Bruno Fernandes and Cristiano Ronaldo | Photo: Julian Finney/Getty Images
പോര്‍ച്ചുഗല്‍ ടീമില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂടെ കളിക്കാന്‍ ബ്രൂണോ ഫെര്‍ണാണ്ടസുണ്ട്. യുറഗ്വായ്ക്കെതിരെ ബ്രൂണോ പോര്‍ച്ചുഗലിനെ നയിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ കൂടെ റൊണാള്‍ഡോ ഉണ്ടെന്ന് തിരിച്ചും പറയാം. ബ്രൂണോ ഇതുവരെ കളിച്ച രണ്ടു കളികളില്‍ രണ്ടു ഗോളുകള്‍, രണ്ടസിസ്റ്റുകള്! ഇത്തരമൊരു സഹായം മെസ്സിക്ക് ലഭിച്ചിട്ടില്ല.
എന്നാല്‍ ആദ്യഗോളിന്റെ അവകാശം ബ്രൂണോയ്ക്ക് നഷ്ടപ്പെട്ടേനെ. അത് റൊണോള്‍ഡോയ്ക്ക് നല്കാന് വിശാലഹൃദയനായ ബ്രൂണോ തയ്യാറാണ് താനും. റൊണാള്‍ഡൊ താന്‍ അതുനേടി എന്ന തരത്തില്‍ 'ഗോള്‍' ആഘോഷിച്ചത് കൗതുകകരമായി. ക്രിക്കറ്റില്‍ പന്ത് നിലത്തോട് ചേര്‍ത്ത് പിടിച്ച ശേഷം ക്യാച്ച് അവകാശപ്പെടുന്നത് സാധാരണം. ആ ക്യാച്ച് പക്ഷേ ഫീല്‍ഡര്‍ വിട്ടാലും ക്യാമറ മിക്കവാറും പടിക്കും. അതുപോലെയായി ഇതും. പക്ഷേ മെസ്സിയെ അപേക്ഷിച്ച് റൊണാള്‍ഡോയ്ക്ക് എത്രയോ മനഃസമാധാനത്തോടെയും സന്തോഷത്തോടെയും കളിക്കാനാവുന്നു.
എന്നാല്‍ രണ്ടാമത്തെ ഗോളിലേക്ക് നയിച്ച പെനാല്‍റ്റിയെക്കുറിച്ച് രണ്ടഭിപ്രായമുണ്ട്. തിക്കും തിരക്കിനുമിടയില്‍ ഡിഫന്‍ഡര്‍ ജിമെനസ് പന്ത് കൈ കൊണ്ട് തടഞ്ഞു എന്നതില്‍ തര്‍ക്കമില്ല. മനഃപൂര്‍വം തൊട്ടതല്ല അത്. പന്ത് കയ്യില്‍ തട്ടിക്കോട്ടേ എന്ന് വിചാരിച്ച് ശരീരം വീര്പ്പിച്ചിട്ടുമില്ല. ശരീരത്തിന്റെ സ്വാഭാവിക പ്രതികരണത്തിന്റെ പരിസമാപ്തിയായിരുന്നു ആ തൊടല്. മാത്രമല്ല പന്താണോ കയ്യുടെ അടുത്തെക്ക് പോയത് അതോ തിരിച്ചാണോ സംഭവിച്ചത് എന്നും കൂടി നോക്കണം. നിയമത്തിന്റെ വ്യാഖ്യാനം ഇതൊക്കെയാണ്. ഇതുവെച്ചളന്നാല് അത് പെനാല്‍റ്റിയല്ല.
അതേസമയം പോര്‍ച്ചുഗല്‍ കളിക്കാര്‍ക്ക് ഗോളടിക്കാന്‍ ലഭിക്കേണ്ടുന്ന അവസരം നഷ്ടപ്പെട്ടിരിക്കുന്നതിനാല്‍ അവര്‍ക്കതിന് അവസരം നല്‍കണം എന്ന യുക്തിയായിരിക്കണം റഫറി അലിറെസ ഫെര്ഘാനിയെ നയിച്ചിട്ടുണ്ടായിരിക്കുക. പക്ഷേ അങ്ങനെ ചിന്തിച്ചതില്‍ കാര്യമില്ല. ഇവിടെ ഈ ധര്‍മ ചിന്ത പ്രയോഗിക്കാമോ എന്ന പ്രശ്നമുണ്ട്. ഏതായാലും റഫറിയാണ് അവസാന വാക്ക്. വാറിനൊ മറ്റാര്‍ക്കെങ്കിലുമോ ഇതിനെ മറികടക്കാനുള്ള അവകാശമില്ല.
യുറഗ്വായ്ക്ക് ഇതുകൊണ്ട് ഗുണമുണ്ടായോ എന്നു ചോദിച്ചാല്‍ ഇല്ലതാനും. മികച്ച ഗോള്‍ നേടാന്‍ റോഡറിഗൊ ബെറ്റന്കറിന് നല്ല അവസരമുണ്ടായിരുന്നു. ഒരു ദശാബ്ദത്തിനപ്പുറം ദക്ഷിണാഫ്രിക്കയില്‍ വെച്ച് പന്ത് ഗോളിയെപ്പോലെ കൈകൊണ്ട് പിടിച്ച് ഘാനയെ തടഞ്ഞ സുവാരസിന്റെ യുറഗ്വായ് അതേ ഘാനയെ ഇനി നേരിടണം. സുവാരസിനെപ്പോലെ അന്നു കളിച്ച കളിക്കാര്‍ അപ്പുറവും ഇപ്പുറവുമുണ്ട്.
യുറഗ്വായ് ഗോളടിച്ചില്ലെങ്കിലും സെര്‍ബിയയും കാമറൂണും ദക്ഷിണ കൊറിയയും ഘാനയും ചേര്‍ന്ന് ധാരാളം ഗോളടിച്ച് ആ കുറവ് നികത്തി. സെര്‍ബിയ -കാമറൂണ്‍ കളി ടൂര്‍ണമെന്റിലെ മികച്ച കളിയായിരുന്നു. എല്ലാമുണ്ട് അതില്‍. തങ്ങള്‍ ജയിച്ചുവെന്ന് സെര്‍ബിയ ഒരു ഘട്ടത്തില്‍ കരുതിയിട്ടുണ്ടാവാം. കാമറൂണ്‍ താരം വിന്‍സെന്റ് അബൂബക്കര്‍ നേടിയ ഗോള്‍ പന്തിന്റെ സഞ്ചാരവും ലാളിത്യവും കൊണ്ട് മനോഹരമായിരുന്നു. ഓഫ്സൈഡ് ആയിപ്പോയോ എന്ന ശങ്ക ഉണ്ടായതു കൊണ്ടാവാം അബൂബക്കര്‍ ആ അടവ് പയറ്റിയത്.!
ഘാന-കൊറിയ മല്‍സരത്തിലെ പരിക്ക് സമയത്തെ കളി തുടരെ വിറകൊണ്ടു. ഘാനയായിരുന്നു പിന്നിലെങ്കില്‍ അവരും ഇതു പോലെ അവസാനക്കൈ കളിച്ചേനെ. രണ്ടാം റൗണ്ടില്‍ ആഫ്രിക്കന്‍ ടീമുകള്‍ പോയന്റുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ മൊറോക്കോ ബെല്‍ജിയത്തെ ഞെട്ടിച്ചതായിരുന്നു ശ്രദ്ധേയം. ബെല്‍ജിയത്തിന്റെ കളിയില്‍ അദ്ഭുതങ്ങള്‍ ഒന്നുമില്ലെന്ന് മാത്രമല്ല ക്ലേശിച്ചാണ് അവര്‍ കളിക്കുന്നതും. പിന്‍നിരയില്‍ ആള്ഡര്വെയ്റെല്ഡും വെര്ട്ടോങ്ങനും ഇപ്പോഴുമുണ്ട്. ഈഡന് ഹസാര്‍ഡ് മധ്യനിരയില്‍ പ്രയാസപ്പെട്ട് തുഴയുന്നു.
കളിക്കാരുടെ പ്രായം ഒരു പ്രശ്നമാവണമെന്നില്ല. പ്രായത്തോടൊപ്പം ചെറുപ്പത്തിന്റെ ഉല്‍സാഹവും കൂടി ചേര്‍ന്നില്ലെങ്കില്‍ അത് പ്രശ്നമാവാം. പോര്‍ച്ചുഗല്‍ നിരയില്‍ 37 കാരനായ റൊണാള്‍ഡോയ്ക്കൊപ്പം 39 കാരനായ പെപ്പെയും കളിക്കുന്നു. പെദ്രിയുടെയും ഗാവിയുടെയും നടുക്ക്, ഒരു പക്ഷേ അവരുടെ ചുമലില്‍ കൈ വെച്ചുകൊണ്ട്, സ്പെയിന് നിരയില്‍ ബുസ്കെറ്റ്സ് ചലിക്കുന്നു.
നെയ്മറുടെ അഭാവം ബ്രസീലിന്റെ കളിയുടെ തിളക്കം കുറക്കുന്നത് സ്വാഭാവികം. സ്വിറ്റ്സര്ലന്ഡിനോടുള്ള കളിയില്‍ ഇത് പ്രകടം. നെയ്മര്‍ മുന്‍നിരയെ തെളിക്കുക മാത്രമല്ല, ആപല്‍സാധ്യതയുള്ള ഇടങ്ങളില്‍ വെച്ച് ഫൗള്‍ ക്ഷണിച്ചു വരുത്തി ഫ്രീകിക്കുകള്‍ സമ്പാദിക്കുകയും ചെയ്യും. മറ്റാരേക്കാളും ആക്രമണത്തിന് കൂടുതല്‍ വഴികള്‍ നെയ്മര്‍ക്ക് കണ്ടെത്താവും. സെര്‍ബിയക്കെതിരെ ഇടതു ഭാഗത്തു കൂടെ വിനീഷ്യസ് ഓടിക്കയറിയതിന് കണക്കില്ല. രണ്ടാം കളിയില്‍ അത് സംഭവിക്കാഞ്ഞതിന് ഒരു കാരണം സ്വിസ് വലതു ബാക്ക് വിഡ്മാര്‍ ഏര്‍പ്പെടുത്തിയ കാവലാണ്. എന്നാലും ഓഫ് സൈഡില്‍ ഛിദ്രിച്ചു പോയ ഒരു 'ഗോള്‍' അയാള്‍ നേടി. വീനീഷ്യസിന്റെ പാച്ചില്‍ തടയപ്പെട്ടത് ബ്രസീലിന്റെ കളിയുടെ ഊക്ക് കുറച്ചു. ബ്രസീലിന്റെ അദൃശ്രനായ കളിക്കാരന് എന്നു വിശേഷിപ്പിക്കപ്പെട്ട കാസെമിറോ വേണ്ടി വന്നു ഗോളടിക്കാന്‍.
ഓഫ് സൈഡ് ചിരകാലം പരീക്ഷിക്കപ്പെട്ടിട്ടുള്ള കെണിയാണെങ്കിലും ഓഫ് സൈഡ് ടെക്നോളജി അതിനും പുറമെ ചിലപ്പോഴെങ്കിലും മറ്റൊരു കെണിയായിട്ടുണ്ടെന്നും പറയണം. ഇരട്ടക്കെണി എന്ന പറഞ്ഞാല്‍ തെറ്റാവില്ല. അര്‍ജന്റീന സൗദിയോട് തോറ്റതിനെക്കുറിച്ച് ധാരാളം അന്വേഷണങ്ങള്‍ നടന്നു. സൗദിയുടെ വിജയത്തില്‍ നിന്ന് ഇനി ഒന്നുമേ എടുത്തുമാറ്റാന്‍ കഴിയില്ലങ്കിലും ഓഫ് സൈഡ് 'ഗോളുകള്‍' കളി എളുപ്പമാണ് എന്ന തെറ്റായ ബോധം അവരില്‍ കുത്തിവെച്ചിരിക്കാനിടയുണ്ട്. ടെക്നോളജി എങ്ങനെ പ്രവര്‍ത്തിക്കും എന്ന് പ്രദര്‍ശിപ്പിക്കപ്പെട്ട ആദ്യമല്‍സരങ്ങളില്‍ ഒന്നായിരുന്നു ഇത്. പിന്നാലെ ചില ടീമുകള്‍ക്ക് അതിന്റെ ഗുണ ഫലങ്ങളും അനുഭവിക്കാനായി. കാമറൂണിനും ഘാനക്കുമായിരുന്നവെന്ന് തോന്നുന്നു.
എല്ലാ പുതുമകളെയും പോലെ കളി ഇതിനോട് ഇണങ്ങും. അല്ലാതെ വയ്യ. നമ്മുടെ നാട്ടില്‍ തന്നെ തീവണ്ടിയെ എതിര്‍ത്തവരുണ്ടായിരുന്നു.! കളിയുടെ ആത്മാവിനെ ടെക്നോളജി മാറ്റിമറിക്കുകയില്ലെന്നു വിചാരിക്കുക!
Content Highlights: cristiano ronaldo and bruno fernandes, lionel messi, FIFA World Cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..