മെക്സിക്കോയ്ക്കെതിരായ മത്സരത്തിൽ ലയണൽ മെസ്സി | Photo: AFP
അഞ്ചംഗ പ്രതിരോധനിരയെ കടലാസില്‍ വരച്ചു കാണിക്കുമ്പോള്‍ തുറമുഖത്തേക്ക് യാനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ട് വെള്ളത്തില്‍ സ്ഥാപിച്ച ചങ്ങല പോല തോന്നും. കളി നടക്കുമ്പോള്‍ അത് അങ്ങനെയല്ലെന്നു വന്നാലും. കയറുമ്പോള്‍ അഞ്ച് മൂന്നാവും. ഇറങ്ങുമ്പോള്‍ വീണ്ടും അഞ്ച്. അള്‍വാരസ്, അരൗഹോ, മോണ്ടേസ്, മൊറേനോ, ഗയ്യാര്‍ഡോ ... മെക്സിക്കോ തങ്ങളുടെ ഗോള്‍മുഖത്ത് ആര്‍ക്ക് (arch) പോലെ സ്ഥാപിച്ച ചങ്ങലയിലെ കണ്ണികള്‍. അര്‍ജന്റീനയുമായുള്ള കളിയിലെ ആദ്യ നിമിഷങ്ങളില്‍ മെക്സിക്കോ കയറാന്‍ നോക്കിയെങ്കിലും വൈകാതെ അതവസാനിച്ചു.
പന്ത് ആരുടെയെങ്കിലും കാലില്‍ തുടര്‍ച്ചയായി നിന്ന സന്ദര്‍ഭം നന്നെ കുറവായിരുന്നു കളിയില്‍. പന്ത് സ്വയം ശപിച്ചിട്ടുണ്ടാവും. തുറന്ന സ്ഥലത്തു കൂടെ ഒന്നോടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍, അല്ലെങ്കില്‍ വലയില്‍ വിശ്രമിക്കുവാന്‍. ഏതു കളിയിലും തുറസ്സുകള്‍ സാധാരണ കാണാനാവും. കളി തങ്ങള്‍ തോല്‍ക്കുകയാണെന്ന വിചാരത്തില്‍ മെക്സിക്കോ കയറിയ സന്ദര്‍ഭത്തില്‍ മാത്രമേ അത്തരം പച്ചപ്പുകളുടെ വെളിമ്പ്രദേശങ്ങള്‍ കാണാനായുള്ളൂ. ഇത്രയധികം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട ഒരു കളി ഈ ലോകകപ്പില്‍ വേറെയുണ്ടാവില്ല.
നടുക്കളത്തില്‍ ആളുകള്‍ തിക്കിത്തിരക്കുമ്പോള്‍ പോലും ചെറിയ പാസ്സുകള്‍ രചിക്കപ്പെടുന്നതും തുടര്‍ന്ന് അതില്‍ പിടിച്ച് കളിക്കാര്‍ കയറുന്നതും കാണാനാവും. മെക്സിക്കോ ഏതാണ്ട് കളി നിര്‍ത്തി പിന്‍വാങ്ങിയപ്പോഴാണ് കളിയില്‍ കുറച്ചെങ്കിലും സമാധാനവും ശാന്തിയും കടന്നുവന്നത്. മെസ്സി അര്‍ജന്റീനയെ മാത്രമല്ല കളിയെയും രക്ഷിച്ചു. മാന്ത്രികന്റ തൊപ്പിയില്‍ നിന്ന് അദ്ദേഹം മുയലിനെ എടുത്തുകാണിച്ചു.
ഏതാണ്ട് ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച ഒരു ഗോള്‍. എന്‍സൊ ഫെര്‍ണാണ്ടസ് അവസാന രംഗങ്ങളെ അവിസ്മരണീയമാക്കി .വടക്കെ അമേരിക്കയില്‍ ഏറ്റവും ആരാധകരുള്ള ലീഗ് മെക്സിക്കോയുടേതാണെന്ന് പറയുന്നു. ലോക കപ്പില്‍ അവര്‍ പതിവായി നന്നായി കളിക്കാറുള്ളതുമാണ്. ഭാവനാശൂന്യമായ കളി അവരില്‍ നിന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഈ കയ്പ് കഴുകിക്കളയാന്‍ സൗദി അറേബ്യക്കെതിരെ അവര്‍ക്ക് ഒരവസരം കൂടിയുണ്ട്.
അര്‍ജന്റീനക്കെതിരേ ആദ്യ കളിയില്‍ സൗദി ചെറിയ ടീമായാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും പോളണ്ടിനെതിരെ തുല്യരായി അഥവാ ''വലിയ '' ടീമായി തന്നെയാണ് കളിക്കാനിറങ്ങിയത്. അവരുടെ കോച്ച് ഹാര്‍വെ റെനോ ആ കളിയില്‍ പകുതി സമയത്ത് കളിക്കാരോട് സംസാരിക്കുന്നത് ഇപ്പോള്‍ യൂ ട്യൂബില്‍ കാണാം. മെസ്സിയുടെ മുന്നില്‍ ബഹുമാനത്തോടെ നിന്നുവെന്ന് പറഞ്ഞ് റെനോ ഇംഗ്ലീഷില്‍ കളിക്കാരോട് പൊട്ടിത്തെറിക്കുന്നു. ഫോട്ടോയെടുത്തുകൂടെ എന്നു കൂടി ചോദിക്കുന്നുണ്ട് അദ്ദേഹം. റെനോയുടെ പരിഹാസം കാണികള്‍ അപ്പോള്‍ കേട്ടില്ലെന്നു വരികിലും അതിന്റെ ഫലം ഗ്രൗണ്ടില്‍ കണ്ടു.
പോളണ്ടിനെതിരെ സൗദി ജയിക്കാന്‍ സാധ്യതയുണ്ടായിരുന്നു. തോല്‍ക്കാനും. രണ്ടാത്തേതാണ് സംഭവിച്ചത് എന്നത് ഫുട്ബോളിന്റെ നിയമമാണ്. ആദ്യത്തെ 20 മിനുട്ടിനുള്ളില്‍ പോളണ്ട് മൂന്നു മഞ്ഞക്കാര്‍ഡ് സമ്പാദിച്ചതില്‍ നിന്ന് സൗദിയുടെ ആക്രമണ സന്നദ്ധത വ്യക്തമാവും. പന്ത് കാലില്‍ വെച്ച് തട്ടിയും തടവിയും കളിക്കാന്‍ സമര്‍ത്ഥരാണ് സൗദി കളിക്കാര്‍. എളുപ്പം വളഞ്ഞു തിരിയാനും അവര്‍ക്കാവുന്നു. അര്‍ജന്റീനക്കെതിരെ രണ്ടു ഗോളടിച്ചുവെങ്കിലും ഒരു ഗോളടിക്കാരന്റെ കുറവ് അവര്‍ക്കുണ്ട്. ഒരു സൗദി ലെവന്‍ഡോവ്സ്ക്കി അല്ലെങ്കില്‍ ഒരു ഒലീവിയര്‍ ഷിറൂ.
സൗദി കളിക്കാരെ അപേക്ഷിച്ച് പോളണ്ട് കളിക്കാര്‍ക്ക് തടി കൂടുതലാണെന്നും ലേശം പതുക്കെയാണെന്നും തോന്നുകയുണ്ടായി. ഒരു പക്ഷെ പോളണ്ടും ഡെന്മാര്ക്കും തമ്മില്‍ കളിക്കുകയാണെങ്കില്‍ ഇങ്ങനെ തോന്നിയില്ലെന്നു വരാം. ലെവന്‍ഡോവ്സ്ക്കി മാത്രമുള്ള ഒറ്റയാള്‍ ടീമാണ് പോളണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു. തീര്‍ച്ചയായും കളിയുടെ ഭാഷയില്‍ ആലങ്കാരികമായി പറയുന്നതാണത്, ഒരാക്ഷേപമല്ല. മുമ്പില്‍ ലെവന്ഡോവ്സ്കിയുള്ളതു പോലെ പിന്നില്‍ ഗോളി വോയ്ചെക്ക് ഷെസ്നിയും ഉണ്ടായിരുന്നു.
ഷെസ്നി ആര്‍സനലിനു കളിക്കുമ്പോള്‍ പിഴവുകള്‍ വരുത്തിയിരുന്നുവെന്ന് പറയുന്നു. പക്ഷെ ഡബിള്‍ സേവിന്റെ സ്പെഷലിസ്റ്റാണെന്നും മനസ്സിലാകുന്നു. അല്‍ ദൗസരിയുടെ പെനാല്‍റ്റിയും തുടര്‍ന്ന് അല്ബുറൈക്കിന്റെ ശ്രമവും ഷെസ്നി പടപടെ തടുത്തു. സൗദിയുടെ ആരാധകരുടെ ഹൃദയം അത് തകര്‍ത്തുവെങ്കിലും ബാക്കി കാണികളെ അത് അല്‍ഭുത പരതന്ത്രരാക്കിയിട്ടുണ്ടാവും.
പിയറ്റര്‍ സീലന്‍സ്കിയെ കോച്ച് ലെവന്‍ഡോവ്സ്ക്കിക്ക് സഹായിയായി ഇറക്കിയതാണ്. ഗോളിന്റെ ഒരു പങ്ക് ലെവന്ഡോവ്സിക്കിക്കു തന്നെ. പെനാല്‍റ്റി ബോക്സിലെ സംഗതികളുടെ കിടപ്പ് ഇത്രയധികം അറിയുന്ന മറ്റൊരു കളിക്കാരനുണ്ടാവില്ല. അല്മാല്ക്കിക്ക് പിഴവ് സംഭവിച്ച വേളയിലും ഈ പോളണ്ട് താരം സമീപത്തു തന്നെയുണ്ടായിരുന്നു. പോസ്റ്റിലേക്കുള്ള അന്ധമായ അടിയായിരുന്നില്ല അത്. തന്റെ ആദ്യത്തെ ലോക കപ്പ് ഗോള്‍ പിഴച്ചുപോകരുതെന്ന വിചാരം കൊണ്ടാവണം സൗദി ഗോളി അല്‍ ഉവൈസിന്റെ പരിസരം പോളണ്ട് താരം ഒന്ന് തലയുയര്‍ത്തി നോക്കി.
പരിഭ്രമത്തെക്കാള്‍ കണക്കുകൂട്ടലായിരുന്നു അവിടെ കണ്ടത്.ലെലന്ഡോവ്സ്ക്കിക്ക് പന്തെത്തിച്ചു കൊടുക്കാന്‍ ,സര്‍വീസ് എന്നു പറയുന്ന സേവനം നല്കാന് മാത്രം പോളണ്ടിന് പന്തിന്റെ മേല്‍ നിയന്ത്രണമുണ്ടായിരുന്നില്ല. ഇടയ്ക്ക് ഇദ്ദേഹം താഴേക്കിറങ്ങിവരുന്നതും കണ്ടു. നല്ല ഒരു കളിക്കാരന് മാത്രമുള്ള ടീമിന് ഈ അനുഭവം സാധാരണം. സാദിയൊ മാനേ ഉണ്ടായിരുന്നുവെങ്കില്‍ സെനഗലിന്റെ കളിയിലും വ്യത്യാസമുണ്ടാകുമായിരുന്നു. ഒരാഫ്രിക്കന്‍ ടീമിന്റെ ഉദയത്തെക്കുറിച്ച് പറഞ്ഞു കേള്‍ക്കാന്‍ തുടങ്ങിയിട്ട് എത്രയോ കാലമായെങ്കിലും അത് സംഭവിച്ചിട്ടില്ല.
ഈ ലോകകപ്പില്‍ ആ ടീമുകളുടെ കളി പൊതുവെ ആവേശമുയര്ത്തുന്നില്ല. ഒരുപക്ഷെ മൊറോക്കോയൊഴിച്ച്.അവരുടെ രണ്ടാമത്തെ കളി കഴിയുമ്പോഴേ ചിത്രം തെളിയൂ.അവര്‍ ഗോളടിക്കാതെ പിടിച്ചുനിര്‍ത്തിയ ക്രൊയേഷ്യ പഴയ ശക്തിയുള്ള ക്രൊയേഷ്യയായിരുന്നില്ല. ടൂണീഷ്യ ഡെന്മാര്ക്കിനെ സമനിലയില്‍ തളച്ചുവെങ്കിലും ഓസ്ട്രേലിയയോട് തോറ്റു. അദ്ധ്വാനശീലമാണ് ഓസ്ട്രേലിയയുടെ കൈമുതല്‍. നേരെ വാ നേരെ പോ ഫുട്ബോളാണ് അവര്‍ കളിക്കുക.തങ്ങള്‍ക്കൊപ്പം നില്ക്കുന്ന ടീമുകള്‍ക്കെതിരെ ഇത് മതിയാവും.
ടൂണീഷ്യക്ക് ആ നാട്ടുകാരായ കാണികളുടെ വലിയ പിന്തുണയുണ്ടായിട്ടും ഓസ്ട്രേലിയ ജയിച്ചു. ഇപ്പോഴും ഫുട്ബോള്‍ എന്ന സോക്കര്‍ അവിടെ ഓസ്ട്രേല്യന് ഫുട്ബോള്‍, ക്രിക്കറ്റ്, റഗ്ബി എന്നിവയുടെ പിന്നിലാണെന്ന് പറയുന്നു. ഡെന്മാര്ക്കിന് നല്ല മധ്യനിരയും പ്രതിരോധവുമൊക്കെയുണ്ടെങ്കിലും ഗോളടിക്കുന്ന ഒരാളില്ല എന്നത് അവരുടെ മുന്നോട്ടുള്ള ഗതിയെ തടയുന്നു. ടുണീഷ്യക്കെതിരെ അവര്‍ക്ക് ഗോളടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഫ്രാന്‍സിനെതിരെ ഒരു ഗോള്‍ മതിയാവുമായിരുന്നില്ല.
ഫ്രാന്‍സാകട്ടെ എതിരാളികളെ യാതൊരു തരത്തിലും ഭയപ്പെടുന്നില്ല. അലമാറയില്‍ ഇഷ്ടം പോലെ കളിക്കാരുള്ളതു കാരണം പോഗ്ബയുടെയോ ബെന്സെമയുടോയൊ കാന്റെയുടെയൊ അഭാവം അവരെ വലുതായി ബാധിച്ചിട്ടില്ല. ഗ്രീസ്മന് അല്പം കൂടി ഇറങ്ങി കളി ആസൂത്രണം ചെയ്യുന്നു. എംബാപ്പെ ഉസൈന്‍ ബോള്‍ട്ടി നെപ്പോലെ ഓടുന്നുവെന്നു മാത്രമല്ല ഗോളടിക്കുകയും ചെയ്യുന്നു. വശങ്ങളില് കളിക്കുന്നതു കാരണം എംബാപ്പെയുടെ കളി 'സിംപിള്‍' ആണെന്നു തോന്നും.
ആ നേര്‍രേഖയില്‍ പക്ഷെ സൂക്ഷ്മമായ വളവു തിരിവുകളുണ്ട്. മറ്റുള്ളവര്‍ ആലോചിച്ചു വരും മുമ്പു തന്നെ എംബാപ്പെ എല്ലാ കാര്യങ്ങളും അതിവേഗത്തില്‍ ചെയ്തു തീര്‍ക്കുന്നു. എംബാപ്പെയെക്കുറിച്ച് ഇനിയും കൂടുതല്‍ കേള്‍ക്കാനാവും. രാത്രിയില്‍ രണ്ടു സന്ദര്‍ഭങ്ങളില്‍ മാത്രമേ പടക്കം പൊട്ടുന്ന ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. ഒന്ന് ബ്രസീല്‍ ജയിച്ചപ്പോള്‍ രണ്ടാമത് അര്‍ജന്റീന രോഗശയ്യയില്‍ നിന്ന് എഴുന്നേറ്റു വന്ന് നടന്നപ്പോള്‍.
Content Highlights: fifa world cup, qatar, 2022, cp vijayakrishnan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..