രണ്ട് പാതിരാ ഫൈനലുകളുടെ കഥ


സിപി വിജയകൃഷ്ണന്‍സൗദി അറേബ്യയുടെ അൽ ദൗസാരിയുടെ ഗോളാഘോഷവും നിരാശയോടെ ഗ്രൗണ്ടിലിരിക്കുന്ന മെക്‌സിക്കോയുടെ ഗോളി ഒച്ചോവയും | Photo: AP

വസാനത്തെ പതിനാറില്‍ ഉള്‍പ്പെടാനുള്ള ജീവന്മരണ പോരാട്ടങ്ങള്‍ പാതിരാ ഫൈനലുകളായി മാറിയിരിക്കുന്നു. സൗദിയുടെ അല്‍ദോസരി 95-ാം മിനിറ്റില്‍ നേടിയ ഗോള്‍ മെക്സിക്കോക്ക് അന്ത്യശ്വാസവുമായും അനുഭവപ്പെട്ടിട്ടുണ്ടാവും. ഇനി ചില വര്‍ഷങ്ങള്‍. മെക്സിക്കോ ലോകകപ്പിന്റെ 16-ലെത്താതെ പുറത്താവുന്നത് 1978നു ശേഷം ആദ്യം. 2006-ല്‍ രണ്ടാം ഘട്ടത്തില്‍ കടന്നിട്ടുള്ള ഓസ്ട്രേലിയ വീണ്ടും അവിടെ ചെല്ലുന്നു. പോളണ്ട് അടുത്ത ഘട്ടത്തിലെത്തുന്നത് 1986നു ശേഷം ആദ്യവും.

രണ്ടിടത്ത് നടക്കുന്ന, എന്നാല്‍ സമാന്തരമായി സഞ്ചരിക്കുന്ന സംഘര്‍ഷം നിറഞ്ഞ സിനിമയുടെ അവസാന ദൃശ്യങ്ങള്‍ പോലെ നാടകീയമായി അവസാനിച്ച ഈ മത്സരങ്ങളില്‍ ഒരു ഘട്ടത്തില്‍ സമനില പൊട്ടിക്കുവാന്‍ ഗോള്‍ വ്യത്യാസത്തിന് അപ്പുറത്തേക്ക് പോകേണ്ടി വരുമോ എന്ന സംശയം പോലുമുണ്ടായിരുന്നു. പോയന്റും ഗോള്‍ വ്യത്യാസവും തുല്ല്യമായാല്‍ പിന്നെ നോക്കുക ഓരോ ടീമിനും കിട്ടിയ കാര്‍ഡുകളാണ്. കുറവ് കാര്‍ഡുകള്‍ വാങ്ങിയ ടീം കടക്കും. ഇതനുസരിച്ച് മെക്സിക്കോ പിന്നിലായിരുന്നു. ഏഴു കാര്‍ഡ്. പോളണ്ടിന്റെ നാലു കാര്‍ഡ് പെട്ടെന്ന് അഞ്ചായി. ഇതും തുല്ല്യമായാല്‍ പിന്നെ നറുക്കെടുപ്പെന്ന കടുംകൈ മാത്രമേ വഴിയുള്ളൂ. അതു വേണ്ടിവന്നില്ല.

പോളണ്ട് അര്‍ജന്റീനക്കെതിരെ യാതൊന്നും ചെയ്യുകയുണ്ടായില്ല, തൂങ്ങിക്കിടക്കുകയല്ലാതെ. അതേസമയം എല്‍ ട്രൈ അഥവാ ത്രിവര്‍ണം എന്ന വിളിപ്പേരുള്ള മെക്സിക്കോ വളരെ വീര്യത്തോടെ കളിച്ചു. നല്ല വീര്യമുള്ള ടെക്വിലയുടെ ലഹരി ആവാഹിച്ചിട്ടെന്നപോലെ. മെക്സിക്കോ ആയിരുന്നു കടക്കേണ്ടിയിരുന്നത്. പോളണ്ട് ഗോളി വോയ്ചെക്ക് സെസ്നി തന്റെ രണ്ടാമത്തെ പെനാല്‍റ്റി തടുത്തിട്ടിട്ടും പോളണ്ടിന് അതില്‍ നിന്ന് പ്രചോദനം നേടാന്‍ ആയില്ല. മത്സരത്തിന്റെ തിരനോട്ടത്തില്‍ മെസ്സിയെയും ലെവന്‍ഡോവ്സ്‌ക്കിയെയും ഒപ്പം നിര്‍ത്തിക്കാണിച്ച ചിത്രങ്ങള്‍ സാധാരണ രീതിമാത്രമായിരുന്നു. കളിക്കളത്തില്‍ ആ വിധം തുല്ല്യതയ്ക്ക് അടുത്തെത്തുന്ന വിധമെങ്കിലും പോളണ്ടിന് കളിക്കാനായിട്ടില്ല. ലെവന്‍ഡോവ്സ്‌കി അതില്‍ കുറ്റക്കാരനല്ല.

പോളണ്ടിനെതിരെ റഫറി ഡാന്‍ മെക്കലീ അനുവദിച്ച പെനാല്‍റ്റിയെക്കുറിച്ച് ഗോളിക്ക് പരാതിയുണ്ടാവാന്‍ ന്യായമുണ്ട്. കാരണം പന്ത് സെസ്നി കുത്തിയകറ്റിയ ശേഷമാണ് കൈ മെസ്സിയുടെ തലയില്‍ കൊണ്ടത്. ഒരു പക്ഷേ റഫറി ഇത് ആപല്‍ക്കരമായ കളിയായി വ്യാഖ്യാനിച്ചിരിക്കാം. ഏതായാലും സെസ്നി അത് തടുത്തു. അതിന് മുമ്പ് പോസ്റ്റിനോട് ചേര്‍ന്നുനിന്ന് സെസ്നി മന്ദഹസിക്കുകയും വിരലുയര്‍ത്തി വിജയ ചിഹ്നം കാണിക്കുകയും ചെയ്തു. ഗ്രൗണ്ടില്‍ നേരിട്ട് കാണാന്‍ കഴിയാത്തതും ടിവിയില്‍ ഒരു സിനിമാ ദൃശ്യം പോലെ കാണാന്‍ കഴിയാവുന്നതുമായ ഒരു കാഴ്ച.

മെസ്സിയുടെ അടി അദ്ദേഹത്തിന്റെ നിലവാരമനുസരിച്ച് അത്ര നല്ലതായിരുന്നില്ല. അതിന് ഉയരം കുറവായിരുന്നു. എങ്കിലും പെനാല്‍റ്റിയാണ്. സെസ്നി പ്രകടനം ഗംഭീരമാക്കി. ഇടത്തോട്ട് വീണതിനൊപ്പം വലതു കൈ വിജയിയെപ്പോലെ ഉയര്‍ത്തി പന്തിനെ കുത്തി. ഇതു കൊണ്ട് പോളണ്ടിന് ഗുണമുണ്ടായില്ലന്നു മാത്രം. കൂടുതല്‍ ഗോളുകള്‍ അവര്‍ക്ക് കുടുങ്ങിയേനെ. അര്‍ജന്റീനയാകട്ടെ, ബ്രസീല്‍ സെര്‍ബിയക്കെതിരെയെന്ന പോലെ നിരന്തരം നിര്‍ദയം എതിര്‍നിരയെ ആക്രമിച്ചു. മെസ്സിയല്ലാതെ മറ്റു രണ്ടു പേര്‍, മെക്കാലിസ്റ്ററും അല്‍വാരസും ഗോളുകള്‍ നേടിയത് ഇനിയുള്ള കളികള്‍ക്ക് അവര്‍ക്ക് പ്രതീക്ഷ പകരുന്നു. മെസ്സിയെപ്പോലെ ഏയ്ഞ്ചല്‍ ഡി മരിയയും അര്‍ജന്റീനയുടെ കളിക്ക് ഒരുപാട് സംഭാവന ചെയ്യുന്നു.

നേരിയ വ്യത്യാസത്തിനാണ് മെക്സിക്കോ പുറത്തായത് എന്നു വരികിലും അവസാനത്തെ കളിയിലല്ല അവര്‍ക്ക് തെറ്റിയത്. അര്‍ജന്റീനയോട് അവര്‍ മോശമായിരുന്നു. ടെക്വിലയുടെ ദുഷ്ഫലങ്ങളാണ് അവിടെ പ്രവര്‍ത്തിച്ചത്. അവസാനം കുടുങ്ങിയ ഗോളാണ് തങ്ങളെ പറ്റിച്ചത് എന്നു വിചാരിക്കുന്നതിനു പകരം നേരത്തെ നന്നായി കളിക്കാന്‍ കഴിയാഞ്ഞത് മോശമായിപ്പോയി എന്നതായിരിക്കും ശരിയായ ദിശയിലുള്ള ചിന്ത.

ഒരു ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇങ്ങനെ കണ്ടു.''കൊളളാം! ഒരു 16-ാം റൗണ്ട് മത്സരം കൂടി എങ്ങനെ തോല്‍ക്കണമെന്നാലോചിച്ച് മെക്സിക്കോയ്ക്ക് ഇനി വേവലാതി വേണ്ടല്ലോ' മെക്സിക്കോ തോല്‍ക്കുമായിരുന്നുവെങ്കിലും കടും പച്ച നിറങ്ങളുള്ള അവരുടെ കുപ്പായവും യൂറോപ്യന്‍ കലര്‍പ്പില്ലാത്ത, യുറോപ്യന്‍ വംശജരില്‍ നിന്ന് അല്‍പം വ്യത്യാസപ്പെട്ടിട്ടുള്ള അവരുടെ മുഖങ്ങളും ലോകകപ്പുകളുടെ മറ്റൊരു രുചി തന്നെ. ഒരു പായയയുടെ വലിപ്പമുള്ള സോംബ്രെറോ എന്നു വിളിക്കുന്ന അവരുടെ തൊപ്പികള്‍ ഇനി ടെറസിലെ കാണികളുടെ ടെലിവിഷന്‍ ദൃശ്യങ്ങളില്‍ കണ്ടെന്നു വരില്ല

പോളണ്ടിന് ഫ്രാന്‍സാണ് അടുത്ത എതിരാളി. പകരക്കാരുടെ ടീമിനെയാണ് ടുണീഷ്യക്കെതിരെ ഫ്രാന്‍സ് ഇറക്കിയതെങ്കിലും ടുണീഷ്യയുടെ ജയം ലോക ചാമ്പ്യന്‍മാര്‍ക്കെതിരെ നേടിയ ജയം തന്നെ. അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ച സ്ഥിതിക്ക് പകരക്കാരെ പരീക്ഷിക്കുന്നത് സാധാരണം. പക്ഷേ ഫ്രാന്‍സ് പിന്നീട് എംബാപ്പെയെയും ഗ്രീസ്മനെയും കളിപ്പിക്കുകയുണ്ടായി. നേരെ മറിച്ചായിരുന്നു വേണ്ടിയിരുന്നത്. ഒരു വിധം കൊള്ളാവുന്ന കളിക്കാരെ ആദ്യമിറക്കുക. സൗകര്യം പോലെ പിന്നീട് അഞ്ചു പേരെ മാറ്റാമല്ലോ. തോല്‍വി മാനസികമായി ഒരു ടീമിനെ ക്ഷീണിപ്പിക്കുമോ എന്ന് പറയാന്‍ പറ്റില്ലെങ്കിലും പുതിയ കളിക്കാരുടെ ആത്മവിശ്വാസത്തിന് അത് ഇടിവ് വരുത്തിയേക്കാം. മാത്രമല്ല ഗ്രൂപ്പ് ലീഡര്‍ക്ക് പിന്നാലെ രണ്ടാം സ്ഥാനം നേടാന്‍ പരിശ്രമിക്കുന്ന ടീമുകളുടെ കണക്കുകൂട്ടലുകള്‍ ഇത് തെറ്റിച്ചേക്കാനുമിടയുണ്ട്. പക്ഷേ 26 പേരില്‍ നിന്ന് ആരെ കളിപ്പിക്കണമെന്നത് തീരുമാനിക്കുക പരിശീലകന്റെ അവകാശം തന്നെ.

ഡെന്‍മാര്‍ക്കിനെ അപേക്ഷിച്ച് ഓസ്ട്രേലിയ തന്നെയായിരുന്നു അടുത്ത ഘട്ടം അര്‍ഹിച്ചിരുന്ന ടീം. ലക്ഷ്യബോധത്തോടെ ഓസ്ട്രേലിയ കളിച്ചു. മാത്യൂ ലെക്കിയുടെ ഗോള്‍ കേമമായിരുന്നു. ഡിഫന്‍ഡര്‍ മേലിനെ ഒന്നു കറക്കിയ ശേഷമാണ് കാസ്പര്‍ മൈക്കലിനെ ലെക്കി കീഴ്പെടുത്തിയത്. ഒരു നീണ്ട പാസ്സിനെ പിന്തുടര്‍ന്നെത്തിയ ലെക്കിക്ക് ഗോളടിക്കാന്‍ പിന്നീട് പരസഹായം വേണ്ടിവന്നില്ല. മുന്‍നിരയില്‍ ലെക്കിയെന്നതു പോലെ പിന്‍നിരയില്‍ നിരന്തരം പന്ത് തലകൊണ്ടു തടുക്കുന്ന ഹാരി സൂട്ടര്‍ ഓസ്ട്രേലിയയുടെ കളിക്ക് ശക്തി പകരുന്നു. 2006ലെ ചില കളിക്കാരെ ടിം കാഹില്‍, മാര്‍ക്ക് വിഡുക്ക, ഹാരി ക്യൂവെല്‍, ഗോളി മാര്‍ക്ക് ഷ്വാര്‍സര്‍ തുടങ്ങിയവരെ കാണികള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവും.

വലിയ ടീമുകളില്‍ ഹോളണ്ട് ശരിക്കും പരീക്ഷിക്കപ്പെട്ടിട്ടില്ല. അവരുടെ നിരയിലുള്ള എതിരാളിയെ അവര്‍ കണ്ടുമുട്ടാനിരിക്കുന്നതെയുള്ളൂ. വെര്‍ജില്‍ വാന്‍ഡൈക്കും മെഫിസ് ഡെപ്പേയും ഫ്രാങ്കീ ഡിയോംഗും ഡാലി ബ്ലിന്‍ഡും പതിവായി ലീഗ് മല്‍സരങ്ങള്‍ കാണുന്നവര്‍ക്ക് പരിചിതരായിരിക്കാമെങ്കിലും കോഡി ഗാക്‌പോ എന്ന മുന്‍നിരക്കാരന്‍ എവിടെ നിന്നാണ് വരുന്നത്.? പിഎസ്‌വി ഐന്തോവന്റെ ഈ കളിക്കാരനെ കൂടുതല്‍ വലിയ ക്ലബ്ബിലേക്ക് വൈകാതെ പ്രവേശനം നേടുമെന്ന് പറയുന്നു. ഇതു വരെ മൂന്നു ഗോളടിച്ചിട്ടുള്ള ഗെക്പോ കാണികളുടെ മാത്രമല്ല, എതിര്‍നിരയുടെയും ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.

കളി ചൂടു പിടിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടും തങ്ങളുടെ അവകാശമുന്നയിച്ചു കൊണ്ട് ശീട്ട് മുറിച്ചിരിക്കുന്നു. അമേരിക്കയോട് സമനിലയില്‍ പിരിഞ്ഞതു മൂലമുണ്ടായ വിമര്‍ശനങ്ങള്‍ വെയില്‍സിനോട് നേടിയ വലിയ ജയം ശമിപ്പിച്ചിരിക്കുന്നു. മാര്‍ക്കസ് റാഷ്ഫഡിന്റെ കളി പരിശീലകനായ സൗത്ത്ഗേറ്റിന് കൂടുതല്‍ അവസരങ്ങള്‍ തുറന്നിട്ടിരിക്കുന്നു. നോക്കൗട്ട് മല്‍സരങ്ങള്‍ അധിക സമയത്തേക്ക് നീളാം. ഇഞ്ചുറി ടൈം തന്നെ ആറു മിനിറ്റ് മുതല്‍ 10 മിനിറ്റോളം നീളുന്നു. വാര്‍ പരിശോധനക്കും മറ്റും പോകുന്ന സമയം വകവെച്ചുകൊടുക്കാതെ വയ്യ. അധിക സമയത്തും വാര്‍ പരിശോധനയുണ്ടാവും. ആറാമത് ഒരു പകരക്കാരനും അപ്പോള്‍ പൊങ്ങി വരാം.

Content Highlights: fifa world cup 2022 cp vijayakrishnan column


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented