അന്ന് ഏറെ പഴികേട്ടു, ഇന്ന് ഇരട്ടഗോളുമായി സൂപ്പര്‍ ഹീറോ... ഇത് സാക്കയുടെ പ്രതികാരം


അനുരഞ്ജ് മനോഹര്‍

Photo: Getty Images

ലോകകപ്പ് അരങ്ങേറ്റത്തില്‍ തന്നെ ഗോളടിച്ചു...അതും ഒന്നല്ല രണ്ടെണ്ണം. ബുക്കായോ സാക്ക ഇങ്ങനെയാണ് വിമര്‍ശകരുടെ വായ അടപ്പിച്ചത്. 2022 ലോകകപ്പിലെ ഗ്രൂപ്പ് ബിയില്‍ നടന്ന പോരാട്ടത്തില്‍ ഇറാനെതിരേ ഇംഗ്ലണ്ടിനായി ഇരട്ടഗോള്‍ നേടിക്കൊണ്ട് സാക്ക ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി. കഴിഞ്ഞ യൂറോ കപ്പില്‍ പെനാല്‍ട്ടി പാഴാക്കിയതിനെത്തുടര്‍ന്ന് വിമര്‍ശനങ്ങളും വംശീയ അധിക്ഷേപവും നേരിടേണ്ടി വന്ന സാക്ക അവര്‍ക്കെല്ലാം ഇന്നത്തെ പ്രകടനത്തിലൂടെ മറുപടി നല്‍കി.

ഇറാനെതിരെ 43-ാം മിനിറ്റിലും 62-ാം മിനിറ്റിലും ഗോളടിച്ചുകൊണ്ട് സാക്ക പ്രതിഭ തെളിയിച്ചു. മത്സരത്തിലുടനീളം ആക്രമിച്ച കളിച്ച താരം പോസ്റ്റിലേക്ക് മൂന്ന് തവണയാണ് നിറയൊഴിച്ചത്. അതില്‍ രണ്ടെണ്ണം ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. താരത്തിന്റെ പാസിങ് കൃത്യത 82 ശതമാനവുമാണ്. ഇംഗ്ലണ്ടിന്റെ ഈ ലോകകപ്പിലെ തുറുപ്പുചീട്ടാണ് സാക്കയെന്ന് നിസംശയം പറയാം.ഇംഗ്ലണ്ട് ടീമിലെ പ്രകടനത്തെക്കാളുപരിയായി ആഴ്‌സനലിനുവേണ്ടി നടത്തിയ മാസ്മരിക ഫുട്‌ബോളിലൂടെയാണ് സാക്ക ആരാധകരുടെ മനസ്സിലേക്ക് ആഴത്തിലിറങ്ങിച്ചെന്നത്. മുന്നേറ്റനിരയില്‍ ഒറ്റയ്ക്ക് പന്തുമായി മുന്നേറി പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് ഗോളടിക്കാനുള്ള മികവും പാസ്സുകളിലെ കൃത്യതയും വേഗതയുമെല്ലാം സാക്കയുടെ പ്രധാന പ്ലസ് പോയന്റുകളാണ്. ഒരേസമയം വിങ്ങറായും മിഡ്ഫീല്‍ഡറായും ഉപയോഗിക്കാം എന്നതാണ് സാക്കയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച യുവഫുട്‌ബോളര്‍മാരിലൊരാളാണ് സാക്ക.

ആഴ്‌സനലിനുവേണ്ടി 143 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ സാക്ക 25 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി 20 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും ഈ യുവതാരം നേടിക്കഴിഞ്ഞു.

ഇംഗ്ലണ്ടിലാണ് ജനനമെങ്കിലും സാക്കയ്ക്ക് നൈജീരിയയില്‍ വേരുകളുണ്ട്. സാക്കയുടെ അച്ഛന്‍ യോമി സാക്കയും അമ്മ അഡെനികെ നൈജീരിയക്കാരാണ്. അവര്‍ ഇംഗ്ലണ്ടില്‍ വന്ന് താമസിച്ചവരാണ്. ഗ്രേറ്റര്‍ ലണ്ടനിലെ ഈലിങ്ങില്‍ 2001 സെപ്റ്റംബര്‍ അഞ്ചിനാണ് സാക്കയുടെ ജനനം. സാക്ക ജനിച്ചപ്പോള്‍ യോമിയുടെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. ഏവര്‍ക്കും സന്തോഷം നല്‍കിക്കൊണ്ട് പിറന്നുവീണ യുവഫുട്‌ബോളര്‍ക്ക് അദ്ദേഹം സ്‌നേഹപൂര്‍വം ബുക്കായോ സാക്ക എന്ന പേര് നല്‍കി. ബുക്കായോ എന്നത് നൈജീരിയയിലെ യോറൂബ ഭാഷയില്‍ നിന്നെടുത്ത പദമാണ്. സന്തോഷം പരത്തുന്നവന്‍ എന്നാണ് ഈ വാക്കിനര്‍ത്ഥം. അത് അന്വര്‍ത്ഥമാക്കിക്കൊണ്ട് സാക്ക ഫുട്‌ബോളിന്റെ സന്തോഷം ആരാധകര്‍ക്ക് പകര്‍ന്നുകൊണ്ടേയിരിക്കുന്നു. ചെറുപ്പംതൊട്ട് ഫുട്‌ബോളിനോട് താത്പര്യം കാണിച്ച സാക്ക പഠനത്തിലും മുന്നിലായിരുന്നു. അച്ഛന്‍ യോമിയാണ് സാക്കയുടെ സുഹൃത്തും വഴികാട്ടിയും. കാല്‍പ്പന്തുകളിയുടെ മായികലോകം അച്ഛനാണ് സാക്കയ്ക്ക് മുന്നില്‍ ആദ്യമായി തുറന്നുകൊടുത്തത്. വീട്ടില്‍ യോമിയ്‌ക്കൊപ്പം പന്തുതട്ടി വളര്‍ന്ന സാക്ക ആദ്യമായി കളിച്ചത് പിന്നീട് സ്‌കൂള്‍ ടീമിലെ മിന്നും താരമായി വളര്‍ന്നു.

പ്രഫഷണല്‍ ഫുട്‌ബോളറായി ഒരു ക്ലബ്ബില്‍ സാക്ക ചേരുന്നത് ഏഴാം വയസ്സിലാണ്. ആഴ്‌സനലിന്റെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ഹെയ്ല്‍ എന്‍ഡ് അക്കാദമിയിലാണ് സാക്ക ആദ്യമായി ക്ലബ്ബ് ഫുട്‌ബോള്‍ കളിച്ചത്. 17 വയസ്സുവരെ താരം അക്കാദമിയില്‍ തന്നെ തുടര്‍ന്നു. വലുതാകുമ്പോള്‍ ആഴ്‌സനല്‍ സീനിയര്‍ ടീമിനുവേണ്ടി കളിക്കണമെന്നതായിരുന്നു താരത്തിന്റെ ഏറ്റവും വലിയ ആഗ്രഹം. അതിനിടയില്‍ അപ്രതീക്ഷിതമായി ഇംഗ്ലണ്ട് അണ്ടര്‍ 16 ടീമിലേക്ക് സാക്കയ്ക്ക് ക്ഷണം വന്നു. രണ്ട് സൗഹൃദമത്സരങ്ങള്‍ ടീമിനുവേണ്ടി കളിച്ച സാക്ക ഒരു ഗോളും നേടി. പിന്നാലെ അണ്ടര്‍ 17 ടീമിലും താരം ഇടം നേടി. 2018 മേയ് മാസത്തില്‍ സാക്ക ഇംഗ്ലണ്ട് അണ്ടര്‍ 17 ടീമിനായി കളിച്ചു. യുവേഫ യൂറോപ്യന്‍ അണ്ടര്‍ 17 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലാണ് സാക്ക സ്ഥാനം പിടിച്ചത്. എന്നാല്‍ സെമി ഫൈനലില്‍ ഇംഗ്ലണ്ട് നെതര്‍ലന്‍ഡ്‌സിനോട് തോറ്റ് പുറത്തായി. പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് ഇംഗ്ലണ്ട് പരാജയപ്പെട്ടത്. ഷൂട്ടൗട്ടില്‍ സാക്ക പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചിരുന്നു. ടീമിനൊപ്പം ഒന്‍പത് മത്സരങ്ങളില്‍ കളിച്ചെങ്കിലും ഗോളടിക്കാനായില്ല.

2018-ലാണ് സാക്കയ്ക്ക് ആദ്യമായി ആഴ്‌സനല്‍ ടീമിലേക്കുള്ള അവസരം ലഭിക്കുന്നത്. ആഴ്‌നല്‍ അണ്ടര്‍ 23 ടീമിലേക്ക് ലഭിച്ച ക്ഷണം താരം ശരിക്കും വിനിയോഗിച്ചു. തകര്‍പ്പന്‍ പ്രകടനത്തിലൂടെ സാക്ക പരിശീലകന്‍ ഉനായ് എമെറിയുടെ മനം കവര്‍ന്നു. വൈകാതെ സാക്കയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. താരത്തിന് സീനിയര്‍ ടീമിലേക്കുള്ള വിളി വന്നു. യൂറോപ്പ ലീഗില്‍ വോഴ്‌സ്‌ക്ല പോള്‍ട്ടാവയ്‌ക്കെതിരായ മത്സരത്തിലൂടെ സാക്ക ആഴ്‌സനല്‍ സീനിയര്‍ ടീമില്‍ അരങ്ങേറി ആരോണ്‍ റാംസിയുടെ പകരക്കാരനായി വന്ന സാക്ക ആദ്യ മത്സരത്തില്‍ തന്നെ ആരാധകരുടെ മനം കവര്‍ന്നു. യൂറോപ്പ ലീഗിലെ അടുത്ത മത്സരത്തില്‍ സാക്ക പ്ലേയിങ് ഇലവനില്‍ സ്ഥാനം നേടിക്കൊണ്ട് തന്റെ പ്രതിഭയെന്താണെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. ക്വാറാബാഗായിരുന്നു ആഴ്‌സനലിന്റെ എതിരാളി. മത്സരം ആഴ്‌സനല്‍ അനായാസം സ്വന്തമാക്കുകയും ചെയ്തു.

പ്രീമിയര്‍ ലീഗില്‍ അരങ്ങേറാന്‍ സാക്ക 2019 വരെ കാത്തിരിക്കേണ്ടിവന്നു. 2019 ജനുവരി ഒന്നിന് പുതുവത്സരസമ്മാനമായി ക്ലബ്ബ് സാക്കയ്ക്ക് അവസരം നല്‍കി. 83-ാം മിനിറ്റില്‍ അലെക്‌സ് ഇവോബിയ്ക്ക് പകരക്കാരനായാണ് താരം ഗ്രൗണ്ടിലെത്തിയത്. ചരിത്രം കുറിച്ചാണ് സാക്ക ഗ്രൗണ്ടിലിറങ്ങിയത്. 21-ാം നൂറ്റാണ്ടില്‍ ജനിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അരങ്ങേറിയ ആദ്യ താരം എന്ന റെക്കോഡ് സാക്കയുടെ പേരില്‍ കുറിയ്ക്കപ്പെട്ടു. മത്സരത്തില്‍ കരുത്തരായ ലെസ്റ്ററിനെ ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണ് ആഴ്‌സനല്‍ തുരത്തിയത്. ആഴ്‌സനല്‍ ജഴ്‌സിയില്‍ ഒരു ഗോള്‍ നേടാന്‍ സാക്കയ്ക്ക് എട്ട് മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. യുവേഫ യൂറോപ്പ ലീഗില്‍ ജര്‍മന്‍ ടീമായ എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടിനെതിരായ മത്സരത്തില്‍ 2019 സെപ്റ്റംബര്‍ 19 ന് സാക്ക ആഴ്‌സനല്‍ സീനിയര്‍ ടീം കുപ്പായത്തിലെ ആദ്യ ഗോള്‍ സ്വന്തമാക്കി. മത്സരത്തില്‍ രണ്ട് അസിസ്റ്റും നല്‍കിയ സാക്കയായിരുന്നു ആഴ്‌സനലിന് വിജയം സമ്മാനിച്ചത്. മത്സരത്തില്‍ ഗണ്ണേഴ്‌സ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വിജയം നേടുകയും ചെയ്തു.

ജര്‍മന്‍ ക്ലബ്ബിനെതിരായ പ്രകടനത്തിലൂടെ സാക്ക ആഴ്‌സനലിന്റെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഇടം നേടി. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ മത്സരത്തിലൂടെ താരം ആദ്യ ഇലവനില്‍ ഇറങ്ങി. മത്സരത്തില്‍ ഗണ്ണേഴ്‌സ് 3-2 ന് വിജയിക്കുകയും ചെയ്തു. പിന്നാലെ നടന്ന മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെതിരായ നിര്‍ണായക മത്സരത്തിലും സാക്ക തിളങ്ങി. മത്സരം 1-1 ന് സമനിലയില്‍ കലാശിച്ചെങ്കിലും ആഴ്‌സനലിനായി പിയറി എമെറിക്ക് ഔബമെയാങ് നേടിയ ഗോളിന് വഴിവെച്ചത് സാക്കയുടെ മുന്നേറ്റമായിരുന്നു. കുറച്ചു മത്സരങ്ങളില്‍ താരത്തെ ലെഫ്റ്റ് ബാക്കായി ടീമിലുള്‍പ്പെടുത്തിയിരുന്നു. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ മികച്ചുനില്‍ക്കാന്‍ സാക്കയ്ക്ക് സാധിച്ചു.

2020 ജൂലായ് ഒന്നിന് ആഴ്‌സനല്‍ സാക്കയുമായുള്ള കരാര്‍ നീട്ടി. പിന്നീട് ഇംഗ്ലീഷ് താരത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. വൈകാതെ ഇംഗ്ലണ്ട് സീനിയര്‍ ടീമിലേക്കുള്ള ക്ഷണവും സാക്കയെ തേടിവന്നു. 2020 ഒക്ടോബര്‍ ഒന്നിന് സാക്ക ആദ്യമായി ഇംഗ്ലണ്ട് ടീമില്‍ ഇടം നേടി. ആദ്യ മത്സരത്തില്‍ വെയ്ല്‍സായിരുന്നു എതിരാളി. മത്സരത്തില്‍ ഇംഗ്ലണ്ട് 3-0 ന് വിജയിച്ചു. ആ വര്‍ഷം നാലുതവണ താരം ദേശീയകുപ്പായമണിഞ്ഞു. 2020-2021 സീസണില്‍ സാക്ക തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. മൂന്നുതവണ താരം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പ്ലേയര്‍ ഓഫ് ദ മന്ത് പുരസ്‌കാരം നേടി. പിന്നാലെ മറ്റൊരു വേറിട്ട റെക്കോഡും സാക്ക സ്വന്തമാക്കി. ആഴ്‌സനലിന്റെ ചരിത്രത്തില്‍ 50 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡാണ് സാക്ക നേടിയത്. ആ സീസണില്‍ 46 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ് താരം ആഴ്‌സനലിനായി നേടിയത്. ഏഴ് അസിസ്റ്റുകളും നല്‍കി.

പിന്നാലെ അപ്രതീക്ഷിതമായി സാക്കയെത്തേടി മറ്റൊരു സന്തോഷവാര്‍ത്തയെത്തി. 2020 യൂറോകപ്പ് ഫുട്‌ബോളിനുള്ള ഇംഗ്ലണ്ട് ടീമിലേക്ക് സാക്കയ്ക്ക് ക്ഷണം ലഭിച്ചു. യൂറോ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും സാക്കയ്ക്ക് അവസരം ലഭിച്ചില്ല. എന്നാല്‍ ചെക്ക് റിപ്പബ്ലിക്കിനെതിരായ മൂന്നാം മത്സരത്തില്‍ താരം ടീമിലിടം നേടി. യൂറോകപ്പിലെ അരങ്ങേറ്റം സാക്ക മോശമാക്കിയില്ല. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സാക്ക മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം കൈയ്യിലാക്കിയ ശേഷമാണ് കളം വിട്ടത്. പിന്നീട് യൂറോ കപ്പ് ഫൈനലിലാണ് സാക്കയ്ക്ക് അവസരം ലഭിച്ചത്. ഇറ്റലിയായിരുന്നു എതിരാളി. ആദ്യ യൂറോകപ്പ് കിരീടം ഇംഗ്ലണ്ടിന് സമ്മാനിക്കാനായി സാക്ക കീറണ്‍ ട്രിപ്പിയറിന് പകരം ഗ്രൗണ്ടിലെത്തി. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ ഒരു കിക്കെടുക്കാനുള്ള അവസരം പരിശീലകന്‍ ഗരെത് സൗത്ത്‌ഗേറ്റ് സാക്കയ്ക്ക് നല്‍കി. പക്ഷേ താരത്തിന്റെ കിക്ക് ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂയി ഡോണറുമ്മ തട്ടിയകറ്റി. മത്സരത്തില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടു. ഇംഗ്ലീഷ് താരങ്ങളുടെ കണ്ണീരില്‍ വെംബ്ലി സ്റ്റേഡിയം നിറഞ്ഞൊഴുകി.

പക്ഷേ തോല്‍വിയേക്കാള്‍ വലിയ തിരിച്ചടിയാണ് സാക്കയെ കാത്തിരുന്നത്. മത്സരത്തില്‍ കിക്ക് പാഴാക്കിയതിനെത്തുടര്‍ന്ന് സാക്ക വലിയ തോതില്‍ വംശീയാധിക്ഷേപം നേരിട്ടു. പെനാല്‍ട്ടി കിക്ക് നഷ്ടപ്പെടുത്തിയപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ നേരിടാന്‍ പോകുന്ന വിദ്വേഷപ്രചരണങ്ങളെക്കുറിച്ച് സാക്കയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ നിന്നൊരകലം പാലിക്കാനാണ് താരം ശ്രമിച്ചത്. കുടുംബത്തോടൊപ്പം സമയം ചെലവിട്ട സാക്ക തനിക്കെതിരായ പ്രശ്‌നങ്ങളോട് മുഖം തിരിച്ചു. ഇംഗ്ലണ്ടിനെ ഫൈനല്‍ വരെയെത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നാണ് സാക്ക പറഞ്ഞത്. അതില്‍ നിന്നുതന്നെ തളരാത്ത പോരാളിയാണ് താനെന്ന് ഈ യുവതാരം വ്യക്തമാക്കുന്നു. ഒരിക്കല്‍ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട യൂറോകപ്പിന് പകരം ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുക്കാന്‍ സാക്ക ഏതറ്റം വരെയും പോകും. അതുകൊണ്ടുതന്നെ 2022 ഫുട്‌ബോള്‍ ലോകകപ്പില്‍ സാക്കയെ ഏറെ ഭയക്കണം.

Content Highlights: bukayo saka, england vs iran, saka goals vs iran, sports news, england vs iran, fifa world cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented