ബെർട്ട് പാറ്റനൗഡെ/ റൊണാൾഡോയും ബ്രൂണോയും | Photo: twitter/ @relevo / ANI
ആരാണ് ഗോളടിച്ചത്? റോണോയോ അതോ ബ്രൂണോയോ? ഫുട്ബോള്‍ ലോകം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആ ചോദ്യത്തിന് പിന്നാലെയാണ്? ഗ്രൂപ്പ് എച്ചില് പോര്‍ച്ചുഗല്‍-യുറഗ്വായ് മത്സരത്തില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളിന് പിന്നാലെയാണ് വിവാദങ്ങള്‍ ഉടലെടുത്തത്. ബ്രൂണോയുടെ ക്രോസ്സ് റൊണാള്‍ഡോയുടെ തലയില്‍ തട്ടിയാണ് വലയില്‍ പതിച്ചതെന്നാണ് കളി കണ്ടവരെല്ലാം കരുതിയത്. ഫിഫയും റൊണാള്‍ഡോയുടെ പേരിലാണ് ഗോള്‍ രേഖപ്പെടുത്തിയത്. എന്നാല്‍ പരിശോധനകള്‍ക്ക് ശേഷം ഫിഫ തീരുമാനം തിരുത്തി. ഗോള്‍ ബ്രൂണോയുടേതാണെന്ന് ഔദ്യോഗികമായി അറിയിച്ചു. എന്നാല്‍ പോര്‍ച്ചുഗീസ് ഫെഡറേഷന് ഗോള്‍ റൊണാള്‍ഡോയുടേതാണെന്ന് കാണിച്ച് ഫിഫയ്ക്ക് തെളിവുകള്‍ സമര്പ്പിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പത്ത് മിനിറ്റുകള്‍! അത്ര മാത്രമേ വേണ്ടി വന്നുള്ളൂ, ഫിഫയ്ക്ക് ആ ഗോള്‍ ബ്രൂണോയുടേതാണെന്ന് സ്ഥിരീകരിക്കാന്‍. എന്നാല്‍ ലോകകപ്പിന്റെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഫിഫ തീരുമാനം തിരുത്തിയ മറ്റൊരു ഗോള്‍ കാണാം. അത് പക്ഷേ പത്ത് മിനിറ്റുകൊണ്ടല്ല, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ തീരുമാനം മാറ്റുന്നത്. കൃത്യമായി പറഞ്ഞാല്‍ 76 വര്‍ഷം കഴിഞ്ഞ്.
1930-ലോകകപ്പിലെ യുഎസ്എയും പാരഗ്വായും തമ്മിലുള്ള ഗ്രൂപ്പ് സ്റ്റേജ് മത്സരമായിരുന്നു അത്. യുറഗ്വായിലെ എസ്റ്റാഡിയോ പാര്‍ക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അമേരിക്കയ്ക്കായി ബെര്‍ട്ട് പാറ്റനൗഡെ എന്ന 20-കാരന് ബൂട്ടുകെട്ടിയിറങ്ങി. മൈതാനത്ത് തുടക്കം മുതല്‍ തന്നെ ബെര്‍ട്ട് അപകടകാരിയായി മാറി. പത്താം മിനിറ്റില്‍ തന്നെ ഗോള്‍ നേടിക്കൊണ്ട് യുഎസ്എ യെ മുന്നിലെത്തിച്ചു.
പിന്നാലെ 15-ാം മിനിറ്റിലും ബെര്‍ട്ട് ഗോള്‍വലകുലുക്കി. പക്ഷേ ആ ഗോള്‍ ബെര്‍ട്ടിന്റെ പേരില്‍ അനുവദിക്കപ്പെട്ടില്ല. ഫിഫയുടെ റിപ്പോര്‍ട്ടില്‍ ടോം ഫ്ളോറി എന്ന താരത്തിന്റെ പേരിലാണ് ഗോള്‍ രേഖപ്പെടുത്തിയത്. അത് സെല്‍ഫ് ഗോളാണെന്നും വാദമുയര്‍ന്നു. ആര്.എസ്.എസ്.എസ്.എഫ് പ്രകാരം ആ ഗോള്‍ പാരഗ്വായ് താരം ഔറീലിയോ ഗോണ്‍സാലസിന്റെ സെല്‍ഫ് ഗോളായാണ് കണക്കാക്കിയത്. 50-ാം മിനിറ്റില്‍ ബെര്‍ട്ട് വീണ്ടും ഗോള്‍നേടി. അന്ന് യുഎസ്എ നേടിയ മൂന്ന് ഗോളുകളില്‍ ബെര്‍ട്ടിന്റെ പേരില്‍ രണ്ടെണ്ണം മാത്രമേ രേഖപ്പെടുത്തപ്പെട്ടുള്ളൂ.
രണ്ട് ദിവസങ്ങള്‍ക്ക് ശേഷം മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനയുടെ ഗില്ലര്‍മോ സ്റ്റബൈല്‍ മൂന്ന് തവണ ലക്ഷ്യം കണ്ടു. ലോകകപ്പ് ചരിത്രത്തിലെ തന്നെ ആദ്യ ഹാട്രിക്ക് എന്ന റെക്കോര്‍ഡും അന്ന് സ്റ്റബൈല്‍ സ്വന്തമാക്കി.
വിവിധ ക്ലബ്ലുകള്ക്കായി 1936-വരെ ബെര്‍ട്ട് പാറ്റനൗഡെ കളിക്കാനിറങ്ങി. പിന്നീട് ജന്മദേശമായ ഫോള്‍ റിവറിലേക്ക് മടങ്ങിയ താരം പെയിന്റിങ്ങ് ജോലികളില്‍ ഏര്‍പ്പെട്ടു. 1974-ല്‍ ബെര്‍ട്ട് മരണപ്പെടുകയും ചെയ്തു.
പിന്നീട് 1990-ല്‍ ബെര്‍ട്ടിന്റെ ആ ഗോള്‍ വീണ്ടും ചര്‍ച്ചാവിഷയമായി. നാഷണല്‍ സോക്കര്‍ ഹാള്‍ ഓഫ് ഫെയിം ചടങ്ങില്‍ വെച്ച് ബെര്‍ട്ടിന്റെ അന്നത്തെ സഹതാരമായ അര്‍ണീ ഒളിവര്‍ ചരിത്രകാരനായ കോളിന് ജോസുമായി സംസാരിക്കുന്നതിനിടയില്‍ 1930-ലോകകപ്പിലെ ബെര്‍ട്ടിന്റെ പ്രകടനവും കടന്നുവന്നു. അന്ന് ബെര്‍ട്ട് മൂന്ന് ഗോളുകള്‍ നേടിയെന്ന വാദമുയര്‍ന്നതോടെയാണ് ആ വിഷയത്തെക്കുറിച്ച് കോളിന് ജോസ് വിശദമായി അന്വേഷിക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സോക്കര്‍ ഫെഡറേഷന്റെ കണക്കുകള്‍ പ്രകാരം ബെര്ട്ടാണ് യുഎസ്എയുടെ മൂന്ന് ഗോളുകളും നേടിയത്. വിവിധ മാധ്യമ റിപ്പോര്‍ട്ടുകളും പരിശോധിച്ച ശേഷം കോളിന് ഫിഫയെ സമീപിച്ചു. തന്റെ കണ്ടെത്തലുകള്‍ ഫിഫയ്ക്ക് അയക്കുകയും വിഷയം ഒരു വിദഗ്ദനെക്കൊണ്ട് പരിശോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വിശദമായ പരിശോധനകള്‍ക്ക് ശേഷം 2006-നവംബറില്‍ ബെര്‍ട്ട് പാറ്റനൗഡെയുടെ ഹാട്രിക്ക് ഫിഫ ഔദ്യോഗികമായി അംഗീകരിച്ചു.
'വിവിധ ചരിത്രകാരന്മാരും ഫുട്ബോള്‍ ആരാധകരും നല്കിയ തെളിവുകളും യുണൈറ്റഡ് സ്റ്റേറ്റ്സ് സോക്കര്‍ ഫെഡറേഷന്റെ കണക്കുകളും ഉപയോഗിച്ചുള്ള ദൈര്‍ഘ്യമേറിയ ഗവേഷണമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് നയിച്ചത്.'- ഫിഫ അറിയിച്ചു.
അതോടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഹാട്രിക്കെന്ന നേട്ടവും ബെര്‍ട്ട് പാറ്റനൗഡെ യുടെ പേരിലായി. ഗില്ലര്‍മോ സ്റ്റബൈലിന്റെ പേരില്‍ അതുവരെ രേഖപ്പെടുത്തിയ റെക്കോര്‍ഡ് അതോടെ തിരുത്തപ്പെട്ടു. ഗോള്‍ നേടി 76-വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിന്റെ ചരിത്രപുസ്തകത്തില്‍ ബെര്‍ട്ട് പാറ്റനൗഡെ എന്ന പേര് ചേര്‍ക്കപ്പെട്ടു. പക്ഷേ ഇതറിയിക്കുമ്പോള്‍ അയാള്‍ ജീവനോടെയുണ്ടായിരുന്നില്ലെന്ന യാഥാര്‍ഥ്യം ഇന്നും വേദനിപ്പിക്കുന്നതാണ്.
Content Highlights: Bert Patenaude, who scored the first ever World Cup hat-trick
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..