Photo: Laurence Griffiths/Getty Images
ലോകകപ്പ് ഫുട്ബോള്‍ അതിപ്രധാന പോരാട്ടങ്ങളിലേക്കു കടക്കുമ്പോള്‍ മൈതാനത്തെ തന്ത്രങ്ങളില്‍ ശ്രദ്ധേയമാകുന്നത് പ്രതിരോധത്തിന്റെ ഇരട്ടഭിത്തിയും വിങ്ങുകളിലൂടെയുള്ള ഗോള്വഴിയുമാണ്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ഫിഫ ടെക്നിക്കല്‍ സ്റ്റഡി ഗ്രൂപ്പിന്റെ വിലയിരുത്തലുകളും ഇക്കാര്യം അടിവരയിടുന്നു.
ഇരട്ടഭിത്തി
ഗോളടിക്കുന്നതുപോലെ പ്രധാനമാണ് ഗോള്‍ വഴങ്ങാതിരിക്കലും. ഇത്തവണ ലോകകപ്പിലെ പ്രധാന സവിശേഷത ടീമുകളുടെ പ്രതിരോധരീതിയില് വന്ന മാറ്റമാണ്. അതില്‍ പ്രധാനം പ്രതിരോധനിരയും മധ്യനിരയും തമ്മിലുള്ള അകലം കുറഞ്ഞതാണ്. സ്വന്തം ഹാഫില്‍ കളിക്കുമ്പോള്‍ ഈ രണ്ട് നിരകളും തമ്മില്‍ അകലമില്ലാതാകുന്നു. ഇതോടെ എതിര്‍ടീമിന് കാര്യമായി സ്പെയ്സ് കിട്ടാതെ പോകും.
പത്ത് കളിക്കാരേയും ഉപയോഗിച്ചാണ് മിക്ക ടീമുകളും പ്രതിരോധിക്കാനുള്ള ഇരട്ടഭിത്തിയുണ്ടാക്കുന്നത്. ഇതോടെ, 20-26 വാരയ്ക്കുള്ളില്നിന്നുള്ള ഷോട്ടുകളില്‍ കാര്യമായ കുറവ് വന്നു. ഇതിനൊപ്പം മധ്യഭാഗത്ത് കൂടിയുള്ള മുന്നേറ്റങ്ങളും കുറഞ്ഞു. ഈ ഇരട്ട പ്രതിരോധലൈന് ഇഞ്ചുറി ടൈമിലെ ഗോളുകളുടെ എണ്ണത്തിലും കുറവ് വരുത്തി. ഇത്തവണ പരിക്കുസമയം കൂടുതലായി നല്‍കിയിട്ടും കഴിഞ്ഞ ലോകകപ്പിനേക്കാള്‍ കുറവ് ഗോളുകളാണ് ഈ സമയത്ത് വന്നിട്ടുള്ളത്. 2018-ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ 21 ഇഞ്ചുറി ടൈം ഗോളുകള്‍ വന്നെങ്കില്‍ ഇത്തവണയത് 12 മാത്രമാണ്.
വിങ്ങര്‍മാരുടെ വഴി
പ്രതിരോധ-മധ്യനിരകളുടെ അകലം കുറഞ്ഞതോടെ ബോക്സിനുമുന്നിലെ കളി കുറഞ്ഞു. പകരം ആക്രമണത്തിന് വിങ്ങുകളിലൂടെയാണ് ടീമുകള്‍ വഴി കണ്ടെത്തുന്നത്. മികച്ച വിങ്ങര്‍മാരുള്ള ടീമിന് ജയസാധ്യത കൂടുതലാണെന്ന് ഫിഫ സ്റ്റഡി ഗ്രൂപ്പും വിലയിരുത്തുന്നുണ്ട്. വൈഡായി കളിക്കാന്‍ കഴിയുന്ന വിങ്ങര്‍മാരും അതിനൊത്ത വിങ്ബാക്കുകളുമുണ്ടെങ്കില് ഗോള്‍വഴി എളുപ്പമാകുമെന്ന് ഇതുവരെയുള്ള മത്സരങ്ങള്‍ തെളിയിക്കുന്നു. ഫ്രാന്‍സ്, ബ്രസീല്‍, ഇംഗ്ലണ്ട്, ഹോളണ്ട് ടീമുകളുടെ ശക്തി മികച്ച വിങ്ങര്‍മാരുടെ സാന്നിധ്യമാണ്.
മധ്യഭാഗം അടയുന്നതോടെ ടീമുകള്‍ കൂടുതലായി വിങ്ങുകളെ ആശ്രയിക്കുന്നു. ഭാവനാസമ്പന്നരും മികച്ച വേഗവും ഡ്രിബ്ലിങ് മികവുള്ള വിങ്ങര്‍മാരുള്ള ടീമുകള്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്നെടുത്തിട്ടുണ്ടെന്നാണ് സ്റ്റഡി ഗ്രൂപ്പിന്റെ വിലയിരുത്തല്‍. സ്റ്റഡി ഗ്രൂപ്പ് മേധാവി ആഴ്സന്‍ വെങ്ങറുടെ അഭിപ്രായത്തില്‍ ഫ്രാന്‍സിന്റെ ഇടതുവിങ് ഇതിന് ഉത്തമോദാഹരണമാണ്. കിലിയന്‍ എംബാപ്പെയും വിങ് ബാക്ക് തിയോ ഹെര്‍ണാണ്ടസുമാണ് ഇവിടെ കളിക്കുന്നത്.
ക്രോസ് നിര്‍ണായകം
കഴിഞ്ഞ റഷ്യ ലോകകപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രോസുകളുടെ കാര്യത്തില്‍ 83 ശതമാനം വര്‍ധനയാണുള്ളത്. വിങ്ങുകളിലേക്ക് ആക്രമണപദ്ധതി മാറിയതോടെയാണിത്. ക്വാര്‍ട്ടറിലെത്തിയ എട്ട് ടീമുകളില്‍ എഴെണ്ണവും ക്രോസുകളുടെ പട്ടികയില്‍ മുന്നില്‍ നില്ക്കുന്നു.
Content Highlights: Defense Shining in FIFA World Cup Despite Their Attacking Prowess
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..