36 മത്സരങ്ങള്‍, ഒടുക്കം കണ്ണീര്‍...ഒറ്റ ചോദ്യം മാത്രം ബാക്കി, എവിടെയാണ് പിഴച്ചത്?


ആദര്‍ശ് പി ഐ

Photo: Getty Images

തൊണ്ണൂറു മിനിറ്റിനൊടുക്കം തിങ്ങിനിറഞ്ഞ ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ ആരവങ്ങളുടെ അതിപ്രസരമില്ല. കണ്ണീര്‍വാര്‍ത്തു തുടങ്ങിയ നക്ഷത്രകൂട്ടത്തിനടുവില്‍ ആ പതിനൊന്നുപേര്‍ തലതാഴ്ത്തി നിന്നു. വെളളവരയ്ക്ക്പുറത്ത് അവരുടെ പരിശീലകന്‍ ലയണല്‍ സ്‌കലോണിയും. എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ തലകുനിച്ചുനില്‍ക്കുന്ന അയാള്‍ക്കു മുന്നില്‍ ഒറ്റ ചോദ്യം മാത്രമേ അവശേഷിക്കുന്നുണ്ടായിരുന്നുളളൂ. എവിടെയാണ് പിഴച്ചത്.? എങ്ങനെയാണ് ആ പതിനൊന്ന് പോരാളികള്‍ ലോകകപ്പിന്റെ മഹാമൈതാനങ്ങളില്‍ നിരായുധരായി തിരിഞ്ഞുനടന്നത്.? ഉത്തരമില്ലാതെ അയാള്‍ക്കങ്ങനെ പോകാനാവില്ല. അവരുടെ സ്വപ്‌നങ്ങള്‍ കണ്മുന്നില്‍ മങ്ങലേറ്റ് മായുന്നത് ഹൃദയം പിളര്‍ന്ന വേദനയോടല്ലാതെ നോക്കിനില്‍ക്കാനാവില്ലല്ലോ.

36 മത്സരങ്ങള്‍ അപരാജിതരായി ലോകകപ്പിനിറങ്ങിയ സ്‌കലോണിക്കും സംഘത്തിനും താരതമ്യേന 'ദുര്‍ബലരായ' സൗദിക്കു മുന്നില്‍ ആ കുതിപ്പ് തുടരാനാകുമെന്നാണ് ആരാധകരെല്ലാം കരുതിയത്. അത് തടയാന്‍ മാത്രം കെല്‍പ്പുളള ഒരു നിര ലോകഫുട്‌ബോളില്‍ തന്നെ ഉണ്ടായിരുന്നില്ലല്ലോ. അയാളുടെ വരവും കുതിപ്പും ഒരാരാധകനും മറക്കാനാവില്ലല്ലോ.



നാല് വര്‍ഷം മുമ്പ് 2018-ലോകകപ്പിനെത്തുമ്പോള്‍ വെറും ശരാശരി നിലവാരമുളള ടീമായിരുന്നു അര്‍ജന്റീന. 2014 ലോകകപ്പ് ഫൈനലിലും പിന്നീട് തുടര്‍ച്ചയായി രണ്ട് തവണ കോപ്പ അമേരിക്ക ഫൈനലിലുമെത്തിയ അര്‍ജന്റീന നിരയായിരുന്നില്ല അപ്പോഴുണ്ടായിരുന്നത്. ലോകകപ്പ് യോഗ്യത മത്സരങ്ങളിലും സൗഹൃദ മത്സരങ്ങളിലുമെല്ലാം ദയനീയമായി തകര്‍ന്നടിഞ്ഞ ടീം. യൂറോപ്യന്‍ ലീഗുകളില്‍ മികവോടെ കളിക്കുന്ന താരങ്ങളുടെ അഭാവവും മിന്നും യുവതാരങ്ങള്‍ ഉയര്‍ന്നുവരാത്തതുമെല്ലാം ടീമിനെ സാരമായി ബാധിച്ചു. 2018 ലോകകപ്പിന് അര്‍ജന്റീന യോഗ്യത നേടുന്നതുപോലും അവസാന ഘട്ടത്തിലാണ്.

സാംപോളി ടീമിന്റെ പരിശീലകകുപ്പായമണിയാന്‍ തുടങ്ങിയിട്ടും കളിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. പലപ്പോഴും മെസ്സിയുടെ തോളിലേറിയാണ് ടീം പരാജയത്തില്‍ നിന്ന് കരകയറിയിരുന്നത്. ഒരു സ്ഥിരം ഫോര്‍മേഷനോ പൊസിഷനുകളില്‍ തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുന്ന കളിക്കാരോ വിരളമായിരുന്നു. അര്‍ജന്റീനിയന്‍ ലീഗുകളില്‍ കളിക്കുന്ന താരങ്ങളായിരുന്നു ടീമിലധികവും. ലോകകപ്പില്‍ പന്ത് തട്ടാനിറങ്ങിയ സംഘം പ്രീ-ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായി. തോല്‍വിയെത്തുടര്‍ന്ന് സാംപോളി പരിശീലകസ്ഥാനത്ത് നിന്നും പുറത്തായി. കോച്ചിങ് സ്റ്റാഫിലുണ്ടായിരുന്ന ലയണല്‍ സ്‌കലോണിയ്ക്ക് അര്‍ജന്റീനയെ പരിശീലിപ്പിക്കാനുളള ചുമതല വരുന്നതോടെയാണ് ടീം അടിമുടി മാറുന്നത്.

യൂറോപ്യന്‍ ലീഗുകളില്‍ നിന്ന് കഴിവുളള താരങ്ങളെ കണ്ടെത്തിയ സ്‌കലോണി പുത്തന്‍ ടീമിനെ വാര്‍ത്തെടുത്തു. റോഡ്രിഗോ ഡി പോള്‍, എമിലിയാനോ മാര്‍ട്ടിനസ്, ക്രിസ്റ്റിയന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ഗൈഡോ റോഡ്രിഗസ് തുടങ്ങിയവര്‍ ടീമിലേക്ക് വന്നതോടെ അര്‍ജന്റീനയ്ക്ക് പുതിയ ഭാവം കൈവന്നു. മുന്നേറ്റത്തില്‍ മെസ്സി പടനയിച്ചിറങ്ങുമ്പോള്‍ മധ്യനിരയിലെ നെടുംതൂണായി ഡി പോള്‍ ഉറച്ചുനിന്നു. പ്രതിരോധത്തില്‍ ക്രിസ്റ്റിയന്‍ റോമേറോയും ഗോള്‍ ബാറിന് കീഴില്‍ എമിലിയാനോ മാര്‍ട്ടിനസും. പഴയ അര്‍ജന്റീനിയന്‍ ശൈലിയെ കൈവെടിഞ്ഞ സ്‌കലോണി യൂറോപ്യന്‍ രീതികളുള്‍ച്ചേര്‍ന്നാണ് തന്ത്രങ്ങളൊരുക്കിയത്. പ്രായോഗികതയാണ് സ്‌കലോണി ആധാരമാക്കിയത്. മത്സരങ്ങള്‍ എന്ത് വിലകൊടുത്തും ജയിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി ഓരോ കളിക്കാരേയും മാറ്റി മാറ്റി പരീക്ഷിച്ചു.

എതിരാളികളെയെല്ലാം തകര്‍ത്തെറിഞ്ഞാണ് സ്‌കലോണിപ്പട 2021 കോപ്പയില്‍ മുന്നേറിയത്. സ്വപ്‌നഫൈനലില്‍ ചിരവൈരികളായ ബ്രസീലായിരുന്നു എതിരാളികള്‍. സെമിഫൈനലില്‍നിന്ന് അഞ്ച് മാറ്റങ്ങളോടെയാണ് അര്‍ജന്റീന ഫൈനലില്‍ ബ്രസീലിനെ നേരിട്ടത്. ടൂര്‍ണമെന്റിലതുവരെ ആദ്യ പതിനൊന്നിലിടംപിടിക്കാതിരുന്ന എയ്ഞ്ചല്‍ ഡി മരിയയെ കൊണ്ടുവന്നതടക്കം തന്ത്രപരമായിരുന്നു സ്‌കലോണിയുടെ ഓരോ നീക്കങ്ങളും. ടൂര്‍ണമെന്റിലെ സാധ്യമായ എല്ലാ വ്യക്തിഗത ട്രോഫികളും കരസ്ഥമാക്കി രാജകീയമായാണ് സ്‌കലോണിപ്പട കിരീടത്തില്‍ മുത്തമിട്ടത്.

രാജ്യത്തിനായി പിന്നീട് കളിച്ച ലോകകപ്പ് യോഗ്യത മത്സരങ്ങളിലും അര്‍ജന്റീന അപരാജിത കുതിപ്പ് തുടര്‍ന്നു. അതിനിടയില്‍ വന്‍കരയിലെ ചാമ്പ്യന്‍മാരുടെ പോരാട്ടവും വന്നു. യൂറോ കപ്പ് ചാമ്പ്യന്‍മാരായ ഇറ്റലിയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന തകര്‍ത്തത്. ജയത്തേക്കാള്‍ അര്‍ജന്റീനയുടെ കളി കണ്ടാണ് കായികലോകം അത്ഭുതപ്പെട്ടത്. കളിയുടെ സര്‍വ്വമേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് അര്‍ജന്റീന ഫൈനലിസ്സിമ ട്രോഫി നേടിയത്. അങ്ങനെയാണ് സ്‌കലോണിയും സംഘവും ഖത്തറിലെത്തുന്നത്.

എന്നിട്ടും സൗദിക്കുമുന്നില്‍ കളിയറിയാതെ അവര്‍ അനിവാര്യമായ പതനത്തിലേക്ക് പന്തുതട്ടി. മെസ്സിയുടെ ആദ്യ ഗോളിനു ശേഷം നിരവധി അവസരങ്ങള്‍ അര്‍ജന്റീനക്ക് കിട്ടി. താരതമ്യേന ദുര്‍ബലരായ സൗദിക്കെതിരേ അയാളുടെ തന്ത്രങ്ങള്‍ പാളി. മധ്യനിരയില്‍ കളി മെനഞ്ഞ് ഗോളടിക്കുന്ന സ്വതസിദ്ധമായ തന്റെ ശൈലി ഉപേക്ഷിക്കുന്ന സ്‌കലോണിയേയാണ് കാണാനായത്. 4-2-3-1 ശൈലിയില്‍ ടീമിനെ ഇറക്കിയ സ്‌കലോണി മിഡ്ഫീല്‍ഡര്‍മാരെ വിദഗ്ദമായ ഉപയോഗിച്ചില്ല. മെസ്സിയുടെ നീക്കങ്ങള്‍ക്കനുസരിച്ച് പാകപ്പെടുത്തിയ ടീമിനേയും കാണാനായില്ല.

മൈതാനത്ത് പന്ത് കിട്ടിയപ്പോഴെല്ലാം ത്രൂ ബോളുകളിലൂടെയും ഹൈ ബോളുകളിലൂടേയും മാത്രം അവസരങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെയായിരുന്നു സ്‌കലോണി തന്ത്രങ്ങള്‍ ഒരുക്കിയത്. മധ്യനിരയില്‍ കളിമെനയാന്‍ ആരും മുതിര്‍ന്നില്ല. മൂന്ന തവണ അര്‍ജന്റീന അടിച്ച ഗോളുകള്‍ ഓഫ്‌സൈഡായിരുന്നു. കാരണം സൗദി ഒരുക്കിയ ഡിഫെന്‍സീഫ് ലൈന്‍ ഭേദിച്ചുമാത്രം മുന്നേറാനാണ് അര്‍ജന്റീന ശ്രമിച്ചത്. മറ്റൊരു തന്ത്രവും അയാള്‍ നടപ്പാക്കിയില്ല.

തന്ത്രം പാളുമ്പോള്‍ മറുതന്ത്രമൊരുക്കുന്ന പ്രായോഗികതയെ വെളളവരയ്ക്ക് പുറത്തുതന്നെ പ്രതിഷ്ഠിച്ചു. സൗദിയുടെ കൗണ്ടര്‍ അറ്റാക്കുകള്‍ തടയാന്‍ മറുമരുന്ന് കണ്ടുപിടിക്കാനാവാതെ അയാള്‍ ഉഴറി. കളിക്കാരുടെ തിരഞ്ഞെടുപ്പും മികച്ചതായിരുന്നില്ല. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഡിഫെന്‍ഡര്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ബ്രൈറ്റന്റെ മക് അലിസ്റ്റര്‍ എന്നിവരെ ഒഴിവാക്കി. ഇടത് വിങ്ങില്‍ കളിച്ച പപ്പു ഗോമസ് മികച്ച മുന്നേറ്റങ്ങളൊന്നും നടത്തിയില്ല. വലതു വിങ്ങില്‍ മെസ്സക്ക് പകരം ഡി മരിയ മികച്ചു നിന്നു. പക്ഷേ മെസ്സിയുടെ പൊസിഷനിംഗ് പാളി. എല്ലാം കൊണ്ടും സ്‌കലോണിപ്പടയുടെ തന്ത്രങ്ങളെല്ലാം വിഫലമായി.

പക്ഷേ നിരാശപ്പെടേണ്ടതില്ല, ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്. പ്രായോഗികതയെ തന്നെ കൂട്ടുപിടിക്കാം, ഒരു തോല്‍വി നിങ്ങളെ കുറ്റക്കാരനാക്കുന്നില്ല. പക്ഷേ പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. 2019-കോപ്പ അമേരിക്ക സെമിയില്‍ തോറ്റിട്ടും തിരിച്ചുവന്ന ചരിത്രത്തെ തന്നെ കൂട്ടുപിടിക്കാം. സ്വപ്‌നങ്ങള്‍ തുന്നിച്ചേര്‍ക്കാം. ഈറനണിഞ്ഞ കണ്ണുകളോടെ ഓരോ ആരാധകനും നിങ്ങളോടൊപ്പം തന്നെയുണ്ട്...

Content Highlights: Argentina vs Saudi Arabia FIFA World Cup 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented