Cristiano Ronaldo | Photo : Francois Nel/Getty Images
ക്രിസ്റ്റ്യാനോ റൊണാൾഡോ... ഏറെക്കാലമായി പോര്‍ച്ചുഗല്‍ ടീമിന്റെ മേല്‍വിലാസമായിരുന്നു ആ പേര്. യൂസേബിയോയ്ക്ക് ശേഷം കുറേക്കാലമായി ഒരു രാജ്യം തന്നെ ഒരു കളിക്കാരന്റെ പേരില്‍ ഓര്‍മിക്കപ്പെടുന്ന അത്യപൂര്‍വത. അയാളുടെ ചിറകിലേറിയാണ് സമീപകാലത്ത് പോര്‍ച്ചുഗല്‍ ഓരോ ലോകകപ്പിലും പന്തുതട്ടാനെത്തിയത്. അയാളെ ചുറ്റിപ്പറ്റിയാണ് അവര്‍ തങ്ങളുടെ ലോകകപ്പ് സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയത്. അയാള്‍ ഗോളടിച്ചുകൂട്ടിയപ്പോള്‍ അവര്‍ക്കൊപ്പം ലോകമെമ്പാടുമുള്ള ആരാധകരും ആവേശത്തിലായി. അയാള്‍ പരാജയപ്പെട്ട് തലകുനിച്ച് മടങ്ങിയപ്പോള്‍ ഗ്യാലറികള്‍ നിശബ്ദമായി. എന്നാല്‍ ഇന്നലെ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ സ്വിസ്റ്റ്സര്ലന്ഡിനെ നേരിടുമ്പോള്‍ സൈഡ് ലൈനില്‍ അയാള്‍ തലകുനിച്ചിരുന്നു.
സ്വിസ്റ്റ്സര്ലന്ഡിനെതിരായ മത്സരത്തിന്റെ രണ്ടും കല്‍പ്പിച്ചുള്ള പരീക്ഷണ നീക്കമായിരുന്നു പോര്‍ച്ചുഗല്‍ പരിശീലകന് ഫെര്‍ണാണ്ടോ സാന്റോസിന്റേത്. റൊണാള്‍ഡോയെ ആദ്യഇലവനില്‍ ഉള്‍പ്പെടുത്താതെ യുവതാരം ഗോണ്‍സാലോ റാമോസിനെ പ്രധാന സ്ട്രൈക്കറായി കളത്തിലേക്ക് വിട്ടു. റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ വേണ്ട എന്ന് ആരാധകര്‍ തീര്പ്പുകല്പ്പിച്ചതിന് പിന്നാലെയായിരുന്നു സാന്റോസിന്റെ കൈവിട്ട പരീക്ഷണം. എന്നാലത് വന്‍വിജയമായി. ഹാട്രിക്കും അസിസ്റ്റുമായി റാമോസ് കളം നിറഞ്ഞതോടെ വമ്പന്‍ജയത്തോടെ പോര്‍ച്ചുഗല്‍ ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. 17, 51, 67 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് റാമോസ് ഹാട്രിക് തികച്ചത്. ഇതോടെ തുലാസിലായത് റോണോയുടെ ഭാവികൂടിയാണ്.
2008-നു ശേഷം ഇതാദ്യമായാണ് ഒരു പ്രധാന ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ പകരക്കാരുടെ നിരയിലാകുന്നത്. 31 മത്സരങ്ങളില്‍ തുടര്‍ച്ചയായി ആദ്യ ഇലവനില്‍ ഇടംപിടിച്ച ശേഷമാണ് ഈ മാറ്റമെന്നതും ശ്രദ്ധേയം. ക്രിസ്റ്റ്യാനോ ഇല്ലാത്ത മുന്നേറ്റത്തില്‍ റാമോസ്- ബ്രൂണോ ഫെര്‍ണാണ്ടസ്- ജാവോ ഫെലിക്സ് ത്രയത്തെയാണ് സാന്റോസ് കളിപ്പിച്ചത്. മധ്യനിരയില്‍ ഒറ്റാവിയോ- വില്യം കാര്‍വാലോ- ബെര്‍ണാഡ് സില്‍വ ത്രയവും കളിച്ചു. ഇത് ക്ലിക്കായതോടെ ശക്തമായ പ്രതിരോധനിരയുള്ള സ്വിസ്റ്റ്സര്ലന്ഡിനെതിരേ പോര്‍ച്ചുഗല്‍ ഗോളുകള്‍ അടിച്ചുകൂട്ടി. മത്സരത്തിന്റെ 73-ാം മിനിറ്റിലാണ് ജാവോ ഫെലിക്സിന് പകരം റൊണാള്‍ഡോ കളത്തിലിറങ്ങിയത്. പകരക്കാരനായി എത്തി റൊണാള്‍ഡോയും ലക്ഷ്യം കണ്ടെങ്കിലും, അത് ഓഫ്സൈഡില്‍ കുരുങ്ങി.
എന്നാലിതെല്ലാം തന്ത്രമാണെന്നാണ് പോര്‍ച്ചുഗല്‍ പരിശീലകന് ഫെര്‍ണാണ്ടോ സാന്റോസിന്റെ വിശദീകരണം. റൊണാള്‍ഡോ ലോകത്തിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരനാണ്. എന്നാല്‍ തങ്ങള്‍ ടീമിന്റെ കൂട്ടായ പ്രവര്‍ത്തനത്തെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത്. അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടെന്നും പത്തൊന്‍പതാം വയസുമുതല്‍ അടുത്തറിയാമെന്നും പറഞ്ഞുവെയ്ക്കുന്നു സാന്റോസ്. എന്നാല്‍ അവസാന ഗ്രൂപ്പ് മത്സരത്തിലെ റൊണാള്‍ഡോയുടെ പെരുമാറ്റം ഇഷ്ടമല്ലെന്ന് തുറന്നു പറഞ്ഞതിന് ശേഷമുള്ള ഈ ബെഞ്ചിലിരുത്തല് അത്ര സ്വാഭാവികമല്ലെന്നാണ് ആരാധകരുടെ പക്ഷം.
കൊറിയയോട് തോല്‍വി വഴങ്ങിയ മത്സരത്തിനിടെ റൊണാള്‍ഡോ പരിശീലകനോട് പൊട്ടിത്തെറിച്ചിരുന്നതായാണ് വാര്‍ത്തകള്‍. ആദ്യം അത് നിഷേധിച്ചിരുന്നുവെങ്കിലും ക്രിസ്റ്റ്യാനോയുടെ പെരുമാറ്റം തനിക്ക് ഇഷ്ടമായില്ല എന്നാണ് സാന്റോസ് ഇതിനോട് പ്രതികരിച്ചത്. മത്സരത്തില്‍ കാര്യമായ മുന്നേറ്റങ്ങളുണ്ടാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മത്സരത്തിന്റെ 65-ാം മിനിറ്റില്‍ റൊണാള്‍ഡോയെ സാന്റോസ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തില്‍ റൊണാള്‍ഡോ കുപിതനായി. എന്നാല്‍ പിന്നീട് അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ താത്പര്യമില്ലെന്നും ടീമില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പറഞ്ഞാണ് ആ വിഷയം സാന്റോസ് അവസാനിപ്പിച്ചത്.
പിന്നാലെ റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ വേണ്ട എന്നാണ് നാട്ടിലെ ഫുട്ബോള്‍ പ്രേമികള്‍ അഭിപ്രായപ്പെട്ടത്. പോര്‍ച്ചുഗീസ് സ്പോര്‍ട്സ് പത്രമായ 'എ ബോല' നടത്തിയ സര്‍വേയില്‍ 70 ശതമാനം പോര്‍ച്ചുഗല്‍ ആരാധകരും റൊണാള്‍ഡോ സ്റ്റാര്‍ട്ടിങ് ഇലവനില്‍ വേണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗുമായുള്ള പ്രശ്നങ്ങള്‍ റൊണാള്‍ഡോയുടെ ഭാഗത്തുനിന്ന് സംഭവിച്ച പിഴവാണെന്നും അദ്ദേഹം സ്വന്തം പ്രതിച്ഛായ തകര്‍ക്കുകയാണെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.
ലോകകപ്പിന് പിന്നാലെ യൂറോപ്യന്‍ ലീഗുകള്‍ ഉപേക്ഷിച്ച് സൗദിയിലേക്ക് ചേക്കേറുന്നുവെന്ന് വാര്‍ത്തകള്‍ ശക്തമാണ്. ക്രിസ്റ്റ്യാനോ സൗദി ആറേബ്യന്‍ ഫുട്ബോള്‍ ക്ലബ്ബ് അല്‍ നാസറിലേക്കെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ടുവര്‍ഷത്തെ കരാറില്‍ സൗദി പ്രോ ലീഗ് ക്ലബ്ബിലേക്ക് പോകുമെന്നാണ് വിവരം. രണ്ടുസീസണിലേക്കായി 400 മില്യണ്‍ യൂറോ (ഏതാണ്ട് 3454 കോടി രൂപ) ക്രിസ്റ്റ്യാനോയ്ക്കായി ചെലവിടും. ചരിത്രത്തിലെ ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകകളിലൊന്നാണിത്. ഇതോടെ യൂറോപ്യന്‍ ലീഗില്‍ നിന്ന് അപ്രത്യക്ഷനാകുന്ന റൊണാള്‍ഡോ പോര്‍ച്ചുഗീസ് ടീമില്‍നിന്നും പുറത്താകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Content Highlights: Cristiano Ronaldo benched by Portugal, Punishment or sporting decision?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..