പോരിനായി പോര്‍ച്ചുഗീസ് പടയൊരുങ്ങി; വിമര്‍ശനങ്ങളെ സൈഡ് ബെഞ്ചിലിരുത്തി ക്രിസ്റ്റ്യാനോ നിറഞ്ഞാടുമോ?


ആദര്‍ശ് പി ഐ

ലോകം കീഴടക്കാനുളള പോരാട്ടത്തിനിറങ്ങുമ്പോള്‍ ക്രിസ്റ്റ്യാനോയില്ലാത്തൊരു ടീമിനെ സാന്റോസ് മൈതാനത്തിറക്കില്ലെന്നുറപ്പാണ്. ഏത് നിമിഷവും മൈതാനത്ത് അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുളളയാളാണ് ക്രിസ്റ്റ്യാനോ. അത് തന്നെയാണ് ആ ടീമിനെ വേറിട്ടുനിര്‍ത്തുന്നതും.

photo: Getty Images

കാല്‍പ്പന്തിന്റെ മഹാമേളയ്ക്കായി ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു. ഇനി വിശ്വം കീഴടക്കാനുളള പോരാട്ടമാണ്. ഇക്കുറിയും ലോകകപ്പ് പ്രതീക്ഷകളെ അവരുടെ ഏഴാം നമ്പറുകാരന്റെ ചുമലില്‍ താങ്ങിവെച്ചാണ് പോര്‍ച്ചുഗല്‍ ഖത്തറിലേക്ക് വരുന്നത്. അയാളെ കീഴടക്കാതെ ആ സാമ്രാജ്യത്തെ തകര്‍ക്കാനാവില്ലെന്ന ഉറച്ച ബോധ്യത്തില്‍ പോര്‍ച്ചുഗല്‍ പന്തുതട്ടാനൊരുങ്ങുകയാണ്.

ലോകം കാല്‍പ്പന്തുകൊണ്ട് കീഴടക്കിയവരുടെ കൂട്ടത്തില്‍ നിങ്ങള്‍ക്ക് പോര്‍ച്ചുഗലിനെ കാണാനാവില്ല. ഫുട്‌ബോളിലെ പവര്‍ ഹൗസുകളായി പോര്‍ച്ചുഗല്‍ വാഴ്ത്തപ്പെട്ടിട്ടില്ല. ഇരുപതാം നൂറ്റാണ്ടില്‍ ആകെ രണ്ട് തവണ മാത്രം ലോകകപ്പിന് യോഗ്യത നേടിയ രാജ്യമാണ് പോര്‍ച്ചുഗല്‍. 1950-കളില്‍ പലതവണ അവര്‍ യോഗ്യതാറൗണ്ടുകളില്‍ കാലിടറിവീണിട്ടുണ്ട്.



പോര്‍ച്ചുഗല്‍ ക്ലബ്ല് ബെന്‍ഫിക്ക യൂറോപ്പിനെ അടക്കിഭരിച്ച 1962-കള്‍ക്ക് ശേഷമാണ് ലോകപ്പിന്റെ ചരിത്രത്തില്‍ ആ രാജ്യത്തിന്റെ പേരും എഴുതപ്പെടാന്‍ തുടങ്ങിയത്. 1961-ലും 62-ലും യൂറോപ്യന്‍ ചാമ്പ്യന്‍മാരായിരുന്നു ബെന്‍ഫിക്ക. ബെന്‍ഫിക്കയുടെ സുവര്‍ണനിരയെ പിന്‍പറ്റിയാണ് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുക്കം പോര്‍ച്ചുഗല്‍ 1966 ലോകകപ്പിന് യോഗ്യത നേടുന്നത്.

1966-ലെ ലോകകപ്പില്‍ അവിശ്വസനീയ പ്രകടനമായിരുന്നു പോര്‍ച്ചുഗലിന്റേത്. യുസേബിയോ എന്ന 24-കാരനായിരുന്നു അവരുടെ പോരാളി. സാക്ഷാല്‍ പെലെയുടെ ബ്രസീലിനെ വരെ തകര്‍ത്ത് എല്ലാ മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ക്വാര്‍ട്ടറില്‍ നോര്‍ത്ത് കൊറിയയേയും പരാജയപ്പെടുത്തി. സെമിയില്‍ പക്ഷേ ഇംഗ്ലണ്ടിനോട് കാലിടറി. സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനവുമായാണ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് മടങ്ങിയത്. ഒമ്പത് ഗോളുകളുമായി ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോറര്‍ യുസേബിയോ ആയിരുന്നു.

പോര്‍ച്ചുഗലിന്റെ രണ്ടാം വരവിന് അവര്‍ക്ക് രണ്ടുപതിറ്റാണ്ടോളം കാത്തുനില്‍ക്കേണ്ടിവന്നു. ലോകകപ്പ് വേദികളില്‍ പോര്‍ച്ചുഗല്‍ പിന്നെ
പന്തുതട്ടുന്നത് 1986-ലാണ്. പക്ഷേ കാര്യമായ മുന്നേറ്റങ്ങള്‍ക്കൊന്നും സാധിക്കാതെ അവര്‍ ഗ്രൂപ്പ് സ്‌റ്റേജില്‍ തന്നെ മടങ്ങി.

അതിന് ശേഷമാണ് പോര്‍ച്ചുഗീസ് പട അതിന്റെ സുവര്‍ണകാലഘട്ടത്തിലേക്ക് കടക്കുന്നത്. റൂയി കോസ്റ്റ, വിറ്റര്‍ ബായിയ, ജാവോ പിന്റോ, ലുയിസ് ഫിഗോ... ക്ലബ്ബ് ഫുട്‌ബോളിലെ നക്ഷത്രങ്ങള്‍ പോര്‍ച്ചുഗലിനായി പന്തുതട്ടാനിറങ്ങി. രണ്ട് തവണ അണ്ടര്‍ 20 വേള്‍ഡ്കപ്പ് നേടിക്കൊണ്ട് അവര്‍ ലോകകപ്പ് പ്രതീക്ഷകളെ ആളിക്കത്തിച്ചു. വീണ്ടും സ്വപ്‌നങ്ങള്‍ നെയ്തുതുടങ്ങി.

2002-ലോകകപ്പിനെത്തിയെങ്കിലും അപ്രതീക്ഷമായ പതനമായിരുന്നു പോര്‍ച്ചുഗലിന്റേത്. 1986-ന്റെ ആവര്‍ത്തനമെന്ന പോലെ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ മടങ്ങി.



2006 ലോകകപ്പില്‍ തങ്ങളുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന് പോര്‍ച്ചുഗീസ് ജനത ഉറച്ചുവിശ്വസിച്ചു.ലൂയിസ് സ്‌കൊളാരിയുടെ സംഘത്തില്‍ ഫിഗോയ്ക്കും ഡെക്കോയ്ക്കുമൊപ്പം ക്രിസ്റ്റ്യാനോയുമുണ്ടായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളെല്ലാം വിജയിച്ചാണ് പറങ്കിപ്പട പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഹോളണ്ടിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലേക്ക്. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി സെമിപ്രവേശം. ഇത്തവണ കിരീടം തങ്ങള്‍ക്കുളളതാണെന്ന് ഒരു വേള പോര്‍ച്ചുഗീസ് ജനത ഉറപ്പിച്ചുകാണണം. പക്ഷേ കാല്‍പ്പന്തിന്റെ കണക്കുപുസ്തകത്തില്‍ തോറ്റവരായി തന്നെ അവര്‍ അടയാളപ്പെടുത്തപ്പെട്ടു. സെമിയില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട് പുറത്തേക്ക്.

സൂപ്പര്‍താരം ലൂയിസ് ഫിഗോയുടെ അവസാന ലോകകപ്പ് കൂടിയായിരുന്നു അത്. അതിന് ശേഷമാണ് ഫിഗോയുടെ ഏഴാം നമ്പര്‍ കുപ്പായവുമണിഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രമെഴുതാന്‍ തുടങ്ങിയത്.

പിന്നീടങ്ങോട്ട് എല്ലാ ലോകകപ്പുകളിലും പോര്‍ച്ചുഗല്‍ യോഗ്യത നേടി. പക്ഷേ നിരാശയോടെ മടങ്ങേണ്ടിവന്നു. 2010-ല്‍ പ്രീ-ക്വാര്‍ട്ടറിലും 2014-ല്‍ ഗ്രൂപ്പ് സ്റ്റേജിലും പുറത്തായി. 2014-മുതല്‍ ഫെര്‍ണാണ്ടോ സാന്റോസ് അവരുടെ പരിശീലകനായി ചുമതലയേറ്റു. തുടക്കത്തില്‍ 4-4-2 ശൈലിയില്‍ ടീമിനെ പരീക്ഷിച്ച സാന്റോസ് പിന്നീട് 4-3-3 ഫോര്‍മേഷനിലേക്ക് മാറി. ഒരു കൂട്ടം യുവകളിക്കാരും ടീമിലേക്ക് കടന്നുവന്നു.

2018 റഷ്യന്‍ ലോകകപ്പിലെത്തുമ്പോഴേക്കും റൊണാള്‍ഡോ അവരുടെ രാജകുമാരനായി മാറിക്കഴിഞ്ഞിരുന്നു. യൂറോപ്യന്‍ ചാമ്പ്യന്‍മാരായി തലയെടുപ്പോടെയാണ് പറങ്കിപ്പട റഷ്യയില്‍ പന്തുതട്ടാനിറങ്ങിയത്. ആദ്യ മത്സരത്തില്‍ തന്നെ തന്റെ ഭൂതകാലമോര്‍മിപ്പിച്ച് അയാള്‍ നെഞ്ചുംവിരിച്ച് നിന്നു. പിന്നെയെല്ലാം ചരിത്രമാണ്. റൊണാള്‍ഡോ 3-സ്‌പെയിന്‍ 3. പക്ഷേ അയാളുടെ പോരാട്ടത്തിന് പ്രീ-ക്വാര്‍ട്ടറിലപ്പുറം പോകാനായില്ല. യുറഗ്വായോട് തോറ്റുമടങ്ങേണ്ടിവന്നു. പിന്നേയും കാത്തിരിപ്പ് നീണ്ടു.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ശക്തമായ നിരയുമായാണ് ഖത്തറിലേക്കുളള പോര്‍ച്ചുഗീസ് സംഘത്തിന്റെ വരവ്. ക്ലബ്ബ് ഫുട്‌ബോളിലെ മിന്നും താരങ്ങളെല്ലാം പറങ്കിപ്പടയിലുണ്ട്. പ്രതിരോധവും മധ്യനിരയും മുന്നേറ്റനിരയുമെല്ലാം സുസജ്ജം.

ഗോള്‍കീപ്പര്‍മാരായി റോമയുടെ റൂയി പാട്രീഷ്യോ, പോര്‍ട്ടോയുടെ ഡീഗോ കോസ്റ്റ എന്നിവരുണ്ട്. സെന്റര്‍ ബാക്കായി മാഞ്ചെസ്റ്റര്‍ സിറ്റിയുടെ
റൂബന്‍ ഡയസും സാക്ഷാല്‍ പെപ്പേയും. ഫുള്‍ ബാക്കായി മാഞ്ചെസ്റ്റര്‍ സിറ്റി താരം ജാവോ കാന്‍സലോയും പിഎസ്ജിയുടെ ന്യൂനോ മെന്‍ഡിസും യുണൈറ്റഡിന്റെ ഡീഗോ ഡാലോയും. പ്രതിരോധത്തില്‍ പോര്‍ച്ചുഗലിന് ആശങ്കകളേതുമില്ല.

ഭാവനാസമ്പന്നമായ മധ്യനിരകൂടിയാണ് പോര്‍ച്ചുഗലിന്റേത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസും സിറ്റിയുടെ ബെര്‍ണാഡോ സില്‍വയും പ്രതിരോധക്കോട്ട പിളര്‍ന്ന് പന്തെത്തിക്കാന്‍ കഴിവുളളവരാണ്. റൂബന്‍ നെവസ്, മാത്യൂസ് ന്യൂനസ് എന്നിങ്ങനെ മധ്യനിരയില്‍ വോള്‍വ്‌സിന്റെ ഒരുപിടി താരങ്ങളുണ്ട്. വില്ല്യം കാര്‍വാലോ, ഡാനിലോ പെരേര എന്നിവര്‍ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡ് ഓപ്ഷനുകളാണ്.

മുന്നേറ്റത്തില്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോയുടെ ബൂട്ടുകളില്‍ തന്നെയാണ് പോര്‍ച്ചുഗലിന്റെ പ്രതീക്ഷ. ലോകഫുട്‌ബോളില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ റോണോയ്ക്ക് മൈതാനങ്ങളും എതിരാളികളുമൊന്നും വിഷയമേയല്ല. മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനായി ആദ്യ പതിനൊന്നില്‍ പോലും ഇടം കിട്ടാതെ നില്‍ക്കുന്ന ക്രിസ്റ്റ്യാനോയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണുയരുന്നത്. ക്രിസ്റ്റ്യാനോയെ ഒഴിവാക്കി മറ്റുളളവര്‍ക്ക് അവസരം നല്‍കണമെന്നതാണ് പ്രധാന വാദം. എന്നാല്‍ ലോകം കീഴടക്കാനുളള പോരാട്ടത്തിനിറങ്ങുമ്പോള്‍ ക്രിസ്റ്റ്യാനോയില്ലാത്തൊരു ടീമിനെ സാന്റോസ് മൈതാനത്തിറക്കില്ലെന്നുറപ്പാണ്. ഏത് നിമിഷവും മൈതാനത്ത് അത്ഭുതം സൃഷ്ടിക്കാന്‍ കെല്‍പ്പുളളയാളാണ് ക്രിസ്റ്റ്യാനോ. അത് തന്നെയാണ് ആ ടീമിനെ വേറിട്ടുനിര്‍ത്തുന്നതും.

ക്രിസ്റ്റിയാനോക്കൊപ്പം അത്‌ലറ്റിക്കോയുടെ ജാവോ ഫെലിക്‌സും എസി മിലാന്റെ റാഫേല്‍ ലിയോയുമുണ്ട്. ലിവര്‍പൂള്‍ താരം ഡീഗോ ജോട്ട പരിക്കേറ്റ് പുറത്തായത് തിരിച്ചടിയാണെങ്കിലും ആ വിടവ് നികത്താന്‍ കെല്‍പ്പുളളവരുണ്ട്. ഗ്രൂപ്പ് എച്ചില്‍ യുറഗ്വായ്ക്കും ഘാനക്കും സൗത്ത് കൊറിയക്കുമൊപ്പമാണ് പോര്‍ച്ചുഗലുളളത്. ഘാനയാണ് ആദ്യ എതിരാളി.

'ജയസാധ്യത കൂടിയവര്‍, കറുത്ത കുതിരകള്‍ എന്നീ വിശേഷണങ്ങളിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഇതൊക്കെ കടലാസിലുളള കാര്യങ്ങള്‍ മാത്രമാണ്. ഓര്‍ക്കുക, ഫുട്‌ബോള്‍ കളിക്കുന്നത് കടലാസിലല്ല, പുല്‍ മൈതാനത്താണ്. അവിടെ ഏറ്റവും മികച്ചവര്‍ക്ക് മാത്രമേ സാധ്യതയുളളൂ'- ഇങ്ങനെ പറഞ്ഞുവെച്ച് ക്രിസ്റ്റിയാനോ ആ പോരാളിക്കൂട്ടത്തേയും കൂട്ടി ഖത്തറിലിറങ്ങുകയാണ്.

സമാനതകളില്ലാത്ത പ്രകടനങ്ങളോടെ ഒറ്റയാള്‍ പട്ടാളമായി ജ്വലിച്ച് നില്‍ക്കുമ്പോഴും അയാള്‍ക്ക് ഒരു ലോകകിരീടമില്ല. വിശ്വകിരീടവുമായി ആ ഇതിഹാസ ചരിത്രം പൂര്‍ണമാകുമോ? ഇത് അവസാനത്തേതാണെന്നുറപ്പാണ്. ഇനിയൊരു വിശ്വപോരാട്ടത്തില്‍ അയാളങ്ങനെ ബൂട്ടുകെട്ടിയിറങ്ങാനിടയില്ല. ഇങ്ങിവിടെ പുളളാവൂര്‍ പുഴ വരെ അയാളേയും കിനാവുകണ്ട് ഒഴുകുകയാണ്. ഇത്തവണ കപ്പ് ഞങ്ങള്‍ക്കുളളതാണ്. റോണോ അത് സമ്മാനിക്കും. പോര്‍ച്ചുഗീസ് ജനത ആ സ്വപ്‌നത്തിന് പിന്നാലെയാണ്. ആ സുവര്‍ണ നിമിഷം ഖത്തറില്‍ സംഭവിക്കുമോയെന്നറിയാനുളള കാത്തിരിപ്പിലാണ് ആരാധകര്‍.

Content Highlights: portugal, qatar world cup 2022, fifa world cup, ronaldo


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented