സെനഗൽ-എക്വഡോർ മത്സര ശേഷം നിരാശയോടെ എക്വഡോർ താരങ്ങൾ.ഫോട്ടോ:എ.എഫ്.പി
ഇറാനും എക്വഡോറിനും സമനില മതിയായിരുന്നു നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാന്‍. ഇറാന് ഇതു വരെ ആ ലക്ഷ്യം നേടിയിട്ടില്ല. 2006 ല്‍ എക്വഡോര്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കുകയും ഇംഗ്ലണ്ടിനോട് ഒറ്റ ഗോളിന് തോല്‍ക്കുകയും ചെയ്തിരുന്നു. പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ എക്വഡോര്‍ അന്ന് പോളണ്ടിനേയും കോസ്റ്ററീക്കയെയും തോല്പ്പിക്കുകയുണ്ടായി. അതാണവരുടെ ലോകകപ്പിലെ മികച്ച പ്രകടനം. രണ്ടു ടീമുകളും സമനിലയില്‍ കണ്ണു വെച്ചു കളിച്ചത് അവരുടെ തോല്‍വിക്ക് വഴി വെച്ചു. പകരം അമേരിക്കയും സാദിയൊ മാനെ ഇല്ലാതെ തന്നെ സെനഗലും പ്രീക്വാര്‍ട്ടറില്‍ കടന്നു.
ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയര്‍ക്കെതിരേ കളിച്ചതിനാല്‍ എക്വഡോറിനെ കാണികള്‍ ഓര്‍മിക്കും. പിന്നീടുള്ള കളികളുടെ അടരുകള്‍ ആ ഓര്‍മയ്ക്കു മേല്‍ വന്നു വീഴാമെങ്കിലും. വോളിബോളില്‍ സെറ്റര്‍ പന്ത് പൊക്കിയിടുന്നത് പ്രതീക്ഷിച്ചും എതിരാളികളെ കബളിപ്പിക്കാനും സ്പൈക്കര്മാര് രണ്ടു പേര് ഒരേ സമയം ചാടുന്നതു കാണാം. ഖത്തറിനെതിരേ എക്വഡോറിന്റെ എന്നര് വലന്‍സിയ നേടിയ രണ്ടാമത്തെ ഗോള്‍ അത്തരമൊരു നീക്കത്തെ അനുസ്മരിപ്പിച്ചു. പ്രബലരായ ഹോളണ്ടിനെതിരേ അവര്‍ നന്നായി കളിക്കുകയും അവരുമായി സമനില പാലിക്കുകയും ചെയ്തു. വലന്‍സിയയെ മാത്രമല്ല മോയിസെസ് കസെയ്ഡോയുടെ പേരും എവിടെയെങ്കിലും രേഖപ്പെടുത്തിവെച്ചിട്ടുണ്ടാകും.
ഇറാന് കളിക്കാരെ നാട്ടിലെ സംഭവവികാസങ്ങള്‍ മൂലമുണ്ടായിട്ടുള്ള മനസ്ചാഞ്ചല്യം ബാധിക്കാതിരിക്കില്ല. പക്ഷെ ഗ്രൂപ്പ് ഘട്ടത്തിലെ കളിക്കപ്പുറം പോകാന്‍ അവര്‍ക്കാവുന്നില്ല. അതിനുള്ള കളി അവര്‍ക്ക് ഉണ്ടെന്നു വരികിലും. യൂറോപ്യന്‍ ലീഗുകളിലെ അനുഭവസമ്പത്തുള്ള അവരുടെ കളിക്കാര്‍ക്ക് അത് പ്രയോഗത്തില്‍ കൊണ്ടുവരാന്‍ സാധിക്കാത്തതിന് ഒരു കാരണം രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങളാണോ എന്ന് അറിയില്ല. കൊറിയയുടെയും ജപ്പാന്റെയും വേഗതയും സൗദി കളിക്കാരുടെ പാദചലനവും അവര്ക്കില്ലെങ്കിലും തങ്ങളുടെ പതുക്കെയുള്ള കളി ആത്മവിശ്വാസത്തോടെ അവര്‍ പ്രയോഗിക്കുന്നതു കാണാം. വേഗതയോടെയുളള കുതിപ്പില്‍ അമേരിക്കയോട് അവര്‍ക്ക് മല്സരിക്കാനായിട്ടില്ല. അങ്ങനെ ആലോചിച്ചു വരുമ്പോഴേക്കും സമയം വൈകിയിരുന്നു.
അങ്ങനെ നോക്കുമ്പോള്‍ സമ്പൂര്‍ണമായി തോല്‍ക്കുന്ന ടീമുകള്‍ ലോകകപ്പില്‍ ഇല്ലെന്നു തന്നെ പറയാം. വേദിയില്‍ തങ്ങളുടെ വേഷം കഴിഞ്ഞാല്‍ അവര്‍ വിട്ടുപോകുന്നുവെങ്കിലും ലോകകപ്പില്‍ അവരുടെ സംഭാവന കൂടി അടങ്ങിയിരിക്കുന്നു. സെര്‍ബിയയും കാമറൂണും ലോകകപ്പ് നേടാനുള്ള സാധ്യത നന്നെ കുറവാണ്. പക്ഷേ സെര്‍ബിയയും കാമറൂണും തമ്മിലുള്ള സമനില മല്ത്സരമില്ലെങ്കില് ഈ ലോകകപ്പില്ല.
കളി മാത്രമല്ല, കളിക്കാരുടെയും ഡഗൗട്ടില്‍ എരിപൊരി കൊള്ളുന്ന പരിശീലകരുടെയും രുപം, വസ്ത്രം , പെരുമാറ്റം തുടങ്ങിയ വ്യക്തി സവിശേഷതകളും ഓര്‍മയില്‍ തങ്ങിനില്ക്കും. ഘാന കോച്ച് അഡ്ഡോവിനെപ്പോലെയല്ല കാമറൂണിന്റെ പരിശീലകന് റിഗോബര്ട് സോങും സെനഗലിന്റെ പരിശീലകന് അലിയു സിസ്സെയും. ആഫ്രിക്കന്‍ ടീമുകള്‍ക്ക് എല്ലാം തന്നെ നാട്ടുകാരായ പരിശീലകരാണുള്ളത്. അത്രയും ആത്സമവിശ്വാസം അവര്‍ ആര്‍ജിച്ചിരിക്കുന്നു. അതേസമയം ഏഷ്യന്‍ ടീമുകളില്‍ ജപ്പാന്റെ കോച്ച് ഹാജിമെ മോറിയാസു ഒഴിച്ച് ഏഷ്യന്‍ ടീമുകളുടെ പരിശീലകരെല്ലാം വിദേശികളാണ്. ജര്‍മനിക്കെതിരെ മോറിയാസു വരുത്തിയ
സബ്സ്റ്റിറ്റിയൂഷനകളും തുടര്‍ന്ന് നേടിയ വിജയവും അദ്ദേഹത്തിന്റെ നേട്ടത്തിന് '' മാനേജീരിയല്‍ മാസ്റ്റര്‍ ക്ലാസ് ' എന്ന ബിരുദം നേടിക്കൊടുക്കുകയുണ്ടായി. പക്ഷേ കോസ്റ്ററിക്കക്കെതിരെ ജപ്പാന് വളരെ കരുതലോടെ കളിക്കുകയും തോല്‍ക്കുകയും ചെയ്തു. മോറിയാസും ടീമില്‍ വരുത്തിയ മാറ്റങ്ങള്‍ വിമര്‍ശനം ക്ഷണിച്ചു വരുത്തുകയും ചെയ്തു.
മറുനാടന്‍ കോച്ചുകളുടെ അറിവ് ഉപയോഗപ്പെടുത്തുന്നതില്‍ യാതൊരു തെറ്റുമില്ല. ലോകകപ്പില്‍ രാജ്യങ്ങളാണ് കളിക്കുന്നതെങ്കിലും കളിക്കാരും പരിശീലകരും ഒരാഗോള സമൂഹത്തിന്റെ ഭാഗമായിരിക്കുന്നു. സ്വദേശി കോച്ചുകള്‍ക്കുള്ള ഒരു ഗുണം തങ്ങളുടെ നാട്ടിലെ ഫുട്ബോളിനെക്കുറിച്ചുള്ള കാഴ്ചപ്പാട് അവര്‍ക്ക് ഉണ്ടായേക്കും എന്നതാണ്.
ഒരേസമയം രണ്ടു കളിയും കാണ്ടാസ്വദിക്കാനുള്ള സാങ്കേതിക വിദ്യ കണ്ടുപിടിച്ചിട്ടില്ലാത്തതിനാലും കഥകളിയിലെ ഏകലോചനം അവിടെ സാധ്യമല്ലാത്തതിനാലും ഒരു കളി കാണുകയും മറ്റേ കളിയുടെ വിവരം തിരക്കുകയും മാത്രമേ വഴിയുള്ളൂ. അതില്‍ പക്ഷേ ഗൂഢമായ ഒരു രസമുണ്ട്. ഹോളണ്ടും ഖത്തറും തമ്മിലുള്ള കളി കണ്ടുകൊണ്ടിരിക്കെ എക്വഡോര്‍ -സെനഗല്‍
കളിയുടെ വാര്‍ത്തകള്‍ കമ്പി പോലെ വരികയാണ്. നാം ഏതു ടീം ജയിക്കണമെന്ന് ആഗ്രഹിക്കുന്നുവോ ആ ടീമിന്റെ ഭാഗധേയത്തിന്റെ മാറ്റം മറിച്ചലുകനുസരിച്ച് നമ്മില്‍ സന്തോഷവും വിഷാദവും ഉടലെടുക്കും. കളി കാണുന്നതിന് തുല്യമായ രസം തന്നെയിതും.
ഇറാന് - അമേരിക്ക കളി കണ്ടുകൊണ്ടിരിക്കെ വെയില്‍സ് - ഇംഗ്ലണ്ട് മല്‍സരത്തിന്റെ വിധി വരുന്നുണ്ട്. വെയില്‍സിന്റെ ആരോഗ്യത്തില്‍ പ്രതീക്ഷിയുണ്ടെന്ന് വിവരം ലഭിക്കുന്നു. ഫ്രീ കിക്കില്‍ നിന്ന് റാഷ്ഫോഡ് നേരിട്ട് ഗോളടിച്ചതായി അറിയുന്നു. വൈകാതെ വെയില്‍സ് ഐസിയുവിലാണെന്നും സ്ഥിതി മോശമാണെന്നും കേള്‍ക്കുകയായി. റാഷ്ഫോഡിന്റെ ഗോള്‍ പിന്നീട് കാണാന്‍ കഴിയുമെങ്കിലും തല്‍സമയം തന്നെ അത് സങ്കല്പിക്കാനാവുന്നുമുണ്ട്. റേഡിയൊ മാത്രമുണ്ടായിരുന്ന കാലത്ത് കളി ഇങ്ങനെ തന്നെയല്ലേ കളി കണ്ടിരുന്നത് ?
അമേരിക്കക്ക് ചെറുപ്പവും നല്ല ശാരീരിക ക്ഷമതയമുണ്ട്. മറ്റു കളികളിലെ ജ്ഞാനം അവര്‍ ഫുട്ബോളില്‍ ഉപയോഗിക്കുന്നുണ്ടാവുമോ എന്ന് സംശയം തോന്നും. ചില കളികളില്‍ അവര്‍ക്കുള്ള സാമര്‍ഥ്യം വിശേഷിച്ചും അത്ലറ്റിക്സില്, സ്ഥിരമായി പ്രകടമാവുന്നതു കൊണ്ടാവാം ഇത്തരമൊരു തോന്നല്‍. എന്നാല്‍ കളിക്കാരില്‍ ഒട്ടുവളരെപ്പേര്‍ യൂറോപ്പില്‍ കളിക്കുന്നവരാണ്. നാട്ടില്‍ അവര്‍ ഫുട്ബോള്‍ സംഘടിപ്പിക്കുന്ന രീതി മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും വരാം. ന്യൂയോര്‍ക്ക് കോസ്മോസിന്റെ പേര് മറ്റുള്ളവര്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ മറ്റു ടീമുകള്‍ ? എങ്കില്‍ തന്നെയും അവരുടെ കളിയില്‍ ' ഫുട്ബോള്‍ '' ധാരാളമുണ്ട് എന്ന് മനസ്ലിലാകും. ഇംഗ്ലണ്ടും ഇറാനും ഇത് മനസ്സിലാക്കിയിട്ടുണ്ടാവും.
കാനഡയെക്കുറിച്ചും ഇങ്ങനെ തോന്നിയേക്കാം. അവിടെത്തെ പ്രധാന കളി ഫുട്ബോളല്ല. ബെല്‍ജിയത്തോട് അവര്‍ നന്നായി കളിച്ചുവെങ്കിലും കളിയെ ഭാവിയില്‍ എങ്ങനെ സമീപിക്കണമെന്ന് അവര്‍ ക്രോയേഷ്യയോടുള്ള കളിയില്‍ നിന്ന് മനസ്സിലാക്കിയിട്ടുണ്ടാവും. ഇവിടെ ആദ്യം രണ്ടാം റൗണ്ടിലെത്തുന്ന ആഫ്രിക്കന്‍ ടീം സെനഗലാണ്. സാദിയൊ മാനേ ഇല്ലാത്തതിനാല്‍ തന്നെ അവര്‍ അത്തരമൊരു ആനുകൂല്യം അര്‍ഹിച്ചിരുന്നു അലിയു സിസ്സെ 2002 ല്‍ സെനഗല്‍ ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നുവെന്നത് ആ ടീമിന്റെ കളി പോലെ തന്നെ പ്രശസ്തം. പരിശീലകനായ ശേഷം അദ്ദേഹം ടീമിനെ ആഫ്രിക്കന്‍ ചാമ്പ്യന്മാരാക്കി. ഇപ്പോള്‍ അടുത്ത റൗണ്ടിലേക്കും ടീമിനെ നയിച്ചിരിക്കുന്നു. ഡഗൗട്ടില്‍ നീണ്ട മുടിയും ടൈ ഇല്ലാത്ത കോട്ടുമായ അദ്ദേഹത്തെ കാണുമ്പോള്‍ അങ്ങനെ ഭാവന ചെയ്യാനാണിഷ്ടം. ഈ ആത്മീയ പ്രഭാവം അദ്ദേഹത്തിന്റെ ടീമിനെ ഒരു അട്ടിമറിക്ക് തുണക്കുമോ എന്ന് പറയാവതല്ല.
ആഫ്രിക്കയില്‍ നിന്ന് ഒരു ടീം മുന്നേറേണ്ടത് അത്യാവശ്യമാണ്. മൊറോക്കോ നല്ല ടീമാണെന്ന് തെളിയിച്ചുവെങ്കിലും യുറോപ്പിനോട് തൊട്ടു കിടക്കുന്നതിനാലും അവരുടെ ചില കളിക്കാരുടെയെങ്കിലും ഫുട്ബോളിലെ ബാല്യം യൂറോപ്പിലായതിനാലും അവരെ ഒരു യൂറോപ്യന്‍ - ആഫ്രിക്കന്‍ ടീമായി വിശേഷിപ്പിച്ചാല്‍ തെറ്റാവില്ല. പല ടീമുകളിലും കളിക്കുന്ന കറുത്ത വംശജരായ കളിക്കാരും ഇങ്ങനെ യൂറോപ്പിലും ആഫ്രിക്കയിലുമായ ജീവിതം പകുത്തിട്ടുള്ളവരാണ്. എന്നാല്‍ തന്നെയും സഹാറക്ക് തെക്കുള്ള ആഫ്രിക്കന്‍ പ്രദേശത്തു നിന്നുള്ളവരായിരിക്കണം ലോകകപ്പ് ആദ്യം നേടേണ്ടത്. മൊറോക്കോയും ടൂണീഷ്യയും ഈജിപ്തും അള്‍ജീരിയയും അടങ്ങുന്ന മഗ്രീബ് ദേശം അതു നേടുന്നത് പിന്നീടാവട്ടെ.
ടെക്നോളജിയുടെ സഹായമുള്ളതിനാല്‍ റഫറിയിങ്ങിനെക്കുറിച്ച് പരാതി ഇല്ലെന്നു തന്നെ പറയാം. അവിടെയും ഒരു പുതുമ സംഭവിക്കാന്‍ പോകുന്നത് പുരുഷന്മാരുടെ ലോകകപ്പില്‍ ആദ്യമായി ഒരു വനിത വിസില്‍ വിളിക്കാന്‍ പോകുന്നു എന്നതാണ്. ഫ്രഞ്ചുകാരിയായ സ്റ്റെഫാനി ഫ്രപ്പാര്ട്ടിനൊപ്പം ജര്‍മനി - കോസ്റ്ററീക്ക മല്‍സരത്തില്‍ വിസിലൂതുന്നതും കൊടി പിടിക്കുന്നതും വനിതകള്‍ തന്നെയാകും. 22 പുരുഷന്മാരെ നിയന്ത്രിക്കാന്‍ പത കൊണ്ട് വരക്കുന്ന വരച്ച വരയില്‍ നിര്‍ത്താന്‍ സ്റ്റെഫാനിക്ക് യാതൊരു പ്രയാസവമുണ്ടാകില്ല. എന്താണ് സ്ത്രീകള്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിലേക്ക് കൊണ്ടു വരുന്നത് എന്ന് ഒരു സൗദി വനിതയോട് ഒരു പത്രപ്രവര്ത്തകന് ചോദിച്ചപ്പോള്‍ അവര്‍ നല്കിയ ഉത്തരം വാക്കിലും പ്രവൃത്തിയിലുമുള്ള മര്യാദ എന്നായിരുന്നു.
Content Highlights: FIFA worldcup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..