1930-ൽ യുറഗ്വായ് തലസ്ഥാനമായ മോണ്ടിവിഡിയോയിൽ നടന്ന യുറഗ്വായ് - അർജന്റീന ലോകകപ്പ് ഫൈനൽ മത്സരത്തിൽ നിന്ന് | Photo: Getty Images
ഖത്തര്‍ ലോകകപ്പിന്റെ ആദ്യമത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പിന് നവംബര്‍ 20-ന് അല്‍ ഖോറിലെ അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ഖത്തറും എക്വഡോറും തമ്മില്‍ നടക്കുന്ന മത്സരത്തോടെ ലോകകപ്പ് മാമാങ്കത്തിന് തുടക്കമാകും. ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍. ഒരു അറബ് രാജ്യം ഇതാദ്യമായാണ് ലോകകപ്പിന് വേദിയാകുന്നത്. അതിനാല്‍ തന്നെ ഖത്തര്‍ തയ്യാറെടുപ്പുകളാല്‍ സന്ദര്‍ശകരെ ഞെട്ടിക്കുകയാണ്. 2002-ന് ശേഷം ഏഷ്യയില്‍ വെച്ച് നടക്കുന്ന ലോകകപ്പ് എന്ന വിശേഷണവും ഖത്തര്‍ ലോകകപ്പിനുണ്ട്. സാധാരണ മേയ്, ജൂണ്‍, ജൂലായ് മാസങ്ങളിലായിട്ടാണ് ഫിഫ ലോകകപ്പ് നടക്കാറ്. എന്നാല്‍ ഈ മാസങ്ങളില്‍ ഖത്തറിലെ കടുത്ത ചൂട് കാരണമാണ് ടൂര്‍ണമെന്റ് നവംബര്‍-ഡിസംബര്‍ മാസങ്ങളിലേക്ക് മാറ്റിയത്. 29 ദിവസം എട്ട് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇതുവരെ നടന്ന 21 ലോകകപ്പുകളുടെ ചെറിയ വിവരണം താഴെ വായിക്കാം.
1930 യുറഗ്വായ് ലോകകപ്പ്
ഫിഫ ലോകകപ്പിന്റെ ആദ്യ പതിപ്പിന് വേദിയായത് യുറഗ്വായ് ആയിരുന്നു. 1930 ജൂലായ് 13 മുതല്‍ 30 വരെ 18 ദിവസമായിരുന്നു അന്ന് ലോകകപ്പ് മത്സരങ്ങള്‍ നടന്നത്. യുറഗ്വായ് തലസ്ഥാനമായിരുന്ന മോണ്ടിവിഡിയോയിലായിരുന്നു മത്സരങ്ങള്‍ മുഴുവന്‍ നടന്നത്. തെക്കേ അമേരിക്കയില്‍ നിന്ന് ഏഴും യൂറോപ്പില്‍ നിന്ന് നാലും വടക്കേ അമേരിക്കയില്‍ നിന്ന് രണ്ടും ടീമുകളടക്കം ആകെ 13 ടീമുകളാണ് അന്ന് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങള്‍. അര്‍ജന്റീന, യുറഗ്വായ്, അമേരിക്ക, യൂഗോസ്ലാവിയ എന്നീ ടീമുകള്‍ സെമിയിലേക്ക് മുന്നേറി. ഫൈനലില്‍ 68,346 കാണികളുടെ മുന്നില്‍വെച്ച് ആതിഥേയരായ യുറഗ്വായ്, അര്‍ജന്റീനയെ 4-2ന് തോല്‍പ്പിച്ച് കിരീടമണിഞ്ഞു. 18 മത്സരങ്ങള്‍ മാത്രമാണ് ആ ടൂര്‍ണമെന്റില്‍ ഉടനീളം ഉണ്ടായിരുന്നത്. 70 ഗോളുകളാണ് ആകെ പിറന്നത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ആദ്യ ഗോള്‍ കുറിക്കപ്പെട്ടത് ഫ്രാന്‍സിന്റെ ലൂസിയന്‍ ലൊറെന്റിന്റെ പേരിലായിരുന്നു. മെക്‌സിക്കോയ്‌ക്കെതിരെയായിരുന്നു ഗോള്‍.
യോഗ്യതാറൗണ്ട് മത്സരങ്ങളൊന്നും തന്നെ ഇല്ലാതെയായിരുന്നു ആദ്യ ലോകകപ്പ് നടന്നത്. തങ്ങളുടെ അംഗ രാജ്യങ്ങളെയെല്ലാം ഫിഫ ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നു. 1930 ഫെബ്രുവരി 28-ന് മുമ്പ് തീരുമാനം അറിയിക്കണമെന്നായിരുന്നു അംഗ രാജ്യങ്ങളോട് ഫിഫ പറഞ്ഞത്. തെക്കേ അമേരിക്കയിലേക്കുള്ള യാത്രാ ബുദ്ധിമുട്ടും (കപ്പല്‍ വഴി) വലിയ ചിലവും കാരണം പല ടീമുകളും പ്രത്യേകിച്ച് യൂറോപ്യന്‍ ടീമുകളില്‍ പലരും ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നു. മേല്‍പ്പറഞ്ഞ അവസാന തീയതിക്ക് മുമ്പ് ഒരു യൂറോപ്യന്‍ ടീം പോലും താത്പര്യം അറിയിച്ചില്ല. ഒടുവില്‍ യൂറോപ്യന്‍ ടീമുകളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ അന്നത്തെ ഫിഫ പ്രസിഡന്റ് ജൂല്‍സ് റൈമറ്റ് തന്നെ നേരിട്ട് ഇടപെടുകയായിരുന്നു. ഇതോടെ ബെല്‍ജിയം, ഫ്രാന്‍സ്, റൊമാനിയ, യൂഗോസ്ലാവിയ ടീമുകള്‍ ടൂര്‍ണമെന്റിനെത്തി.
.jpg?$p=a8e0d30&&q=0.8)
1934 ഇറ്റലി
ഫിഫ ലോകകപ്പിന്റെ രണ്ടാം പതിപ്പിന് വേദിയായത് ഇറ്റലിയായിരുന്നു. 1934 മേയ് 27 മുതല്‍ ജൂണ്‍ 10 വരെയായിരുന്നു ലോകകപ്പ് മത്സരങ്ങള്‍. ലോകകപ്പ് കളിക്കാന്‍ യോഗ്യതാറൗണ്ട് മത്സരങ്ങള്‍ ഏര്‍പ്പെടുത്തിയ ആദ്യ ലോകകപ്പ് കൂടിയായിിരുന്നു ഇത്. 32 രാജ്യങ്ങളാണ് ടൂര്‍ണമെന്റിനുണ്ടായിരുന്നത്. യോഗ്യതാറൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം 16 ടീമുകള്‍ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. തങ്ങളുടെ നാട്ടില്‍ നടന്ന ലോകകപ്പ് ബഹിഷ്‌കരിച്ച യൂറോപ്യന്‍ ടീമുകളുടെ നടപടിയില്‍ പ്രതിഷേധിച്ച് യുറഗ്വായ്, ഇറ്റലിയില്‍ നടന്ന ഈ ലോകകപ്പ് ബഹിഷ്‌കരിച്ചിരുന്നു. ആതിഥേയ രാഷ്ട്രമായിരുന്നെങ്കിലും ഇറ്റലിക്കും യോഗ്യതാമത്സരങ്ങള്‍ കളിക്കേണ്ടി വന്നു. ആതിഥേയ രാഷ്ട്രം ഇത്തരത്തില്‍ യോഗ്യതാറൗണ്ട് മത്സരങ്ങള്‍ കളിച്ച് യോഗ്യത നേടണമെന്ന നിബന്ധന ഉണ്ടായിരുന്നു ഏക ലോകകപ്പായിരുന്നു ഇത്. ഫൈനലില്‍ ചെക്കോസ്ലോവാക്യയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഇറ്റലി തന്നെ കപ്പുയര്‍ത്തി.
ഒരു കായിക ഇനത്തെ പ്രത്യക്ഷ രാഷ്ട്രീയനേട്ടത്തിനായി എങ്ങനെ ഉപയോഗിക്കാമെന്നതിന് ഉത്തമ ഉദാഹരണമായിരുന്നു 1934 ലോകകപ്പ്. തങ്ങളുടെ നാട്ടില്‍ നടന്ന ലോകകപ്പ് ഫാസിസത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു മാര്‍ഗമായി ഉപയോഗിക്കാന്‍ ബെനിറ്റോ മുസോളിനി താത്പര്യപ്പെട്ടിരുന്നു. ചില ചരിത്രകാരന്മാരും സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളും അഴിമതി ആരോപണങ്ങളും മുസോളിനിയുടെ അനധികൃത ഇടപെടലുകളും ആരോപിക്കുകയും ചെയ്തിരുന്നു. ഇറ്റലി നിര്‍മിച്ച 'ഫെഡറലെ 102' എന്ന പന്തായിരുന്നു ലോകകപ്പില്‍ ഉപയോഗിച്ചിരുന്നത്.

1938 ഫ്രാന്‍സ്
ഫ്രാന്‍സാണ് ഫിഫ ലോകകപ്പിന്റെ മൂന്നാം പതിപ്പിന് വേദിയായത്. ജൂണ്‍ നാലുമുതല്‍ ജൂണ്‍ 19 വരെ നടന്ന ലോകകപ്പില്‍ നിലവിലെ ജേതാക്കളായിരുന്ന ഇറ്റലി കിരീടം നിലനിര്‍ത്തുകയായിരുന്നു. ഫൈനലില്‍ ഹംഗറിയെ 4-2ന് തകര്‍ത്ത് ആധികാരികമായിട്ടായിരുന്നു ഇറ്റലിയുടെ കിരീടനേട്ടം. രണ്ടാം ലോക മഹായുദ്ധത്തിന് തൊട്ട് മുമ്പ് നടന്ന ലോകകപ്പ് കൂടിയായിരുന്നു ഇത്. പിന്നീട് 1950 വരെ ലോകകപ്പ് നടന്നില്ല.
ഒരേ പരിശീലകനു കീഴില്‍ രണ്ട് ലോകകപ്പുകള്‍ ജയിക്കുന്ന ഏക ഫുട്ബോള്‍ ടീം എന്ന നേട്ടവും ഇറ്റലി ഇതോടെ സ്വന്തമാക്കി. 1934, 1938 വര്‍ഷങ്ങളില്‍ കിരീടം നേടുമ്പോള്‍ വിറ്റോറിയോ പോസ്സോയായിരുന്നു അവരുടെ കോച്ച്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും യൂറോപ്പില്‍ ലോകകപ്പിന് വേദിയ നല്‍കിയതില്‍ പ്രതിഷേധിച്ച് യുറഗ്വായ്, അര്‍ജന്റീന രാജ്യങ്ങള്‍ ഈ ലോകകപ്പ് ബഹിഷ്‌കരിച്ചിരുന്നു. ആതിഥേയരും (ഫ്രാന്‍സ്) നിലവിലെ ലോകകപ്പ് ജേതാക്കളും (ഇറ്റലി) യോഗ്യതാറൗണ്ട് മത്സരങ്ങളില്ലാതെ നേരിട്ട് ലോകകപ്പിന് യോഗ്യത നേടിയ ആദ്യ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. 18 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ആകെ ഉണ്ടായിരുന്നത്. 84 ഗോളുകളാണ് ആകെ സ്‌കോര്‍ ചെയ്തത്.

1950 ബ്രസീല്‍
രണ്ടാം ലോക മഹായുദ്ധം കാരണം 1942, 1946 ലോകകപ്പ് ടൂര്‍ണമെന്റ് റദ്ദാക്കിയതിനു ശേഷം 1950-ലാണ് പിന്നീട് ഒരു ലോകകപ്പ് നടക്കുന്നത്. ജൂണ്‍ 24 മുതല്‍ ജൂലായ് 16 വരെ നടന്ന ലോകകപ്പിന്റെ നാലാം പതിപ്പിന് ബ്രസീലാണ് വേദിയായത്. രണ്ട് ലോകകപ്പ് ടൂര്‍ണമെന്റുകള്‍ ബഹിഷ്‌കരിച്ച ശേഷം പങ്കെടുത്ത ലോകകപ്പില്‍ യുറഗ്വായാണ് കിരീടമുയര്‍ത്തിയത്. നോക്കൗട്ട് മത്സരങ്ങളില്ലാത്ത ലോകകപ്പ് കൂടിയായിരുന്നു ഇത്. മത്സരങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച് അതുവഴി ടിക്കറ്റ് വില്‍പ്പന കൂട്ടി വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ പുതിയ ഒരു ഫോര്‍മാറ്റില്‍ നടത്തിയ ലോകകപ്പ് കൂടിയായിരുന്നു ഇത്. 22 മത്സരങ്ങളാണ് ബ്രസീല്‍ ലോകകപ്പില്‍ ഉടനീളം ഉണ്ടായിരുന്നത്.
13 ടീമുകളെ നാല് ഗ്രൂപ്പുകളായി (ഇവയെ പൂള്‍ എന്നും പറയുന്നു) തിരിച്ച മത്സരങ്ങള്‍ക്കു ശേഷം ഗ്രൂപ്പ് ജേതാക്കള്‍ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന തരത്തിലായിരുന്നു ലോകകപ്പ് ഫോര്‍മാറ്റ്. ഈ നാലു ടീമുകള്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ മത്സരിച്ച് അതില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടിയ ടീം കിരീടം നേടുകയായിരുന്നു. ഫിഫ ഈ ഫോര്‍മാറ്റ് ആദ്യം അംഗീകരിച്ചില്ലെങ്കിലും ലോകകപ്പ് ആതിഥേയത്വത്തില്‍ നിന്ന് പിന്മാറുമെന്ന ബ്രസീലിന്റെ ഭീഷണിയെ തുടര്‍ന്ന് ഒടുവില്‍ വഴങ്ങുകയായിരുന്നു. 1950 ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്കും ക്ഷണമുണ്ടായിരുന്നെങ്കിലും ബ്രസീലിലേക്കുള്ള ഭീമമായ യാത്രാചെലവ് കണക്കിലെടുത്ത് ഇന്ത്യ പിന്മാറുകയായിരുന്നു. ചെലവിന്റെ ഒരു വലിയ പങ്ക് വഹിക്കാന്‍ ഫിഫ തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്ത്യ തീരുമാനത്തില്‍ നിന്ന് പിന്നാക്കം പോയില്ല. ഫൈനല്‍ റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ ബ്രസീലിനെ 2-1ന് പരാജയപ്പെടുത്തി യുറഗ്വായ് കിരീടമുയര്‍ത്തുകയായിരുന്നു.

1954 സ്വിറ്റ്സര്‍ലന്‍ഡ്
ഫിഫ ലോകകപ്പിന്റെ അഞ്ചാം പതിപ്പിന് വേദിയായത് സ്വിറ്റ്സര്‍ലന്‍ഡായിരുന്നു. ജൂണ്‍ 16 മുതല്‍ ജൂലായ് നാല് വരെയായിരുന്നു ടൂര്‍ണമെന്റ്. ഫൈനലില്‍ ഹംഗറിയെ 3-2ന് തകര്‍ത്ത് പശ്ചിമ ജര്‍മനിയാണ് കിരീടം നേടിയത്. 26 മത്സരങ്ങള്‍ നടന്ന ഈ ലോകകപ്പില്‍ 140 ഗോളുകളാണ് ആകെ സ്‌കോര്‍ ചെയ്തത്. 16 ടീമുകളാണ് ഈ ലോകകപ്പില്‍ മാറ്റുരച്ചത്.
ബേണിന്റെ അദ്ഭുതം എന്ന പേരുകേട്ട പോരാട്ടമായിരുന്നു ഫൈനലില്‍ അരങ്ങേറിയത്. ഫ്രാങ്ക് പുസ്‌കാസിന്റെ ഹംഗറിക്കായിരുന്നു എല്ലാവരും വിജയ സാധ്യത കല്‍പ്പിച്ചിരുന്നത്. ആദ്യ റൗണ്ടില്‍ മത്സരിച്ചപ്പോള്‍ 8-3ന് ജര്‍മനിയെ തകര്‍ത്തതിന്റെ ആത്മവിശ്വാസവും ഹംഗറിക്കുണ്ടായിരുന്നു. തുടര്‍ച്ചയായ 32 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ഹംഗറി ഫൈനലിനെത്തിയത്. എന്നാല്‍ 3-2ന് പശ്ചിമ ജര്‍മനി ജയിച്ചുകയറിയപ്പോള്‍ ഫുട്ബോള്‍ ലോകത്തിന് അത് അദ്ഭുതമായിരുന്നു. ജര്‍മന്‍ താരങ്ങള്‍ മരുന്നടിച്ചെന്നും റഫറി ജര്‍മനിക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുത്തെന്നുമെല്ലാമുള്ള വിവാദങ്ങള്‍ പിന്നീടുണ്ടായി.

1958 സ്വീഡന്‍
ഫിഫ ലോകകപ്പിന്റെ ആറാം പതിപ്പിന് വേദിയായത് സ്വീഡനായിരുന്നു. ജൂണ്‍ എട്ട് മുതല്‍ 29 വരെയായിരുന്നു ടൂര്‍ണമെന്റ്. ഫൈനലില്‍ ആതിഥേയരായ സ്വീഡനെ 5-2ന് തകര്‍ത്ത് ബ്രസീല്‍ കിരീടമുയര്‍ത്തി. ആ ലോകകപ്പില്‍ ഒരു 17-കാരന്‍ ലോക ഫുട്ബോളില്‍ തന്റെ സാന്നിധ്യം അറിയിച്ചു. എഡ്സണ്‍ അരാന്റസ് ഡൊ നാസിനെന്റോ എന്ന പെലെ. 16 ടീമുകള്‍ പങ്കെടുത്ത ലോകകപ്പില്‍ 35 മത്സരങ്ങളാണ് ആകെ ഉണ്ടായിരുന്നത്. 126 ഗോളുകളും സ്‌കോര്‍ ചെയ്യപ്പെട്ടു.

1962 ചിലി
ഫിഫ ലോകകപ്പിന്റെ ഏഴാം എഡിഷന്‍ 1962 മേയ് 30 മുതല്‍ ജൂണ്‍ 17 വരെ ചിലിയിലായിരുന്നു. 16 ടീമുകള്‍ പങ്കെടുത്ത ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ സ്ഥാനം നിര്‍ണയിക്കാന്‍ ഗോള്‍ ശരാശരി കണക്കാക്കി തുടങ്ങിയത് ഈ ലോകകപ്പ് മുതലായിരുന്നു. ഫൈനലില്‍ ചെക്കോസ്ലോവാക്യയെ 3-1ന് തകര്‍ത്ത് നിലവിലെ ജേതാക്കളായിരുന്ന ബ്രസീല്‍ കിരീടം നേടി. 32 മത്സരങ്ങള്‍ അരങ്ങേറിയ ലോകകപ്പില്‍ 89 ഗോളുകളാണ് ആകെ സ്‌കോര്‍ ചെയ്യപ്പെട്ടത്.
.jpg?$p=a19000d&&q=0.8)
1966 ഇംഗ്ലണ്ട്
ഫിഫ ലോകകപ്പിന്റെ എട്ടാം പതിപ്പിന് വേദിയായത് ഇംഗ്ലണ്ടായിരുന്നു. ജൂലായ് 11 മുതല്‍ 30 വരെയായിരുന്നു ലോകകപ്പ് മത്സരങ്ങള്‍. ഫൈനലില്‍ പശ്ചിമ ജര്‍മനിയെ 4-2ന് തകര്‍ത്ത് ആതിഥേയരായ ഇംഗ്ലണ്ട് തന്നെ കിരീടം നേടുകയായിരുന്നു. ഇതുവരെയുള്ളതില്‍ ഇംഗ്ലണ്ടിന്റെ ഏക കിരീട നേട്ടവും ഇതുതന്നെ. ഒമ്പത് ഗോളുകളുമായി പോര്‍ച്ചുഗലിന്റെ ഇതിഹാസ താരം യൂസേബിയോയാണ് ഗോള്‍ഡന്‍ ബൂട്ടിന് അര്‍ഹനായത്.
ഈ ലോകകപ്പിനു മുമ്പ് ജൂല്‍സ് റൈമറ്റ് ട്രോഫി എന്ന ലോകകപ്പ് ട്രോഫി മോഷണം പോയി. എന്നാലിത് ലോകകപ്പിന് നാല് മാസങ്ങള്‍ക്കു മുമ്പ് 'പിക്കിള്‍സ്' എന്ന നായ കണ്ടെത്തുകയായിരുന്നു. മറ്റ് വന്‍കരകളിലെ വിവിധ രാജ്യങ്ങളില്‍ സാറ്റലൈറ്റ് വഴി ചില മത്സരങ്ങള്‍ ആദ്യമായി സംപ്രേക്ഷണം ചെയ്തത് ഈ ലോകകപ്പിലായിരുന്നു. 32 മത്സരങ്ങള്‍ അരങ്ങേറിയ ഈ ലോകകപ്പില്‍ 89 ഗോളുകളാണ് ആകെ സ്‌കോര്‍ ചെയ്യപ്പെട്ടത്.

1970 മെക്സിക്കോ
ഫിഫ ലോകകപ്പിന്റെ ഒമ്പതാം പതിപ്പിന് മെക്സിക്കോയാണ് വേദിയായത്. മേയ് 31 മുതല്‍ ജൂണ്‍ 21 വരെയായിരുന്നു ടൂര്‍ണമെന്റ്. യൂറോപ്പിനും ദക്ഷിണ അമേരിക്കയ്ക്കും പുറത്ത് നടന്ന ആദ്യ ലോകകപ്പ് ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. ഇസ്രായേലും മൊറോക്കോയും ആദ്യമായി പങ്കെടുത്ത ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. ഫൈനലില്‍ ഇറ്റലിയെ 4-1ന് തകര്‍ത്ത് ബ്രസീല്‍ തങ്ങളുടെ മൂന്നാം ലോക കിരീടം സ്വന്തമാക്കി. ലോകകപ്പ് മത്സരങ്ങള്‍ സമ്പൂര്‍ണമായി ലോകമെമ്പാടും സംപ്രേക്ഷണം ചെയ്ത് തുടങ്ങിയത് ഈ ലോകകപ്പോടെയായിരുന്നു. അഡിഡാസിന്റെ ടെല്‍സ്റ്റാര്‍ പന്ത് ആദ്യമായി ഉപയോഗിച്ചതും ഈ ലോകകപ്പില്‍ തന്നെ. 16 ടീമുകള്‍ പങ്കെടുത്ത ലോകകപ്പില്‍ 32 മത്സരങ്ങളാണ് ആകെ അരങ്ങേറിയത്. 10 ഗോളുകളുമായി ജര്‍മനിയുടെ ഗെര്‍ഡ് മുള്ളര്‍ ഗോള്‍ഡന്‍ ബൂട്ടിന് ഉടമയായി.

1974 പശ്ചിമ ജര്‍മനി
ഫിഫ ലോകകപ്പിന്റെ 10-ാം പതിപ്പിന് വേദിയായത് പശ്ചിമ ജര്‍മനിയായിരുന്നു. ജൂണ്‍ 13 മുതല്‍ ജൂലായ് ഏഴു വരെയായിരുന്നു ലോകകപ്പ് മത്സരങ്ങള്‍. ജൂലെസ് റിമെറ്റ് ട്രോഫിക്ക് ശേഷം ഇന്ന് കാണുന്ന ലോകകപ്പ് ട്രോഫി ആദ്യമായി സമ്മാനിക്കുന്നതും ഈ ലോകകപ്പോടെയാണ്. ഇറ്റാലിയന്‍ ശില്‍പിയായ സില്‍വിയോ ഗസ്സാനിഗയാണ് ഈ ട്രോഫി നിര്‍മിച്ചത്. മുന്‍ ലോകകപ്പുകളില്‍ ഉപയോഗിച്ചിരുന്ന ജൂലെസ് റിമെറ്റ് ട്രോഫി 1970-ലെ ജേതാക്കളായ ബ്രസീല്‍ എന്നന്നേക്കുമായി സ്വന്തമാക്കുകയായിരുന്നു. മ്യൂണിക്കില്‍ നടന്ന ഫൈനലില്‍ ടോട്ടല്‍ ഫുട്ബോളിന്റെ ചാരുതയുമായെത്തിയ നെതര്‍ലന്‍ഡ്സിനെ 2-1ന് പരാജയപ്പെടുത്തി ആതിഥേയരായ പശ്ചിമ ജര്‍മനി തന്നെയാണ് ലോക കിരീടം സ്വന്തമാക്കിയത്. അവരുടെ രണ്ടാം ലോക കിരീടമായിരുന്നു ഇത്. ജര്‍മന്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവറും ഡച്ച് ഇതിഹാസം യൊഹാന്‍ ക്രൈഫും നേര്‍ക്കുനേര്‍വന്ന ലോകകപ്പ് ഫൈനല്‍ കൂടിയായിരുന്നു അത്. 16 ടീമുകള്‍ തന്നെയായിരുന്നു ആ ലോകകപ്പിലും പങ്കെടുത്തത്. 38 മത്സരങ്ങളില്‍ നിന്നായി 97 ഗോളുകളാണ് ആ ലോകകപ്പില്‍ ഒന്നാകെ പിറന്നത്.
1978 അര്‍ജന്റീന
ഫിഫ ലോകകപ്പിന്റെ 11-ാം പതിപ്പിന് ആതിഥേയത്വം വഹിച്ചത് അര്‍ജന്റീനയായിരുന്നു. ജൂണ്‍ ഒന്ന് മുതല്‍ 25 വരെയായിരുന്നു ലോകകപ്പ് മത്സരങ്ങള്‍. ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ 3-1ന് തകര്‍ത്ത് ആതിഥേയരായ അര്‍ജന്റീന ആദ്യമായി ലോകകപ്പില്‍ മുത്തമിട്ടു. 16 ടീമുകള്‍ പങ്കെടുത്ത അവസാന ലോകകപ്പ് ടൂര്‍ണമെന്റായിരുന്നു ഇത്. തുടര്‍ന്ന് ഫിഫ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം ഉയര്‍ത്തുകയായിരുന്നു. 38 മത്സരങ്ങള്‍ നടന്ന ലോകകപ്പില്‍ പിറന്നത് 102 ഗോളുകളായിരുന്നു.
1982 സ്പെയ്ന്‍
ഫിഫ ലോകകപ്പിന്റെ 12-ാം പതിപ്പിന് വേദിയായത് സ്പെയ്നായിരുന്നു. ജൂണ്‍ 13 മുതല്‍ ജൂലായ് 11 വരെയായിരുന്നു ലോകകപ്പ് മത്സരങ്ങള്‍. ഫൈനലില്‍ പശ്ചിമ ജര്‍മനിയെ 3-1ന് തകര്‍ത്ത് ഇറ്റലിയാണ് കിരീടവുമായി മടങ്ങിയത്. ഇറ്റാലിയന്‍ ടീമിന്റെ മൂന്നാം ലോകകപ്പ് കിരീടമായിരുന്നു ഇത്. അള്‍ജീരിയ, കാമറൂണ്‍, ഹോണ്ടുറാസ്, കുവൈത്ത്, ന്യൂസീലന്‍ഡ് ടീമുകള്‍ ആദ്യമായി പങ്കെടുത്ത ലോകകപ്പ് കൂടിയായിരുന്നു ഇത്. 24 ടീമുകള്‍ ആദ്യമായി പങ്കെടുത്ത ലോകകപ്പ് കൂടിയായിരുന്നു ഇത്. വിജയികളെ നിര്‍ണയിക്കാന്‍ ആദ്യമായി പെനാല്‍റ്റി ഷൂട്ടൗട്ട് ഏര്‍പ്പെടുത്തിയ ലോകകപ്പും ഇതായിരുന്നു. അഡിഡാസിന്റെ ടാംഗോ എസ്പാനമായിരുന്നു ലോകകപ്പിന്റെ ഔദ്യോഗിക മാച്ച് ബോള്‍. 52 മത്സരങ്ങളില്‍ നിന്നായി 146 ഗോളുകളാണ് 1982 ലോകകപ്പില്‍ പിറന്നത്.

1986 മെക്സിക്കോ ലോകകപ്പ്
അര്‍ജന്റീനയും ഡീഗോ മാറഡോണയെന്ന ഫുട്ബോള്‍ ഇതിഹാസവും നിറഞ്ഞാടിയ ലോകകപ്പായിരുന്നു ഫിഫയുടെ 13-ാമത് മെക്സിക്കോ ലോകകപ്പ്. മേയ് 31 മുതല്‍ ജൂണ്‍ 29 വരെ നടന്ന ലോകകപ്പില്‍ 25-കാരനായിരുന്ന മാറഡോണ ഏതാണ്ട് ഒറ്റയ്ക്കു തന്നെയാണ് അര്‍ജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. മെക്സിക്കോ സിറ്റിയിലെ ആസ്റ്റക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പശ്ചിമ ജര്‍മനിയെ 3-2ന് പരാജയപ്പെടുത്തിയാണ് മാറഡോണയും സംഘവും കിരീടമുയര്‍ത്തിയത്. ഈ ലോകകപ്പില്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും ഏറ്റുമുട്ടിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം പ്രസിദ്ധമാണ്. മാറഡോണയുടെ വിവാദമായ 'ദൈവത്തിന്റെ കൈ' ഗോളും ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച 'നൂറ്റാണ്ടിന്റെ ഗോള'ും പിറന്നത് ഈ മത്സരത്തിലായിരുന്നു. ഒരു മത്സരം പോലും തോല്‍ക്കാതെയായിരുന്നു അര്‍ജന്റീനയുടെ കിരീടധാരണം. ഗാലറിയുടെ ആവേശമായി മാറിയ 'മെക്സിക്കന്‍ വേവ്' എന്ന എന്ന ആഘോഷ പരിപാടിക്ക് വലിയ പ്രചാരം ലഭിച്ചതും ഈ ലോകകപ്പോടെയാണ്.
1986-ലെ ലോകകപ്പിന് വേദിയാകേണ്ടിയിരുന്നത് ശരിക്കും കൊളംബിയയായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം കൊളംബിയക്ക് ലോകകപ്പ് നടത്തിപ്പ് സാധ്യമായില്ല. 1982-ല്‍ തന്നെ അവര്‍ ലോകകപ്പ് നടത്തിപ്പില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെയാണ് മെക്സിക്കോയെ പുതിയ വേദിയായി തിരഞ്ഞെടുത്തത്. ഇതോടെ ആദ്യമായി ഒന്നിലേറെ ലോകകപ്പിന് വേദിയാകുന്ന ആദ്യ രാജ്യമെന്ന നേട്ടം മെക്സിക്കോ സ്വന്തമാക്കി. 24 ടീമുകള്‍ മത്സരിച്ച ഈ ലോകകപ്പില്‍ 52 മത്സരങ്ങളാണ് ആകെ ഉണ്ടായിരുന്നത്. 132 ഗോളുകളും പിറന്നു. ഇംഗ്ലണ്ടിന്റെ ഗാരി ലിനേക്കര്‍ ആറു ഗോളുകളോടെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയെങ്കിലും ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് മാറഡോണയായിരുന്നു.
1990 ഇറ്റലി ലോകകപ്പ്
തങ്ങളുടെ പ്രതിരോധ കോട്ടയാല്‍ ലോകമെമ്പാടുമുള്ള മുന്നേറ്റനിരകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ ഇറ്റലിയായിരുന്നു ഫിഫ ലോകകപ്പിന്റെ 14-ാം പതിപ്പിന് അതിഥേയത്വം വഹിച്ചത്. രണ്ടാം തവണയായിരുന്നു ഇറ്റലിയിലേക്ക് ലോകകപ്പ് എത്തിയത്. ജൂണ്‍ എട്ടു മുതല്‍ ജൂലായ് എട്ട് വരെയായിരുന്നു ലോകകപ്പ് മത്സരങ്ങള്‍. 1988-ല്‍ ആരംഭിച്ച യോഗ്യതാ റൗണ്ടില്‍ മത്സരിച്ചത് 116 ദേശീയ ടീമുകളായിരുന്നു. 24 ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ മത്സരിച്ച ലോകകപ്പില്‍ മാറഡോണയുടെ അര്‍ജന്റീനയെ 1-0ന് പരാജയപ്പെടുത്തി പശ്ചിമ ജര്‍മനിയായിരുന്നു കിരീടമുയര്‍ത്തിയത്. അവരുടെ മൂന്നാം ലോക കിരീടമായിരുന്നു ഇത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ അട്ടിമറിച്ച് (1-0) കാമറൂണ്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചതും ഈ ലോകകപ്പിലായിരുന്നു. അഡിഡാസിന്റെ എട്രുസ്‌കോ യുണികോ ആയിരുന്നു ടൂര്‍ണമെന്റിന് ഉപയോഗിച്ച് ഔദ്യോഗിക പന്ത്. 52 മത്സരങ്ങള്‍ അരങ്ങേറിയ ലോകകപ്പില്‍ 115 ഗോളുകളാണ് ആകെ പിറന്നത്.

1994 യുഎസ്എ
ഫിഫ ലോകകപ്പിന്റെ 15-ാം പതിപ്പിന് ആതിഥേയത്വം വഹിച്ചത് അമേരിക്കയായിരുന്നു. ജൂണ്‍ 17 മുതല്‍ ജൂലായ് 17 വരെയായിരുന്നു ലോകകപ്പ്. രാജ്യത്തെ ഒമ്പത് വേദികളിലായിട്ടായിരുന്നു മത്സരങ്ങള്‍. ഫുട്ബോളിന് അത്ര വലിയ പ്രചാരമുള്ള രാജ്യമല്ലാതിരുന്നിട്ടുകൂടി സാമ്പത്തികമായി മികച്ച വിജയമായ ലോകകപ്പ് കൂടിയായിരുന്നു ഇത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ ഇറ്റലിയെ 3-2ന് പരാജയപ്പെടുത്തി ബ്രസീല്‍ തങ്ങളുടെ നാലാം ലോക കിരീടം നേടിയതും ഈ ലോകകപ്പിലായിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമും സമനില (0-0) പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലൂടെ ലോകകപ്പ് വിജയികളെ നിര്‍ണയിച്ച ആദ്യ ലോകപ്പ് ഫൈനല്‍ കൂടിയായിരുന്നു ഇത്. പശ്ചിമ ജര്‍മനിയും കിഴക്കന്‍ ജര്‍മനിയും ഒന്നായി ജര്‍മനി എന്ന രാജ്യമായി മത്സരിച്ച ആദ്യ ലോകകപ്പ് കൂടിയായിരുന്നു ഇത്.
അര്‍ജന്റീനയുടെ ഇതിഹാസ താരം ഡീഗോ മാറഡോണയുടെ അവസാന ലോകകപ്പ് കൂടിയായിരുന്നു ഇത്. രണ്ടു കളികള്‍ മാത്രമാണ് താരത്തിന് കളിക്കാനായത്. ഉത്തേജക മരുന്ന് പരിശോധനയില്‍ എഫെഡ്രിന്‍ എന്ന നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മാറഡോണയെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കുകയായിരുന്നു. കൊളംബിയന്‍ താരം ആന്ദ്രേ എസ്‌കോബാര്‍ ഈ ലോകകപ്പിന്റെ ദുരന്ത നായകനായി. ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ അമേരിക്കയ്ക്കെതിരായ മത്സരത്തില്‍ വഴങ്ങേണ്ടി വന്ന ഒരു സെല്‍ഫ് ഗോള്‍ അദ്ദേഹത്തിന്റെ മരണത്തിന് തന്നെ കാരണമാകുകയായിരുന്നു. എസ്‌കോബാറിന്റെ ആ സെല്‍ഫ് ഗോള്‍ കൊളംബിയയുടെ പുറത്താകലിലേക്ക് നയിച്ചു. ഈ മത്സരത്തിന് 10 ദിവസങ്ങള്‍ക്ക് ശേഷം മെഡെലിനിലെ ഒരു ബാറിന് പുറത്തുവെച്ച് എസ്‌കോബാര്‍ വെടിയേറ്റ് മരിച്ചു. ബ്രസീലിന്റെ റൊമാരിയോയായിരുന്നു ലോകകപ്പിന്റെ താരം.
.jpg?$p=c27e4d5&&q=0.8)
1998 ഫ്രാന്‍സ്
16-ാമത് ഫിഫ ലോകകപ്പിന് വേദിയായത് ഫ്രാന്‍സായിരുന്നു. ജൂണ്‍ 10 മുതല്‍ ജൂലായ് 12 വരെ 32 ദിവസം നീണ്ടുനിന്ന ഈ ലോകകപ്പ് ടൂര്‍ണമെന്റായിരുന്നു ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോകകപ്പ് ടൂര്‍ണമെന്റ്. ഇത് രണ്ടാം തവണയായിരുന്നു ഫ്രാന്‍സ് ലോകകപ്പിന് വേദിയായത്. ഫൈനല്‍ റൗണ്ടില്‍ 24 ടീമുകള്‍ക്ക് പകരം 32 ടീമുകളെ പങ്കെടുപ്പിച്ച ആദ്യ ലോകകപ്പ് കൂടിയായിരുന്നു ഇത്. നാല് ടീമുകളടങ്ങിയ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു മത്സരങ്ങള്‍. 10 വേദികളിലായി 64 മത്സരങ്ങളാണ് ലോകകപ്പില്‍ ഉണ്ടായിരുന്നത്. ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന ബ്രസീലിനെ 3-0ന് തകര്‍ത്ത് ആതിഥേയരായ ഫ്രാന്‍സ് തന്നെയായിരുന്നു കിരീടത്തില്‍ മുത്തമിട്ടത്. ഫ്രാന്‍സിന്റെ ആദ്യ ലോകപ്പ് വിജയമായിരുന്നു ഇത്. ക്രൊയേഷ്യ, ജമൈക്ക, ജപ്പാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ ആദ്യമായി പങ്കെടുത്ത ലോകകപ്പ് കൂടിയായിരുന്നു ഇത്. 171 ഗോളുകളാണ് ടൂര്‍ണമെന്റില്‍ സ്‌കോര്‍ ചെയ്യപ്പെട്ടത്.
ഫൈനലിനു മുമ്പ് ഫുട്ബോള്‍ ലോകം ചര്‍ച്ച ചെയ്തത് ബ്രസീല്‍ സൂപ്പര്‍ സ്റ്റാര്‍ റൊണാള്‍ഡോ ഫൈനലില്‍ കളിക്കില്ലെന്ന വാര്‍ത്തയായിരുന്നു. ഒടുവില്‍ കിക്കോഫിന് 45 മിനിറ്റുകള്‍ക്ക് മുമ്പാണ് താരം സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഉണ്ടാകുമെന്ന സ്ഥിരീകരണം വരുന്നത്. റൊണാള്‍ഡോ കളിക്കില്ലെന്നതിന് കാരണമായി അന്ന് പല ഊഹാപോഹങ്ങളും ഉണ്ടായിരുന്നു. പരിക്ക് ഗുരുതരമായതാണെന്നും താരത്തിനുള്ള ഭക്ഷണത്തില്‍ എന്തോ കലര്‍ത്തിയതാണെന്നുമൊക്കെയുള്ള പല കാര്യങ്ങളും അന്ന് പ്രചരിച്ചിരുന്നു. ഒടുവില്‍ സ്പോണ്‍സറായ നൈക്കിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഒടുവില്‍ താരത്തെ കളിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എങ്കിലും അന്ന് റൊണാള്‍ഡോയക്ക് എന്താണ് സംഭവിച്ചതെന്ന കാര്യം ഇന്നും അജ്ഞാതമായി തുടരുകയാണ്. ഫൈനലില്‍ രണ്ട് ഗോളുകളോടെ ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്‍ താരമാകുകയും ചെയ്തു. എങ്കിലും ലോകകപ്പിന്റെ താരം റൊണാള്‍ഡോ തന്നെയായിരുന്നു. അഡിഡാസിന്റെ ട്രൈകളോറെ ആയിരുന്നു ലോകകപ്പിന്റെ ഔദ്യോഗിക പന്ത്.
2002 ദക്ഷിണ കൊറിയ - ജപ്പാന്‍
ദക്ഷിണ കൊറിയയിലും ജപ്പാനിലുമായി നടന്ന ഫിഫയുടെ 17-ാം ലോകകപ്പ് ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. മേയ് 31 മുതല്‍ ജൂണ്‍ 30 വരെ നടന്ന ഈ ടൂര്‍ണമെന്റ് ഏഷ്യാ വന്‍കരയില്‍ നടന്ന ആദ്യ ഫുട്ബോള്‍ ലോകകപ്പായിരുന്നു. മാത്രമല്ല അമേരിക്കന്‍ യൂറോപ്പ് വന്‍കരകള്‍ക്ക് പുറത്ത് ആദ്യമായി നടന്ന ലോകകപ്പ് കൂടിയായിരുന്നു ഇത്. രണ്ട് രാജ്യങ്ങള്‍ സംയുക്തമായി ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതും ആദ്യമായിട്ടായിരുന്നു. ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച ചില ഫലങ്ങളും ലോകകപ്പിലുണ്ടായിരുന്നു. നിലവിലെ ജേതാക്കളായിരുന്ന ഫ്രാന്‍സ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതായിരുന്നു അതിലൊന്ന്. ഒരു ഗോള്‍ പോലും നേടാനാകാതെയായിരുന്നു ഫ്രഞ്ച് ടീമിന്റ പുറത്താകല്‍. ഫ്രാന്‍സിനെ പരാജയപ്പെടുത്തി സെനഗല്‍ വരവറിയിക്കുകയും ചെയ്തു. അര്‍ജന്റീനയും ഇത്തരത്തില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. പോര്‍ച്ചുഗല്‍, ഇറ്റലി, സ്പെയ്ന്‍ എന്നിവരെ പരാജയപ്പെടുത്തി ആതിഥേയരായ ദക്ഷിണ കൊറിയ സെമിയിലെത്തിയതും ഫുട്ബോള്‍ ലോകത്തിന് അദ്ഭുതമായി. എങ്കിലും റഫറിയിങ് ദക്ഷിണ കൊറിയയ്ക്ക് അനുകൂലമായിരുന്നുവെന്ന വിവാദങ്ങള്‍ ഉണ്ടായി. യുവേഫ, കോണ്‍കാഫ് സംഘടനകള്‍ക്ക് പുറത്തു നിന്ന് ആദ്യമായി ഒരു ടീം ലോകകപ്പ് സെമി കളിക്കുന്നതും ആദ്യമായിട്ടായിരുന്നു.
ലോകകപ്പില്‍ തകര്‍ത്ത് കളിച്ച ബ്രസീലിനു തന്നെയായിരുന്നു കിരീടം. ഫൈനലില്‍ ജര്‍മനിയെ 2-0ന് പരാജയപ്പെടുത്തി ബ്രസീല്‍ തങ്ങളുടെ അഞ്ചാം ലോക കിരീടം സ്വന്തമാക്കി. അഞ്ച് ലോകകപ്പുകള്‍ നേടുന്ന ഏക ടീം എന്ന നേട്ടവും ബ്രസീല്‍ ഇതോടെ സ്വന്തമാക്കി. ഫിഫ ഗോള്‍ഡന്‍ ഗോള്‍ നിയമം അവസാനമായി ഉപയോഗിച്ച ലോകകപ്പ് കൂടിയായിരുന്നു ഇത്. അഡിഡാസിന്റെ ഫെവെര്‍നോവ ആയിരുന്നു ലോകകപ്പിന് ഉപയോഗിച്ച ഔദ്യോഗിക പന്ത്. എട്ട് ഗോളുകളോടെ ബ്രസീലിന്റെ റൊണാള്‍ഡോയായിരുന്നു ടോപ് സ്‌കോററും ഗോള്‍ഡന്‍ബൂട്ട് ജേതാവും. ജര്‍മന്‍ ഗോള്‍കീപ്പര്‍ ഒളിവര്‍ ഖാനായിരുന്നു ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
2006 ജര്‍മനി
18-ാമത് ഫിഫ ലോകകപ്പിന് വേദിയായത് ജര്‍മനിയായിരുന്നു. ജൂണ്‍ ഒമ്പത് മുതാല്‍ ജൂലായ് ഒമ്പത് വരെയായിരുന്നു ലോകകപ്പ് മത്സരങ്ങള്‍. ഇത് രണ്ടാം തവണയായിരുന്നു ജര്‍മനി ലോകകപ്പിന് വേദിയായത്. പശ്ചിമ ജര്‍മനിയും കിഴക്കന്‍ ജര്‍മനിയും ചേര്‍ന്ന് ഒരൊറ്റ രാജ്യമായ ശേഷം ആദ്യവും. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലില്‍ ഫ്രാന്‍സിനെ 5-3ന് പരാജയപ്പെടുത്തി ഇറ്റലിയാണ് 2006-ല്‍ കിരീടമുയര്‍ത്തിയത്. ഇറ്റലിയുടെ നാലാം ലോകകപ്പ് കിരീടമായിരുന്നു ഇത്. ഫൈനലില്‍ ഫ്രാന്‍സിനു വേണ്ടി സിദാനും ഇറ്റലിക്കായി മാര്‍ക്കോ മറ്റെരാസിയും നിശ്ചിത സമയത്ത് ഗോളുകള്‍ നേടി. അധികസമയത്തേക്ക് നീണ്ട മത്സരം അവസാനിക്കാനിരിക്കെ സിദാന്‍ മാറ്റെരാസിയുടെ നെഞ്ചില്‍ തലകൊണ്ട് ഇടിച്ചുവീഴ്ത്തിയത് ലോകകപ്പിലെ വിവാദ നിമിഷങ്ങളിലൊന്നായി. സിദാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത് പോകുകയും ചെയ്തു. ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന സിദാനായിരുന്നു മികച്ച താരം. അഞ്ച് ഗോളുകളോടെ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. 64 മത്സരങ്ങളുണ്ടായിരുന്ന ലോകകപ്പില്‍ 147 ഗോളുകളാണ് ആകെ സ്‌കോര്‍ ചെയ്യപ്പെട്ടത്. അഡിഡാസിന്റെ ടീംഗെയ്സ്റ്റായിരുന്നു ഔദ്യോഗിക മാച്ച് ബോള്‍.
2010 ദക്ഷിണാഫ്രിക്ക
ദക്ഷിണാഫ്രിക്കയാണ് 19-ാമത് ഫിഫ ലോകകപ്പിന് വേദിയായത്. ജൂണ്‍ 11 മുതല്‍ ജൂലായ് 11 വരെയായിരുന്നു ലോകകപ്പ്. ലോകകപ്പിന് വേദിയാകുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായിരുന്നു ദക്ഷിണാഫ്രിക്ക. ഒമ്പത് വേദികളിലെ 10 സ്റ്റേഡിയങ്ങളിലായിട്ടായിരുന്നു മത്സരങ്ങള്‍. ടിക്കി ടാക്കയുടെ സൗന്ദര്യവുമായെത്തിയ സ്പെയ്ന്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ 1-0ന് പരാജയപ്പെടുത്തി കിരീടം നേടുകയായിരുന്നു. സ്പെയ്നിന്റെ ആദ്യ കിരീടമായിരുന്നു ഇത്. യൂറോപ്പിന് പുറത്തു നടന്ന ഒരു ലോകകപ്പില്‍ കിരീടം നേടുന്നു ആദ്യ യൂറോപ്യന്‍ ടീം എന്ന നേട്ടവും സ്പെയ്ന്‍ സ്വന്തമാക്കി. ആതിഥേയരായ ദക്ഷിണാഫ്രിക്ക, ഇറ്റലി, ഫ്രാന്‍സ് ടീമുകള്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്താകുകയും ചെയ്തിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ആതിഥേയ രാജ്യം ഗ്രൂപ്പ് സ്റ്റേജ് കടക്കാത്ത ആദ്യ ലോകകപ്പും ഇതായിരുന്നു. ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ തോല്‍വിയറിയാതിരുന്ന ഏക ടീം ന്യൂസീലന്‍ഡായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മത്സരങ്ങളെല്ലാം സമനിലയായിരുന്നു ഫലം. എന്നാല്‍ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം കടക്കാന്‍ ന്യൂസീലന്‍ഡിന് സാധിച്ചിരുന്നില്ല.
യുറഗ്വായുടെ ഡിയഗോ ഫോര്‍ലാനായിരുന്നു ലോകകപ്പിലെ മികച്ച താരം. അഞ്ച് ഗോളുകള്‍ വീതം നേടി ഫോര്‍ലാന്‍, ജര്‍മനിയുടെ തോമസ് മുള്ളര്‍, നെതര്‍ലന്‍ഡ്സിന്റെ വെസ്ലി സ്നൈഡര്‍, സ്പെയ്നിന്റെ ഡേവിഡ് വിയ്യ എന്നിവര്‍ ടോപ് സ്‌കോറര്‍മാരായി. അഡിഡാസിന്റെ ജബുലാനിയായിരുന്നു ഔദ്യോഗിക മാച്ച് ബോള്‍.
2014 ബ്രസീല്‍
ഫിഫ ലോകകപ്പിന്റെ 20-ാം പതിപ്പിന് വേദിയായത് ബ്രസീലായിരുന്നു. ജൂണ്‍ 12 മുതല്‍ ജൂലായ് 13 വരെയായിരുന്നു ലോകകപ്പ്. ബ്രസീല്‍ ലോകകപ്പിന് വേദിയാകുന്നത് ഇത് രണ്ടാം തവണയായിരുന്നു. 12 വേദികളിലായി 64 മത്സരങ്ങളാണ് ലോകകപ്പില്‍ ഉണ്ടായിരുന്നത്. ഗോള്‍ ലൈന്‍ സാങ്കേതികവിദ്യയും ഫ്രീ കിക്കുകള്‍ മാര്‍ക്ക് ചെയ്യുന്ന വാനിഷിങ് സ്പ്രേയും ഉപയോഗിക്കപ്പെട്ട ആദ്യ ലോകകപ്പും ഇതായിരുന്നു. ലയണല്‍ മെസ്സിയുടെയും അര്‍ജന്റീനയുടെയും മുന്നേറ്റം കണ്ട ലോകകപ്പില്‍ പക്ഷേ ഫൈനലില്‍ വിജയം ജര്‍മനിക്കൊപ്പമായിരുന്നു. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ അര്‍ജന്റീനയെ 1-0ന് പരാജയപ്പെടുത്തിയായിരുന്നു ജര്‍മനിയുടെ നാലാം കിരീട നേട്ടം.
ഈ ലോകകപ്പ് സെമിയില്‍ ജര്‍മനിയോട് 7-1ന് പരാജയപ്പെട്ട ബ്രസീലിന്റെ മോശം പ്രകടനം ഏറെ ശ്രദ്ധ നേടി. ലയണല്‍ മെസ്സിയായിരുന്നു ലോകകപ്പിന്റെ താരം. ആറ് ഗോളുകള്‍ നേടിയ കൊളംബിയയുടെ ജെയിംസ് റോഡ്രിഗസായിരുന്നു ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. അഡിഡാസിന്റെ ബ്രസൂക്കയായിരുന്നു ഔദ്യോഗിക മാച്ച് ബോള്‍.
2018 റഷ്യ
21-ാമത് ഫിഫ ലോകകപ്പിന് വേദിയായത് റഷ്യയായിരുന്നു. ജൂണ്‍ 14 മുതല്‍ ജൂലായ് 15 വരെയായിരുന്നു ലോകകപ്പ് മത്സരങ്ങള്‍. യൂറോപ്പില്‍ നടക്കുന്ന 11-ാം ലോകകപ്പ് കൂടിയായിരുന്നു ഇത്. 12 വേദികളിലായി 64 മത്സരങ്ങളാണ് ലോകകപ്പില്‍ ഉണ്ടായിരുന്നത്. ജൂലായ് 15-ന് മോസ്‌കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ക്രൊയേഷ്യയെ 4-2ന് പരാജയപ്പെടുത്തി ഫ്രാന്‍സ് തങ്ങളുടെ രണ്ടാം ലോക കിരീടത്തില്‍ മുത്തമിട്ടു. ആറ് ഗോളുകളോടെ ഇംഗ്ലണ്ടിന്റെ ഹാരി കെയ്നായിരുന്നു ലോകകപ്പിലെ ടോപ് സ്‌കോറര്‍. ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചായിരുന്നു ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. അഡിഡാസിന്റെ ടെല്‍സ്റ്റാറായിരുന്നു റഷ്യന്‍ ലോകകപ്പിന്റെ ഔദ്യോഗിക മാച്ച് ബോള്‍.
ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join whatsapp Group
https://mbi.page.link/1pKR
Content Highlights: FIFA World Cup history
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..