ജപ്പാൻ താരങ്ങളുടെ നിരാശ| ഫോട്ടോ: എ.പി
ഉയരക്കുറവ് പ്രധാന പരിമിതി. സമ്മര്‍ദം എന്ന കടമ്പ. പ്രീ ക്വാര്‍ട്ടറില്‍ ഒരിക്കല്‍ കൂടി ജപ്പാന്റെ കണ്ണീര് വീണു. ഇത്തവണ ഷൂട്ടൗട്ട് ദുരന്തമായി. ആരാധകര്‍ക്ക് അത് ഹൃദയഭേദകമായി. തുടര്‍ച്ചയായി ഏഴാം ലോകകപ്പ് കളിക്കുന്ന ടീം. ഇത് നാലാം തവണയാണ് പ്രീക്വാര്‍ട്ടറില്‍ വീണുപോകുന്നത്. 2010-ലും ഷൂട്ടൗട്ടില്‍ പരാഗ്വായിയോടായിരുന്നു അടിയറവ്.
ജര്‍മനിയേയും സ്പെയിനേയും വീഴ്ത്തിയ സാമുറായ് വീര്യം ഇത്തവണ ക്രൊയേഷ്യന്‍ കരുത്തിന് മുന്നില്‍ ചോര്‍ന്നു. പരിചയസമ്പത്ത് ഏത് അട്ടിമറിയേയും ചെറുക്കാന്‍ പോന്നതായി ക്രൊയേഷ്യക്ക്. എങ്കിലും ഈ ലോകകപ്പിലെ അട്ടിമറി വീരന്മാര് മടങ്ങുന്നത് ചിലത് തെളിയിച്ചു തന്നെയാണ്. വേഗമായിരുന്നു ജപ്പാന്റെ എന്ജിന്. കരുത്ത്. ക്രൊയേഷ്യന്‍ അനുഭവസമ്പത്ത് ആ വേഗത്തിന് ആദ്യമേ ബ്രേക്കിട്ടു. പൊക്കക്കുറവ് വെല്ലുവിളിയായതിനാല്‍ ലോങ് ബോളുകള്‍ക്ക് ശ്രമിച്ചതേയില്ല. കൗണ്ടറായിരുന്നു തന്ത്രം. എന്നാല്‍ ഓരോ കൗണ്ടറുകളും പ്രതിരോധ ഭടന്മാര് വരിഞ്ഞുമുറുക്കി. ക്രൊയേഷ്യന്‍ ശാരീരിക മികവിനെ മറികടക്കാനാകാതെ ജപ്പാന് താരങ്ങള്‍ പരുങ്ങി.
റഫറിക്ക് ജോലി കുറവായിരുന്നു. വിസില്‍ മുഴങ്ങിയത് പോലും വളരെക്കുറവായിരുന്നു കളി ഒരിക്കല്‍ പോലും പരുക്കനായില്ല. നോക്കൗട്ടായിട്ടും കളി സോഫ്റ്റായി. ഫൗളിന് പഞ്ഞമായിരുന്നു. കളിയുടെ 89-ാം മിനിറ്റിലാണ് കാര്‍ഡ് പോലും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്. ഷൂട്ടൗട്ട് വരെ പോയ കളിയില്‍ ആകെ കണ്ടത് രണ്ട് കാര്‍ഡ്. കാലില്‍നിന്ന് കാലിലേക്ക് ഒഴുകിയ പന്ത് ആദ്യ പകുതിയില്‍ നാലതിര്‍ത്തി കടന്ന എണ്ണവും വളരെക്കുറവായിരുന്നു. ക്രൊയേഷ്യന്‍ മുന്നേറ്റത്തിന്റെ മുനയൊടിക്കാന്‍ ബോക്സിന് മുന്നില്‍ കളിയിലുടനീളം ജപ്പാന് കാവലൊരുക്കി. ഇടംകിട്ടാതെ ക്രൊയേഷ്യ ബോക്സിന് പുറത്ത് വട്ടംചുറ്റി. കിട്ടിയ അര്‍ധാവസരങ്ങള്‍ ഗോളി ഗോണ്ടയില്‍ സുരക്ഷിതമായി. കോര്‍ണറുകള്‍ കൃത്യമായ മാര്‍ക്കിങ്ങില്‍ അതിജീവിച്ചു.
.jpg?$p=7dfb02d&&q=0.8)
ഇടയ്ക്ക് വീണു കിട്ടിയ ആദ്യ അവസരം തന്നെ ജപ്പാന് ഗോളിലെത്തിച്ചു. അതുവരെ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും വന്നിരുന്നില്ല. കളിയില്‍ ആകെ ഓണ്‍ ടാര്‍ജറ്റ് മൂന്നോ നാലോ മാത്രം. ജപ്പാന്റെ അതിവേഗ കളിയെ 4-1-2-3 ശൈലിയില്‍ മധ്യനിരയിലാണ് ക്രൊയേഷ്യ കെട്ടിയിട്ടത്. ലീഗ് റൗണ്ടില്‍ കളി തുടങ്ങി ഒന്നര മിനിറ്റിനുള്ളില്‍ ഗോളടിച്ച് ഞെട്ടിച്ച കാനഡയ്ക്ക് ക്രൊയേഷ്യ പകരം നല്‍കിയത് എണ്ണംപറഞ്ഞ നാല് ഗോളുകളായിരുന്നു. ഒരു ഗോളില്‍ സേഫായി കൗണ്ടറില്‍ മാത്രം ഒതുങ്ങിയ ജപ്പാനെ സൂപ്പര്‍താരങ്ങളായ പെരിസിച്ചും മോഡ്രിച്ചും പലവട്ടം പരീക്ഷിച്ചു. അളന്നുമുറിച്ച ക്രോസിനെ ഗോളിലേക്ക് പറഞ്ഞുവിട്ട പെരിസിച്ചിന്റെ ഹെഡ്ഡര്‍ ഒരു താരം എങ്ങനെ സൂപ്പര്‍താരമായി എന്ന് സംശയിക്കുന്നവര്ക്കുള്ളതായി.
രണ്ടാം പകുതിയില്‍ വിജയഗോളിനായി ഒറ്റപ്പെട്ട ചില നീക്കങ്ങള്‍ അതില്‍ മോഡ്രോച്ചിന്റെ ബുള്ളറ്റ് ഷോട്ട് ഗോണ്ട രക്ഷിച്ചെടുത്തു. മറുവശത്ത് ബോക്സിന് പുറത്തുനിന്ന് വന്ന ലോങ് റേഞ്ചര്‍ രണ്ട് തവണ ലിവാകോവിച്ച് സേഫാക്കി. എക്സ്ട്രാ ടൈമിലും കാര്യമായ ഗോളവസരങ്ങളുണ്ടായില്ല. മോഡ്രിച്ചിനേയും പെരിസിച്ചിനേയും പിന്‍വലിച്ചാണ് ക്രൊയേഷ്യ ഷൗട്ടിലേക്ക് പോയത്. ആദ്യ രണ്ട് കിക്കും ലിവാകോവിച്ച് അനായാസം തടഞ്ഞതോടെ ജപ്പാന്റെ വിധി കുറിക്കപ്പെട്ടു. എന്നാല്‍ ക്രൊയേഷ്യയുടെ മൂന്നാം കിക്ക് പോസ്റ്റിലടിച്ച് തെറിച്ചപ്പോള്‍ ജപ്പാന് നേരിയ പ്രതീക്ഷ ഉണര്‍ന്നു. മൂന്നാം കിക്കെടുത്ത അസാനോയ്ക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. നാലാമത്തെ കിക്കും ലിവാകോവിച്ച് അനായാസം കീഴ്പ്പെടുത്തി.
ബ്രസീലിന് മുന്നില്‍ പകച്ചുപോയ കൊറിയയായിരുന്നില്ല ക്രൊയേഷ്യക്ക് മുന്നില്‍ പെട്ട ജപ്പാന്. സമ്മര്‍ദം അതിന്റെ പരകോടിയിലായിരുന്നു ഷൂട്ടൗട്ടില്‍. ജപ്പാന് താരങ്ങളുടെ ഷോട്ടുകള്‍ തന്നെ അതിന് തെളിവ്. ഗോളിയുടെ സേവ് എന്ന് പ്രകീര്‍ത്തിക്കുമ്പോഴും അത്ര മികച്ച ഷോട്ടുകളായിരുന്നില്ല എല്ലാം. അതോടെ ജപ്പാന് വീരഗാഥയുടെ ഒഴുക്ക് നിലച്ചു. കണ്ണീരോടെ ഇക്കുറിയും അവര്‍ ലോകകപ്പിനോട് വിട പറയുന്നു.
Content Highlights: fifa worldcup, japan-croatia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..