അര്‍ജന്റീനയും ബ്രസീലും; അലയൊടുങ്ങാത്ത ഫുട്‌ബോള്‍വൈരത്തിന്റെ കഥ


സ്വന്തം ലേഖകന്‍

അർജന്റീനയും ബ്രസീലും തമ്മിലുള്ള കോപ്പ അമേരിക്ക സെമി ഫൈനൽ കാണാനെത്തിയ ബ്രസീൽ ആരാധകൻ | Photo:Getty Images

ബ്രസീല്‍-അര്‍ജന്റീന വൈരത്തിന്റെ അടിവേരുകള്‍ തേടിയാണ് ഈ യാത്ര. ആ വൈരത്തെക്കുറിച്ച് പറയാന്‍ തുടങ്ങും മുമ്പ് മറ്റൊരു ഫുട്‌ബോള്‍ സാമ്രാജ്യത്തെക്കുറിച്ചു പറയണം. ശിലകള്‍ക്ക് ചിറകുകളുണ്ടായിരുന്ന കാലത്തോ മറ്റോ യുറഗ്വായ് എന്ന ഒരു ഫുട്‌ബോള്‍ സാമ്രാജ്യം ഉണ്ടായിരുന്നു. അതിന്റെ സാമന്തന്മാരായിരുന്നു ഇന്നു നാം കൊണ്ടാടുന്ന ബ്രസീലും അര്‍ജന്റീനയും. 1924 ഒളിമ്പിക്‌സിലെ യുറഗ്വായ് ടീം പോലെ സ്വര്‍ണച്ചിറകുകളുള്ള ഒരു ടീം ഈ രണ്ടു രാജ്യങ്ങളുടേയും ചരിത്രത്തിലും ഉണ്ടായിട്ടേയില്ലെന്നാണ് ടിം വിക്കറിയെപ്പോലുള്ള ബ്രസീലിയന്‍ ഫുട്‌ബോള്‍ പണ്ഡിതര്‍ പറയുന്നത്.

യാദവരുടെ ദ്വാരകയും സീസറിന്റെ റോമും പോലെ ഫുട്‌ബോളിന്റെ ആ രാജധാനിയും കടലെടുത്തു പോയി. പുതിയ സാമ്രാജ്യങ്ങള്‍ വളര്‍ന്നു വന്നു. ഫുട്‌ബോള്‍ പ്രദര്‍ശനശാലയിലെ വെറും നിഴല്‍ത്തൂണായി യുറഗ്വായ്. നാലു കൊല്ലത്തിലൊരിക്കല്‍ കാലത്തിന്റെ കടലില്‍ നിന്നുയരുന്ന മൈനാകം പോലെ ലോകകപ്പെന്ന മഹാപ്രദര്‍ശനശാലയിലേക്ക് അവര്‍ ഇപ്പോഴും വരുന്നു എന്നു മാത്രം. ഒന്നും നേടാതെ, ഒന്നും തിരിച്ചുപിടിക്കാതെ മടങ്ങാന്‍ വേണ്ടി ഒരു വരവ്.

ബ്രസീല്‍ -അര്‍ജന്റീന ഫുട്‌ബോള്‍ വൈരം ലോകകപ്പിനെ ഗ്രസിച്ചിരിക്കുന്ന സമയത്ത് അതൊന്ന് ഓര്‍മിപ്പിച്ചു എന്നേയുള്ളൂ. യുറഗ്വായെ തോല്‍പ്പിക്കുക എന്നതായിരുന്നു ഈ രണ്ടു ടീമുകളുടെയും ഒരു കാലത്തെ വലിയ സ്വപ്‌നം. 1914 സെപ്റ്റംബറിലാണ് അര്‍ജന്റീന, ബ്രസീലിനെ ആദ്യമായി നേരിടുന്നത്. പക്ഷെ യുറഗ്വായുമായി അതിനകം 44 മാച്ചുകള്‍ അവര്‍ കളിച്ചു കഴിഞ്ഞിരുന്നു. 1902 മുതല്‍ തുടങ്ങിയതാണ് ലാറ്റിനമേരിക്കന്‍ മേധാവിത്തത്തിനു വേണ്ടിയുള്ള അര്‍ജന്റീന- യുറഗ്വായ് കിടമത്സരം. ബ്രസീല്‍ വന്ന ശേഷവും യുറഗ്വായെ തോല്‍പ്പിക്കുക എന്നതായിരുന്നു അര്‍ജന്റീനക്കു മുഖ്യം.

1914 മുതല്‍ 1930 വരെയുള്ള 16 വര്‍ഷത്തില്‍ ബ്രസീലുമായി അര്‍ജന്റീന കളിച്ചത് 16 തവണ മാത്രമാണെങ്കില്‍, യുറഗ്വായുമായി 52 കളികള്‍ കളിച്ചു. ഓരോ മാച്ചും ഓരോ യുദ്ധമായിരുന്നു. ഒരേ ദിവസം ഒരേ സമയത്ത് നദിക്കപ്പുറത്തും ഇപ്പുറത്തുമായി, റിയോ ഡി ജനീറോവിലും മോണ്ടിവിഡിയോവിലും, കളികള്‍ നടത്തുന്ന രീതി പോലും അവര്‍ പരീക്ഷിച്ചിരുന്നു. ഇതേ കാലയളവില്‍ ബ്രസീല്‍-യുറഗ്വായ് മാച്ചുകള്‍ അധികം ഉണ്ടായിട്ടില്ല. 10 തവണ മാത്രമാണ് ഇവര്‍ ആ കാലത്ത് കളിച്ചത്.

ലോകകപ്പില്‍ ഇരുവരെയും ഒരു പോലെ നാണംകെടുത്തിയ ചരിത്രവും അന്നെത്ത യുറഗ്വായ്ക്കുണ്ട്. 1930ലെ ആദ്യ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെയും 1950-ലെ ലോകകപ്പില്‍ മാറക്കാനയില്‍ വെച്ച് ബ്രസീലിനെയും അവര്‍ തകര്‍ത്തെറിഞ്ഞു. യുറഗ്വായുടെ ആ സര്‍പ്പദംശനത്തില്‍ നിന്ന് മാനസികമായി കരകയറാന്‍ ഇരു രാജ്യങ്ങള്‍ക്കും ഏറെക്കാലം വേണ്ടിവന്നു. ബ്രസീലിന് മാറക്കാന എന്ന വാക്കു തന്നെ ഇന്നും മറക്കാനാവാത്ത പരാജയത്തിന്റെ മറുവാക്കാണ്. പക്ഷെ ആ വിജയത്തോടെ യുറഗ്വായുടെ ഫുട്‌ബോള്‍ സാമ്രാജ്യത്തിന് അറം പറ്റിപ്പോയി എന്നു തോന്നുംവിധം പിന്നീടത് പതുക്കെ ക്ഷയിക്കുന്നതാണ് നാം കാണുന്നത്. ക്രമേണ യുറഗ്വായ് വിസ്മൃതമാവുകയും ബ്രസീല്‍- അര്‍ജന്റീന ദ്വന്ദ്വം ആ സ്ഥാനത്തേക്കുയരുകയും അവരുടെ ഫുട്‌ബോള്‍
വൈരം തീക്ഷ്ണമാവുകയും ചെയ്തു.

നൂറ്റാണ്ടു പിന്നിട്ട ആ യുദ്ധപരമ്പര മറ്റെല്ലാ കളിവൈരങ്ങളെയും അപ്രസക്തമാക്കുന്ന മാനങ്ങളിലേക്ക് വളര്‍ന്നു കഴിഞ്ഞു. ഇന്ന് അതിന്റെ അലകള്‍ ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഒതുങ്ങുന്നില്ല. ഒരു പക്ഷെ കൂടുതല്‍ അലകള്‍ ഇന്ത്യന്‍ സമുദ്രത്തിലോ അറബിക്കടലിലോ ആവാം. അതിന്റെ സ്വാധീനം യുക്തിയുടെ എല്ലാ അതിരുകളെയും ഭേദിക്കുന്നു. എന്തിന് അവരെ പിന്തുണയ്ക്കുന്നു എന്ന് അതിന്റെ ആരാധകര്‍ക്കും അറിയില്ല. അതിനേക്കാള്‍ നന്നായി കളിക്കുന്ന പല ടീമുകളും ഇന്നുണ്ട്. എന്നാലും ഈ ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ലോകം പൊടുന്നനെ നിശ്ചലമാവുന്നു. രാഗദ്വേഷങ്ങളുടെ ഒരു നൊസ്റ്റാള്‍ജിക് തലം അവരുടെ സംഘര്‍ഷത്തെ നിറപ്പകിട്ടുള്ളതാക്കുന്നു.

എന്തുകൊണ്ട് ബ്രസീല്‍ - അര്‍ജന്റീന? ഫുട്‌ബോളില്‍ മാത്രം ഈ വൈരം എങ്ങിനെയുണ്ടായി? പ്രത്യക്ഷ ശത്രുതകളൊന്നുമില്ലാത്ത ഇരു രാജ്യങ്ങളാണവ. നയതന്ത്ര ബന്ധങ്ങളും കൊടുക്കല്‍ വാങ്ങലുകളും കുറവല്ലാത്ത അയല്‍ക്കാര്‍. എന്നാലും ഫുട്‌ബോള്‍ ശത്രുതക്ക് അതിരുകളില്ല. അതെന്തുകൊണ്ട്? ആരു മീതെ എന്ന ചോദ്യം തന്നെ കാരണം. പ്രതിഭാ ധാരാളിത്തം, വ്യക്തിഗതമികവ്, വിജയദാഹം, ദേശീയബോധം, കളിനിലവാരം തുടങ്ങി എല്ലാ ഘടകങ്ങളിലും തുല്യരാണ് ഇരുവരും. പരസ്പരം അംഗീകരിക്കാനാവാത്തവിധം ഉള്ളില്‍ അസൂയ കലര്‍ന്ന കളി വിരോധം ഇരുവരും പുലര്‍ത്തുന്നു.

അര്‍ജന്റീനയുടെ വാദങ്ങള്‍ ഇതാണ്: കോപ്പ അമേരിക്കയില്‍ തങ്ങള്‍ക്കാണ് ജയം കൂടുതല്‍. ആദ്യ അന്താരാഷ്ട്ര മല്‍സരത്തില്‍ തന്നെ ബ്രസീലിനെ തോല്‍ പ്പിച്ചിട്ടുണ്ട്. ഇന്നു വരെയുള്ള ബ്രസീലിന്റെ ഏറ്റവും വലിയ തോല്‍വികളിലൊന്ന് (6-1) അര്‍ജന്റീനയോടാണ്. ലാറ്റിനമേരിക്കയിലെങ്കിലും വിജയങ്ങളുടെ എണ്ണത്തില്‍ അര്‍ജന്റീനയാണ് മുന്നില്‍. 2016 വരെ ഒരു ഒളിമ്പിക് സ്വര്‍ണം ബ്രസീലിന് കിട്ടിയില്ല.

ബ്രസീലിന്റെ വാദങ്ങള്‍ ഇതാ, ഇങ്ങിനെ: അഞ്ചു ലോകകപ്പുകള്‍ നേടിയ ടീമാണ് ഞങ്ങളുടേത്. അര്‍ജന്റീനക്കുള്ളത് രണ്ടു ജയം മാത്രം. ഫിഫാ റാങ്കില്‍ ദീര്‍ഘകാലം ഒന്നാം സ്ഥാനം തങ്ങള്‍ക്കായിരുന്നു. 1970 മുതല്‍ നടന്ന കളികളെടുത്താല്‍ ബ്രസീലിനാണ് കൂടുതല്‍ ജയം. എന്നും എപ്പോഴും മുന്നില്‍ ബ്രസീലാണ്.

നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു ഈ മൂപ്പിളമ പോരാട്ടം. എപ്പോഴാണ് ഇതിത്ര തീവ്രമായ വൈരമായി വളര്‍ന്നത്? അറിയില്ല. 1914ല്‍, കളികള്‍ തുടങ്ങുന്ന കാലത്ത് വളരെ ഊഷ്മളമായിരുന്നു ഇവരുടെ ഫുട്‌ബോള്‍ ബന്ധങ്ങള്‍. പരസ്പരം പൂക്കള്‍ നല്‍കിയും വിരുന്നു നല്‍കിയുമൊക്കെ തുടങ്ങിയ ആ ബന്ധം ചരിത്ര ത്തിന്റെ യാത്രയിലെവിടെയോ വെച്ചാവണം, വംശീയമായ ഒരു കിടമത്സരത്തിന്റെ നിറം പൂണ്ടു. അര്‍ജന്റീന വെളുത്തവരുടെയും ബ്രസീല്‍ കറുത്തവരുടെയും ടീമാണെന്ന പ്രതീതി എപ്പോഴോ സൃഷ്ടിക്കപ്പെട്ടു. 1920ല്‍ അര്‍ജന്റീനയില്‍ നിന്നുള്ള ഒരു പത്രം ബ്രസീല്‍ ടീമിനെ മകാക്വിറ്റോസ് (കുരങ്ങന്മാര്‍) എന്നു വിശേഷിപ്പിച്ചുവത്രെ. വെളുപ്പ് സൗന്ദര്യവും കറുപ്പ് വൈരൂപ്യവുമാണെന്ന വംശീയമനോഭാവത്തിന്റെ പ്രകടനം. അന്ന് അതില്‍ പ്രതിഷേധിച്ച് നാലു ബ്രസീലിയന്‍ കളിക്കാര്‍ ഗ്രൗണ്ടിലിറങ്ങാന്‍ കൂട്ടാക്കിയില്ല. ആരു മീതെ എന്ന കളിയിലെ കേവലമായ ചോദ്യത്തിനപ്പുറമുള്ള മാനങ്ങള്‍ ആ കളികളെ ബാധിക്കാന്‍ തുടങ്ങുന്നതിന്റെ ആദ്യസൂചനകള്‍.

ഗ്യാലറികളെ നിയന്ത്രിക്കുക അസാധ്യമായിരുന്ന അക്കാലത്ത് പരസ്പരമുള്ള ആക്രമണ പ്രത്യാക്രമണങ്ങളായി ആ ശത്രുത പതിയെ രാക്ഷസരൂപമാര്‍ജിച്ചുവന്നു. 1937 ആവുമ്പോഴേക്കും പല മാച്ചുകളും ഏറ്റുമുട്ടലിലും കല്ലേറിലും തീവെപ്പിലും കലാശിച്ചു. സ്‌റ്റേഡിയങ്ങള്‍ യുദ്ധക്കളങ്ങളായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധേെത്തപ്പാലും ബാധിക്കുന്ന നിലയിലെത്തി കാര്യങ്ങള്‍. 1950കള്‍ക്കു ശേഷം ലോകകപ്പിലെ ബ്രസീലിന്റെ വിജയങ്ങള്‍ കിടമത്സരത്തെ കടുപ്പിച്ചു. അവരുടെ ഹാട്രിക്ക് വിജയം ലോകമെമ്പാടും കൊണ്ടാടപ്പെട്ടു. 1978ലും 86ലും കപ്പു നേടി അര്‍ജന്റീന തിരിച്ചടിച്ചെങ്കിലും ബ്രസീല്‍ 1994ലും 2002ലും ജയിച്ച് ലീഡ് വര്‍ധിപ്പിച്ചു.

ഇന്നും അവരേറ്റുമുട്ടുമ്പോള്‍ അതൊരു ഹൈ-വോള്‍ട്ടേജ് നയതന്ത്ര യുദ്ധമായിത്തന്നെ വാര്‍ത്തകളില്‍ നിറയുന്നു. വംശീയാധിക്ഷേപം കുറ്റകരമാക്കുകയും ഫിഫ കര്‍ശന നടപടികള്‍ എടുത്തു തുടങ്ങുകയും ചെയ്ത ഈ കാലത്തു പോലും രൂക്ഷമായ ഒരു പരിഹാസത്തിന്റെ ചുവയുള്ള വാക്കുകള്‍ ഈ കളികളെ ചൂഴ്ന്നു നില്‍ക്കുന്നു. (ഈയടുത്തും അങ്ങിനെ ഒരു സംഭവം ഉണ്ടായി. 2010 ലോകകപ്പിനുള്ള ബ്രസീലിയന്‍ ടീമിലെ സ്‌ട്രൈക്കര്‍ ഗ്രാഫിറ്റി സാവോപോളോക്കു കളിക്കുന്നു. അര്‍ജന്റൈന്‍ ക്ലബ്ബായ ക്വില്‍മസിലെ ഡിഫന്‍ഡര്‍ ലിയാന്ദ്രോ ഡെസാബൊട്ടോവിനെ അയാള്‍ ഫൗള്‍ ചെയ്തു. പ്രകോപനത്തിന്റെ നിമിഷത്തില്‍ പഴയ കുരങ്ങന്‍ വിളിയാണ് ലിയാന്ദ്രോവിന്റെ വായില്‍ നിന്ന് അറിയാതെ പുറത്തുവന്നത്. അന്നാണെങ്കില്‍ ലിയാന്ദ്രോ വീരനായകനായേനെ. ഇന്ന് ലിയാന്ദ്രോവിനെ കളി തീര്‍ന്ന ഉടനെത്തന്നെ അറസ്റ്റ് ചെയ്തു. 40 മണിക്കൂര്‍ തടവിലിട്ടു. സ്വന്തം ക്ലബ്ബു പോലും അയാളെ ന്യായീകരിച്ചില്ല. നൂറ്റാണ്ടെ ത്തിയിട്ടും കുറവുവരാത്ത ഒരു ശത്രുതയുടെ തീവ്രത!).

കഥ തുടരുകയാണ്. യുദ്ധങ്ങള്‍ കുറഞ്ഞു വരുന്ന ലോകത്ത് മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ വേണ്ടി ഒരു സങ്കല്‍പ്പയുദ്ധമായി ഇവര്‍ തമ്മിലുള്ള മത്സരം കൊണ്ടാടെപ്പടുകയാണ്. ടിവി വ്യാപകമായതോടെ, അതു ലോകം മുഴുവന്‍ തല്‍സമയം എത്താനും തുടങ്ങി. സ്‌പോണ്‍സര്‍മാരും ചാനലുകളും വാതുവെപ്പ് സംഘങ്ങളും അനുപാതങ്ങള്‍ക്കപ്പുറത്തേക്ക് അതു പെരുപ്പിക്കാന്‍ മത്സരിക്കുന്നു. അതിന്റെ ഫലമാണ് തായ്‌ലാന്‍ഡിലും ഇന്ത്യയിലുമൊക്കെ അവരുടെ മാച്ചുള്ള ദിവസം ബെറ്റിങ് മാര്‍ക്കറ്റില്‍ പണം വന്നു കുമിയുന്നത്. അതിനിരയാവുന്നതോ, കൊല്‍ക്കത്തയിലും ബെയ്ജിങിലും സിംഗപ്പൂരിലും നമ്മുടെ മലപ്പുറത്തുമൊക്കെയുള്ള നിഷ്‌കളങ്കരായ ഫുട്‌ബോള്‍ ആരാധകരും.

എങ്കിലും അതൊരു സ്വപ്‌നമല്ലേ? ലോകകപ്പിന്റെ സ്വപ്ന ഫൈനല്‍ ഏതെന്നു ചോദിച്ചാല്‍ ലോകം മുഴുവന്‍ ഒരേ സ്വരത്തില്‍ പറയും. ഒരു ബ്രസീല്‍-അര്‍ജന്റീന ഫൈനല്‍. ഇതുവരെ നടക്കാത്ത, ഇക്കുറിയും നടക്കില്ലെന്നുറപ്പായിക്കഴിഞ്ഞ, സുന്ദരമായ സ്വപ്‌നം. അടുത്തകളികള്‍ ജയിച്ചാല്‍ ഇരുവരും മുഖാമുഖം വരുന്ന ആ സ്വപ്നമത്സരത്തിന് അരങ്ങൊരുങ്ങും. ഫൈനലിന് ഒരു ചുവട് മുമ്പ്, സെമി ഫൈനലില്‍. രണ്ടിലൊരു സംഘമേ ഫൈനലിനുണ്ടാവൂ.

സത്യത്തില്‍ ലോകകപ്പില്‍ വളരെ കുറച്ചു കളികളിലേ ഇവര്‍ ഏറ്റുമുട്ടിയിട്ടുള്ളൂ. നാലു കളി. അതില്‍ രണ്ട് ജയം ബ്രസീലിന്. ഒരു ജയം അര്‍ജന്റീനക്ക്. ഒന്നു സമനില. ആദ്യമത്സരം 1974ലായിരുന്നു. ജര്‍മനിയില്‍ നടന്ന ലോകകപ്പില്‍. അതു ബ്രസീല്‍ ജയിച്ചു (2-1). 1978ല്‍ ഇരുവരും കളിച്ചേപ്പാള്‍ 0-0 സമനിലയായിരുന്നു ഫലം. 1982ല്‍ മാറഡോണയുടെ അര്‍ജന്റീനയും സീക്കോ, സോക്രട്ടീസ് സംഘത്തിന്റെ ബ്രസീലും ഏറ്റുമുട്ടി. അപ്പോഴും അര്‍ജന്റീനക്കായിരുന്നു തോല്‍വി. സ്‌കോര്‍ 3-1. (ഈ മാച്ചിലാണ് മാറഡോണ ചുവപ്പുകാര്‍ഡു വാങ്ങി പുറത്തു പോയത്). 1990-ല്‍ ഇറ്റലിയിലെ ടൂറിനില്‍ നടന്ന മാ ച്ചില്‍ മാറഡോണ പകരം വീട്ടി. 1-0നു അര്‍ജന്റീന ജയിച്ചു. ലോകകപ്പിലെ ബ്രസീലിനെതിരായ അര്‍ജന്റീനയുടെ ഏക ജയം. അഞ്ചാമതൊരിക്കല്‍ കൂടി ഏറ്റുമുട്ടിയാല്‍ ആര്‍ക്കാവും ജയം? അതാണ് ലോകം കാത്തിരിക്കുന്നത്.

വീണ്ടും ഒരു ബ്രസീല്‍- അര്‍ജന്റീന സ്വപ്‌ന സെമിഫൈനലിന് വഴി തുറക്കുമോ? അറിയില്ല. ലോകകപ്പ് കോപ്പാ അമേരിക്കയല്ല. കൂടുതല്‍ കരുത്തരായ എതിരാളികള്‍ അവരെ കാത്തിരിക്കുന്നുണ്ട്. പണ്ടെത്തേപ്പാലെ അവരെ ആരും ഭയപ്പെടുന്നില്ല. അവരുടെ ലോകകപ്പിലെ മുന്നോട്ടുള്ള വഴി അതിനാല്‍ അനായാസമല്ല. ആരാധകര്‍ക്ക് പക്ഷെ, ആ പോരാട്ടം സ്വപ്‌നം കാണാന്‍ അവകാശമുണ്ട്. മഞ്ഞയും നീലയും നിറങ്ങള്‍ ഇടകലരുന്ന, ഒരു സുന്ദരസ്വപ്‌നം.

Content Highlights: argentina vs brazil football rivalry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented