photo: Getty Images
ദോഹ: അഞ്ച് ഗോളുകള്‍ പിറന്ന മത്സരത്തില്‍ മികച്ച പോരാട്ടത്തിന് ശേഷമാണ് ദക്ഷിണ കൊറിയ ഘാനയോട് പരാജയം ഏറ്റുവാങ്ങിയത്. രണ്ട് ഗോളുകള്‍ക്ക് പിന്നിലായതിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയതിന് ശേഷമാണ് കൊറിയ കീഴടങ്ങിയത്. ദക്ഷിണ കൊറിയയെ തിരിച്ചുകൊണ്ടുവന്നത് ചോ ഗ്യൂ സങ്ങ് നേടിയ ഇരട്ടഗോളുകളാണ്. ഒരു ഘട്ടത്തില്‍ കരിയറിലെ മോശം ഫോമിലൂടെ കടന്നുപോയ ചോ സൈനിക ടീമില്‍ ചേര്‍ന്നതിന് ശേഷമാണ് ഫോമിലേക്കുയരുന്നത്. അങ്ങനെയാണ് കൊറിയന്‍ ടീമിലെ നിര്‍ണായകസാന്നിധ്യമായി അയാള്‍ മാറുന്നത്.
ഡിഫെന്‍സീവ് മിഡ്ഫീല്ഡറുടെ റോളിലാണ് ചോയുടെ യൂത്ത് കരിയര്‍ തുടങ്ങുന്നത്. എന്നാല്‍ മധ്യനിരയില്‍ വേണ്ടത്ര ശോഭിക്കാനാവാതെ വന്നതോടെ പരിശീലകന്റെ നിര്‍ദേശപ്രകാരമാണ് ചോ സ്ട്രൈക്കറായി കളിക്കാനാരംഭിച്ചത്. 2019-ല്‍ സീനിയര്‍ തലത്തിലും അരങ്ങേറ്റം കുറിച്ചു. കെ ലീഗ് 2 ക്ലബ്ലായ എഫ് സി അന്യാങ്കിലാണ് ആദ്യം കളിക്കുന്നതിന്. ശേഷം 2020-ല്‍ കെ ലീഗ് 1 ക്ലബ്ലായ ജ്യോന്ബുക് ഹ്യുണ്ടായി മോട്ടേര്സിലേക്ക് കൂടുമാറി.
ക്ലബ്ലിലെ ആദ്യ സീസണില്‍ മോശം പ്രകടനമായിരുന്നു ചോ ഗ്യൂ സങ്ങിന്റേത്. പിന്നീട് ചോ സൈനിക ടീമിനായി ബൂട്ടുകെട്ടി. അവിടെ വെച്ചാണ് ഒരു മികച്ച ഫുട്ബോളറായി ചോ ഗ്യൂ സങ്ങ് പരിവര്‍ത്തനം ചെയ്യപ്പെടുന്നത്. മിലിട്ടറിയിലെ പരിശീലനമാണ് താരത്തെ ശാരീരികമായും സാങ്കേതികമായും മികവുറ്റതാക്കുന്നത്. അങ്ങനെയാണ് ചോ മൈതാനത്ത് അപകടകാരിയായ സ്ട്രൈക്കറായി മാറുന്നത്. 2022-ല്‍ കെ ലീഗ് 1 ലെ മികച്ച ഗോള്‍വേട്ടക്കാരനായും ചോ മാറി. ജ്യോന്ബുക് ടീമിന് കൊറിയന്‍ എഫ്എ കപ്പ് കിരീടം നേടിക്കൊടുക്കാനും ചോ ഗ്യൂ സങ്ങിനായി.
ദക്ഷിണ കൊറിയക്കായി ഇരട്ട ഗോളുകള്‍ നേടിയതോടെ ലോകകപ്പില്‍ രാജ്യത്തിനായി ഇരട്ട ഗോളുകള്‍ നേടുന്ന ആദ്യ താരമായി ചോ ഗ്യൂ സങ്ങ് മാറി.
Content Highlights: Cho Gue-Sung becomes the first man to score a World Cup brace for south korea
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..