റെ ക്രെഡിറ്റില്‍ സൗദിയും ഇറാനുമുണ്ട്. ആക്രമണ ഫുട്ബോളിന്റെ അല്ലെങ്കില്‍ ക്രൈഫിന്റെ ടോട്ടല്‍ ഫുട്ബോളിന്റെ ഒരുവകഭേദമാണ് സൗദി ഖത്തറില്‍ കെട്ടഴിച്ചുവിട്ടത്. ആക്രമണം അര്‍ജന്റീനയുടെ നെഞ്ചുപിളര്ത്തിയെങ്കില് പോളണ്ടിനെതിരെ പ്രതിരോധം മറന്നത് അവര്‍ക്ക് വിനയായി. വെയില്‍സിനെ അട്ടിമറിച്ച് ഇറാനും വരവറിയിച്ചു. അവസാന കളിയില്‍ അമേരിക്കയോട് കണക്കുവീട്ടാന്‍ ഇറങ്ങിയെങ്കിലും ആ പ്രതിരോധ പൂട്ട് പൊളിക്കാനായില്ല. ഒരൊറ്റ ഗോളിന് ഇറാനെ വീഴ്ത്തി അമേരിക്ക അവസാന 16 പേരില്‍ ഇടംപിടിച്ചു.
ഗോളടിമേളത്തോടെ തുടങ്ങിയ സ്പെയിന് പിന്നീട് സമനിലയും തോല്‍വിയുമാണ് കഷ്ടിച്ച് രണ്ടാം റൗണ്ടിലേക്ക് കടന്നത്. ടിക്കി ടാക്കയുടെ പരിഷ്കൃത രൂപം സ്പാനിഷ് ഫുട്ബോളിന്റെ സൗന്ദര്യമാണ് കോസ്റ്റാറിക്കയ്ക്കെതിരെ കണ്ടത്. ജര്‍മ്മനിയെ സമനിലയില്‍ പിടിച്ചുകെട്ടിയെങ്കില് കളിയില്‍ ബഹുഭൂരിപക്ഷം നേരവും പന്ത് കൈവശം വച്ചിട്ടും ജപ്പാനോട് തോറ്റ സ്ഥിതിക്ക് ടിക്കി ടാക്ക കൊണ്ട് മാത്രം കപ്പടിക്കാനാകില്ലെന്ന് എന്റിക്കെ തിരിച്ചറിയുന്നു.
കളി തോറ്റാലും യുറഗ്വായിയുടെ സൂപ്പര്‍താരം സുവാരസിന്റെ കണ്ണീര്വീഴ്ത്തിയാണ് ഘാനയും മടങ്ങുന്നത്. 2010 ല്‍ ഉറച്ച ഗോള്‍ പെനാല്‍റ്റി ബോക്സില്‍ കൈ കൊണ്ട് തട്ടിത്തെറിച്ച സുവാരസിന്റെ ചതിയായിരുന്നു അന്ന് ക്വാര്‍ട്ടറില്‍ ഘാനയുടെ നെഞ്ചുതകര്‍ത്തത്. കഴിഞ്ഞ ദിവസവും ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് കുറ്റബോധമില്ല എന്നായിരുന്നു സുവാരസിന്റെ മറുപടി. പക്ഷേ മണിക്കൂറുകള്‍ വേണ്ടിവന്നില്ല. അതേ സുവാരസിന്റെ കണ്ണീര് ലോകകപ്പ് വേദിയില്‍ വീഴുന്നത് കാണാന്‍ നിയോഗമുണ്ടായതും ഘാനയ്ക്ക്. ഏകപക്ഷീയമായ രണ്ട് ഗോളിന് മുന്നില്‍ നില്‍ക്കവെ സുവാരസ് സബ് ആയി സൈഡ് ബഞ്ചിലിരിക്കുന്നു. അപ്പോഴതാ 20 കിലോമീറ്റര്‍ അകലെ ദക്ഷിണ കൊറിയ ഇഞ്ചുറി ടൈമില്‍ പോര്‍ച്ചുഗലിനെതിരെ സ്കോര്‍ ചെയ്യുന്നു. ആശ്വസിച്ചിരുന്ന സുവാരസ് പെട്ടെന്ന് ആശങ്കയില്‍. ഒരു ഗോള്‍ നേടാനായി ടീമിന്റെ പൊരിഞ്ഞ പോരാട്ടം. അത് തടഞ്ഞ് ഒടുവില്‍ ഘാനയുടെ ബ്ലോക്ക് അങ്ങനെ സുവാരസ് കണ്ണീരോടെ കളംവിട്ടു. യുറഗ്വായ് പുറത്തായി.
16 ടീമുകള്‍ക്ക് റിട്ടേണ്‍ ടിക്കറ്റ് കിട്ടിയപ്പോള്‍ 16 പേര് ഒരുചുവടു കൂടി അടുത്തു. ഖത്തര്‍ ലോകകപ്പ് ആദ്യ റൗണ്ടിന് തിരശീല വീഴുമ്പോള്‍ ആഹ്ലാദിക്കാന്‍ ഏറെ വകയുള്ളത് ഏഷ്യന്‍ ടീമുകള്‍ക്കാണ്. ജപ്പാനും കൊറിയയും നോക്കൗട്ടിലുണ്ട്. ഇനി ജീവന്മരണപോരാട്ടങ്ങളുടെ ദിനങ്ങളാണ്. ഇതുവരെ നടന്നത് അട്ടിമറികളുടെ പൂരമാണെങ്കില്‍ ഇനി എന്തൊക്കെ അത്ഭുതങ്ങള്‍ നടക്കാനിരിക്കുന്നു. എക്സ്ട്രൈ ടൈമും ഷൗട്ടൗട്ടുമാണ് ഇനി സസ്പെന്സിന്റെ പല മുഹൂര്‍ത്തങ്ങളും കാത്തിരിക്കുന്നു. ഡിസംബര്‍ 18 ലെ അവസാന ചിരി ആരുടേത്. അവിടെയും പുതിയൊരു ചാമ്പ്യന്‍ ഉദിക്കുമോ. അതിലും അട്ടിമറി ടച്ചുണ്ടാകുമോ.
Content Highlights: fifa world cup, Argentina, Brazil, Spain,England
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..