ഘാനയുടെ ആന്ദ്രെ അയൂ പെനാൽറ്റി കിക്ക് എടുക്കുന്നു | Photo: AP
സെമി ഓട്ടമേറ്റഡ് ഓഫ്ലൈന് ടെക്നോളജിയുടെയും ഗോള്‍ലൈന്‍ ടെക്നോളജിയടെയും കാലത്ത് അതിന്റെയൊക്കെ ഇലക്ട്രോണിക് കണ്ണുകളെ വെട്ടിച്ച് ഒരു പ്രേതത്തിന് പ്രത്യക്ഷപ്പെടാനാവുമോ? പെനാല്‍റ്റിയുടെ തന്നെ പ്രേതമാണെങ്കില്‍ ആവും. യുറഗ്വായ് - ഘാന മല്‍സരത്തില്‍ അങ്ങനെ സംഭവിക്കണമെന്ന് നിര്ബന്ധമില്ലായിരുന്നുവങ്കിലും പഴയ പെനാല്‍റ്റി അദ്ഭുതകരമായി പുനരവതരിച്ചു!
ഒരു വ്യാഴവട്ടം മുമ്പ് ഘാനയുടെ അസമോവ ഗ്യാനിന്റെ പെനാല്‍റ്റി അടി ബാറില്‍ തട്ടി. ഇപ്രാവശ്യം ആന്ദ്രേ അയൂവിന്റെ അടി യുറഗ്വായ് ഗോളി സെര്‍ജിയൊ റോഷെറ്റ് തടുത്തു. അന്നും ഘാന ടീമില്‍ ആന്ദ്രേയുമുണ്ട്. പെനാല്‍റ്റി അടിക്കുമ്പോള്‍ ആന്ദ്രേ അയൂ പകരക്കാരുടെ ബെഞ്ചില്‍ കാഴ്ചക്കാരനായിരുന്നു. ആന്ദ്രേയുടെയും ജോര്‍ഡാന്റെയും അര്‍ധസഹോദരന്‍ ഇബ്രാഹിമും അന്ന് പകരക്കാരുടെ നിരയിലുണ്ടായിരുന്നു. എല്ലാവരും വളരെ പ്രശസ്തനായ അബെദി പെലെയുടെ മക്കള്‍. യൂസേബിയോക്ക് പിന്നാലെ ആഫ്രിക്കയുടെ സൂപ്പര്‍ സ്റ്റാറായി മാറിയ കളിക്കാരനാണ് അബെദി പെലെ. അബെദി അയൂവിന്റെ പേരിന്‍െ നടുക്ക് പെലെ വന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം വേറെ അന്വേഷിക്കേണ്ടതില്ല.
ഘാനക്ക് അന്ന് സെമി പ്രവേശനത്തിന് സാധ്യതയുണ്ടായിരുന്നു. ഘാനയുടെയും കാമറൂണിന്റെയും മൊറോക്കോയുടെയും വിജയങ്ങള്‍ ആഘോഷിക്കുന്നതിനൊപ്പം തന്നെ ഒരാഫ്രിക്കന്‍ ടീമിന് എന്തു കൊണ്ട് ഇതുവരെ സെമിഫൈനല്‍ പ്രവേശനമെങ്കിലും സാധിച്ചിട്ടില്ല എന്നന്വേഷിക്കേണ്ടതുണ്ട്. ഏഷ്യയില്‍ നിന്ന് ദക്ഷിണകൊറിയക്ക് അത് സാധിച്ചു.
പോര്‍ച്ചുഗല്‍ കൊറിയക്കെതിരെ അവസാന മത്സരത്തില്‍ തോല്ക്കാന് സാധ്യതയുണ്ടെന്ന് യുറഗ്വായ് കണക്കുകൂട്ടിയിരിക്കില്ല. രണ്ടു കളി ജയിച്ച് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയ ശേഷം അവസാന മത്സരത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ടീമുകള്‍ തോല്‍ക്കാനും സാധ്യതയുണ്ടല്ലോ. ഫ്രാന്‍സ് അങ്ങനെ തോറ്റു. പിന്നാലെ ബ്രസീലും. 1990 അര്‍ജന്റീനയെ തോല്പിച്ച പ്രശസ്തിയുണ്ട് കാമറൂണിന്. അതിനു പുറമെയാണ് ബ്രസീല്‍. തോറ്റെങ്കിലും മാര്‍ട്ടിനെല്ലിയുടെ കളി ബ്രസീല്‍ കോച്ച് ടിറ്റെക്ക് ലാഭമായി വരവുവെച്ചിട്ടുണ്ടാവും.
വാറിന് വിസില്‍ വിളിയില്‍ ഉണ്ടായേക്കാവുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനായിട്ടില്ല എന്നത് സ്വാഭാവികം. വാര് ശ്രദ്ധയില്‍പെടുത്തുന്ന കാര്യങ്ങളുടെ അവസാന തീരുമാനം റഫറി തന്നെ കൈക്കൊള്ളണം. യുറഗ്വായ് - ഘാന മത്സരം നിയന്ത്രിച്ച ജര്‍മന്‍കാരനായ റഫറി ഡാനിയല്‍ സീബെര്ട് ചിലപ്പോള്‍ ചാഞ്ചാടി.
യുറഗ്വായുടെ ഡാര്വിന് ന്യൂനേസിനെ, ഡാനിയല്‍ അമെര്ടി തടഞ്ഞത് റഫറി സീബെര്ട് വീഡിയൊ പരിശോധിച്ച് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ അവസാന നിമിഷം എഡിന്‍സന്‍ കവാനിയും സെയ്ദുവും തമ്മിലുള്ള ബലപരീക്ഷക്കൊടുവില് കവാനി വീണ സന്ദര്‍ഭത്തില്‍ സീബെര്ട് വീഡിയൊ പരിശോധനയ്ക്ക് മുതിര്‍ന്നില്ല. കളി തീര്‍ന്ന ശേഷം യുറഗ്വായ് കളിക്കാരുടെ പ്രതിഷേധം കളി നിയന്ത്രിച്ചവര്ക്കു നേരെയുള്ള കയ്യാങ്കളിയായി വളര്‍ന്നു.
യുറഗ്വായ് പോര്‍ച്ചുഗലിനോടും കൊറിയയോടും നന്നായി കളിച്ചിരുന്നുവെങ്കില്‍, അതിനുള്ള കെല്പ് അവര്ക്കുണ്ടെന്നിരിക്കെ അവര്‍ക്ക് മുന്നേറാമായിരുന്നു. റഫറിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അടവുകള്‍ ഏറ്റവും പയറ്റുന്നതില്‍ മുന്നില്‍ നില്ക്കുന്ന ടീം യുറഗ്വായ് ആയിരിക്കും. ഫെയര്‍ പ്ലേ അവാര്‍ഡ് എന്ന പോലെ നിഷേധാത്മതയ്ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തിയാല്‍ അത് അവര്‍ക്കായിരിക്കും കിട്ടുക.
ഘാനയുടെ ഏറ്റവും നല്ല കളിക്കാരന് മുഹമ്മദ് കുഡൂസിനെ ഗോളി റോഷെറ്റ് വീഴ്ത്തയെന്നായിരുന്നു വാര് ശരിവെച്ച വിധി. പന്ത് തടുക്കാനാണ് റോഷെറ്റ് ചാടി വീണതെങ്കിലും കുഡൂസിന്റെ കാല് വലിക്കാന്‍ റോഷെറ്റ് ശ്രമം നടത്തി എന്നു വിചാരിക്കാവുന്നതാണ്. റോഷെറ്റ് ദീര്‍ഘനേരം പ്രതിഷേധിച്ചു. യുറഗ്വായുടെ രണ്ടു ഗോളും നേടിയ അരാസ്കേറ്റ അറിയാത്ത മട്ടില്‍ കുഡൂസിന്റെ ദേഹത്താണെന്ന് തോന്നുന്നു ചവിട്ടിയത്, റഫറി കണ്ടില്ലെങ്കിലും ക്യാമറക്കണ്ണുകള്‍ കണ്ടു. വാറിന്റെ കണ്ണില്‍ ഇത് പെടേണ്ടതായിരുന്നു.
ദീര്‍ഘകാലം യുറഗ്വായ് ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള കാരണവരായ ഒസ്കാര്‍ ടബരേസിനു പകരം ചെറുപ്പക്കാരനായ ഡീഗോ അലോന്‍സോ വന്നതാണ് യുറഗ്വായ്ക്കുണ്ടായ മാറ്റം. പക്ഷെ അവരുടെ കളിയില്‍ മാറ്റമില്ല.
യുറഗ്വായ് കളിയിലേക്ക് കൊണ്ടുവരുന്ന വീര്യവും വാശിയും അതിന്റ കടുപ്പമുള്ള രുചിയും കളിയില്‍ ആവശ്യമായി വരും. പക്ഷേ നിയമത്തെ പരമാവധി വലിച്ചു നീട്ടി മുതലെടുക്കാനുള്ള ശ്രമം അവരെ എവിടെയും എത്തിക്കില്ല. ആദ്യ കാലത്ത് ഒളിമ്പിക്സും ലോകകപ്പും ജയിച്ചിട്ടുള്ള അവരുടെ കളിയിലെ സര്‍ഗാത്മകതയാണ് കാണികള്‍ ആസ്വദിച്ചത്. ഇന്ന് അതിന്റെ അഭാവം അവരെ കാണികളുടെ ശത്രുപക്ഷത്ത് ആക്കിയേക്കാം.
Content Highlights: fifa world cup 2022 cp vijayakrishnan column
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..