ലയണൽ മെസ്സിയുടേയും സച്ചിൻ തെണ്ടുൽക്കറുടേയും ആഘോഷം | Photo: AP/AFP
'ശത്രുക്കള്‍ അയാളെ വളഞ്ഞിട്ട് ആക്രമിച്ചു. ഫൗളായിരുന്നു അവരുടെ ആശ്രയം. മറ്റൊന്നിനും അയാളെ തടയാനാവില്ല എന്ന് തിരിച്ചറിഞ്ഞ അവര്‍ കാര്‍ഡിനെ ഭയന്നില്ല. അയാളുടെ നീക്കങ്ങളെ അവര്‍ ഭയപ്പെട്ടു. അയാളുടെ കാലില്‍ പന്ത് എത്തിയാല്‍ ലോകം അയാള്‍ കീഴടക്കുമെന്ന ഭീതിയിലായി എതിരാളികള്‍. നീതിമാന്മാരുടെ പാതയല്ലല്ലോ ഫുട്‌ബോള്‍ കളം. ജയിക്കാനായി എന്ത് ആയുധവും ആകാം. കിരീടവറുതിയുടെ താഴ്‌വരയില്‍ നിന്ന് കരകയറ്റുന്നവന്‍ അനുഗ്രഹീതനാകുന്നു. അവന്‍ രക്ഷകനും വഴികാട്ടിയുമാണെന്ന് അവര്‍ അറിഞ്ഞു. അവന്‍ അവരുടെ ഒരേയൊരു രാജാവായിരുന്നു. ഒരേയൊരു രാജാവ്. ലയണല്‍ ആന്‍ഡ്രെസ് മെസ്സി.'
പത്താം നമ്പര്‍ ജേഴ്‌സി. ഫൈനല്‍ ദുരന്തവും കൈവിട്ട കപ്പിന്റെ നഷ്ടത്തിന് എട്ട് വര്‍ഷത്തെ ദു:ഖഭാരം. സച്ചിനും മെസ്സിയും. ഒരേകാലത്ത് ജീവിച്ച രണ്ട് ഇതിഹാസങ്ങള്‍. കാല്‍പന്തുകളിയിലെ അമരക്കാരനായി വിശ്വം കീഴടക്കിയ മെസ്സിയും റെക്കോഡുകളില്‍ നിന്ന് റെക്കോഡുകളിലേക്ക് ബാറ്റേന്തിയ സച്ചിനും ലോകകരീടമില്ലാതെ പൂര്‍ണതയില്ലായിരുന്നു. നേട്ടങ്ങള്‍ വാരിക്കൂട്ടിയപ്പോഴും രാജ്യത്തിനായി ഒരു കിരീടം നല്‍കാനാവാത്തതില്‍ അവര്‍ ഇരുവരും പഴിക്കപ്പെട്ടു. പരിഹസിക്കപ്പെട്ടു. കരിയറിന്റെ അവസാനകാലത്ത് രണ്ട് പേര്‍ക്കും അതില്‍ മുത്തമിടാനായി. അവര്‍ക്കായി അവരുടെ ടീം ഒന്നിച്ചൊന്നായി മുന്നേറി.
മെസ്സിയിലൂടെ ലോകം അത് കണ്‍കുളിര്‍ക്കെ കണ്ടു. ഇന്ത്യക്കാര്‍ 2011-ല്‍ അനുഭവിച്ച അതേ വികാരം ഇന്ന് ലോകമെങ്ങുമുള്ള അര്‍ജന്റീന- മെസ്സി ആരാധാകര്‍ പങ്കിടുന്നു. ചില നിയോഗങ്ങള്‍ അങ്ങനെയാണ്. ഇതിഹാസങ്ങള്‍ ഇതിഹാസങ്ങളാകുന്നത് പൂര്‍ണത കൊണ്ടാണ്. അത് സംഭവിക്കും. സംഭവിച്ചേ മതിയാകൂ. സച്ചിനും മെസ്സിയും കളിക്കുന്ന കാലത്ത് ജീവിക്കാനും ആ കളി കാണാനും ഭാഗ്യം ലഭിച്ച തലമുറയ്ക്ക് ഇതില്‍ പരം എന്ത് വേണം.
ഫ്രാന്‍സ്-അര്‍ജന്റീന ഫൈനലിന് മുമ്പ് സച്ചിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു '2011 ഇന്ത്യ ലോകചാമ്പ്യന്മാരായി. 2022 ല്‍ ആര്? നിങ്ങള്‍ എന്ത് കരുതുന്നു?' എന്നായിരുന്നു ആ ചോദ്യം. അതില്‍ സച്ചിന്‍ ചേര്‍ത്തിരിക്കുന്ന ക്രിക് ടാക്കറിന്റെ ട്വീറ്റിലെ ചിത്രം ഇങ്ങനെ പറയുന്നു. '10 ാം നമ്പര്‍ ജേഴ്‌സില്‍ സച്ചിനും മെസ്സിയും. രണ്ടു പേരുടേയും ഫൈനല്‍ തോല്‍വിയുടേയും കിരീടത്തിനുമിടയില്‍ എട്ട് വര്‍ഷത്തെ ദൂരം.
സെമിയില്‍ കളിയിലെ താരമായത് സച്ചിന്‍. ക്രൊയേഷ്യക്കെതിരെ സെമിയില്‍ താരമായത് മെസ്സി. 2011-ല്‍ ഇന്ത്യക്ക് കിരീടം. 2022-ല്‍ ആര്?' സച്ചിനും മെസ്സിയുടെ കിരീടധാരണം ആഗ്രഹിച്ചിരുന്നോ. ഉണ്ടായിരിക്കണം. ഒരു ഇതിഹാസമല്ലേ മറ്റൊരു ഇതിഹാസത്തിന്റെ പൂര്‍ണത ആഗ്രഹിക്കുക.
ഒടുവില്‍ അത് സംഭവിച്ചു. ഫൈനല്‍ വരെ ടീമിനായി പോരാടിയ സച്ചിന് ഫൈനലില്‍ പിഴച്ചു. ധോനിയും യുവരാജും അടങ്ങുന്ന യുവനിര അത് നേടിക്കൊടുത്തു. മെസ്സിയോ ഫൈനലില്‍ രണ്ട് ഗോളുമായി ടീമിന്റെ കുന്തമുനയായി. 35 ാം വയസ്സിലും മുഴുവന്‍ സമയവും എല്ലാ കളിയും കളിച്ചു. ഈ വയസ്സിലും സുവര്‍ണശോഭയോടെ പന്ത് തട്ടുന്നു. നോക്കൗട്ട് മത്സരങ്ങളില്‍ എല്ലാം ഗോളടിച്ച ആദ്യ താരം. ഗോള്‍ കണ്ടെത്താനാകാതെ വിഷമിച്ച ടീമിന് അസാധ്യ ആംഗിളില്‍ നിന്ന് അസാധ്യ ഗോളുകള്‍ നേടി. ഫുട്‌ബോള്‍ മാന്ത്രികത പകര്‍ന്ന പാസുകളിലൂടെ ഗോളുകള്‍ അടുപ്പിച്ചു. മെസ്സി മിശിഹയായപ്പോള്‍ അര്‍ജന്റീനയുടെ 36 വര്‍ഷത്തെ കാത്തിരിപ്പ് സഫലം. ഇന്ത്യ കാത്തിരുന്നത് 28 വര്‍ഷം.
മാറഡോണ എന്ന ദൈവം അര്‍ജന്റീനയെ 1986-ല്‍ ലോക കിരീടത്തിലേക്ക് ഉയര്‍ത്തി മൂന്നു വര്‍ഷം കഴിഞ്ഞാണ് സച്ചിന്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. മാറഡോണയെ പോലെ പൊക്കത്തെ മറികടക്കാനുള്ള മാന്ത്രികത സച്ചിനും ഉണ്ടായിരുന്നു. ഇന്ത്യന്‍ യുവത്വത്തെ ക്രിക്കറ്റിലേക്ക് ആവാഹിച്ച് സച്ചിനിസം വളര്‍ന്നു. എന്നും എപ്പോഴും റണ്ണൊഴുകുന്ന യന്ത്രമായി സച്ചിന്‍. സെഞ്ചുറികള്‍ ഒരു ശീലമായി. ഇതിഹാസമായി പരിണമിച്ചു. ക്രിക്കറ്റ് എന്ന മതത്തിന് ഇന്ത്യക്കാര്‍ക്ക് ഒരേയൊരു ദൈവമേ അന്നും ഇന്നുമുള്ളൂ. അതാണ് സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കര്‍. ആ ബാറ്റ് നിശബ്ദമായപ്പോള്‍ ആരാധകര്‍ കരഞ്ഞു. എന്നാല്‍ സെഞ്ചുറികള്‍ പരിഹാസത്തിനും പഴിക്കുമുളള മേല്‍വിലാസമാക്കി ചിലര്‍. സച്ചിന്‍ സ്വാര്‍ഥനാണ്. സെഞ്ചുറിക്കായി കളിക്കുന്നു. ടീമിനായി കളിക്കുന്നില്ല. ലോകകിരീടം സമ്മാനിക്കുന്നില്ല. അങ്ങനെ ആ പഴി സച്ചിന്റെ മേല്‍വീണത് 2003 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ വീണുപോയിടത്താണ്.
സച്ചിന്റെ എക്കാലത്തേയും മികച്ച ക്ലാസിക്കുകളില്‍ ഒന്നായ പാകിസ്താനെതിരായ ഇന്നിങ്‌സ് പിറന്ന ലോകകപ്പ്. അക്തര്‍ സ്വപ്‌നത്തില്‍ പോലും ഇന്നും ഞെട്ടുന്ന ഷോട്ടുകള്‍. ആ ലോകകപ്പ്. ഫൈനലില്‍ ഓസീസ് വന്മരത്തിന് മുന്നില്‍ ഇന്ത്യ വീണു. സച്ചിന്‍ അപാര ഫോമില്‍ കളിച്ചിട്ടും ഫൈനലില്‍ നിശബ്ദമായി. കപ്പില്ലാത്ത ഇതിഹാസമായി സച്ചിന്റെ കാത്തിരിപ്പ്. വര്‍ഷങ്ങളോളം ആ പഴി സച്ചിനെ വേട്ടയാടി. എട്ട് വര്‍ഷത്തിനപ്പുറം 2011 ലില്‍ സച്ചിന് വേണ്ടി ടീം ഇന്ത്യ ലോകകിരീടം ചൂടി. സെമിയില്‍ മാന്‍ ഓഫ് ദി മാച്ചായി ഫൈനലിലേക്ക് നയിച്ചു. ഫൈനലില്‍ സച്ചിനും സെവാഗും തുടക്കത്തിലെ വീണതോടെ 2003 ആവര്‍ത്തിക്കുന്നുവെന്ന് പലരും ആശങ്കപ്പെട്ടു. പക്ഷേ ഗംഭീര്‍ ഗംഭീരമാക്കി. ധോനി നായകഭാരത്തോടെ അത് നടപ്പാക്കി. ഇന്ത്യ വിശ്വം കീഴടക്കി. സച്ചിനെ ചുമലിലേറ്റി കോലിയും യുവരാജും മൈതാനത്ത് അഹ്ലാദം പങ്കിടുന്ന മനോഹര കാഴ്ച.
ഇതിഹാസം പൂര്‍ണമായി. സച്ചിനും പാഡഴിച്ചു. സച്ചിന്‍ ഇന്ത്യക്കാരുടെ സ്വകാര്യ അഹങ്കാരമായിരുന്നു. എന്നാല്‍ മെസ്സിയിലൂടെ ലോകത്തിന് മാറഡോണയ്ക്ക് ശേഷം ഒരു ഫുട്‌ബോള്‍ ദൈവമാണ് അവതരിച്ചത്. മാറഡോണയുടെ യഥാര്‍ഥ പിന്മഗാമി. മെസ്സിയുടെ നൃത്തച്ചുവടുകളില്‍ അര്‍ജന്റീന മാത്രമല്ല ലോകമെങ്ങും ആരാധകര്‍ പ്രതീക്ഷകളുടെ കൊട്ടാരം പണിതു. 2014 ലില്‍ ഫൈനലില്‍ ലോകകിരീടം കൈവിട്ടപ്പോള്‍ മുതല്‍ മെസ്സി രൂക്ഷമായി ആക്രമിക്കപ്പെട്ടു. ഫൈനലില്‍ എക്‌സ്ട്രാ ടൈമിലെ ഇന്‍ജുറിയായി അര്‍ജന്റീനയും വീണുപോയി. ലോകകിരീടമില്ലാത്ത മിശിഹ എന്ന പേരുവീണു. സച്ചിനിലൂടെ ലോകകിരീടം സ്വപ്‌നം കണ്ട ഇന്ത്യക്കാരുടെ കാത്തിരിപ്പിന് ഫലമുണ്ടായത് 2011 ല്‍. 2018 ല്‍ പ്രീക്വാര്‍ട്ടറില്‍ തന്നെ തോറ്റ് പുറത്തായതോടെ പൂര്‍ണതയില്ലാതെ മെസ്സി ഇതിഹാസം അവസാനിക്കുന്നതായി തോന്നിയ നിമിഷം. ആ ലോകകപ്പില്‍ മെസ്സി ഏറക്കുറേ ഒറ്റപ്പെട്ടവനായി. ഗോളടിക്കാനായി പോരാടി. ഫൗള്‍ ചെയ്യപ്പെട്ടു. രാജ്യത്തിനായി മെസ്സി എന്ത് നേടി എന്ന് ആസ്ഥാന വിമര്‍ശകര്‍ ചോദിച്ചു. ഒന്നുമുണ്ടായിരുന്നില്ല. കോപ്പ അമേരിക്കയില്‍ ബ്രസീലിനെ തന്നെ തകര്‍ത്തെറിഞ്ഞ് മെസ്സിയുടെ രണ്ടാം വരവ് തുടങ്ങുന്നു. അത് പൂര്‍ണമായ രാവാണ് കടന്നുപോയത്. മെസ്സിയുടെ മുത്തം വീണ ലോകകിരീടം. ഇതിഹാസത്തിന്റെ മുദ്രയില്ലാതെ ലോകകപ്പിനും പൂര്‍ണതയില്ല. മാറഡോണയ്‌ക്കൊപ്പം മെസ്സിയും പൂര്‍ണനാകുന്നു. വിശ്വവിജയികളാകുന്നു.
മറഡോണ ഇത് കാണുന്നുണ്ടാവും. കൈയടിക്കുന്നുണ്ടാവും. ഫുട്‌ബോള്‍ മതമാണ്. അര്‍ജന്റീനയുടെ ലഹരിയാണ്, വിശ്വാസമാണ്, ആഘോഷമാണ്. ലോകമെങ്ങും പടര്‍ന്ന് കിടക്കുന്ന ഒരുമയാണ്. അവര്‍ക്ക് ഒരു ദൈവമുണ്ട് ലയണല്‍ ആന്‍ഡ്രെസ് മെസ്സി. ആ ദൈവം അവരെ വിശ്വവിജയികളാക്കിയിരിക്കുന്നു. ആ ദൈവത്തില്‍ ഇനി ആര്‍ക്കും അവിശ്വാസം വേണ്ട. ഇന്നോളം നേടിയതും ഇനി നേടാനിരിക്കുന്നതും മറന്നേക്കൂ. ഈ നിമിഷം അയാളുടേതാണ്. കാലം സാക്ഷി ചരിത്രം സാക്ഷി. ഇതാ മിശിഹ വാഴ്ത്തപ്പെട്ടവനാകുന്നു.
Content Highlights: messi, sachin, fifa world cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..