ആസിം വെളിമണ്ണയും ഗാനിം അൽ മുഫ്തയും | Photo: Facebook/ Aasim Velimanna
ജീവിതംകൊണ്ട് ജയിച്ച രണ്ടുപേര്‍ കണ്ടുമുട്ടിയപ്പോള്‍, അത് ലോകത്തിനാകെ പ്രതീക്ഷയുടെ പുതുവെളിച്ചം പകര്‍ന്നു. ഒരാള്‍, ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടനവേദിയില്‍ ലോകശ്രദ്ധയാകര്‍ഷിച്ച ഭിന്നശേഷിക്കാരനായ ഗാനിം അല്‍മുഫ്ത. മറ്റൊരാള്‍, വൈകല്യത്തെ കൂസാതെ ലോകത്തെ വിസ്മയിപ്പിക്കുന്ന യുട്യൂബര്‍ ആസിം വെളിമണ്ണ. ലോകകപ്പ് കാണാനെത്തിയ ആസിം, ഗാനിമിനെ കാണാനെത്തി. അല്‍വഖ്റയിലെ ഗാനിമിന്റെ വീട്ടിലെത്തിയ ആസിം, അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിച്ചു.
ഗാനിമിനു സമാനമായ സാഹചര്യങ്ങളിലൂടെയാണ് ആസിമും കടന്നുപോയത്. ഗര്ഭത്തിലിരിക്കെത്തന്നെ കുട്ടിക്കുണ്ടായേക്കാവുന്ന വൈകല്യത്തെക്കുറിച്ച് ആസിമിന്റെ മാതാപിതാക്കള്‍ക്ക് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മാതാപിതാക്കളുടെ ഉറച്ച തീരുമാനത്തില്‍ ആസിം ലോകത്തിന്റെ വെളിച്ചംകണ്ടു. സമാന രീതിയിലാണ് ഗാനിമിന്റെയും ജനനം. പ്രശസ്ത യുട്യൂബറാണ് ഗാനിം. അരയ്ക്കുതാഴെ ശരീരവളര്ച്ചയില്ലെങ്കിലും ഗാനിം ലോകത്തെ വിസ്മയിപ്പിക്കുകയാണ്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയാണ് ആസിം. കൈകളില്ലാത്ത ആസിം പെരിയാര്‍നദി നീന്തിക്കടന്ന് റെക്കോഡ് സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരമുള്‍പ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചു. ഐക്യരാഷ്ട്രസഭ 18 വയസ്സിനു താഴെയുള്ളവര്‍ക്ക് നല്കുന്ന പുരസ്കാരപ്പട്ടികയിലും ഇടംപിടിച്ചു.
ലോകകപ്പില്‍ മൂന്നു മത്സരങ്ങള്‍ ആസിം കണ്ടു. ഫൈനല്‍ കാണാനുള്ള സംവിധാനമൊരുക്കാമെന്ന് ഗാനിം, ആസിമിനോട് പറഞ്ഞു. ഗാനിമിന്റെ പിതാവ് മുഹമ്മദും ഇരട്ടസഹോദരന് അഹമ്മദും ചേര്‍ന്നാണ് ആസിമിനെ സ്വീകരിച്ചത്. അരമണിക്കൂര്‍ ഗാനിമിന്റെ വീട്ടില്‍ ചെലവഴിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആസിം ഫൗണ്ടേഷനുമായി സഹകരിക്കാമെന്ന് ഗാനിം ഉറപ്പുനല്‍കി. ആസിമിന്റെ പിതാവ് മുഹമ്മദ് ഷഹീദ്, അനസ് മൗലവി, സാമൂഹികപ്രവര്‍ത്തകരായ ഇബ്രാഹിം കൂട്ടായി, സജീര്‍ മട്ടന്നൂര്‍, റിഫാ ഷെലീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Content Highlights: asim velimanna visited star ghanimal muftah at the world cup opening venue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..