ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍? കപ്പ് മിനുക്കിക്കോളൂ.. വരുന്നുണ്ട് മെസ്സിപ്പട


അനുരഞ്ജ് മനോഹര്‍കോപ്പ അമേരിക്ക കിരീടവുമായി മെസ്സി | Photo: Getty Images

ത്തറിലില്ലെങ്കില്‍ പിന്നെയില്ല... അവസാന ലോകകപ്പിന് ബൂട്ടുകെട്ടുകയാണ് ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. കഴിഞ്ഞ നാല് തവണയും കണ്ണീരോടെ മൈതാനം വിട്ട മെസ്സിയ്ക്ക് ഇത്തവണ കിരീടം നേടിയേ മതിയാകൂ. മെസ്സിയുടെ കിരീടസ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ആ കുറിയ മനുഷ്യനോടൊപ്പം പത്ത് പോരാളികളാണ് അര്‍ജന്റീനയ്ക്കായി ബൂട്ടുകെട്ടുന്നത്. ആ പത്തുപേരുടെയും ലക്ഷ്യം ഒന്നുമാത്രം. മെസ്സിയ്ക്ക് വേണ്ടി കിരീടം നേടണം...

മലയാളികള്‍ക്ക് സ്വന്തം നാട് പോലെയാണ് അര്‍ജന്റീന. മറഡോണയും മെസ്സിയും അഗ്യൂറോയുമെല്ലാം അവര്‍ക്ക് കളിക്കാരല്ല മറിച്ച് കട്ട ചങ്കുകളാണ്. അര്‍ജന്റീന താരങ്ങള്‍ ഫുട്ബോളില്‍ മാസ്മരിക പ്രകടനങ്ങള്‍ തീര്‍ക്കുമ്പോള്‍ ഇന്ത്യയുടെ ഇങ്ങേ അറ്റത്തുള്ള കേരളത്തിലും ആവേശം വാനോളമുയരും. ഡീഗോ മാറഡോണയുടെ അവിശ്വസനീയ പ്രകടനങ്ങളാണ് കേരളത്തില്‍ അര്‍ജന്റീന ഫാന്‍സിനെ മലപോലെ വളര്‍ത്തിയതെന്ന് നിസംശയം പറയാം.

ചരിത്രം പരിശോധിക്കുമ്പോള്‍ ഫുട്ബോളിലെ വമ്പന്മാര്‍ തന്നെയാണ് അര്‍ജന്റീന. കപ്പ് സ്വന്തമാക്കിയ മാറഡോണയും ഡാനിയല്‍ പാസറെല്ലയും. പിന്നെ മെസ്സി, ബാറ്റിസ്റ്റ്യൂട്ട, കനീജിയ, ക്രെസ്പോ, റിക്വല്‍മി, അഗ്യൂറോ, ടെവസ്, മരിയോ കെംപസ്.... താരങ്ങളുടെ എണ്ണം ഇനിയുമേറെയുണ്ട്. രണ്ടുതവണയാണ് അര്‍ജന്റീന ലോകകപ്പ് കിരീടമുയര്‍ത്തിയത്. ആദ്യമായി ആ സുവര്‍ണകിരീടം അര്‍ജന്റീനയിലേക്കെത്തുന്നത് 1978-ലാണ്. അന്ന് ഡാനിയേല്‍ പസാറെല്ല നയിച്ച അര്‍ജന്റീന ഫൈനലില്‍ നെതര്‍ലന്‍ഡ്സിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ടു. മരിയോ കെംപെസ് എന്ന ഗോളടിയന്ത്രത്തിന്റെ മികവിലാണ് അര്‍ജന്റീന അന്ന് കിരീടം നേടിയത്. സ്വന്തം മണ്ണില്‍ നടന്ന ലോകകപ്പ് തന്നെ നേടിക്കൊണ്ട് അര്‍ജന്റീന ചരിത്രം കുറിച്ചു.

പിന്നീട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അര്‍ജന്റീന വിശ്വജേതാക്കളായി. ഇത്തവണ ഡീഗോ മാറഡോണയുടെ അമ്പരപ്പിക്കുന്ന പ്രകടനത്തിന്റെ കരുത്തിലാണ് ആല്‍ബിസെലസ്റ്റസ് രണ്ടാം തവണയും കിരീടം നേടിയത്. ഫൈനലില്‍ പശ്ചിമ ജര്‍മനിയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് കീഴടക്കിയത്. ഈ ലോകകപ്പിലാണ് പ്രശസ്തമായ ദൈവത്തിന്റെ ഗോള്‍ പിറന്നത്. കരുത്തരായ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരത്തിലാണ് ഈ സംഭവമരങ്ങേറിയത്. ആ മത്സരത്തില്‍ മാറഡോണ നേടിയ നൂറ്റാണ്ടിന്റെ ഗോളും ആരും മറന്നുപോകരുത്. അതിനുശേഷം പിന്നീടൊരു ലോകകിരീടം സ്വന്തമാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചിട്ടില്ല. 1990 ലോകകപ്പ് ഫൈനലിലെത്തിയെങ്കിലും മാറഡോണയും സംഘവും പരാജയപ്പെട്ട് കണ്ണീരോടെ മടങ്ങി. 1930 ലോകകപ്പിലും അര്‍ജന്റീന ഫൈനലില്‍ പരാജയപ്പെട്ടിരുന്നു.

മാറഡോണയ്ക്ക് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ലോകം ലയണല്‍ മെസ്സിയെ വാഴ്ത്തി. അതിനിടയില്‍ ക്ലോഡിയേ കനീജിയയും ഹെര്‍നാന്‍ ക്രെസ്പോയും റോബര്‍ട്ടോ അയാളയും ഒര്‍ട്ടേഗയും
ഹാവിയര്‍ മഷറാനോയും ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയും യുവാന്‍ റോമാന്‍ റിക്വല്‍മിയുമെല്ലാം വന്നെങ്കിലും മെസ്സിയോളം ആരാധകവൃന്ദത്തെ സൃഷ്ടിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ഫുട്ബോളിലെ മിക്ക റെക്കോഡുകളും മെസ്സിയ്ക്ക് കളിപ്പാട്ടങ്ങളായി മാറിയ കാലത്ത് അദ്ദേഹം നേടാത്ത ക്ലബ്ബ് കിരീടങ്ങളില്ല. എന്നാല്‍ അര്‍ജന്റീനയുടെ കുപ്പായത്തില്‍ ലോകകപ്പ് സ്വന്തമാക്കാന്‍ മെസ്സിയ്ക്ക് ഇനിയും സാധിച്ചിട്ടില്ല. അര്‍ജന്റീനയ്ക്ക് വേണ്ടി ഒരു കിരീടം പോലും നേടിയിട്ടില്ല എന്ന വിമര്‍ശകരുടെ സ്ഥിരം വായ്പ്പാട്ടിന് കഴിഞ്ഞ കോപ്പ അമേരിക്കയിലൂടെ മെസ്സി മറുപടി നല്‍കി. ഫൈനലില്‍ ചിരവൈരികളായ ബ്രസീലിനെ കീഴടക്കി മെസ്സി അര്‍ജന്റീനയുടെ ജഴ്സിയില്‍ ആദ്യമായി കിരീടം ഉയര്‍ത്തി. ബ്രസീലിനെ കീഴടക്കി കപ്പ് നേടിയതുകൊണ്ടുതന്നെ ആ പേരും പറഞ്ഞ് ഇനിയൊരു വിമര്‍ശനവും മെസ്സിയ്ക്ക് കേള്‍ക്കേണ്ടി വരില്ല. കോപ്പ അമേരിക്ക നേടാനായി സഹതാരങ്ങള്‍ മെസ്സിയ്ക്ക് വേണ്ടി കൈയ്യും മെയ്യും മറന്ന് പോരാടുകയായിരുന്നു.

പിന്നാലെ വന്ന ഫൈനലിസീമ കിരീടം നേടിക്കൊണ്ട് അര്‍ജന്റീന ചരിത്രം കുറിച്ചു. യൂറോപ്യന്‍ ചാമ്പ്യന്മാരും കോപ്പ അമേരിക്ക കിരീട ജേതാക്കളും പരസ്പരം ഏറ്റുമുട്ടുന്ന ചാമ്പ്യന്മാരുടെ പോരാണ് ഫൈനലിസീമ. ചുരുക്കത്തില്‍ ഒരു മിനി ലോകകപ്പ് ഫൈനല്‍ തന്നെ. യൂറോകപ്പ് ചാമ്പ്യന്മാരായ ഇറ്റലിയായിരുന്നു അര്‍ജന്റീനയുടെ എതിരാളി. വമ്പുകുലുക്കി വന്ന അസൂറിപ്പടയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തില്‍ തലയുയര്‍ത്തിനിന്നപ്പോള്‍ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് സാക്ഷാല്‍ മെസ്സിയായിരുന്നു.

പക്ഷേ ഇതുകൊണ്ടൊന്നും മെസ്സി എന്ന യുഗപ്രതിഭയുടെ മനസ്സില്‍ തണുത്തുറഞ്ഞുകിടക്കുന്ന ലോകകപ്പ് മോഹങ്ങള്‍ അസ്തമിക്കില്ല. ഒരിക്കല്‍ ചുണ്ടിനും കപ്പിനുമിടയില്‍ ലോകകപ്പ് കിരീടം നഷ്ടപ്പെട്ടതിന്റെ വേദന ഇപ്പോഴും മെസ്സിയുടെ മനസ്സില്‍ നിന്ന് തികട്ടി വരുന്നുണ്ടാകും. 2014 ലോകകപ്പ് ഫൈനലിന്റെ 113-ാം മിനിറ്റില്‍ ജര്‍മനിയുടെ മരിയോ ഗോട്സെ ഗോള്‍ നേടുമ്പോള്‍ അര്‍ജന്റീന ആരാധകരുടെ നെഞ്ചകം നീറി. അന്ന് മത്സരശേഷം മെസ്സി പൊട്ടിക്കരഞ്ഞത് ഒരു അര്‍ജന്റീന ആരാധകനും മറക്കാനാവില്ല. കഴിഞ്ഞ ലോകകപ്പില്‍ ശക്തമായ ടീമിനെ അണിനിരത്തിയാണ് മെസ്സിയും സംഘവും ഇറങ്ങിയതെങ്കിലും പ്രീ ക്വാര്‍ട്ടറില്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിന് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു.

ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും അര്‍ജന്റീന പ്രതീക്ഷിക്കുന്നില്ല. കോപ്പ അമേരിക്ക കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന ആരാധകര്‍ പറയുന്നപോലെ ഖത്തറിലെ അത്തറ് മണക്കുന്ന സ്റ്റേഡിയത്തില്‍ അവര്‍ പന്തുതട്ടാനെത്തുന്നത്. മിക്ക ലോകകപ്പുകളിലും പ്രാഥമിക റൗണ്ടുകളില്‍ പതറി തട്ടിയും തടഞ്ഞുമൊക്കെയാണ് അര്‍ജന്റീന യോഗ്യത നേടാറുളളത്. എന്നാല്‍ ഇത്തവണ കളി വേറെ ലെവലാണ്. ലയണല്‍ സ്‌കലോണി എന്ന തന്ത്രശാലിയായ പരിശീലകന്‍ അര്‍ജന്റീനയുടെ കപ്പിത്താനായി സ്ഥാനമേറ്റപ്പോള്‍ത്തൊട്ട് അര്‍ജന്റീന അത്ഭുതക്കുതിപ്പ് നടത്തുകയാണ്. രണ്ട് ലയണുകളും കൈകോര്‍ക്കുന്ന അര്‍ജന്റീനയെ ഇത്തവണ എതിരാളികള്‍ ഭയക്കണം. കാരണം തുടര്‍ച്ചയായി 36 മത്സരങ്ങള്‍ തോല്‍ക്കാതെയാണ് സ്‌കലോണിയുടെയും കൂട്ടരുടെയും വരവ്. അതും ലോകോത്തര ടീമുകളെ നിഷ്പ്രഭരാക്കിക്കൊണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ 17 മത്സരങ്ങളില്‍ 11 വിജയം നേടി ഒറ്റ കളിപോലും തോല്‍ക്കാതെ രാജകീയമായാണ് അര്‍ജന്റീന ലോകകപ്പിന് യോഗ്യത നേടിയത്. ഒരു സംഘം യുവതാരങ്ങളുടെ കരുത്താണ് അര്‍ജന്റീനയെ ലോകത്തിലെ ഏറ്റവും അപകടകാരിയായ ടീമാക്കി മാറ്റുന്നത്.

സ്‌കലോണിയുടെ തന്ത്രങ്ങള്‍ ഇവിടെ എടുത്തുപറയണം. ശിഥിലമായിക്കിടന്ന ഒരു ടീമിനെ അദ്ദേഹം അടിമുടി ഉടച്ചുവാര്‍ത്തു. യുവതാരങ്ങളെ കണ്ടെത്തി ടീമിന്റെ ബലം ശക്തിപ്പെടുത്തി. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ താരങ്ങളിലൊരാളായ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് അടക്കമുള്ള പ്രതിഭകള്‍ സ്‌കലോണിയുടെ കണ്ടെത്തലാണ്. വിവിധ ലീഗുകളില്‍ മിന്നും പ്രകടനം പുറത്തെടുക്കുന്ന യുവതാരങ്ങളെ കണ്ടെത്തിയ സ്‌കലോണി അവരെ മെസ്സിയുടെ പടയാളികളാക്കി. മെസ്സിയ്ക്ക് വേണ്ടി കൊല്ലാനും ചാവാനും വരെ തയ്യാറായി നില്‍ക്കുന്ന ഇവര്‍ തന്നെയാണ് അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ ശക്തി. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ കളിക്കുന്ന ഒരു വെല്‍ ബാലന്‍സ്ഡ് ടീമായാണ് അര്‍ജന്റീന ഖത്തറില്‍ കാലുകുത്തുന്നത്. ലോ സെല്‍സോ കളിക്കുന്നില്ല എന്നതൊഴിച്ചാല്‍ മെസ്സിയും സംഘവും സ്ട്രോങ്ങാണ് ഡബിള്‍ സ്ട്രോങ്.

ഇനി ടീമിന്റെ ശക്തി പരിശോധിക്കാം. അര്‍ജന്റീന ഗോള്‍വല കാക്കാന്‍ കോപ്പ അമേരിക്കയില്‍ ഉരുക്കുകോട്ട തീര്‍ത്ത എമിലിയാനോ മാര്‍ട്ടിനെസുണ്ടാകും. ജെറോമിനോ റൂളിയും ഫ്രാങ്കോ അര്‍മാനിയും ഗോള്‍കീപ്പര്‍മാരായി 26 അംഗ സംഘത്തിലിടം നേടിയിട്ടുണ്ട്. പതിവിന് വിപരീതമായി ക്രിസ്റ്റിയന്‍ റൊമേറോയും ലിസാന്‍ഡ്രോ മാര്‍ട്ടിനെസും മോളീന്യയും ഒട്ടമെന്‍ഡിയുമെല്ലാം തീര്‍ക്കുന്ന പ്രതിരോധക്കോട്ടയാണ് അര്‍ജന്റീനയുടെ പ്രധാന ആയുധം. നഹ്വെല്‍ മൊളീന്യ, ഗോണ്‍സാലോ മോണ്‍ടിയെല്‍, ജെര്‍മന്‍ പെസെല്ല, മാര്‍ക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, യുവാന്‍ ഫൊയ്ത്ത് എന്നിവര്‍ കൂടി ചേരുമ്പോള്‍ അര്‍ജന്റീനയുടെ പ്രതിരോധം ശക്തമാകും

മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയാന്‍ റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരെഡെസ്, അലെക്‌സിസ് മാക് അലിസ്റ്റര്‍, ഗൈഡോ റോഡ്രിഗസ്, അലക്‌സാണ്ട്രോ ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എക്‌സെക്വെല്‍ പലാസിയോസ് എന്നിവരുണ്ട്.

മെസ്സി നേതൃത്വം നല്‍കുന്ന മുന്നേറ്റ നിരയില്‍ കളിക്കാനായി പരിചയസമ്പന്നനായ എയ്ഞ്ജല്‍ ഡി മരിയയും ഇന്റര്‍മിലാന്റെ മുന്നേറ്റതാരമായ ലൗട്ടാറോ മാര്‍ട്ടിനസുമുണ്ട് ഒപ്പം പൗലോ ഡിബാലയും തിയാഗോ അല്‍മാഡയും എയ്ഞ്ജല്‍ കോറിയയും കൂടി ചേരുമ്പോള്‍ അര്‍ജന്റീന ഫോര്‍വേര്‍ഡ് നിര സമ്പന്നമാകും പുത്തന്‍ താരോദയം മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ജൂലിയാന്‍ അല്‍വാരസും കൂടി മെസ്സിയ്ക്കൊപ്പം ചേര്‍ന്നാല്‍ അര്‍ജന്റീന മുന്നേറ്റനിരയ്ക്ക് കടിഞ്ഞാണിടാന്‍ മറ്റുടീമുകള്‍ നന്നായി വിയര്‍ക്കേണ്ടിവരും.

ലോകകപ്പില്‍ ഗ്രൂപ്പ് സി യിലാണ് അര്‍ജന്റീന മത്സരിക്കുന്നത്. ആദ്യ മത്സരത്തില്‍ നവംബര്‍ 22 ന് മെസ്സിയും സംഘവും സൗദി അറേബ്യയെ നേരിടും. പോളണ്ട്, മെക്സിക്കോ തുടങ്ങിയ ടീമുകളും ഗ്രൂപ്പ് സിയില്‍ അണിനിരക്കുന്നുണ്ട്. അര്‍ജന്റീനയുടെ സമീപകാലത്തുണ്ടായതില്‍ വെച്ചേറ്റവും മികച്ച ടീമിനെയാണ് സ്‌കലോണി ഖത്തര്‍ ലോകകപ്പിനായി അയച്ചിരിക്കുന്നത്. കരിയറിലെ അവസാന ലോകകപ്പ് കളിക്കാനിറങ്ങുന്ന മെസ്സി തന്നെയാണ് ഇത്തവണയും ടീമിലെ കേന്ദ്ര ബിന്ദു. ഫുട്ബോള്‍ ഇതിഹാസങ്ങളിലൊരാളായ മെസ്സി ലോകകപ്പില്ലാതെ മടങ്ങുന്നത് ആരാധകര്‍ക്ക് സഹിക്കാനാവില്ല. ലോകകപ്പില്‍ ചുംബിക്കാതെ ആ കുറിയ മനുഷ്യന്‍ മടങ്ങിയാല്‍ കാലം അയാളോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടാകുമത്. നമുക്ക് കാത്തിരിക്കാം മെസ്സിയുടെ ബൂട്ടില്‍ നിന്ന് പിറക്കുന്ന ഓരോ വിജയഗോളുകള്‍ക്കുമായി... കാത്തിരിക്കാം അര്‍ജന്റീന മൂന്നാം കിരീടത്തില്‍ മുത്തമിടുന്നതിനായി... വാമോസ് അര്‍ജന്റീന..

Content Highlights: fifa world cup 2022, argentina football, lionel messi, messi argentina, watar world cup, argentina


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented