Photo: Getty Images
ജപ്പാനും ദക്ഷിണ കൊറിയയും പുറത്തായതോടെ ഏഷ്യന്‍ ടീമുകളുടെ മുന്നേറ്റം ഈ ലോകകപ്പില്‍ അവസാനിച്ചുവെന്നു പറയാമെങ്കിലും അതങ്ങനെ തീര്‍ന്നുവെന്ന് കരുതിക്കൂടാ. ജപ്പാന്‍ ജര്‍മനിയെയും സ്പെയിനിനെയും തോല്‍പ്പിച്ചതും ക്രൊയേഷ്യയുമായുള്ള കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടിക്കൊണ്ടു പോയതും രേഖപ്പെടുത്തപ്പെട്ടുതന്നെ കിടക്കുന്നു. നീല സമുറായ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയില്ല എന്നത് ശരിയാണ്. ഒരുവേള എത്തുമായിരുന്നു. അത് സംഭവിച്ചില്ലെങ്കിലും അവരുടെ കളി ഇനി മായ്ച്ചുകളയാന്‍ വയ്യ.
ജര്‍മനിയോടും സ്പെയിനിനോടുള്ള സമീപനമായിരുന്നില്ല ക്രൊയേഷ്യയോടുള്ള അവരുടെ കളിയില്‍ കണ്ടത്. ആ കളികളില്‍ ജപ്പാന്റെ പന്തുപിടിത്തക്കണക്കുകള്‍ നന്നെ കുറവായിരുന്നു. എന്നാല്‍ ക്രൊയേഷ്യയുമായി തുല്യനിലയില്‍ മാത്രമല്ല, ഇടക്ക് മേല്‍ക്കൈയോടെയുമാണ് കളിച്ചത് എന്നത് കണ്ട കളി മാത്രമല്ല അതു സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകള്‍ കൂടി വ്യക്തമാക്കുന്നു. എതിരാളികളുടെ നീക്കങ്ങള്‍ നോക്കി പ്രതികരിക്കുകയായിരുന്നില്ല അവര്‍, ക്രൊയേഷ്യയെ സാധാരണ പോലെ കണ്ട് മുന്‍കൈയെടുത്ത് കളിക്കുകയായിരുന്നു. ഇതിനൊരു കാരണം ഇത് നോക്കൗട്ട് റൗണ്ട് ആണ് എന്നതു മാത്രമല്ല. ക്രൊയേഷ്യയെ പോലുള്ള ഒരു ടീമിനെ തോല്‍പ്പിക്കാന്‍ കഴിയുന്ന ടീമായി അവര്‍ എണ്ണുന്നു. ഇത് വലിയ മുന്നേറ്റമാണ്. ലൂക്ക മോഡ്രിച്ചിന് പതിവു പോലെ കളിയെ സ്വാധീനിക്കാന്‍ കഴിയാഞ്ഞതിന് ഒരുകാരണം ജപ്പാന്റെ കളിയായിക്കൂടേ?
ജപ്പാന്റെ റിറ്റ്സു യൊവാനോ അസാനോവോ അല്ലെങ്കില്‍ ഡായ്സന്‍ മയെദയോ കുറഞ്ഞ കളിക്കാരായിരുന്നില്ല ഈ ടൂര്‍ണമെന്റില്‍. ഒരുപക്ഷേ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ അറിയപ്പെടുന്നവരല്ലായിരിക്കാം. കളിക്കാരന്‍ പകുതി തിരിഞ്ഞുകൊണ്ട് ഗതി മാറ്റുന്നതും അതിവേഗത്തിലുള്ള ഓടിയുള്ള കയറ്റങ്ങളും മാത്രമായിരുന്നില്ല അവരുടെ കളി. സങ്കീര്‍ണമായ പാസിങ്ങിലും അവര്‍ മുഴുകി. പന്ത് വരുമ്പോള്‍ കൃത്യസ്ഥലത്ത് അവരുണ്ട്. ശൂന്യസ്ഥലത്തേക്ക് പന്തിനെ അയക്കുമ്പോള്‍ അവിടെ അവരുടെ ആളുണ്ട്. ഒരു കളി മാത്രമുള്ള ഒരു ടീമല്ല തങ്ങളെന്ന് ക്രൊയേഷ്യക്കെതിരെ അവര്‍ തെളിയിച്ചു.

പന്ത് പിടിത്തത്തില്‍ ക്രൊയേഷ്യയെക്കാള്‍ അല്‍പം മാത്രമേ ജപ്പാന്‍ വത്യാസപ്പെടുന്നുള്ളൂ. മറ്റു കണക്കുകളിലും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു. പന്തുപിടിത്തം ക്രൊയേഷ്യയുടെ 58.1 നെതിരെ 41.9. സ്പെയിനിനെതിരെ ഇത് 17.7 ഉം ജര്‍മനിക്കെതിരെ 26.1 ഉം ആണ്. രണ്ടുകളികളും ജപ്പാന്‍ ജയിച്ചതാണ്! കോസ്റ്ററീക്കക്കെതിരേ തോറ്റ കളിയില്‍ ഇത് 56.8 ആണ്. ഗ്രൂപ്പ് ഘട്ടം കടന്നതോടെ ജപ്പാന്റെ മനോഭാവത്തില്‍ വലിയ വ്യത്യാസം വന്നു.
ഈ നേട്ടം നിലനിര്‍ത്താനും ഇനിയും മുന്നേറാനും കഴിയുമോ എന്നത് മറ്റൊരു കാര്യമാണ്. അത് പല സംഗതികളെയും ആശ്രയിച്ചിരിക്കുന്നു. ഇത് ഒരു തലമുറ സംഗമിച്ചതിന്റെ പരിണിത ഫലമായിക്കൂടേ. ആവാതിരിക്കാന്‍ നോക്കേണ്ടത് മോറിയാസുവിനെപ്പോലുള്ള പരിശീലകരാണ്. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്കും ജപ്പാന്‍ പരിശീലകരെ അയക്കുന്നുണ്ടെന്ന് മോറിയാസു പറയുകയുണ്ടായി.
2014-ല്‍ ജര്‍മനി ലോകകപ്പ് നേടിയപ്പോള്‍ അവരുടെ സംവിധാനത്തെക്കുറിച്ചും അവര്‍ നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ചും വളരെ പറഞ്ഞു കേട്ടിരുന്നു. പക്ഷേ പിന്നീടെന്തു സംഭവിച്ചു? ജര്‍മനിയുടെ കളി സംഘാടനം അതു പോലെ തന്നെയുണ്ടാവും. ബയേണ്‍ മ്യൂണിക്കും ഡോര്‍ട്മുണ്ടും വലിയ ടീമുകളായി തന്നെ തുടരുന്നു. ബുണ്ടസ് ലീഗ പ്രധാനപ്പെട്ട ലീഗുകളിലൊന്നായി തുടരുന്നു. ജമാല്‍ മുസിയാലയെപ്പോലെ ഒരു കളിക്കാരനെ അവര്‍ക്ക് ലഭിക്കുന്നു. എന്നിട്ടും ജര്‍മനിയെ രണ്ടുവട്ടമായി നേരത്തെ പുറത്താവുകയാണ്. ഇത് ഏതു ടീമിന്റെ കാര്യത്തിലും സംഭവിക്കാം.

ദക്ഷിണ കൊറിയയുടെ സമീപനവും ഇതു തന്നെയായിരുന്നു. ജപ്പാന്‍ ക്രൊയേഷ്യയോടെന്നപോലെ അവര്‍ ബ്രസീലിനോട് കളിച്ചു. അങ്ങനെ തുറന്ന കളി കളിച്ച് ഗോളുകള്‍ വാങ്ങി തോറ്റുവെങ്കിലും കൊറിയക്കാര്‍ അപമാനിതരായില്ല. ആദ്യത്തെ 45 മിനിറ്റില്‍ ബ്രസീല്‍ കളിച്ച് രസിക്കുകയും രസിപ്പിക്കുകയും ചെയ്ത കളി മറ്റൊരു ടീമും ഈ ലോക കപ്പില്‍ മാത്രമല്ല, അടുത്ത കാലത്തൊന്നും കളിച്ചുകാണില്ല. സെര്‍ബിയക്കെതിരെ ഈ കളിയുടെ റിഹേഴ്സല്‍ ഉണ്ടായിരുന്നു. റിഹേഴ്സലില്‍ നിന്നുളള ചില വ്യത്യാസങ്ങളും കണ്ടു. ഇടതു ഭാഗത്ത് വിനീഷ്യസിനെപ്പോലെ റഫീഞ്ഞക്ക് കളിക്കാനായി. നെയ്മര്‍ക്കൊപ്പം പക്വേറ്റയും തിളങ്ങി. വ്യത്യാസമില്ലാതിരുന്ന ഒരു കാര്യം റിച്ചാര്‍ലിസന്റെ ഗോളുകളായിരുന്നു. ആദ്യത്തേതില്‍ ടൂര്‍ണമെന്റിലെ മികച്ച ഗോള്‍. രണ്ടാമത്തേതിലും മികച്ച ഗോള്‍. വിനീഷ്യസ് ഗോള്‍ നേടാന്‍ കുറച്ചു നേരം നിന്ന നില്‍പ്പില്‍ നില്‍ക്കുകയുണ്ടായി. റിച്ചാര്‍ലിസന്‍ തലകൊണ്ട് പന്തിനെ കളിപ്പിച്ചതു പോലെ ഈ നിശ്ചല ദൃശ്യവും ആകര്‍ഷകം. ചില അളവുകളും കോണുകളും പരീക്ഷിക്കാന്‍ മുതിര്‍ന്നിരുന്നില്ലെങ്കില്‍ അവര്‍ക്ക് കൂടുതല്‍ ഗോളുകളടിക്കാമായിരുന്നു.

ഇങ്ങനയൊക്കെ കളിക്കാമോ തോല്‍ക്കില്ലേ എന്ന് ബ്രസീലിനോട് ചോദിക്കാവുന്നതാണ്. ബ്രസീലിന്റെ മേല്‍ക്കൈ അംഗീകരിച്ചുകൊണ്ടു തന്നെ കൊറിയക്കാര്‍ ഇങ്ങനെ ചോദിച്ചിരുന്നതാണ്. ഗോളി അലിസന് രണ്ടടികള്‍ ശ്രമകരമായി തടുക്കേണ്ടിവന്നു. ആ വഴിക്ക് പകരക്കാരനായ പേക്ക് സ്യൂങ് ഹോ ദൂരേ നിന്നടിച്ച് ഒരു ഗോള്‍ മടക്കുകയും ചെയ്തു. സോണിനെപ്പോലെ വലതു ഭാഗത്ത് ഹീ ച്വാന്‍ ഹാങ്ങും നന്നായി കളിച്ചു.
വാസ്തവത്തില്‍ 40 മിനിറ്റില്‍ കൂടുതല്‍ നേരം ബ്രസീല്‍ അരങ്ങ് വാണിരുന്നുവെങ്കില്‍, തോല്‍വി മുന്നില്‍ കണ്ട് കൊറിയക്കാര്‍ പിന്‍മടങ്ങിയിരുന്നുവെങ്കില്‍ ഈ കളി മുഷിപ്പനാവുമായിരുന്നു. ബ്രസീലിന് അങ്ങനെ കളിക്കേണ്ട ആവശ്യമില്ലായിരുന്നു. കൊറിയക്കാകട്ടെ എങ്ങനെയെങ്കിലും പിടിച്ചു നിന്നാല്‍ മതി എന്ന വിചാരവുമില്ലായിരുന്നു. ബ്രസീലിന്റെ കളിയെ ഉയരത്തിലെത്തിക്കുന്നതില്‍ കൊറിയക്കാരും പങ്കു വഹിച്ചു എന്നു പറയുന്നത് തെറ്റാവില്ല.
മൂന്നാമത്തെ ഗോളി വീവര്‍ടനെ കൂടി കുറച്ചു നേരം കളിപ്പിച്ചതു വഴി ടീമിലെ 26 പേര്‍ക്കും കോച്ച് ടിറ്റെ അവസരം നല്‍കിയിരിക്കുന്നു. അങ്ങനെ ചെയ്യുന്ന ആദ്യത്തെ ടീമും ബ്രസീലാണ്. ആദ്യ പകുതിയില്‍ ധാരാളം ഗോളുകള്‍ നിക്ഷേപിച്ചതുകൊണ്ട് അവര്‍ക്കതിനായി.
Content Highlights: FIFA World Cup 2022 performance of Japan and South Korea and the brazil dominance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..