Brazil players | Photo: Matthias Hangst/Getty Images
മനോഹരമായ ഫുട്ബോള്‍ എന്നതിന് പോര്‍ച്ചുഗല്‍ ഭാഷയില്‍ ജോഗോ ബോണിറ്റോ എന്ന് പറയും. ഈ വാക്കിനെ ഇത്രമേല്‍ ജനപ്രിയമാക്കിയത് ബ്രസീല്‍ ടീമും അവരുടെ കളിയുടെ ചന്തവുമായിരുന്നു. പ്രത്യേകിച്ചും 1970-ല്‍ ലോകകപ്പ് ജയിച്ച സ്വപ്നസംഘം. 4-2-4 ഫോര്‍മേഷനെ അതിന്റെ പൂര്‍ണതയോടെ കളിക്കളത്തില്‍ നടപ്പാക്കിയത് മരിയോ സഗാലോയുടെ 1970-ലെ ബ്രസീല്‍ ടീമായിരുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫുട്ബോളും ഫോര്മേഷനുകളും മാറിവന്നു. 4-2-4 വിസ്മൃതിയിലേക്കുപോയി. എന്നാല്‍, ഖത്തറില്‍ കളിക്കുന്ന ബ്രസീല്‍ ടീമിന് ഈ ഫോര്‍മേഷന്റെ ജനിതകഘടനയുണ്ട്.
4-2-3-1, 4-3-3 ശൈലികളിലാണ് ബ്രസീല്‍ ടീമിനെ ടിറ്റെ ലോകകപ്പില്‍ ഇറക്കുന്നത്. എന്നാല്‍, കളിക്കാരുടെ ശരാശരി പൊസിഷന്‍ പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാകും, ടീമിന്റെ ഘടന 4-2-4ന്റേതാണ്. നാല് പ്രതിരോധനിരക്കാര്‍. നേരെ മുകളില്‍ കാസെമിറോയും അതിന് തൊട്ടുമുകളിലായി അറ്റാക്കിങ് സെന്‍ട്രല്‍ മിഡ്ഫീല്ഡറുടെ റോളില്‍ ലൂക്കാസ് പാക്വേറ്റയും. അറ്റാക്കിങ്ങില്‍ വിങ്ങര്‍മാരായ വിനീഷ്യസും റഫീന്യയും സ്ട്രൈക്കറായി റിച്ചാലിസനും തൊട്ടുതാഴെ നെയ്മറും.
1970-ല്‍ കളിച്ച ടീമിന്റെ ഘടനയും ഇതേപോലെയായിരുന്നു. പ്രതിരോധനിരയ്ക്ക് മുകളില്‍ ക്ലോഡോള്ഡോയും ഗേഴ്സനും. വിങ്ങുകളില്‍ ജേഴ്സീന്യോയും റിവെലിനോയും. ടോസ്റ്റാവോ മുഖ്യ സ്ട്രൈക്കറും പെലെ തൊട്ടുതാഴെയും. അന്ന് റിവെലിനോയ്ക്ക് വിങ്ങിലൂടെ കയറിക്കളിക്കാനും ജേഴ്സിന്യോക്ക് കട്ട് ചെയ്ത് അകത്തേക്ക് കയറിക്കളിക്കാനുമായിരുന്നു സഗാലോ നിര്‍ദേശം നല്‍കിയിരുന്നത്. ജേഴ്സിന്യോ അകത്തേക്ക് കളിക്കുമ്പോള്‍ ഒഴിയുന്ന സ്പേസിലേക്കായിരുന്നു ടീമിന്റെ നായകനും വിങ്ബാക്കുമായ കാര്‍ലോസ് ആല്‍ബര്‍ട്ടോ കയറിക്കളിച്ചത്.
ടിറ്റെ കളിക്കളത്തില്‍ 4-2-4 ഒളിപ്പിച്ചു നടപ്പാക്കാന്‍ കൃത്യമായ കാരണമുണ്ട്. ടീമിലെ മധ്യനിരയുടെ ആഴമില്ലായ്മ. ക്രിയേറ്റീവ് മിഡ്ഫീല്ഡറില്ലാത്ത ടീമാണ് ബ്രസീല്‍. എന്നാല്‍, നമ്പര്‍ ടെന്‍ പൊസിഷനില്‍ കളിപ്പിക്കാന്‍ കഴിയുന്ന അറ്റാക്കര്‍മാരുടെ ധാരാളിത്തമുണ്ടുതാനും. 1970-ലെ ടീമില്‍ വിവിധ ക്ലബ്ബുകളില്‍ പത്താം നമ്പര്‍ ജേഴ്സിയില്‍ കളിക്കുന്ന അഞ്ചു താരങ്ങളുണ്ടെന്നോര്ക്കണം. ഇതിനുപുറമേ പ്രത്യാക്രമണ ഫുട്ബോള്‍ ഗെയിം സ്വീകരിക്കുന്ന ടീമിന് അത് മനോഹരവും കൃത്യവുമായി നടപ്പാക്കാന്‍കഴിയുന്ന ഫോര്‍മേഷനാണ് 4-2-4. അതിന് ആകെ ആവശ്യമുള്ളത് മികച്ച മുന്നേറ്റനിരക്കാരുടെ സാന്നിധ്യമാണ്. ഇന്നത്തെ ബ്രസീല്‍ ടീമില്‍ പരിക്കേറ്റ ഗബ്രിയേല്‍ ജെസ്യൂസ് അടക്കം ഒമ്പത് അറ്റാക്കര്മാരുണ്ട്.
ദക്ഷിണകൊറിയക്കെതിരായ മത്സരത്തില്‍ ബ്രസീല്‍ ടീമിന്റെ കളിയില്‍ ജോഗോ ബോണിറ്റോ തിരികെവന്നു. യൂറോപ്യന്‍ ഫുട്ബോള്‍ സംസ്കാരം ബ്രസീല്‍ ഫുട്ബോളില്‍ വരുത്തിയ മാറ്റങ്ങളില്നിന്ന് പഴയകാലത്തേക്ക് ടീമിനെ തിരികെക്കൊണ്ടുപോകുകകൂടിയാണ് ടിറ്റെ ചെയ്യുന്നത്. 4-2-4 ശൈലിയില്‍ കളിക്കുന്ന ടീമിന് എതിര് ഹാഫില്‍ സ്പേസ് സൃഷ്ടിക്കല്‍ അത്ര പ്രയാസകരമല്ല. പ്രത്യേകിച്ചും ഓപ്പണ്‍ പ്ലേ കളിക്കുന്ന എതിരാളികളാണെങ്കില്‍. ബ്രസീല്‍ ഫുട്ബോളിന്റെ വിജയം വെറും കിരീടനേട്ടം മാത്രമല്ല. അത് സുന്ദരമായ കളികൂടിയാണ്. അതാണ് ലോകകപ്പില്‍ ടിറ്റെ പുനരാവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്.
Content Highlights: brazil football team, FIFA World Cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..