താരത്തിളക്കത്തില്‍ ഇംഗ്ലീഷ് പട


സിറാജ് കാസിം

Photo: Getty Images

ഗ്രൂപ്പ് ബി ടീമുകള്‍, ബ്രാക്കറ്റില്‍ ലോക റാങ്കിങ്
ഇംഗ്ലണ്ട് (5)
അമേരിക്ക (14)
വെയ്ല്‍സ് (19)
ഇറാന്‍ (23)

ഞ്ചിക്കപ്പെട്ടുവെന്നാണ് ജര്‍മനി അന്നും ഇന്നും എന്നും പറയുന്നത്. ''അതൊരു ഗോളായിരുന്നില്ല. പക്ഷേ റഫറി അതു ഗോളാണെന്നു വിധിച്ചു. അനുസരിക്കുകയല്ലാതെ ഞങ്ങള്‍ക്കു മറ്റൊരു മാര്‍ഗമുണ്ടായിരുന്നില്ല.'' ഒരു വിലാപം പോലെ സാക്ഷാല്‍ ഫ്രാന്‍സ് ബെക്കന്‍ബോവര്‍ പറഞ്ഞ വാക്കുകള്‍ ഇന്നും ഓരോ ജര്‍മന്‍കാരന്റെയും മനസില്‍ ഒരു നീറ്റലായി അവശേഷിക്കുന്നുണ്ട്. 1966-ലെ ലോകകപ്പ് ഫൈനല്‍ ഇംഗ്ലണ്ടിലെ ചരിത്ര പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ കിരീടത്തിനായി മുഖാമുഖം വന്നത് ജര്‍മനിയും ഇംഗ്ലണ്ടുമായിരുന്നു. നിശ്ചിതസമയത്തു സ്‌കോര്‍ 2-2 എന്ന നിലയില്‍ തുല്യം. ലോക ചാമ്പ്യന്‍മാരെ നിശ്ചയിക്കാന്‍ മത്സരം അധികസമയത്തേക്കു നീളുമ്പോള്‍ ഇംഗ്ലണ്ടിന്റെ ജെഫ് ഹേഴ്സ്റ്റിന്റെ തകര്‍പ്പന്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി താഴേക്കു വീഴുന്നു. പന്തു വീണത് ഗോള്‍വരയ്ക്കു അകത്തോ പുറത്തോ എന്നു വ്യക്തമായില്ല. മത്സരം നിയന്ത്രിച്ചിരുന്ന സ്വിസ് റഫറി പക്ഷേ, ഗോള്‍ വിധിച്ചു. ജര്‍മന്‍ താരങ്ങള്‍ ഒന്നടങ്കം അതു ഗോളല്ലെന്നു വാദിച്ചിട്ടും റഫറി തീരുമാനത്തില്‍ ഉറച്ചുനിന്നു. പിന്നീട് ഒരു ഗോള്‍ കൂടി നേടി ഹേഴ്സ്റ്റ് ഇംഗ്ലണ്ടിനു ലോകകിരീടം സമ്മാനിച്ചെങ്കിലും വിവാദമായ ആ ഗോളിന്റെ മുറിവുകളും നീറ്റലുകളും ഇന്നും ലോക ഫുട്ബോളില്‍ അവശേഷിക്കുന്നുണ്ട്.വിവാദങ്ങളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയെങ്കിലും ലോകകപ്പ് ഉയര്‍ത്തിയ ഒരേയൊരു ഇംഗ്ലണ്ട് ടീം എന്ന ഖ്യാതി 1966-ലെ ആ ടീമിനു മാത്രമാണ്. അന്നത്തെ ഇംഗ്ലീഷ് ടീം ക്യാപ്റ്റന്‍ ബോബി മൂറിനെ, തനിക്കെതിരെ കളിച്ച ഏറ്റവും മികച്ച ഡിഫന്‍ഡര്‍ എന്നു വിശേഷിപ്പിച്ചത് സാക്ഷാല്‍ പെലെ തന്നെയായിരുന്നു. ഒരുപാട് വിശ്വാസങ്ങളുടെ ആള്‍രൂപമായിരുന്നു ബോബി മൂര്‍ എന്ന മനുഷ്യന്‍. കളിക്കാനിറങ്ങുമ്പോള്‍ ഏറ്റവും അവസാനം ഷോട്സ് ധരിക്കുന്നത് മൂര്‍ ആയിരിക്കും. ടീം അംഗങ്ങള്‍ ജേഴ്സി അണിയുമ്പോള്‍ മൂര്‍ അല്‍പം അകലേക്കു മാറി നില്‍ക്കും. എല്ലാവരും ജേഴ്സി ധരിച്ചെന്നു ഉറപ്പാക്കിയ ശേഷം തിരിച്ചെത്തി തന്റെ ഷോര്‍ട്സ് ധരിക്കുന്നതായിരുന്നു മൂറിന്റെ രീതി. 1966-ലെ ലോകകപ്പ് വിജയം പോലും ഈ വിശ്വാസത്തിന്റെ ഫലമാണെന്നു കരുതുന്ന ഒരുപാടു ഇംഗ്ലീഷുകാരുണ്ടായിരുന്നു.

വിവാദവും വിശ്വാസവുമൊക്കെ ഇഴചേര്‍ന്ന ആ ലോകകപ്പ് കിരീടം മാത്രമാണ് ഇന്നും ഇംഗ്ലണ്ടിന്റെ ഷോക്കേസിലുള്ളത്. ഖത്തറിലെ ലോകകപ്പിലേക്കു ഇംഗ്ലണ്ട് എത്തുമ്പോള്‍ പഴങ്കഥകള്‍ക്കൊന്നും പ്രസക്തിയില്ല. പക്ഷേ അന്നത്തെ ലോകകപ്പില്‍ ഇംഗ്ലണ്ട് തോല്‍പ്പിച്ചത് ഫ്രാന്‍സും അര്‍ജന്റീനയും പോര്‍ച്ചുഗലും ജര്‍മനിയും ഉള്‍പ്പെടെയുള്ള വമ്പന്‍മാരെയായിരുന്നു. അവരൊക്കെ തന്നെ ഖത്തറിലും എതിരാളികളായെത്തുമ്പോള്‍ പഴയ കഥകള്‍ ഇംഗ്ലണ്ടിനെ ഓര്‍മ്മിപ്പിച്ചാല്‍ ചില ഉത്തേജനമൊക്കെയുണ്ടാകുമെന്നു കണക്കുകൂട്ടുന്ന ആരാധകരുണ്ട്. ഫുട്ബോളിന്റെ കളത്തില്‍ ഇത്തരം വിശ്വാസങ്ങളും കൂടിയെത്തുമ്പോഴാണല്ലോ പലപ്പോഴും അതു പ്രവചനങ്ങള്‍ക്കപ്പുറത്തെ സ്ഫോടനങ്ങളാകുന്നത്.

ഇംഗ്ലണ്ട് (ലോകകപ്പില്‍ പങ്കെടുക്കുന്നത് 16-ാം തവണ)
മികച്ച പ്രകടനം:
ചാമ്പ്യന്‍ - ഒരു തവണ (1966)
നാലാം സ്ഥാനം - രണ്ടു തവണ (1990, 2018)
ക്വാര്‍ട്ടര്‍ ഫൈനല്‍ - ആറു തവണ (1954, 1962, 1970, 1986, 2002, 2006)
ആകെ കളി - 69, ജയം - 29, സമനില - 21, തോല്‍വി - 19

സൂപ്പര്‍ സ്റ്റാറുകളുടെ കൂടാരം

മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും പൃഥ്വിരാജും ഫഹദ് ഫാസിലുമൊക്കെ അഭിനയിക്കുന്ന ഒരു മലയാള സിനിമ പോലെയാണ് ഇപ്പോള്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം. സൂപ്പര്‍ താരങ്ങളായ ഹാരി കെയ്നും റാഷ്ഫോര്‍ഡും ജാക് ഗ്രീലിഷും ഫില്‍ ഫോഡനും റഹിം സ്റ്റെര്‍ലിങും ഹാരി മഗ്വയറും കെയ്ല്‍ വാക്കറും ഒക്കെ അടങ്ങുന്ന ടീമിന്റെ വിപണി മൂല്യം 10,000 കോടിയിലേറെ രൂപയാണ്. ഫ്രാന്‍സും ബ്രസീലും അര്‍ജന്റീനയുമൊക്കെ ഇംഗ്ലണ്ടിന്റെ വിപണിമൂല്യം കണ്ടാല്‍ കൈകൂപ്പി നില്‍ക്കും. ലോകത്തിലെ ഏറ്റവും വിപണി മൂല്യമുള്ള ടീം എന്ന മേല്‍വിലാസവുമായി ഇംഗ്ലണ്ട് ഖത്തറിലെ മണ്ണില്‍ കളിക്കാനെത്തുമ്പോള്‍ വിപണിമൂല്യത്തിലെ താരത്തിളക്കം മൈതാനത്തും പ്രകടമാകണമേയെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍. സൂപ്പര്‍ താരങ്ങളുണ്ടായിട്ടും ലോക ഫുട്ബോളിന്റെ കളിക്കളങ്ങളില്‍ അത്ര വലിയ നേട്ടങ്ങള്‍ സ്വന്തമാകാതെ പോകുന്ന ഇംഗ്ലണ്ട് ഇത്തവണ കളി മാറുമെന്ന സൂചന തന്നെയാണ് നല്‍കുന്നത്. കഴിഞ്ഞ യൂറോ കപ്പിന്റെ ഫൈനല്‍ വരെ കുതിച്ചെത്തിയ ഇംഗ്ലണ്ട് ആ കളിമികവ് തുടര്‍ന്നാല്‍ ഖത്തറിലെ ഫൈനലിലും അവരുണ്ടാകുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

അമേരിക്കയും വെയ്ല്‍സും ഇറാനും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നു ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായി തന്നെ രണ്ടാം റൗണ്ടിലേക്കു ടിക്കറ്റെടുക്കുമെന്നാണ് ന്യായമായും കരുതാവുന്നത്. ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തു നില്‍ക്കുന്ന ടീമിനു സ്വാഭാവികമായും അവകാശപ്പെടാവുന്ന ആത്മവിശ്വാസമാണത്. വെയ്ല്‍സാണ് ഇക്കൂട്ടത്തില്‍ ഇംഗ്ലണ്ടിനു അല്‍പം ഭയപ്പെടാനുള്ള ഒരു കളി സംഘം. അവരുടെ ഒരു അട്ടിമറിയില്‍ ഒരുപക്ഷേ രണ്ടാം സ്ഥാനത്തേക്കു വീണു പോകാമെന്ന സാധ്യത ഇംഗ്ലണ്ട് കാണുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പ്രീ ക്വാര്‍ട്ടറില്‍ ശക്തരായ ഹോളണ്ടിനു മുന്നില്‍ ചെന്നു വീഴുമെന്നതിനാല്‍ അതൊഴിവാക്കാന്‍ തന്നെയാകും ഇംഗ്ലീഷുകാര്‍ ശ്രമിക്കുന്നത്.

താരസമൃദ്ധമായ ആക്രമണ നിര തന്നെയാണ് ഖത്തര്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ എതിരാളികളുടെ പേടിസ്വപ്നമാക്കുന്നത്. നായകന്‍ ടോട്ടനത്തിന്റെ ഹാരി കെയ്നും മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ ജാക് ഗ്രീലിഷും ഫില്‍ ഫോഡനും ചെല്‍സിയുടെ റഹിം സ്റ്റെര്‍ലിങും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റാഷ്ഫോര്‍ഡുമൊക്കെ എപ്പോഴും ഗോളടിക്കാന്‍ വെമ്പുന്ന കളിസംഘമാണ്. മധ്യനിരയില്‍ പക്ഷേ താരത്തിളക്കമുള്ള പേരുകള്‍ കുറവാണെന്നതാണ് ഇംഗ്ലണ്ടിനെ അല്‍പം അലട്ടുന്ന ഘടകം. പ്രതിരോധത്തില്‍ പക്ഷേ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെയ്ല്‍ വാക്കറും ജോണ്‍ സ്റ്റോണ്‍സും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഹാരി മഗ്വയറുമൊക്കെ അണിനിരക്കുന്നതോടെ ഇംഗ്ലണ്ടിനു വീണ്ടും ആത്മവിശ്വാസമേറും.

അമേരിക്ക (ലോകകപ്പില്‍ പങ്കെടുക്കുന്നത് 11-ാം തവണ)
മികച്ച പ്രകടനം:
സെമി ഫൈനല്‍ - ഒരു തവണ (1930)
ക്വാര്‍ട്ടര്‍ ഫൈനല്‍ - ഒരു തവണ (2002)
പ്രീ ക്വാര്‍ട്ടര്‍ - നാലു തവണ (1934, 1994, 2010, 2014)
ആകെ കളി - 33, ജയം - 8, സമനില - 6, തോല്‍വി - 19

അമേരിക്കന്‍ വിപ്ലവം

പുരുഷ ടീമിനും വനിതാ ടീമിനും തുല്യ വേതനം പ്രഖ്യാപിച്ച് അമേരിക്ക ലോക ഫുട്ബോളില്‍ ഒരു വിപ്ലവത്തില്‍ കണ്ണി ചേര്‍ന്നതു സമീപകാലത്താണ്. ബേസ്ബോളിനെ അതിരറ്റു സ്നേഹിക്കുന്ന ഒരു ജനതക്കു ഫുട്ബോള്‍ അത്ര വലിയ വികാരമൊന്നുമല്ലെങ്കിലും ചില മോഹങ്ങള്‍ അവര്‍ക്കു ഇനിയും ബാക്കിയുണ്ട്. ലോക കായിക വേദിയില്‍ അമരത്തു നില്‍ക്കുമ്പോഴും ഫുട്ബോളില്‍ വലിയ നേട്ടങ്ങളൊന്നും സ്വന്തമല്ലാത്ത അമേരിക്ക ഖത്തറില്‍ പന്തു തട്ടാനെത്തുമ്പോള്‍ പക്ഷേ കുറച്ച് സ്വപ്നങ്ങള്‍ കാണുന്നുണ്ട്. ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ കഴിഞ്ഞില്ലെങ്കിലും ഒന്നാഞ്ഞു പിടിച്ചാല്‍ വെയ്ല്‍സിനെയും ഇറാനെയും വീഴ്ത്തി പ്രീ - ക്വാര്‍ട്ടറിലെത്താമെന്ന സാധ്യത അമേരിക്കയെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. അതിനു ശേഷം ഒന്നോ രണ്ടോ അട്ടിമറികള്‍ കൂടി നടത്താനായാല്‍ തങ്ങളുടെ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടത്തിലേക്കു കടക്കാനാകുമെന്നു തന്നെയാണ് അമേരിക്ക കണക്കുകൂട്ടുന്നത്.

ലോക ഫുട്ബോളിലെ വലിയ പേരുകാരൊന്നും കൂടാരത്തിലില്ലെങ്കിലും ഉള്ളവരുടെ കളിമികവ് അമേരിക്കയെ പ്രതീക്ഷകളിലേക്കു തന്നെയാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ചെല്‍സി താരമായ ക്രിസ്റ്റ്യയന്‍ പുലിസിച്ച് നേതൃത്വം നല്‍കുന്ന ആക്രമണ നിരയില്‍ ജോര്‍ഡാന്‍ മോറിസും തിമോച്ചി വിയ്യയും എതിരാളികള്‍ക്കു പേടി സമ്മാനിക്കുന്നവര്‍ തന്നെയാണ്. മധ്യനിരയില്‍ കെലിയന്‍ അകോസ്റ്റയും ക്രിസ്റ്റിയന്‍ റോള്‍ഡാനും വെസ്റ്റേണ്‍ മക്കെന്നിയും പ്രതിരോധത്തില്‍ ഡി ആന്ദ്രേ യെദ്ലിനും വാക്കര്‍ സിമ്മര്‍മാനും ആന്റണി റോബിന്‍സണും കളിമികവില്‍ ഒട്ടും പിന്നിലല്ലെന്നതും അമേരിക്കയുടെ സ്വപ്നങ്ങള്‍ക്കു നിറമേറ്റുന്നുണ്ട്.

വെയ്ല്‍സ് (ലോകകപ്പില്‍ പങ്കെടുക്കുന്നത് രണ്ടാം തവണ)
മികച്ച പ്രകടനം:
ക്വാര്‍ട്ടര്‍ ഫൈനല്‍ - ഒരു തവണ (1958)
ആകെ കളി - 5, ജയം - 1, സമനില - 3, തോല്‍വി - 1

ബെയ്ലിന്റെ വെയ്ല്‍സ്

അമേരിക്കയിലെ ലോസ് ആഞ്ജലിസ് എഫ്.സി.ക്കു കളിക്കുന്ന ക്യാപ്റ്റന്‍ ഗാരെത് ബെയ്ല്‍. അമേരിക്കയെയും ഇറാനെയും വീഴ്ത്തി ലോകകപ്പ് ഫുട്ബോളിന്റെ പ്രീ ക്വാര്‍ട്ടര്‍ സ്വപ്നം കാണുന്ന വെയ്ല്‍സിന്റെ പ്രതീക്ഷകളത്രയും ആ മനുഷ്യനിലാണ്. 1958-നു ശേഷം ഇതാദ്യമായി ലോകകപ്പില്‍ പങ്കെടുക്കുന്ന വെയ്ല്‍സ് പക്ഷേ ചരിത്രത്തിലേക്കു നോക്കി നിരാശപ്പെടുന്നില്ല. യൂറോപ്പിലെ മികച്ച കളിസംഘങ്ങളിലൊന്നാണ് തങ്ങളെന്ന ആത്മവിശ്വാസത്തോടെ തന്നെയാണ് വെയ്ല്‍സ് ഖത്തറിലെ മണ്ണില്‍ പന്തു തട്ടാനെത്തുന്നത്. അതിനു അവര്‍ക്കു കരുത്തു പകരുന്ന ഒരു സംഘം കളിക്കാര്‍ കൂടാരത്തിലുമുണ്ട്.

രാജ്യത്തിനായി നൂറിലേറെ മത്സരങ്ങള്‍ കളിച്ചു 40 ഗോളുകള്‍ നേടിയിട്ടുള്ള ബെയ്ലിന്റെ ബൂട്ടുകള്‍ തന്നെയാണ് ഖത്തറിലും വെയ്ല്‍സിന്റെ കുന്തമുന. ലീഡ്സ് യുണൈറ്റഡിന്റെ ഡാനിയല്‍ ജെയിംസും കാര്‍ഡിഫ് സിറ്റിയുടെ മാര്‍ക് ഹാരിസും നോട്ടിങ്ഹാമിന്റെ ബ്രെണ്ണന്‍ ജോണ്‍സണും ആക്രമണനിരയില്‍ ബെയ്ലിനു കൂട്ടായുണ്ടാകും. മധ്യനിരയില്‍ യുവന്റസ് താരം ആരോണ്‍ റാംസിയുടെ സാന്നിധ്യമാണ് വെയ്ല്‍സിനെ മറ്റു ടീമുകള്‍ ഭയക്കുന്ന ഘടകങ്ങളിലൊന്നാകുന്നത്. എന്നാല്‍ അതേ നിലവാരത്തിലുള്ള മറ്റു താരങ്ങള്‍ മധ്യനിരയില്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം വെയ്ല്‍സിനെ അല്‍പം ആശങ്കപ്പെടുത്തുന്നുണ്ട്. പ്രതിരോധത്തില്‍ പരിചയസമ്പന്നരായ ക്രിസ് ഗുണ്ടറിനും ബെന്‍ ഡേവിസിനുമൊപ്പം യുവതാരങ്ങളായ ഏഥന്‍ അംപടുവും ക്രിസ് എഫാമും ചേരുമ്പോള്‍ വെയ്ല്‍സിനു പ്രതീക്ഷകളുണ്ട്.

ഇറാന്‍ (ലോകകപ്പില്‍ പങ്കെടുക്കുന്നത് ആറാം തവണ)
മികച്ച പ്രകടനം - അഞ്ചു തവണയും ആദ്യ റൗണ്ടില്‍ പുറത്ത്

ഇറാന്‍ പ്രതീക്ഷയിലാണ്

ഇറാന്‍ ചറപറാ ഗോളടിക്കുന്ന ടീമൊന്നുമല്ല. പക്ഷേ ഇറാന്റെ പോസ്റ്റില്‍ ഗോളടിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. ലോക ഫുട്ബോളിലെ വമ്പന്‍മാരുടെ മുന്നില്‍ പൊരുതിനിന്ന ചരിത്രമുള്ള ഇറാന്‍ ഇത്തവണ ഏഷ്യന്‍ രാജ്യത്തു തന്നെ പന്തു തട്ടാനിറങ്ങുമ്പോള്‍ കുറച്ചു കാര്യങ്ങള്‍ മനസില്‍ കാണുന്നുണ്ട്. അമേരിക്കയെയും വെയ്ല്‍സിനെയും വീഴ്ത്തി പ്രീ ക്വാര്‍ട്ടറിലെത്താമെന്നു ഇറാന്‍ കണക്കുകൂട്ടുന്നത് ചില കണക്കുകള്‍ കണ്ടു തന്നെയാണ്. ലോക റാങ്കിങ്ങില്‍ 14-ാം സ്ഥാനത്താണ് ഇപ്പോള്‍ അമേരിക്ക നില്‍ക്കുന്നത്. വെയ്ല്‍സാകട്ടെ 19-ാം റാങ്കുകാരാണ്. 23-ാം റാങ്കുകാരായ തങ്ങള്‍ക്കു ഏറെക്കുറെ അടുത്തു നില്‍ക്കുന്ന ഈ രണ്ടു ടീമുകളെയും വീഴ്ത്താനാവില്ലേയെന്നു ഇറാന്‍ ചോദിക്കുമ്പോള്‍ ആരാധകരും വലിയ പ്രതീക്ഷകളിലാണ്.

എഫ്.സി. പോര്‍ട്ടോയ്ക്കു വേണ്ടി കളിക്കുന്ന മെഹ്ദി തരേമിയും ബയേര്‍ ലെവര്‍കുസനു വേണ്ടി കളിക്കുന്ന സര്‍ദാര്‍ ആസ്മൂനുമാണ് ഇറാന്‍ ആക്രമണനിരയുടെ കുന്തമുനകള്‍. പരിചയസമ്പന്നരായ ഇവര്‍ക്കൊപ്പം ഹള്‍ സിറ്റിയുടെ യുവതാരം അല്ലായാര്‍ സയ്യദമനേഷും കൂടി ചേരുമ്പോള്‍ ഇറാന്‍ ഇത്തവണ എതിരാളികള്‍ക്കു കടുപ്പമുള്ള ടീം തന്നെയാകും. മധ്യനിരയില്‍ ക്യാപ്റ്റന്‍ ഇഹ്സാന്‍ ഹജ്സാഫിയും അലിറേസ ജഹാന്‍ബക്ഷും ലോകനിലവാരമുള്ള താരങ്ങളാണ്. പ്രതിരോധത്തില്‍ പരിചയസമ്പന്നരായ കളിക്കാര്‍ കുറവാണെങ്കിലും യുവതാരങ്ങളുടെ പോരാട്ടവീര്യം ഇറാനു വലിയ പ്രതീക്ഷകള്‍ സമ്മാനിക്കുന്നുണ്ട്. ആഞ്ഞുപിടിച്ചാല്‍ ചരിത്രം തിരുത്താമെന്ന പ്രതീക്ഷ തന്നെയാണ് ഇറാനെ ഉത്തേജിപ്പിക്കുന്നത്. ഇതിനു മുമ്പ് അഞ്ചു തവണ ലോകകപ്പില്‍ പങ്കെടുത്തപ്പോഴും ആദ്യ റൗണ്ടില്‍ പുറത്തായ ഇറാന്‍ പക്ഷേ ഇത്തവണ ഖത്തറില്‍ പ്രീ ക്വാര്‍ട്ടര്‍ കളിച്ചാല്‍ അത്ഭുതപ്പെടാനില്ല.

Content Highlights: fifa world cup 2022 england football team preview


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented