നിര്‍ഭാഗ്യം മറികടക്കാന്‍ നെതര്‍ലന്‍ഡ്‌സ്, 2002 ആവര്‍ത്തിക്കാന്‍ സെനഗല്‍


സിറാജ് കാസിം

ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ടീമുകളിലൊന്നായിരുന്ന ക്രൈഫിന്റെ ഓറഞ്ചുപട ആ ലോകകപ്പ് നേടുമെന്നു തന്നെയാണ് ആ നേരത്ത് എല്ലാവരും കരുതിയത്. ടോട്ടല്‍ ഫുട്ബോളിന്റെ പ്രയോക്താവായ റിനസ് മൈക്കിള്‍സ് ഊതിക്കാച്ചിയെടുത്ത ടീം

Photo: Getty Images

ഗ്രൂപ്പ് എ ടീമുകള്‍, ബ്രാക്കറ്റില്‍ ലോക റാങ്കിങ്
നെതര്‍ലന്‍ഡ്‌സ് (8)
സെനഗല്‍ (18)
ഇക്വഡോര്‍ (44)
ഖത്തര്‍ (49)

രാജിതനായ രാജകുമാരനായിട്ടാണ് യൊഹാന്‍ ക്രൈഫ് എന്ന മനുഷ്യന്റെ ചിത്രം ആ ഫ്രെയിമില്‍ തെളിഞ്ഞിരുന്നത്. ക്രൈഫിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടബോധം ഏതാണെന്നു ചോദിച്ചാല്‍ അതിനു ഒരുത്തരം മാത്രമേയുണ്ടാകൂ, 1974-ലെ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍. ക്രൈഫിന്റെ ബൂട്ടുകളെ ചുംബിച്ച് ഫൈനലിലെ ആ പന്ത് യാത്ര തുടങ്ങുമ്പോള്‍ മ്യൂണിച്ചിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെ മുക്കാല്‍ ലക്ഷത്തിലേറെ കാണികളില്‍ ഭൂരിപക്ഷവും ജര്‍മനിയുടെ വിജയത്തിനായി ആര്‍ത്തുവിളിക്കുന്നവരായിരുന്നു. പക്ഷേ ക്രൈഫിനു അതൊന്നും പ്രശ്നമായിരുന്നില്ല. തന്റെ പ്രതിഭയെയും കൂട്ടുകാരുടെ കഠിനാധ്വാനത്തെയും ഒരുപോലെ വിശ്വസിച്ചിരുന്ന ക്രൈഫിന്റെ ശരീരവും മനസും ആ പന്തിനു പിന്നാലെ മാത്രമാണ് പാഞ്ഞുകൊണ്ടിരുന്നത്.ആദ്യ മിനിറ്റില്‍ തന്നെ ക്രൈഫ് അപാരമായ വേഗവും മെയ്വഴക്കവും പ്രദര്‍ശിപ്പിച്ച് ജര്‍മനിയുടെ പെനാല്‍ട്ടി ബോക്സിലേക്കു ഒരു പരല്‍മീനിനെപ്പോലെ വെട്ടിത്തിരിഞ്ഞു കയറുമ്പോള്‍ ജര്‍മന്‍ പ്രതിരോധ ഭടന്‍ യൂളിഹോനെസിനു ഒന്നു മാത്രമേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. നിര്‍ദാക്ഷിണ്യം ക്രൈഫിനെ വീഴ്ത്തുകയെന്ന ജോലി യൂളിഹോനസ് കൃത്യമായി ചെയ്തു. ആ പാപത്തിനു ശിക്ഷയായി റഫറി പെനാല്‍ട്ടി സ്പോട്ടിലേക്കു വിരല്‍ ചൂണ്ടിയപ്പോള്‍ ജര്‍മന്‍ ആരാധകരുടെ തൊണ്ടകള്‍ വരണ്ടു പോയി. ആ നേരത്തു ക്രൈഫ് കൂട്ടുകാരനായ യൊഹാന്‍ നീസ്‌കെന്‍സിനെ പുഞ്ചിരിയോടെ നോക്കി. ക്രൈഫിന്റെ മനസു വായിച്ചതു പോലെ ശാന്തനായി നീസ്‌കെന്‍സ് പെനാല്‍ട്ടി കിക്കെടുക്കാന്‍ വന്നു. വലം കാലു കൊണ്ടുള്ള നീസ്‌കെന്‍സിന്റെ തകര്‍പ്പന്‍ ഷോട്ടു തടയാന്‍ ജര്‍മന്‍ ഗോളി സെപ് മേയര്‍ക്കു പഠിച്ച പാഠങ്ങളൊന്നും മതിയാകുമായിരുന്നില്ല. നീസ്‌കെന്‍സിന്റെ ഗോളിലൂടെ ഹോളണ്ട് കളിയുടെ തുടക്കത്തില്‍ തന്നെ മുന്നിലെത്തുമ്പോള്‍ തല താഴ്ത്തി നില്‍ക്കുകയായിരുന്നു സാക്ഷാല്‍ കൈസര്‍ ബെക്കന്‍ ബോവറിന്റെ നേതൃത്വത്തിലിറങ്ങിയ ജര്‍മന്‍ ടീം.

നെതര്‍ലന്‍ഡ്‌സ് (ലോകകപ്പില്‍ പങ്കെടുക്കുന്നത് 11-ാം തവണ)
മികച്ച പ്രകടനം
രണ്ടാം സ്ഥാനം - 3 തവണ (1974, 1978, 2010)
മൂന്നാം സ്ഥാനം - ഒരു തവണ (2014)
നാലാം സ്ഥാനം - ഒരു തവണ (1998)
ആകെ കളി - 50, ജയം - 27, സമനില - 12, തോല്‍വി - 11

ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ടീമുകളിലൊന്നായിരുന്ന ക്രൈഫിന്റെ ഓറഞ്ചു പട ആ ലോകകപ്പ് നേടുമെന്നു തന്നെയാണ് ആ നേരത്ത് എല്ലാവരും കരുതിയത്. ടോട്ടല്‍ ഫുട്ബോളിന്റെ പ്രയോക്താവായ റിനസ് മൈക്കിള്‍സ് ഊതിക്കാച്ചിയെടുത്ത ടീം. എല്ലാവരും ഗോളിന്റെ നിര്‍മാതാക്കളാകണമെന്നും അതിനായി ഓരോരുത്തരും അവരവരുടെ ശരീരത്തെ നൂറു ശതമാനം വിട്ടു നല്‍കണമെന്നുമുള്ള ടോട്ടല്‍ ഫുട്ബോള്‍ തിയറിയാണ് റിനസ് അവരെയെല്ലാം പഠിപ്പിച്ചത്. ലോക കിരീടമെന്ന സമ്മോഹന സ്വപ്നത്തിലേക്കു ക്രൈഫും കൂട്ടുകാരും തൊടാന്‍ പോകുന്നുവെന്ന പ്രതീതി ജനിപ്പിച്ച ഫൈനലിന്റെ ആദ്യ കുറേ നിമിഷങ്ങള്‍. പക്ഷേ 25-ാം മിനിറ്റില്‍ പോള്‍ ബ്രൈറ്റ്നറിന്റെ പെനാല്‍ട്ടി ഗോളും 43-ാം മിനിറ്റില്‍ ജെര്‍ഡ് മുള്ളറുടെ സ്ഫോടനം പോലെയുള്ള ഗോളും നെതര്‍ലന്‍ഡ്‌സിന്റെ സ്വപ്നങ്ങള്‍ക്കുമേല്‍ അഗ്‌നി പോലെ പതിച്ചു. ആദ്യ പകുതിയില്‍ തന്നെ ജര്‍മനി ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നു ഹോളണ്ടിനു ഒരു തിരിച്ചു വരവ് സാധ്യമായില്ല. വിശുദ്ധമായൊരു സങ്കടം പോലെ നെതര്‍ലന്‍ഡ്‌സ് എരിഞ്ഞടങ്ങിയ ആ ഫൈനല്‍ ലോകത്തിലെ ഫുട്ബോള്‍ പ്രേമികളെ എത്രയോ കാലം ഒരു നൊമ്പരമായി വേട്ടയാടി. അതിനു ശേഷം ഓരോ തവണ നെതര്‍ലന്‍ഡ്‌സ് ലോകകപ്പിനെത്തുമ്പോഴും ആ നഷ്ടബോധം അവരെ എങ്ങനെയൊക്കെയോ കുടഞ്ഞുകൊണ്ടിരുന്നു. ഇത്തവണ ഖത്തര്‍ ലോകകപ്പിനെത്തുമ്പോഴും നെതര്‍ലന്‍ഡ്‌സിന്റെ ആരാധകരും ഫുട്ബോള്‍ പ്രേമികളും കാത്തിരിക്കുന്നത് വിശുദ്ധമായൊരു ഹോളിഷ് ഫുട്ബോള്‍ കളത്തില്‍ ഇതള്‍ വിരിയുന്ന നിമിഷങ്ങള്‍ക്കായാണ്.

സുഖം സുഖകരം

ഒറ്റനോട്ടത്തിലോ ആഴത്തിലോ എങ്ങനെ നോക്കിയാലും നെതര്‍ലന്‍ഡ്‌സ് അനായാസമായി പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുക്കുമെന്ന് ഉറപ്പിക്കാവുന്നതാണ് ഗ്രൂപ്പ് എയിലെ ലൈനപ്പ്. ആതിഥേയരായ ഖത്തറോ ആഫ്രിക്കന്‍ കരുത്തരായ സെനഗലോ ലാറ്റിനമേരിക്കന്‍ പ്രതിനിധികളായ ഇക്വഡോറോ നെതര്‍ലന്‍ഡ്‌സിന്റെ വഴി തടയുമെന്ന് സാധാരണഗതിയില്‍ കരുതാനാകില്ല. ലോകറാങ്കിങ്ങില്‍ എട്ടാംസ്ഥാനത്ത് നില്‍ക്കുന്ന നെതര്‍ലന്‍ഡ്‌സിന് മൂന്ന് കളിയും ജയിച്ച് പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുക്കാമെന്നുതന്നെയാണ് അവരുടെ ആരാധകരും വിശ്വസിക്കുന്നത്.

ബാഴ്‌സലോണയ്ക്ക് കളിക്കുന്ന സൂപ്പര്‍താരം മെംഫിസ് ഡീപെ നയിക്കുന്ന ആക്രമണനിരതന്നെയാണ് ഖത്തര്‍ ലോകകപ്പില്‍ ഡച്ച് പ്രതീക്ഷകളുടെ അടിസ്ഥാനം. അയാക്‌സ് താരം സ്റ്റീവന്‍ ബെര്‍ഗൈ്വനും പി.എസ്.വിക്ക് കളിക്കുന്ന ലൂക്ക് ഡിയോങ്ങും റോയല്‍ ആന്റ്വെര്‍പ്പിന്റെ വിന്‍സന്റ് ജാന്‍സണും ആക്രമണനിരയില്‍ എതിരാളികള്‍ ഭയക്കുന്ന പോരാളികളാണ്.

മധ്യനിരയില്‍ ഫ്രെങ്കി ഡി യോങ്ങും അയാക്‌സിന്റെ ഡേവി ക്ലാസണും സ്റ്റീവന്‍ ബെര്‍ഗൂയിസും അണിനിരക്കുമ്പോള്‍ പ്രതിരോധത്തില്‍ ക്യാപ്റ്റന്‍-ലിവര്‍പൂള്‍ താരമായ വിര്‍ജില്‍ വാന്‍ ഡൈക്കും ഇന്റര്‍മിലാന്റെ സ്റ്റെഫാന്‍ ഡി റിജും ഡെന്‍സല്‍ ഡംഫ്രൈസും അയാക്‌സിന്റെ ഡാലി ബ്ലൈന്‍ഡുമൊക്കെ ഡച്ച് സ്വപ്നങ്ങള്‍ക്ക് നിറമേറ്റുന്നുണ്ട്. പ്രതീക്ഷിച്ചതുപോലെ കളിച്ചാല്‍ ഗ്രൂപ്പിലെ മൂന്നില്‍ മൂന്ന് കളിയും ജയിച്ച് ചാമ്പ്യന്‍മാരായിത്തന്നെ ഹോളണ്ട് പ്രീക്വാര്‍ട്ടറിലേക്ക് കടക്കുമെന്നും ന്യായമായും വിശ്വസിക്കാം.

സെനഗലിന്റെ സ്വപ്നങ്ങള്‍

സെനഗല്‍ (ലോകകപ്പില്‍ പങ്കെടുക്കുന്നത് മൂന്നാം തവണ)
മികച്ച പ്രകടനം
ക്വാര്‍ട്ടര്‍ ഫൈനല്‍ - ഒരു തവണ (2002)
ആകെ കളി - 8, ജയം - 3, സമനില - 3, തോല്‍വി - 2

ഹോളണ്ടിന് ഒന്നാംസ്ഥാനം ഉറപ്പിക്കുന്ന ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തിനുവേണ്ടിയാകും പൊരിഞ്ഞ പോരാട്ടം നടക്കുന്നത്. ലോകറാങ്കിങ് നോക്കിയാലും താരങ്ങളുടെ മികവ് കണക്കിലെടുത്താലും സെനഗലാണ് രണ്ടാംസ്ഥാനത്തേക്ക് മുന്‍പിലുള്ളത്. 2002-ലെ ഏഷ്യന്‍ ലോകകപ്പില്‍ ലോകത്തെ വിസ്മയിപ്പിച്ച പ്രകടനവുമായി ക്വാര്‍ട്ടര്‍ ഫൈനല്‍വരെ കുതിച്ചെത്തിയ സെനഗല്‍ ഏഷ്യന്‍ മണ്ണില്‍ വീണ്ടുമൊരു വിസ്മയം സൃഷ്ടിക്കുമെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. ഗ്രൂപ്പിലെ ടീമുകള്‍മുതല്‍ ഖത്തറിലെ കളിസാഹചര്യം വരെയായി ഒരുപാട് അനുകൂല ഘടകങ്ങള്‍ സെനഗല്‍ ആരാധകര്‍ക്ക് ചൂണ്ടിക്കാട്ടാനുമുണ്ട്.

2002-ലെ ജപ്പാന്‍- കൊറിയ ലോകകപ്പിലെ ആദ്യമത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ അട്ടിമറിച്ച് തുടങ്ങിയ സെനഗല്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ ഡെന്‍മാര്‍ക്കിനെയും യുറഗ്വായിയെയും സമനിലയില്‍ തളച്ചു. പ്രീ ക്വാര്‍ട്ടറില്‍ സ്വീഡനെ അട്ടിമറിച്ച സെനഗല്‍ ക്വാര്‍ട്ടറില്‍ തുര്‍ക്കിയോട് എക്‌സ്ട്രാ ടൈമിലെ ഗോളിലാണ് കീഴടങ്ങിയത്. അത്തരമൊരു തകര്‍പ്പന്‍ പ്രകടനത്തിന്റെ ആവര്‍ത്തനത്തിന് ഖത്തറില്‍ സാധ്യതയുണ്ടെന്ന് ഉറപ്പിക്കുന്നതാണ് സെനഗലിന്റെ ലൈനപ്പും.

ബയേണ്‍ മ്യൂണിക് താരം സാദിയോ മാനെ നയിക്കുന്ന മുന്നേറ്റനിരതന്നെയാണ് ഖത്തറില്‍ സെനഗലിന്റെ പ്രതീക്ഷകളുടെ അടിസ്ഥാനം. മധ്യനിരയില്‍ പി.എസ്.ജി.യുടെ ഇദ്രിസ ഗുയേയും ക്രിസ്റ്റല്‍ പാലസിന്റെ ചെയ്‌ഖോ കൗയറ്റേയും പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ ചെല്‍സി താരം കലീദു കൗലിബലിയും ബെറ്റിസ് താരം യൂസഫ് സബാലിയുമൊക്കെ അണിനിരക്കുമ്പോള്‍ സെനഗല്‍ രണ്ടാംറൗണ്ടിലെത്തിയില്ലെങ്കിലേ അദ്ഭുതപ്പെടാനുള്ളൂ.

ഖത്തറും ഇക്വഡോറും

ഇക്വഡോര്‍ (ലോകകപ്പില്‍ പങ്കെടുക്കുന്നത് നാലാം തവണ)
മികച്ച പ്രകടനം
പ്രീ ക്വാര്‍ട്ടര്‍ - ഒരു തവണ (2006)
ആകെ കളി - 10, ജയം - 4, സമനില - 1, തോല്‍വി - 5

സെനഗല്‍ പ്രീ ക്വാര്‍ട്ടറിന്റെ വാതിലുകള്‍ തള്ളിത്തുറക്കാന്‍ വെമ്പിവരുമ്പോള്‍ അവിടെ വില്ലന്‍മാരായി ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കന്‍ ടീമായ ഇക്വഡോറുമുണ്ട്. ചരിത്രത്തിലെ ആദ്യലോകകപ്പിനു ബൂട്ടുകെട്ടുന്ന ഖത്തറിന് പ്രീ ക്വാര്‍ട്ടര്‍ ന്യായമായ ഒരു സ്വപ്നംതന്നെയാണ്. സെനഗലിനെയും ഇക്വഡോറിനെയും വീഴ്ത്തിയാല്‍ അതു സാധ്യമാകുമെന്ന ചിന്ത ഖത്തറികളെ വല്ലാതെ മോഹിപ്പിക്കുന്നുമുണ്ട്.

ഖത്തര്‍ (ലോകകപ്പില്‍ പങ്കെടുക്കുന്നത് ആദ്യം)

ലോകകപ്പില്‍ അരങ്ങേറ്റമാണെങ്കിലും സമീപവര്‍ഷങ്ങളില്‍ ഖത്തര്‍ നടത്തിയ കുതിപ്പുകള്‍ എതിരാളികള്‍ക്ക് ഉള്‍ക്കിടിലമുണ്ടാക്കുന്നതാണ്. 2019-ലെ ഏഷ്യന്‍ കപ്പില്‍ ഒരൊറ്റ ഗോള്‍ മാത്രം വഴങ്ങി കിരീടംചൂടിയ ഖത്തറിന്റെ പ്രകടനം ഏഷ്യന്‍ കപ്പിന്റെ ചരിത്രത്തിലെത്തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണ്. പ്രീ ക്വാര്‍ട്ടറില്‍ ഇറാഖിനെയും ക്വാര്‍ട്ടറില്‍ ദക്ഷിണകൊറിയയെയും സെമിയില്‍ യു.എ.ഇ.യെയും ഫൈനലില്‍ ജപ്പാനെയുമൊക്കെ ഖത്തര്‍ തോല്‍പ്പിക്കുമ്പോള്‍ അതൊരു സ്വപ്നസമാനമായ കുതിപ്പുതന്നെയായിരുന്നു. 2019-ലെ കോപ്പ അമേരിക്കയിലും 2021-ലെ കോണ്‍കാകാഫ് കപ്പിലുമൊക്കെ അതിഥികളായി പങ്കെടുത്ത ഖത്തര്‍ ലോകഫുട്‌ബോളിന്റെ വേദികളില്‍ വലിയൊരടയാളപ്പെടുത്തലാണ് ലക്ഷ്യമിടുന്നത്. ആതിഥേയരെന്ന നിലയില്‍ ഇത്തവണ കിട്ടുന്ന അവസരത്തെക്കാള്‍ വലിയൊരു സാധ്യത സമീപകാലത്തൊന്നുമുണ്ടാകില്ലെന്ന തിരിച്ചറിവും അവരെ ഉത്തേജിപ്പിക്കുന്നുണ്ട്.
160-ലേറെ മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ച ക്യാപ്റ്റന്‍ ഹസന്‍ അലി ഹൈദോസും യുവതാരം അക്രം ആരിഫും അടങ്ങുന്ന മുന്നേറ്റനിര അപകടകാരികളാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. മധ്യനിരയില്‍ കരിം ബൗദിയാഫും അബ്ദുല്‍ അസീസ് ഹാത്തേമും പ്രതിരോധത്തില്‍ അബ്ദുല്‍ കരിം ഹസനും ബൗലേം ഖൗഖിയുമൊക്കെ ഏറെ പരിചയസമ്പന്നരാണെന്നതും ഖത്തറിന്റെ സ്വപ്നങ്ങള്‍ക്കു നിറംപകരുന്നുണ്ട്.

ഖത്തര്‍ കാണുന്ന സ്വപ്നംതന്നെയാണ് ഇക്വഡോറും കാണുന്നത്. സെനഗലിനെയും ഖത്തറിനെയും വീഴ്ത്തിയാല്‍ പ്രീ ക്വാര്‍ട്ടറിലേക്കു ചിറകടിക്കാമെന്ന സാധ്യത ഇക്വഡോറിന് വലിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്നുണ്ട്. ഇന്നര്‍ വലന്‍സിയ നയിക്കുന്ന മുന്നേറ്റനിരയും പരിചയസമ്പന്നരായ ഏഞ്ചല്‍ മെനയും കാര്‍ലോസ് ഗ്രുയിസോയും അടങ്ങുന്ന മധ്യനിരയും മികച്ച കളി കെട്ടഴിക്കാന്‍ കെല്‍പ്പുള്ളവര്‍തന്നെയാണ്. ലോകകപ്പ് യോഗ്യതാറൗണ്ടിലെ മത്സരങ്ങളില്‍ ബ്രസീലിനെയും അര്‍ജന്റീനയെയും സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലെത്തുന്ന ഇക്വഡോര്‍ ഈവര്‍ഷം നടന്ന സൗഹൃദമത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെയും വീഴ്ത്തിയിരുന്നു. ഈ പ്രകടനങ്ങളുടെ ആവര്‍ത്തനം ഖത്തറിലെ മണ്ണിലും കാഴ്ചവെയ്ക്കാനായാല്‍ പ്രീ ക്വാര്‍ട്ടര്‍ എന്ന സ്വപ്നം അവരുടെ കൈയെത്തുംദൂരത്തുതന്നെയാണ്.

Content Highlights: fifa world cup 2022 group a preview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented