സ്പെയിനിനെ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയ മൊറോക്കോ താരങ്ങളുെട ആഹ്ലാദം | Photo : Julian Finney/Getty Images
ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ ഭംഗി, യൂറോപ്പിന്റെ വേഗം, ആഫ്രിക്കയുടെ കരുത്ത്... എല്ലാം ഒത്തിണങ്ങിയ ഒരു ടീം, മഗ്രിബ് (പാശ്ചാത്യര്‍) എന്ന് വിളിപ്പേരുള്ള മൊറോക്കോ...! ശക്തമായ യുവനിരയുള്ള, മുന്‍ ലോകജേതാക്കളായ സ്പെയിനിന്റെ ടിക്കി ടാക്കയെ അതിജീവിച്ച് നേടിയ ത്രസിപ്പിക്കുന്ന ജയത്തോടെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് ഖത്തര്‍ ലോകകപ്പില്‍ അവസാന ജീവശ്വാസവും നല്കി മൊറോക്കോ. കളിയിലുടനീളം ഒരു മതിലുപോലെ മൊറോക്കോ സ്വന്തം പോസ്റ്റിനുമുന്നില്‍ കാവല്‍നിന്നപ്പോള്‍ സ്പെയിന് വിയര്‍ത്തു. ലോകകപ്പില്‍ ആഫ്രിക്കയില്‍നിന്ന് അവസാന എട്ടിലെത്തുന്ന നാലാമത്തെ ടീമെന്ന ഖ്യാതിയോടെയാണ് മഗ്രിബിയന്സ് മുന്നേറിയത്. 1990-ല്‍ കാമറൂണ്‍, 2002-ല്‍ സെനഗല്‍, 2010-ല്‍ ഘാന എന്നിവരാണ് മുന്‍ഗാമികള്‍.
തോല്ക്കാന് മനസ്സില്ല
ക്വാര്‍ട്ടറിലേക്കുള്ള പ്രവേശംവരെ മൊറോക്കോയുടേത് അപരാജിത കുതിപ്പാണ്. ശക്തമായ പ്രതിരോധനിരയും ഗോള്‍ കണ്ടെത്തുന്ന മുന്നേറ്റനിരയുമുള്ള ടീം ക്രൊയേഷ്യയെ സമനിലയില്‍ തളച്ചായിരുന്നു ലോകകപ്പിന് തുടക്കമിട്ടത്. പ്രതിരോധക്കാരന് അഷ്റഫ് ഹക്കീമിയുടെയും ഗോള്‍കീപ്പര്‍ യാസിന് ബുനോയുടെയും മധ്യനിരക്കാരന് ഹകിം സിയെച്ചിന്റെയും മിന്നുന്ന പ്രകടനത്തില്‍ ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ടുഗോളിന് തകര്‍ത്തു. കാനഡയെയും തോല്‍പ്പിച്ച് ഗ്രൂപ്പ് എഫില്‍നിന്ന് ഒന്നാമതായാണ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്.
അവിടെ, ജിബ്രാള്‍ട്ടര്‍ കടലിടുക്കിനപ്പുറം അയല്‍ക്കാരായ സ്പാനിഷ് സംഘത്തെ വിറപ്പിച്ച് വിജയം കൊയ്തെടുത്തതോടെ ലോകഫുട്ബോളിനുമുന്നില് പുതിയൊരു ശക്തര്‍ പിറവികൊണ്ടു. ഈ ലോകകപ്പില്‍, നിശ്ചിതസമയത്ത് മൊറോക്കോ വഴങ്ങിയത് ഒരു ഗോള്‍ മാത്രമാണ്, കാനഡക്കെതിരേ. നാലുഗോളുകള്‍ എതിര്‍പോസ്റ്റിലേക്ക് തൊടുത്തുവിട്ടു. സ്പെയിനിനെതിരായ പെനാല്‍ട്ടി ഷൂട്ടൗട്ടില്പ്പോലും ആത്മവിശ്വാസം വര്‍ധിക്കുകയായിരുന്നു മൊറോക്കോക്ക്. പോര്‍ച്ചുഗലിനെതിരായ ക്വാര്‍ട്ടറിലും ആത്മവിശ്വാസം തന്നെയാകും കരുത്ത്.
ഇത് ചരിത്രം
ആറുതവണയാണ് മൊറോക്കോ ലോകകപ്പ് ഫുട്ബോളിനെത്തിയത്. 1970-ല്‍ പ്രാഥമികഘട്ടത്തില്‍ പുറത്തായപ്പോള്‍ അവര്‍ 14-ാമതായിരുന്നു. 1986-ലാണ് പിന്നീടെത്തിയത്. പ്രീക്വാര്‍ട്ടറില്‍ അന്ന് അവസാനിച്ചു. 1994, 1998 വര്‍ഷങ്ങളില്‍ ആദ്യറൗണ്ടില്‍ പുറത്തായി. നീണ്ടവര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ശക്തമായ സംഘമായി 2018-ല്‍ റഷ്യ ലോകകപ്പിനെത്തിയ സംഘം സ്പെയിനും പോര്‍ച്ചുഗലും ഉള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് നോക്കൗട്ടിലേക്കെത്തിയില്ല.
2022-ല്‍ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്തുമ്പോള്‍ കളിയിലുമുണ്ട് പ്രകടമായ മാറ്റം. രണ്ടുതവണ ആഫ്രിക്കന്‍ നേഷന്‍സ് ചാമ്പ്യന്‍ഷിപ്പ്, ഒരോതവണ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ്, ഫിഫ അറബ് കപ്പ് എന്നിവ നേടി. അദ്ഭുതങ്ങള്‍ ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫ്രഞ്ചുകാരനായ വലിദ് രെഗ്രാഗുയിയെന്ന പരിശീലകന്.
Content Highlights: Could Morocco win for Africa?
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..