photo: Getty Images
കാല്‍പ്പന്തിന്റെ ചരിത്രത്തില്‍ കിരീടനേട്ടങ്ങളാല്‍ സമ്പന്നമായൊരു ഭൂതകാലമൊന്നും അവകാശപ്പെടാനില്ലാത്ത രാജ്യമാണ് ബെല്‍ജിയം. അസൂറികളും കാനറികളും ഡച്ചുകാരും മൈതാനത്ത് നിറഞ്ഞാടിയ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ബെല്‍ജിയന്‍ ഫുട്ബോള്‍ ഏറെക്കുറെ അപ്രസക്തമായിരുന്നു. 1920-ലെ സമ്മര്‍ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയതൊഴിച്ചാല്‍ ലോകകപ്പിലും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും കിരീടം നേടാന്‍ ബെല്‍ജിയത്തിനായിട്ടില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 2006, 2010 വര്‍ഷങ്ങളില്‍ ലോകകകപ്പിനും 2004, 2008, 2012 വര്‍ഷങ്ങളില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും ബെല്‍ജിയം യോഗ്യത നേടിയിരുന്നില്ല.
അവിടെ പക്ഷേ ചുവന്ന ചെകുത്താന്മാരുടെ അവസാനമായിരുന്നില്ല. ശക്തമായ തിരിച്ചുവരവിന്റെ ആരംഭമായിരുന്നു. യൂറോപ്യന്‍ ലീഗുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു കൂട്ടം കളിക്കാര്‍ അപ്പോഴേക്കും ബെല്‍ജിയന്‍ ടീമിന്റെ ഭാഗമായിരുന്നു. കെവിന് ഡിബ്രുയിന്, ഏദന്‍ ഹസാര്‍ഡ്, റൊമേല് ലുക്കാകു എന്നിങ്ങനെ യൂറോപ്പിലെ മിന്നുംതാരങ്ങള്‍ ചെകുത്താന്മാര്ക്കായി ഒന്നിച്ച് ബൂട്ടുകെട്ടിത്തുടങ്ങി. വമ്പന്‍ ടൂര്‍ണമെന്റുകളിലെല്ലാം ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ പോന്നൊരു സംഘമായി പെട്ടെന്നാണ് ബെല്‍ജിയം മാറിയത്.
ബെല്‍ജിയന്‍ ഫുട്ബോള്‍ അതിന്റെ സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നാണ് ഒട്ടുമിക്ക കളിയെഴുത്തുകാരും നിരീക്ഷിച്ചത്. ലോകഫുട്ബോളിലെ മിന്നുംതാരങ്ങളെല്ലാം ഒരുമിച്ച് ബൂട്ടണിയുന്നൊരു സംഘം, ചുവന്ന ചെകുത്താന്മാരുടെ നിരയില്‍ അതിന് മുമ്പ് ഉണ്ടായിട്ടില്ല. ഹസാര്‍ഡും ഡിബ്രുയിനും ലുകാകുവും അടങ്ങുന്ന ആ സുവര്‍ണനിര ലോകത്തിലെ ഏത് ടീമിനോടും കിടപിടിക്കാന്‍ പോന്നതായിരുന്നു.

എന്നാല്‍ ടൂര്‍ണമെന്റുകളിലെല്ലാം ബെല്‍ജിയം കാര്യമായ മുന്നേറ്റങ്ങളൊന്നും നടത്താതെ മടങ്ങുന്ന കാഴ്ചയാണ് കാണാനായത്. 2014-ലോകകപ്പിലും 2016 യൂറോയിലും ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. 2018-ലോകകപ്പില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും ആരാധകര്‍ക്ക് പ്രതീക്ഷ നല്കുന്ന കളിയാണ് ടൂര്‍ണമെന്റിലുടനീളം ബെല്‍ജിയം കാഴ്ചവെച്ചത്. 2020 യൂറോ കപ്പിലെത്തുമ്പോഴേക്കും ബെല്‍ജിയം ലോകത്തിലെ തന്നെ വമ്പന്‍ ശക്തിയായി മാറിയിരുന്നു. യൂറോ കപ്പില്‍ കിരീടസാധ്യത കല്‍പ്പിക്കപ്പെട്ട ടീമുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ തന്നെ ചെകുത്താന്മാര് നിലയുറപ്പിച്ചു.
2020 യൂറോ കപ്പിലെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളെല്ലാം വിജയിച്ചാണ് ബെല്‍ജിയം പ്രീ-ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. പ്രീ-ക്വാര്‍ട്ടറില്‍ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി. പക്ഷേ ക്വാര്‍ട്ടറില്‍ ഇറ്റലിയോട് തോറ്റതോടെ ആദ്യ യൂറോ കിരീടമെന്ന ബെല്‍ജിയത്തിന്റെ മോഹം പൊലിഞ്ഞു. യുവേഫാ നാഷന്‍സ് ലീഗിലും പരാജയപ്പെട്ടതോടെ കിരീടമില്ലാതെ ആ സുവര്‍ണനിരയ്ക്ക് തലതാഴ്ത്തി മടങ്ങേണ്ടിവരുമോയെന്ന ആശങ്കകള്‍ കാല്‍പ്പന്ത് ലോകത്ത് ഉയര്‍ന്നുതുടങ്ങി.
2022 ലോകകപ്പില്‍ കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ഇത്തവണയില്ലെങ്കില്‍ പിന്നെ എപ്പോഴെന്ന ചോദ്യം ആരാധകരെ ഉലച്ചുകൊണ്ടേയിരുന്നു. പക്ഷേ ഖത്തറിലും വിധിയുടെ തനിയാവര്‍ത്തനമായിരുന്നു. ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ കാനഡയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചുവന്ന ചെകുത്താന്മാര് പരാജയപ്പെടുത്തിയത്. ഗ്രൂപ്പില്‍ നിന്ന് അനായാസം പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുമെന്ന് ആരാധകര്‍ കരുതി. പക്ഷേ രണ്ടാം മത്സരത്തില്‍ കാലിടറി. താരതമ്യേന ദുര്‍ബലരായ മൊറോക്കയ്ക്കെതിരേ രണ്ടുഗോളിനാണ് തോറ്റത്. കായികലോകം ബെല്‍ജിയത്തിന്റെ പതനം കണ്ട് ആശങ്കപ്പെട്ടു. അപ്പോഴും അവസാനമത്സരത്തില്‍ വിജയിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാമെന്ന സ്ഥിതി വന്നു. കരുത്തരായ ക്രൊയേഷ്യയാണെങ്കിലും ആരാധകര്‍ പ്രതീക്ഷ കൈവിട്ടില്ല.
പക്ഷേ ഖത്തറിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ ചുവന്ന ചെകുത്താന്മാര് കണ്ണീര് ചിത്രമായി മാറി. ഒരു ഗോള്‍ പോലും നേടാനാവാതെ അവര്‍ വെള്ളവരയ്ക്ക് പുറത്തേക്ക് തിരിഞ്ഞുനടന്നു. ഇനി എപ്പോഴാണ് ഒരു കിരീടമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ അവര്‍ പകച്ചുനില്‍ക്കുകയാണ്. സുവര്‍ണനിരയുടെ സ്വപ്നങ്ങള്‍ ചിന്നിച്ചിതറിയ മൈതാനത്തെ ഇരുട്ടുനിറഞ്ഞ ഗാലറിയില്‍ നിന്ന് ആരാധകര്‍ തലതാഴ്ത്തി മടങ്ങുന്നു.....
Content Highlights: Belgium's golden generation ends with no World Cup trophy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..