Photo: Getty Images
ഖത്തര്‍ ലോകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം അവസാനിച്ചപ്പോള്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച ടീമുകളിലൊന്ന് ജപ്പാനാണ്. മാസങ്ങള്‍ക്ക് മുമ്പ് ലോകകപ്പ് ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയും സ്പെയ്നും ഒപ്പം ജപ്പാനും കോസ്റ്ററീക്കയും അടങ്ങിയ ഇ ഗ്രൂപ്പിന് മരണ ഗ്രൂപ്പെന്ന വിശേഷണം ലഭിച്ചപ്പോള്‍ പലരും അതത്ര കാര്യമാക്കിയില്ല. എന്നാല്‍ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതോടെ ആ വിശേഷണം അച്ചട്ടായിരിക്കുകയാണ് അതിന് കാരണമായതോ ജപ്പാനും.
ഗ്രൂപ്പ് ഇയില്‍ നിന്ന് ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത് കരുത്തരായ ജര്‍മനിയോ സ്പെയ്നോ ആയിരുന്നില്ല, മറിച്ച് ഏഷ്യയുടെ കരുത്തറിയിച്ച ജപ്പാനായിരുന്നു. അതും കരുത്തരായ ജര്‍മനിയേയും സ്പെയ്നിനേയും തോല്‍പ്പിച്ച്. ജര്‍മനിക്കും കോസ്റ്ററീക്കയ്ക്കും പുറത്തേക്ക് വഴിതെളിയുകയും ചെയ്തു. ഗ്രൂപ്പില്‍ കോസ്റ്ററീക്കയ്ക്കെതിരേ നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് ജപ്പാന് പരാജയം നേരിടേണ്ടി വന്നത്. കളിച്ചത് ജപ്പാനും ജയിച്ചത് കോസ്റ്ററീക്കയുമായിരുന്നു.
ഷുചി ഗോണ്ടയും മിക്കി യമാനെയും കോ ഇറ്റാക്കുറയും മായ യോഷിദയും യുറ്റോ നഗാറ്റോമോയും വടാരു എന്‍ഡോയും ഹൈഡെമാസ മോറിറ്റയും റിറ്റ്സു ഡൊവാനും ഡായ്ച്ചി കമാഡയും യുകി സോമയും അയാസെ ഉഡയും അടങ്ങിയ ജപ്പാന് നിര ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചത് പെട്ടെന്ന് ഒരു സുപ്രഭാതത്തിലുണ്ടായ ഫുട്ബോള്‍ മുന്നേറ്റം കൊണ്ടല്ല. പതിറ്റാണ്ടുകളായി ജപ്പാന് ഫുട്ബോള്‍ രാജ്യത്തെ യുവ താരങ്ങളെ കണ്ടെത്താനും അവരുടെ ചിട്ടയായ വളര്‍ച്ചയില്‍ ഒപ്പം നില്‍ക്കാനും ശ്രമിച്ചതിന്റെ ഫലം കൊണ്ട് കൂടിയുമായിരുന്നു.
ജപ്പാന് ഫുട്ബോളിന്റെ ഈ ചിട്ടയായ വളര്‍ച്ചയെ കുറിച്ച് വാള് സ്ട്രീറ്റ് ജേര്‍ണലിലെയും റോയിറ്റേഴ്സിലെയും മുന്‍ മാധ്യമപ്രവര്ത്തകന് സെബാസ്റ്റിയന് മൊഫെറ്റ് 'ജാപ്പനീസ് റൂള്‍സ്' എന്ന തന്റെ പ്രശസ്തമായ പുസ്തകത്തില്‍ പറയുന്നുണ്ട്. മൊഫെറ്റ് 2002-ല്‍ ഗാര്‍ഡിയനിലെഴുതിയ ലേഖനത്തില്‍ ബ്രസീലിയന്‍ ഇതിഹാസ താരം സീക്കോ ജപ്പാനിലെ കാഷിമ ആന്റ്ലേഴ്സ് എന്ന ഒരു സാധാരണ ഫുട്ബോള്‍ ക്ലബ്ബിലെത്തിയതിനെ കുറിച്ച് പറയുന്നുണ്ട്. പണം തന്നെയായിരുന്നു അദ്ദേഹത്തെ ആ ജാപ്പനീസ് ക്ലബ്ബിലേക്ക് ആകര്ഷിച്ചതില് മുഖ്യ പങ്ക് വഹിച്ചതെങ്കിലും പഠിക്കാനുള്ള ജാപ്പനീസ് താരങ്ങളുടെ ആത്മാര്‍ഥമായ സന്നദ്ധതയും അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. കളിക്കിടെ വരുത്തുന്ന പിഴവുകളില്‍ മത്സരങ്ങള്‍ക്ക് ശേഷം ക്ലബ്ബിലെ താരങ്ങളോട് അദ്ദേഹം പൊട്ടിത്തെറിക്കുമായിരുന്നു. ടീമിലെ കളിക്കാരാകട്ടെ കളിയുടെ അവലോകനത്തിനിടെ സീക്കോ ചൂണ്ടിക്കാട്ടുന്ന ഓരോ ചെറിയ പിഴവുകള്‍ പോലും എഴുതിവെയ്ക്കുകയും അടുത്ത മത്സരത്തിനു മുമ്പ് അവ ഒന്നുകൂടി വായിച്ച് ഒരു പരീക്ഷയ്ക്കെന്ന പോലെ തയ്യാറെടുക്കുകയും ചെയ്യുമായിരുന്നു.

തോല്‍വികള്‍ നിസാരമാക്കിയെടുക്കുന്നതില് സീക്കോ തന്റെ കളിക്കാര്‍ക്കെതിരേ കടുത്ത ഭാഷയില്‍ പൊട്ടിത്തെറിക്കുമായിരുന്നു. തന്റെ വാക്കുകളുടെ സ്വരവും കടുപ്പവും നഷ്ടപ്പെടാതിരിക്കാന്‍ തന്റെ വിവര്‍ത്തകനോടും അതേ തരത്തില്‍ അലറിവിളിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുമായിരുന്നു. അര്‍ജന്റീനയ്ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിക്ക് പിന്നാലെ പരിശീലകന് ഹെര്‍വ് റെനാര്‍ഡും അദ്ദേഹത്തിന്റെ വിവര്‍ത്തകനും സൗദി താരങ്ങളോട് ഡ്രസ്സിങ് റൂമില്‍വെച്ച് അലറിവിളിച്ച പോലെ.
കൃത്യമായി പറഞ്ഞാല്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജപ്പാന് രാജ്യത്തിന്റെ ഇന്ന് കാണുന്ന ഫുട്ബോളിന്റെ വളര്‍ച്ചയിലേക്കുള്ള ആദ്യ വിത്ത് പാകിയത്. ഫലം എന്തെന്ന് ചിന്തിക്കാതെ അവര്‍ പ്രവൃത്തികള്‍ക്ക് മാത്രം മുന്‍തൂക്കം നല്കി. 1992-ല്‍ ജപ്പാന് ഫുട്ബോള്‍ ലീഗിന്റെ തുടക്കവും അതുപോലെ തന്നെയായിരുന്നു. മുന്‍നിര യൂറോപ്യന്‍ ക്ലബ്ബുകളുമായി പൊരുതാനുതകുന്ന തരത്തില്‍ ക്ലബ്ബുകളെ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു അത്. തുടങ്ങുമ്പോള്‍ വെറും 10 ടീമുകള്‍ മാത്രമുണ്ടായിരുന്ന ജാപ്പനീസ് ലീഗില്‍, പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന് ശേഷം ഇപ്പോള്‍ മൂന്ന് ഡിവിഷനുകളിലായി ആറുപതോളം ക്ലബ്ബുകളുണ്ട്. ഫുട്ബോളില്‍ വലിയ പാരമ്പര്യം അവകാശപ്പെടുന്ന ഇന്ത്യ കണ്ടുപഠിക്കേണ്ട ഒന്ന്.
ഇന്നിപ്പോള്‍ ജാപ്പനീസ് താരങ്ങള്‍ ആഭ്യന്തര ലീഗുകലില് മാത്രമല്ല യൂറോപ്പിലെ വിവിധ ലീഗുകളിലും കളിച്ച് പ്രതിഭ തെളിയിക്കുന്നു. 2002-ല്‍ ദക്ഷിണ കൊറിയക്കൊപ്പം ജപ്പാനും ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ അവരുടെ ടീമിലെ നാലേ നാല് താരങ്ങള്‍ മാത്രമായിരുന്നു വിദേശത്ത് കളിക്കുന്നവരുണ്ടായിരുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം ഇന്നിപ്പോള്‍ അവരുടെ ഖത്തര്‍ ലോകകപ്പ് സ്ക്വാഡിലെ 26 പേരില്‍ 19 പേരും വിവിധ യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്നവരാണ്. ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ കളിക്കുന്ന താരങ്ങളാണ് ടീമില്‍ എണ്ണത്തില്‍ കൂടുതല്‍, എട്ടുപേര്‍. അതിലും കുറവാണ് ജപ്പാനിലെ ആഭ്യന്തര ലീഗായ ജെ-ലീഗില്‍ നിന്നുള്ള താരങ്ങളുടെ എണ്ണം, വെറും ഏഴ് പേര്. ചിട്ടയോടെയുള്ള ജാപ്പനീസ് ഫുട്ബോളിന്റെ വളര്‍ച്ചയുടെ ഏറ്റവും വലിയ ഉദാഹരണം.
1992-ല്‍ ജാപ്പനീസ് ലീഗ് സ്ഥാപിതമായപ്പോള്‍ 2092-ല്‍ ലോകകപ്പ് നേടുക എന്നത് ലക്ഷ്യമിട്ട് 100 വര്‍ഷ പദ്ധതിക്കും ജപ്പാന് തുടക്കം കുറിച്ചിരുന്നു. ചെറിയ ചെറിയ ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ചായിരുന്നു ഈ പദ്ധതി. അതിന്റെ ഫലമെന്നോണം 1998 മുതല്‍ ജപ്പാന് തുടര്‍ച്ചയായി ലോകകപ്പിന് യോഗ്യത നേടുന്നുണ്ട്. ജാപ്പനീസ് ലീഗിന്റെ വേരുകള്‍ വര്‍ധിപ്പിക്കുക എന്നതായിരുന്നു ആ പദ്ധതികളില്‍ ഒന്ന്. അത് കളിക്കാരുടെ വര്‍ധനവിനും കാരണമായി. ഇതോടൊപ്പം മികച്ച പരിശീലകരെ വളര്‍ത്തിക്കൊണ്ടുവരാനുള്ള പദ്ധതിയും ആവിഷ്കരിച്ചു. രാജ്യങ്ങള്‍ക്ക് പലപ്പോഴും ലോകകപ്പുകള്‍ നേടിക്കൊടുക്കുന്നത് അതത് രാജ്യക്കാര്‍ തന്നെയായ പരിശീലകരാണെന്ന വസ്തുതയിലൂന്നിയ പദ്ധതികൂടിയായിരുന്നു അത്. ഹജിമെ മോറിയാസു എന്ന നിലവിലെ ജാപ്പനീസ് പരിശീലകന് ഈ പദ്ധതിയുടെ ഭാഗമായി എത്തിയതാണ്.

ജപ്പാന്റെ യൂത്ത് ഫുട്ബോള്‍ പരിശീലന ഘടനയെ മാറ്റിമറിച്ചതില്‍ അമേരിക്കന്‍ പരിശീലകന് ടോം ബയറിനെ പോലുള്ളവരുടെ സംഭാവന ഏറെ പ്രധാനമായിരുന്നു. തന്ത്രങ്ങളെ കുറിച്ചൊന്നും പേടിക്കാതെ ആദ്യം പന്തില്‍ നിയന്ത്രണം കൈവരിക്കുകയെന്ന പ്രാഥമിക പാഠത്തില്‍ തുടങ്ങുകയെന്ന ഫിലോസഫി ജാപ്പനീസ് ഫുട്ബോള്‍ അക്കാദമികളെ പഠിപ്പിച്ചത് ബയറായിരുന്നു. ഇതോടെ ക്രമേണ ജപ്പാനിലെ പുതിയ ഫുട്ബോള്‍ തലമുറ പന്തടക്കത്തില്‍ പ്രാവീണ്യം നേടാനാരംഭിച്ചു. ക്രമേണ മറ്റ് ഫുട്ബോള്‍ ടെക്നിക്കുകള്‍ സ്വായത്തമാക്കാന്‍ ഇത് അവരെ സഹായിച്ചു. വേഗതയെന്നത് അവരുടെ സ്വാഭാവിക പ്രത്യേകതയായിരുന്നതിനാല് അധികം വൈകാതെ തന്നെ ജാപ്പനീസ് കളിക്കാര്‍ ഏഷ്യയിലെ മികച്ചവരായി. 1992-നും 2011-നും ഇടയ്ക്ക് രണ്ട് തവണ വന്‍കര ചാമ്പ്യന്‍ഷിപ്പ് നേടി അവരിതിന് അടിവരയിടുകയും ചെയ്തു.
ജെ-ലീഗ് ഏഷ്യയിലെ പ്രീമിയര്‍ ലീഗെന്ന തരത്തിലേക്ക് വളര്‍ന്നതോടെ അവരുടെശ്രദ്ധ യൂറോപ്പില്‍ മികച്ച രീതിയില്‍ കളിക്കാന്‍ സാധിക്കുന്ന താരങ്ങളെ വളര്‍ത്തിയെടുക്കുക എന്നതിലേക്കായി. യൂറോപ്യന്മാരോട് മത്സരിക്കാന്‍ തക്ക ശാരീരിക ക്ഷമതയില്ലാത്തവരാണ് ജപ്പാന് താരങ്ങളെന്ന മുന്‍ധാരണ പൊളിക്കുകയായിരുന്നു അവര്‍ ആദ്യം ചെയ്തത്. അതിനാല്‍ തന്നെ 2016-ല്‍ ആദ്യഘട്ടമെന്ന നിലയില്‍ പ്രോജക്ട് ഡിഎന്‍എ എന്ന പേരില്‍ അവര്‍ കളിക്കാരുടെ നൈസര്‍ഗികമായ കഴിവുകള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിനായി പദ്ധതി തയ്യാറാക്കി. 2030-ഓടെ ജപ്പാനെ മികച്ച ഫുട്ബോള്‍ താരങ്ങളെ വിദേശ ലീഗുകളിലെത്തിക്കുന്ന കേന്ദ്രമാക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം.
2016-ല്‍ ജാപ്പനീസ് ഫുട്ബോള്‍ അധികൃതര്‍ യൂറോപ്പിലുടനീളം പര്യടനം നടത്തി. വമ്പന്‍ ക്ലബ്ബുകളുടെ ബ്രാന്‍ഡ് മൂല്യം തേടിയായിരുന്നില്ല ആ യാത്ര. മറിച്ച് വെസ്റ്റ്ഹാം പോലെ മികച്ച അക്കാദമികളുള്ള ക്ലബ്ബുകളുമായി കൈകോര്‍ക്കാനായിരുന്നു അത്.
നിരവധി ജാപ്പനീസ് കളിക്കാര്‍ ഇപ്പോള്‍ യൂറോപ്യന്‍ ലീഗുകളില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിന് കാരണം പ്രോജക്ട് ഡിഎന്‍എ ആണെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെ കൃത്യമായ ദീര്‍ഘവീക്ഷണത്തോടെ പടിപടിയായുള്ള പ്രവര്‍ത്തനങ്ങളാണ് ജപ്പാനെ ഇന്ന് ഖത്തര്‍ ലോകകപ്പിന്റെ പ്രാ ക്വാര്‍ട്ടറില്‍ എത്തിച്ചിരിക്കുന്നത്.
Content Highlights: fifa world cup hundred-year plan to win 2092 World Cup Japan S long cut to success
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..