ഖത്തറില്‍ തിളങ്ങാന്‍ ഓറഞ്ചുപട


ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പുകളിലൂടെ

Photo: Getty Images

രാജിതനായ രാജാവായി യൊഹാന്‍ ക്രൈഫ് എന്ന മനുഷ്യന്‍ പുല്‍മൈതാനത്ത് മുട്ടുകുത്തിയ 1974-ലെ ലോകകപ്പ് ഫൈനല്‍ എങ്ങനെ മറക്കാനാണ്? ഫുട്ബോളിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മനോഹരമായ ടീമുകളിലൊന്നായിരുന്ന ക്രൈഫിന്റെ ഓറഞ്ചുപട അന്നു ജര്‍മനിയോടു കീഴടങ്ങിയപ്പോള്‍ കാല്‍പ്പന്തിനെ സ്‌നേഹിച്ചവരെല്ലാം കരഞ്ഞിരുന്നു.

അതിനുശേഷം ഓരോ തവണ നെതര്‍ലന്‍ഡ്‌സ് ലോകകപ്പിനെത്തുമ്പോഴും ആ നഷ്ടബോധം ഫുട്ബോള്‍ സ്‌നേഹികളുടെ മനസ്സില്‍ മുറിവായി നീറിക്കൊണ്ടിരുന്നു. ഇത്തവണ ഖത്തറിലെ ലോകകപ്പിനെത്തുമ്പോള്‍ ആ മുറിവുണക്കാന്‍ ഓറഞ്ചുസംഘത്തിനു സാധിക്കുമോയെന്നാണ് ഫുട്ബോള്‍ലോകം ഉറ്റുനോക്കുന്നത്. ഓറഞ്ചിനെ ജ്യൂസാക്കാന്‍ ആതിഥേരായ ഖത്തറും ആഫ്രിക്കന്‍ കരുത്തരായ സെനഗലും ലാറ്റിനമേരിക്കയുടെ ഇക്വഡോറുമെത്തുമ്പോള്‍ ഗ്രൂപ്പ് എ പോരാട്ടങ്ങള്‍ക്കു ചൂടേറും.ടോട്ടല്‍ നെതര്‍ലന്‍ഡ്‌സ്

എല്ലാവരും ഗോളിന്റെ നിര്‍മാതാക്കളാകണമെന്നും അതിനായി ഓരോരുത്തരും അവരവരുടെ ശരീരത്തെ നൂറുശതമാനം വിട്ടുനല്‍കണമെന്നും സിദ്ധാന്തിക്കുന്ന ടോട്ടല്‍ ഫുട്ബോളിന്റെ വക്താക്കളായ നെതര്‍ലന്‍ഡ്‌സ് ഖത്തറിലെത്തുമ്പോള്‍ ആദ്യറൗണ്ടില്‍ കാര്യങ്ങള്‍ ഏറക്കുറെ അനായാസമാണ്. ബാഴ്സലോണ സൂപ്പര്‍താരം മെംഫിസ് ഡീപേ നയിക്കുന്ന ആക്രമണനിരയാണ് ഡച്ച് പ്രതീക്ഷകളുടെ അടിസ്ഥാനം. അയാക്സ് താരം സ്റ്റീവന്‍ ബെര്‍ഗ്വൈനും പി.എസ്.വി.യുടെ ലൂക്ക് ഡി ജോങ്ങും റോയല്‍ ആന്റ്വെര്‍പ്പിന്റെ വിന്‍സന്റ് ജാന്‍സണുമാകും ആക്രമണനിരയില്‍ ഡിപേയുടെ കൂട്ടാളികള്‍. മധ്യനിരയില്‍ ബാഴ്സയുടെ ഫ്രാങ്കി ഡിയോങ്ങും അയാക്സിന്റെ ഡേവി ക്ലാസണും സ്റ്റീവന്‍ ബെര്‍ഗൂയിസും അണിനിരക്കുമ്പോള്‍ ഓറഞ്ചിന്റെ കളിയൊഴുക്കിനെക്കുറിച്ച് ആശങ്ക വേണ്ട. പ്രതിരോധത്തില്‍ ലിവര്‍പൂള്‍ താരമായ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈക്കിനെ കോച്ച് ലൂയി വാന്‍ഗാലിനു നൂറുശതമാനം വിശ്വാസമാണെങ്കിലും കൂട്ടാളികള്‍ അത്ര കട്ടയ്ക്കു നില്‍ക്കുന്നവരല്ലെന്നത് ചെറിയൊരു ആശങ്കയാണ്. അതിനൊപ്പം ഡിപേയും ഡി ജോങ്ങും ഉള്‍പ്പെടെയുള്ളവരുടെ പരിക്കും ഓറഞ്ചിനെ വലയ്ക്കാനുള്ള സാധ്യതകളായി മുന്നിലുള്ളത് ലൂയി വാന്‍ഗാലിനു തലവേദന സൃഷ്ടിക്കുന്നുണ്ട്.

സെനഗലിന്റെ പോരാട്ടം

പോരാട്ടമെന്നത് പുത്തരിയല്ലാത്ത സെനഗല്‍ ഖത്തറിലെത്തുമ്പോഴും അവരുടെ നയത്തില്‍നിന്നു മാറുന്നില്ല. 2002-ലെ ജപ്പാന്‍-കൊറിയ ലോകകപ്പില്‍ എല്ലാവരെയും ഞെട്ടിച്ച പ്രകടനവുമായി ക്വാര്‍ട്ടര്‍ ഫൈനല്‍വരെ കുതിച്ചെത്തിയ സെനഗല്‍ ഏഷ്യന്‍മണ്ണില്‍ വീണ്ടുമൊരു വിസ്മയം സൃഷ്ടിക്കാനുള്ള സാധ്യതകളേറെയാണ്. ഗ്രൂപ്പിലെ ടീമുകള്‍മുതല്‍ ഖത്തറിലെ കളിസാഹചര്യംവരെയായി ഒരുപാട് അനുകൂലഘടകങ്ങള്‍ സെനഗലിനെ അനുകൂലിക്കുന്നവര്‍ക്കു ചൂണ്ടിക്കാട്ടാനുമുണ്ട്. ബയേണ്‍ മ്യൂണിച്ച് താരം സാദിയോ മാനേ നയിക്കുന്ന മുന്നേറ്റനിരയാണ് ഖത്തറില്‍ സെനഗലിന്റെ ഏറ്റവും വലിയ കരുത്താകുന്നത്. പി.എസ്.ജി.യുടെ ഇദ്രിസ ഗുയെയും ക്രിസ്റ്റല്‍ പാലസിന്റെ ചെയ്ഖോ കൗയറ്റെയും അണിനിരക്കുന്ന മധ്യനിര അത്രപോരെങ്കിലും പ്രതിരോധത്തില്‍ ചെല്‍സിതാരമായ ക്യാപ്റ്റന്‍ കാലിദോ കൗലിബാലിയുടെ സാന്നിധ്യം സെനഗലിന്റെ പ്ലസ് പോയന്റാണ്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കിരീടം ചൂടിയാണ് സെനഗല്‍ ഖത്തറിലെത്തുന്നത്.

ഖത്തറിനെ സൂക്ഷിക്കണം

ആതിഥേയര്‍ എന്നത് മിക്ക ലോകകപ്പിലും ഞെട്ടിക്കാനുള്ള മരുന്നുള്ളവരുടെ സംഘമാണ്. ചരിത്രത്തിലെ ആദ്യ ലോകകപ്പിനു ബൂട്ടുകെട്ടുന്ന ഖത്തറിനു പ്രീക്വാര്‍ട്ടര്‍ എന്നത് ന്യായമായ ഒരു സ്വപ്നമായി വകവെച്ചുകൊടുക്കാം. കാരണം സമീപകാലത്തു ഖത്തര്‍ നടത്തിയ കുതിപ്പുകള്‍ ആ സ്വപ്നത്തിനു നിറമേറ്റുന്നുണ്ട്. 2019-ലെ ഏഷ്യന്‍ കപ്പില്‍ ഒരൊറ്റ ഗോള്‍മാത്രം വഴങ്ങി കിരീടം ചൂടിയ ഖത്തറിന്റെ പ്രകടനം ഏഷ്യന്‍കപ്പിന്റെ ചരിത്രത്തിലെത്തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണ്. 160-ലേറെ മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ച ക്യാപ്റ്റന്‍ ഹസന്‍ അലി ഹൈദോസും യുവതാരങ്ങളായ അക്രം അഫീഫും അല്‍മോയസ് അലിയും അടങ്ങുന്ന മുന്നേറ്റനിര അപകടകാരികളാണെന്നു പലവട്ടം തെളിയിച്ചിട്ടുണ്ട്. മധ്യനിരയില്‍ കരിം ബൗദിയാഫും അബ്ദുല്‍ അസീസ് ഹാത്തേമും പ്രതിരോധത്തില്‍ അബ്ദുല്‍കരിം ഹസനും ബൗലേം ഖൗഖിയുമൊക്കെ ഏറെ പരിചയസമ്പന്നരാണെന്നതും ഖത്തറിന്റെ സ്വപ്നങ്ങള്‍ക്കു നിറമേറ്റുന്നു. ടീമിലെ ഒരാള്‍പോലും രാജ്യത്തിനു പുറത്തുള്ള ക്ലബ്ബുകളില്‍ കളിക്കുന്നില്ലെന്നതു മാത്രമാണ് ഇതിനിടയില്‍ ഒരു പോരായ്മയായി ചൂണ്ടിക്കാട്ടാവുന്ന ഘടകം.

വാതില്‍ തുറക്കാന്‍ ഇക്വഡോര്‍

ഹോളണ്ടിനെ തത്കാലം വെറുതേ വിടാം. എന്നാല്‍, സെനഗലിനെയും ഖത്തറിനെയും വീഴ്ത്തിയാല്‍ പ്രീ ക്വാര്‍ട്ടറിലേക്കു വാതില്‍ തുറക്കാമെന്ന സാധ്യത ഇക്വഡോറിന്റെ മനസ്സില്‍ ലഡുപൊട്ടിക്കുന്നുണ്ട്. പെര്‍വിസ് എസ്റ്റുപിനാനും എഞ്ചലോ പ്രസിയാഡോയും അടങ്ങിയ പ്രതിരോധനിരയാണ് എക്വഡോറിന്റെ കരുത്ത്. ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ബ്രസീലിനെയും അര്‍ജന്റീനയെയും സമനിലയില്‍ തളച്ച എക്വഡോര്‍ ഈ വര്‍ഷം നടന്ന സൗഹൃദമത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെും വീഴ്ത്തിയിരുന്നു. ഈ പ്രകടനങ്ങളുടെ ആവര്‍ത്തനം ഖത്തറിലും കാഴ്ചവെക്കാനായാല്‍ പ്രീ ക്വാര്‍ട്ടര്‍ എന്ന സ്വപ്നം എക്വഡോറിന് അത്ര വിദൂരമായ ഒന്നാകില്ല. ഇന്നര്‍ വലന്‍സിയ നയിക്കുന്ന മുന്നേറ്റനിരയും പരിചയസമ്പന്നരായ ഏഞ്ചല്‍ മെനയും കാര്‍ലോസ് ഗ്രുയിസോയും അടങ്ങുന്ന മധ്യനിരയും കൂടിയാകുമ്പോള്‍ എക്വഡോര്‍ ചില വാതിലുകള്‍ തുറന്നേക്കാം.

Content Highlights: fifa world cup 2022 Netherlands team preview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented