സൂപ്പര്‍ സ്റ്റാര്‍ ഇംഗ്ലണ്ട്


Photo: Getty Images

മ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും ദിലീപും പൃഥ്വിരാജുമൊക്കെ അഭിനയിച്ച 'ട്വന്റി ട്വന്റി' എന്ന സൂപ്പര്‍ ഹിറ്റ് സിനിമ പോലെയാണ് ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം.

സൂപ്പര്‍ താരങ്ങളായ ഹാരി കെയ്നും റഹീം സ്റ്റെര്‍ലിങ്ങും മാര്‍ക്കസ് റാഷ്ഫോര്‍ഡും ജാക്ക് ഗ്രീലിഷും മേസന്‍ മൗണ്ടും ഫില്‍ ഫോഡനുമൊക്കെ അടങ്ങുന്ന ടീമിന്റെ വിപണിമൂല്യം 10,000 കോടിയിലേറെ രൂപയാണ്. സാക്ഷാല്‍ ബ്രസീലും അര്‍ജന്റീനയും ഫ്രാന്‍സുമൊക്കെ ഇംഗ്ലണ്ടിന്റെ വിപണിമൂല്യത്തിനുമുന്നില്‍ മുട്ടുമടക്കിനില്‍ക്കും.എന്നാല്‍, സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ഫുട്ബോളിന്റെ രാജകീയവേദികളില്‍ അത്രവലിയ നേട്ടങ്ങള്‍ സ്വന്തമാകാതെപോയവരാണ് ഇംഗ്ലീഷുകാര്‍. ആ ചരിത്രം തിരുത്താന്‍ ഇംഗ്ലണ്ട് ഖത്തറിലേക്കെത്തുമ്പോള്‍ അമേരിക്കയും വെയ്ല്‍സും ഇറാനുമാണ് ആദ്യറൗണ്ടില്‍ എതിരാളികള്‍.

ഗേറ്റ് തുറക്കും സ്വപ്നം

ഗാരേത് സൗത്ത്ഗേറ്റ് എന്ന കോച്ചിനുകീഴില്‍ കഴിഞ്ഞ ലോകകപ്പിന്റെ സെമികളിച്ച ഇംഗ്ലണ്ട് ഇത്തവണ ഒരുപടികൂടി മുന്നോട്ടുപോയാല്‍ ഫൈനല്‍ കളിക്കേണ്ടവരാണ്. ലോകറാങ്കിങ്ങില്‍ അഞ്ചാംസ്ഥാനത്തുനില്‍ക്കുന്ന ഒരു ടീമിന് സ്വാഭാവികമായും തോന്നാകുന്ന ആത്മവിശ്വാസമാണത്. സൂപ്പര്‍ സ്റ്റാറുകളുടെ കൂടാരമായ ആക്രമണനിരതന്നെയാണ് ഖത്തര്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ എതിരാളികളുടെ പേടിസ്വപ്നമാക്കുന്നത്.

നായകന്‍ ടോട്ടനത്തിന്റെ ഹാരി കെയ്നും മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ ജാക് ഗ്രീലിഷും ഫില്‍ ഫോഡനും ചെല്‍സിയുടെ റഹീം സ്റ്റെര്‍ലിങ്ങും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റാഷ്ഫോര്‍ഡുമൊക്കെ എപ്പോള്‍ വേണമെങ്കിലും ഗോളടിക്കുമെന്നനിലയില്‍ ഇരമ്പിക്കളിക്കുന്നവരാണ്. മധ്യനിരയില്‍ പക്ഷേ, അധ്വാനികളായ പ്രതിഭാശാലികള്‍ കുറവാണെന്നതാണ് ഇംഗ്ലീഷ് ആരാധകരെ ആശങ്കയിലാക്കുന്ന ഘടകം. പ്രതിരോധത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ കെയ്ല്‍ വാക്കറും ജോണ്‍ സ്റ്റോണ്‍സും മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഹാരി മഗ്വയറുമൊക്കെയുണ്ടെങ്കിലും സമീപകാലത്തെ പരിക്കും ഫോം ഔട്ടും പ്രശ്‌നമാണ്. യുവേഫ നേഷന്‍സ് ലീഗില്‍ ഇംഗ്ലണ്ടിന്റെ പ്രകടനം ഈ ആശങ്കയ്ക്കു അടിവരയിടുന്നതാണ്.

അമേരിക്കയ്ക്ക് കണക്കുണ്ട്

ഇംഗ്ലണ്ടിനോടും ഇറാനോടും അമേരിക്കയ്ക്ക് പണ്ടേ കണക്കുതീര്‍ക്കാനുണ്ട്. ലോക കായികവേദിയില്‍ അമരത്തുനില്‍ക്കുമ്പോഴും ഫുട്ബോളില്‍ വലിയ നേട്ടങ്ങളൊന്നും സ്വന്തമല്ലാത്ത അമേരിക്ക ഖത്തറിലെത്തുമ്പോള്‍ ചില കണക്കുകളൊക്കെ കൂട്ടുന്നുണ്ട്. ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഒരുപക്ഷേ, കഴിഞ്ഞില്ലെങ്കിലും ഒന്നാഞ്ഞുപിടിച്ചാല്‍ വെയ്ല്‍സിനെയും ഇറാനെയും വീഴ്ത്തി പ്രീക്വാര്‍ട്ടറിലെത്താമെന്ന സാധ്യത അമേരിക്കയെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. ലോകഫുട്ബോളിലെ വലിയ പേരുകാരൊന്നും കൂടാരത്തിലില്ലെങ്കിലും ഉള്ളതുകൊണ്ട് ഒരുകൈ നോക്കാനാണ് അമേരിക്കയുടെ പുറപ്പാട്. ചെല്‍സി താരമായ ക്രിസ്റ്റ്യന്‍ പുലിസിച്ച് നേതൃത്വംനല്‍കുന്ന ആക്രമണനിരയില്‍ ജോര്‍ഡാന്‍ മോറിസും തിമോത്തി വിയ്യയും ഗോളടിയില്‍ മികവുള്ളവരാണ്.

മധ്യനിരയില്‍ കെലിയന്‍ അകോസ്റ്റയും ക്രിസ്റ്റ്യന്‍ റോള്‍ഡാനും വെസ്റ്റേണ്‍ മക്കെന്നിയും അധ്വാനിച്ച് കളിക്കുന്നവരാണ്. ഡി ആന്ദ്രേ യെദ്ലിനും വാക്കര്‍ സിമ്മര്‍മാനും ആന്റണി റോബിന്‍സണും അടങ്ങുന്ന പ്രതിരോധനിരയുടെ പ്രകടനമാകും ഇത്തവണ അമേരിക്കയുടെ ജാതകം കുറിക്കുന്നത്.

പേരുണ്ടാക്കാന്‍ വെയ്ല്‍സ്

ലോകകപ്പിനുശേഷം പേരുമാറ്റാനുള്ള ഒരുക്കങ്ങളിലാണ് വെയ്ല്‍സ്. അതുകൊണ്ടുതന്നെ ലോകകപ്പില്‍ 'നല്ല പേരു'ണ്ടാക്കി പോകാനാണ് ഇത്തവണ ഗാരെത് ബെയ്ലും കൂട്ടരും ഖത്തറിലേക്കു വരുന്നത്. 1958-നുശേഷം ഇതാദ്യമായി ലോകകപ്പില്‍ പങ്കെടുക്കുന്ന വെയ്ല്‍സിന്റെ പ്രതീക്ഷകളത്രയും കേന്ദ്രീകരിക്കുന്നത് അമേരിക്കയിലെ ലോസ് ആഞ്ജലിസ് എഫ്.സി.ക്കു കളിക്കുന്ന ക്യാപ്റ്റന്‍ ഗാരെത് ബെയ്ലിലാണ്. ലീഡ്സ് യുണൈറ്റഡിന്റെ ഡാനിയല്‍ ജെയിംസും കാര്‍ഡിഫ് സിറ്റിയുടെ മാര്‍ക് ഹാരിസും നോട്ടിങ്ങാമിന്റെ ബ്രെണ്ണന്‍ ജോണ്‍സണും ആക്രമണനിരയില്‍ ബെയ്ലിനു കൂട്ടായുണ്ടാകും. മധ്യനിരയില്‍ യുവന്റസ് താരം ആരോണ്‍ റാംസിയുടെ സാന്നിധ്യമാണ് വെയ്ല്‍സിന്റെ മറ്റൊരു താരത്തിളക്കം. എന്നാല്‍, അതേ നിലവാരത്തിലുള്ള മറ്റു താരങ്ങള്‍ മധ്യനിരയിലില്ലെന്ന യാഥാര്‍ഥ്യം വെയ്ല്‍സിന്റെ കളിയൊഴുക്കിനെ ബാധിക്കുന്നുണ്ട്. പ്രതിരോധത്തില്‍ പരിചയസമ്പന്നരായ ക്രിസ് ഗുണ്ടറിനും ബെന്‍ ഡേവിസിനുമൊപ്പം യുവതാരങ്ങളായ ഏഥന്‍ അംപടുവും ക്രിസ് എഫാമും ചേരുമ്പോള്‍ ഒരുകൈ നോക്കാമെന്ന പ്രതീക്ഷയിലാണ് കോച്ച് റോബ് പേജ്.

ഉരുക്കാണ് ഇറാന്‍

എതിരാളിയുടെ പോസ്റ്റില്‍ക്കയറി ചറപറാ ഗോളടിക്കുന്ന ടീമൊന്നുമല്ല ഇറാന്‍. എന്നാല്‍, സ്വന്തം പോസ്റ്റില്‍ അങ്ങനെ എളുപ്പത്തില്‍ ഗോളടിക്കാന്‍ ഇറാന്‍ ആരെയും സമ്മതിക്കാറുമില്ല. ലോകഫുട്ബോളിലെ വമ്പന്മാരുടെ മുന്നില്‍ പൊരുതിനിന്ന ചരിത്രമുള്ള ഇറാന് ഇത്തവണ പ്രതിരോധത്തിന്റെ കരുത്തുകൂടും. അയല്‍പക്കത്തെ ഖത്തറിലെ പരിചിതമായ മത്സരസാഹചര്യങ്ങള്‍ മുതലാക്കാനാണ് ഇറാന്റെ പടയൊരുക്കം. പോര്‍ട്ടോക്ക് കളിക്കുന്ന മെഹ്ദി തരേമിയും ബയേര്‍ ലെവര്‍കൂസനു കളിക്കുന്ന സര്‍ദാര്‍ ആസ്മൂനുമാണ് ഇറാന്റെ കുന്തമുനകള്‍. പരിചയസമ്പന്നരായ ഇവര്‍ക്കൊപ്പം ഹള്‍ സിറ്റിയുടെ യുവതാരം അല്ലായാര്‍ സയ്യദമനേഷും കൂടിച്ചേരുമ്പോള്‍ ഇറാന്‍ കോച്ച് ചില കണക്കുകള്‍ കൂട്ടുന്നുണ്ട്. മധ്യനിരയില്‍ അലിറേസ ജഹാന്‍ബക്ഷും വാഹിദ് അമീറിയും ലോകനിലവാരമുള്ള താരങ്ങളാണെങ്കിലും കൂടെയുള്ളവരുടെ കളിയൊഴുക്ക് എത്രയാകുമെന്ന് കണ്ടറിയണം. പ്രതിരോധത്തില്‍ പരിചയസമ്പന്നരായ ക്യാപ്റ്റന്‍ എഹ്സാന്‍ ഹജ്സാഫിയും റാമിന്‍ റെസായനും യുവതാരങ്ങളെ ഉത്തേജിപ്പിച്ചാല്‍ ഖത്തറിലും ഇറാന്‍ പ്രതിരോധം കടുകട്ടിയായി തുടരും.

Content Highlights: fifa World Cup 2022 England team preview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented