photo: Getty Images
ഇതാ സ്വപ്‌നങ്ങള്‍ കൂട്ടിവെച്ചൊരു ചിത്രം പൂര്‍ണമാകാന്‍ ഒരു ജയത്തിന്റെ ദൂരം മാത്രം. മങ്ങലേറ്റ് തുടങ്ങിയ പ്രതീക്ഷകള്‍ക്ക് ജീവന്‍ വെക്കുന്നു. എട്ടുവര്‍ഷത്തിനപ്പുറം അര്‍ജന്റീന വീണ്ടും ലോകകപ്പിന്റെ കലാശപ്പോരിന് ടിക്കറ്റെടുത്തിരിക്കുകയാണ്. സെമിയില്‍ പോരടിക്കാന്‍ തയ്യാറെടുപ്പോടെയാണ് ക്രൊയേഷ്യയെത്തിയത്. ഒരു ലോകകിരിടമെന്ന മോഡ്രിച്ചിന്റെ സ്വപ്‌നം ലുസെയ്‌ലില്‍ തട്ടിത്തകര്‍ന്നു. ഇത്തവണയില്ലെങ്കില്‍ പിന്നെയില്ലെന്ന യാഥാര്‍ഥ്യത്തെ ബൂട്ടുകളിലാവാഹിച്ച് മെസ്സിയിറങ്ങി. പിന്നെ ചരിത്രം.
ഏകപക്ഷീയമായ മൂന്ന് ഗോളിന് ക്രൊയേഷ്യയെ തകര്‍ത്തെറിഞ്ഞ് മെസ്സിപ്പട ഫൈനലിലേക്ക് മുന്നേറി. മെസ്സിക്കും സംഘത്തിനും ഇത് പ്രതികാരമാണ്. ആദ്യ മത്സരത്തിലെ പരാജയത്തില്‍ ക്രൂശിക്കപ്പെട്ടവനാണ് മെസ്സി. പരിഹാസങ്ങളുടെ കൂരമ്പുകളേറ്റ് അന്നാ പതിനൊന്നുപേര്‍ തിരിഞ്ഞുനടന്നു. അതേ ലുസെയ്‌ലില്‍ അടരാടി ജയിച്ച് വിശ്വകിരീടത്തിനായുള്ള അവസാനപോരിന് യോഗ്യതനേടിയിരിക്കുകയാണ് മെസ്സിയും സംഘവും. ഒപ്പം കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യയ്‌ക്കെതിരായ തോല്‍വിക്കുള്ള പ്രതികാരവും.
ലോകത്തെ വന്‍ ശക്തികള്‍ക്കു മുന്നില്‍ മുട്ടുമടക്കാതെ അപരാജിത കുതിപ്പുമായാണ് അര്‍ജന്റീന ലോകകപ്പിനെത്തിയത്. പ്രായോഗികതയെ കൂട്ടുപിടിച്ച് സ്‌കലോണി അര്‍ജന്റീനിയന്‍ നിരയെ വാര്‍ത്തെടുത്തപ്പോള്‍ ലോകമാകെ അമ്പരന്നുനിന്നു. പിന്നെ എതിരാളികള്‍ക്കൊക്കെ സ്‌കലോണിപ്പട വലിയ വെല്ലുവിളിയായി മാറി. യൂറോപ്യന്‍ ചാമ്പ്യന്മാരെ വരെ തകര്‍ത്തെറിഞ്ഞ അര്‍ജന്റീനയെ ആര് പിടിച്ചുകെട്ടുമെന്ന് ചോദ്യങ്ങളുയര്‍ന്നു. അങ്ങനെയാണ് അവര്‍ ലോകകപ്പിനെത്തുന്നത്.
പക്ഷേ അത് വരെയുള്ള എല്ലാ പ്രവചനങ്ങളും ആദ്യ മത്സരത്തില്‍ തന്നെ ചിന്നിച്ചിതറി. സൗദിക്കുമുന്നില്‍ സ്‌കലോണിയും സംഘവും കളിമറന്നു. മധ്യനിരയില്‍ കളി മെനഞ്ഞ് ഗോളടിക്കുന്ന സ്വതസിദ്ധമായ തന്റെ ശൈലി ഉപേക്ഷിക്കുന്ന സ്‌കലോണിയേയാണ് കാണാനായത്. 4-2-3-1 ശൈലിയില്‍ ടീമിനെ ഇറക്കിയ സ്‌കലോണി മിഡ്ഫീല്‍ഡര്‍മാരെ വിദഗ്ദമായി ഉപയോഗിച്ചില്ല. മെസ്സിയുടെ നീക്കങ്ങള്‍ക്കനുസരിച്ച് പാകപ്പെടുത്തിയ ടീമിനേയും കാണാനായില്ല.
മൈതാനത്ത് പന്ത് കിട്ടിയപ്പോഴെല്ലാം ത്രൂ ബോളുകളിലൂടെയും ഹൈ ബോളുകളിലൂടേയും മാത്രം അവസരങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെയായിരുന്നു സ്‌കലോണി തന്ത്രങ്ങള്‍ ഒരുക്കിയത്. മധ്യനിരയില്‍ കളിമെനയാന്‍ ആരും മുതിര്‍ന്നില്ല. മൂന്ന തവണ അര്‍ജന്റീന അടിച്ച ഗോളുകള്‍ ഓഫ്‌സൈഡായിരുന്നു. കാരണം സൗദി ഒരുക്കിയ ഡിഫെന്‍സീഫ് ലൈന്‍ ഭേദിച്ചുമാത്രം മുന്നേറാനാണ് അര്‍ജന്റീന ശ്രമിച്ചത്. മറ്റൊരു തന്ത്രവും അയാള്‍ നടപ്പാക്കിയില്ല.
തന്ത്രം പാളുമ്പോള്‍ മറുതന്ത്രമൊരുക്കുന്ന പ്രായോഗികതയെ വെളളവരയ്ക്ക് പുറത്തുതന്നെ പ്രതിഷ്ഠിച്ചു. സൗദിയുടെ കൗണ്ടര്‍ അറ്റാക്കുകള്‍ തടയാന്‍ മറുമരുന്ന് കണ്ടുപിടിക്കാനാവാതെ അയാള്‍ ഉഴറി. കളിക്കാരുടെ തിരഞ്ഞെടുപ്പും മികച്ചതായിരുന്നില്ല. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഡിഫെന്‍ഡര്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ബ്രൈറ്റന്റെ മക് അലിസ്റ്റര്‍ എന്നിവരെ ഒഴിവാക്കി. ഇടത് വിങ്ങില്‍ കളിച്ച പപ്പു ഗോമസ് മികച്ച മുന്നേറ്റങ്ങളൊന്നും നടത്തിയില്ല. വലതു വിങ്ങില്‍ മെസ്സക്ക് പകരം ഡി മരിയ മികച്ചു നിന്നു. പക്ഷേ മെസ്സിയുടെ പൊസിഷനിംഗ് പാളി. എല്ലാം കൊണ്ടും സ്‌കലോണിപ്പടയുടെ തന്ത്രങ്ങളെല്ലാം വിഫലമായി.
ജീവന്‍മരണപോരാട്ടമായിരുന്നു മെക്‌സിക്കോയുമായുള്ള രണ്ടാമത്തെ ഗ്രൂപ്പ് മത്സരം. ഇനി തോറ്റാല്‍ പുറത്തേക്കാണെന്ന ബോധ്യത്തില്‍ കളിക്കാരേയും നടപ്പിലാക്കേണ്ട തന്ത്രങ്ങളേയും പുതുക്കിയാണ് അര്‍ജന്റീന മൈതാനത്തിറങ്ങിയത്. ശക്തമായ പ്രതിരോധമുള്ള ടീമുകളിലൊന്നാണ് മെക്‌സിക്കോ. പ്രതിരോധക്കോട്ടപ്പിളര്‍ന്നാലും ഗോള്‍ബാറിന് കീഴില്‍ അത്ഭുതം കാണിക്കുന്ന ഗ്വില്ലര്‍മോ ഓച്ചാവോ എന്ന 13-ാം നമ്പറുകാരനുമുണ്ട്. പപ്പുവിനും പാരഡസിനും പകരം ഗൈഡോ റോഡ്രിഗസും അലെക്‌സിസ് മാക് അലിസ്റ്ററും മധ്യനിരയിലേക്കിറങ്ങി.
ആദ്യ പകുതിയില്‍ അര്‍ജന്റീന ശരാശരി നിലവാരത്തിനൊത്ത പ്രകടനം മാത്രമാണ് കാഴ്ചവെച്ചത്. വിരസമായ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം പകുതിയില്‍ ജൂലിയന്‍ അല്‍വാരസും എന്‍സോ ഫെര്‍ണാണ്ടസും കളത്തിലിറങ്ങിയതോടെ കളി മാറി. മെസ്സി ആദ്യ ഗോളടിച്ചപ്പോള്‍ എന്‍സോ രണ്ടാമതും വലകുലുക്കി. അങ്ങനെയാണ് മെക്‌സിക്കന്‍ തിരമാലകള്‍ നിശബ്ദമാകുന്നത്. ജീവന്‍ തിരികെ പിടിച്ച് മെസ്സിപ്പട അടുത്ത മത്സരത്തിന് തയ്യാറെടുത്തു.
ഗ്രൂപ്പിലെ അവസാനമത്സരത്തിനിറങ്ങിയ അര്‍ജന്റീനയെ കാത്തുനിന്നത് പോളണ്ടിന്റെ ഇരട്ട പ്രതിരോധഭിത്തിയായിരുന്നു. ടീമിലെ പത്തോളം പേര്‍ പെനാല്‍റ്റി ബോക്‌സില്‍ കാവല്‍നിന്നു. മെസ്സിയും സംഘവും നിരന്തരം ആക്രമണങ്ങളുതിര്‍ത്തിട്ടും ആദ്യ പകുതി വലകുലുക്കാനായില്ല. മെസ്സിയുടെ പെനാല്‍റ്റി പോളണ്ട് ഗോള്‍കീപ്പര്‍ ഷെസ്‌നി തട്ടിയകറ്റി. ആ പ്രതിരോധക്കോട്ട എങ്ങനെയാണ് അര്‍ജന്റീന പിളര്‍ക്കുകയെന്ന ആശങ്കകള്‍ക്കുമുകളില്‍ മാക് അലിസ്റ്റര്‍ ആദ്യ വെടിയുതിര്‍ത്തു. പിന്നെ പോളണ്ടിന്റെ എല്ലാ പ്രതിരോധക്കോട്ടകളേയും ഉലച്ചുകൊണ്ട് മെസ്സിയും സംഘവും നിറഞ്ഞാടി. ജൂലിയന്‍ അല്‍വാരസ് രണ്ടാം ഗോളുമടിച്ച് അര്‍ജന്റീനയുടെ വിജയം ഉറപ്പാക്കി. ഒപ്പം പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റും.
ഓസ്‌ട്രേലിയയുമായുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരമെത്തുമ്പോഴേക്കും അര്‍ജന്റീനയുടെ മധ്യനിര സുശക്തമായിരുന്നു. റോഡ്രിഗോ ഡി പോളും എന്‍സോയും അലെക്‌സിസ് മാക് അലിസ്റ്ററും മധ്യനിരയിലെ സ്ഥിരസാന്നിധ്യമായി. പരിക്കേറ്റ ഡി മരിയക്കുപകരം പപ്പു ഗോമസാണിറങ്ങിയത്. പ്രതിരോധക്കോട്ടകളെല്ലാം പൊളിച്ച് മെസ്സി മായാജാലം കാട്ടിയപ്പോള്‍ ഓസ്‌ട്രേലിയക്കും പിടിച്ചുനില്‍ക്കാനായില്ല. അല്‍വാരസ് രണ്ടാം ഗോളടിച്ച് കത്തിക്കയറി. ആധിപത്യത്തോടെയാണ് അര്‍ജന്റീന സോക്കറൂസിനെതിരേ കളിച്ചതും ജയിച്ചതും.
എന്നാല്‍ ക്വാര്‍ട്ടറില്‍ സ്‌കലോണി വീണ്ടും തന്ത്രം മാറ്റി. കരുത്തരായ ഡച്ച്പട അര്‍ജന്റീനയ്ക്ക് വലിയ വെല്ലുവിളിയുയര്‍ത്തുമെന്ന കണക്കുകൂട്ടലില്‍ മൂന്ന് സെന്റര്‍ബാക്കുകളെ സ്‌കലോണി ടീമിലിറക്കി. ആക്രമണങ്ങളെ തടഞ്ഞുനിര്‍ത്താന്‍ ഒട്ടാമന്‍ഡിയും റൊമേറോയും ലിസാന്‍ഡ്രോയും ചേര്‍ന്ന് പ്രതിരോധപ്പൂട്ടിട്ടു. നെതര്‍ലന്‍ഡ്‌സിന്റെ മധ്യനിരയും പ്രതിരോധവും മികച്ചതാണ്. മൈതാനത്ത് സ്‌കലോണിയും സംഘവും സ്‌കലോണിയുടെ നീക്കങ്ങളെയെല്ലാം വിഫലമാക്കി. മെസ്സിയുടെ മിന്നല്‍നീക്കങ്ങളും ചേര്‍ന്നപ്പോള്‍ രണ്ടുഗോളിന് അര്‍ജന്റീന മുന്നിട്ടുനിന്നു.
എന്നാല്‍ അക്യൂനയേയും റൊമേറോയേയും പിന്‍വലിച്ചതോടെ അര്‍ജന്റീനയുടെ പ്രതിരോധത്തില്‍ നെതര്‍ലന്‍ഡ്‌സും വിള്ളലുകളുണ്ടാക്കി. രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് കളി സമനിലയിലാക്കുകയും ചെയ്തു. പിന്നീട് അര്‍ജന്റീന ഡച്ച് ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടേയിരുന്നു. പക്ഷേ പെനാല്‍റ്റി ഷൂട്ടൗട്ട് തന്നെ മത്സരത്തിന്റെ വിധിയെഴുതി. എമിലിയാനോ മാര്‍ട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായപ്പോള്‍ അര്‍ജന്റീന സെമിയിലേക്ക് മുന്നേറി.
സെമിയിലും ക്രൊയേഷ്യയെ പഠിച്ചാണ് സ്‌കലോണി വന്നത്. ലോകത്തിലെ തന്നെ മികച്ച മധ്യനിരയുള്ള ടീമുകളിലൊന്നാണ് ക്രൊയേഷ്യ. ലൂക്ക മോഡ്രിച്ചും ബ്രൊസോവിച്ചും കൊവാസിച്ചും ഏത് പ്രതിരോധവും പിളര്‍ക്കാന്‍ പോന്നവരാണ്. ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരേ മോഡ്രിച്ചും സംഘവും കളം അടക്കിവാഴുന്നതാണ് കണ്ടത്. അതിനാല്‍ മികച്ചൊരു മധ്യനിരയെ കളത്തിലിറക്കാതെ മത്സരത്തില്‍ ആധ്യപത്യം പുലര്‍ത്താനാകില്ലെന്ന വിലയിരുത്തലില്‍ പാരഡസിനേയും മൈതാനത്തിറക്കിക്കൊണ്ട് നാല് മധ്യനിരതാരങ്ങളുമായാണ് അര്‍ജന്റീന കളിച്ചത്.
ആദ്യം ക്രൊയേഷ്യയാണ് പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയത്. മധ്യനിരയില്‍ മോഡ്രിച്ച് പതിവ് പ്രകടനം തുടര്‍ന്നതോടെ അര്‍ജന്റീന പ്രതിരോധത്തിലായി. പ്രതിരോധത്തില്‍ അല്‍പ്പം വലിഞ്ഞാണ് മെസ്സിപ്പട കളിച്ചത്. എന്നാല്‍ പതിയെ പതിയെ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അര്‍ജന്റീന കളം നിറഞ്ഞു. 34-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെസ്സി ആദ്യ ഗോളടിച്ചു. മിനിറ്റുകള്‍ക്കകം മികച്ചൊരു സോളോ ഗോളിലൂടെ അല്‍വാരസും. അതോടെ ക്രൊയേഷ്യയുടെ പിടിവിട്ടു. പിന്നെ അര്‍ജന്റീന കളിയുടെ എല്ലാ മേഖലകളിലും നിറഞ്ഞുനിന്നു.
രണ്ടാം പകുതിയില്‍ പാരഡസിന് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനസിനെ കളത്തിലിറക്കി സ്‌കലോണി പ്രതിരോധം ശക്തിപ്പെടുത്തിയതോടെ ക്രൊയേഷ്യ കീഴടങ്ങി. പക്ഷേ അര്‍ജന്റീന അവസാനിപ്പിച്ചില്ല. മെസ്സിയും. 2018-ലോകകപ്പിലെ ഒരു കടം വീട്ടാനുണ്ടായിരുന്നു അവര്‍ക്ക്. മെസ്സി വലതുവിങ്ങിലൂടെ നിറഞ്ഞാടി. ക്രൊയേഷ്യന്‍ പ്രതിരോധതാരങ്ങളെയെല്ലാം വെട്ടിച്ച് ബോക്‌സിലേക്ക് പന്ത് നീട്ടി. അനായാസം വലകുലുക്കി അല്‍വാരസ് മത്സരത്തിലെ രണ്ടാം ഗോളും നേടിയതോടെ ലുസെയ്‌ലില്‍ ആല്‍ബിസെലസ്റ്റന്‍ തിരമാലകള്‍ ആര്‍ത്തലച്ചെത്തി. ഒടുക്കം ഫൈനലിലേക്കുള്ള ടിക്കറ്റും.
ലോകകപ്പില്‍ സൗദിക്കെതിരായ ആദ്യ മത്സരത്തിലെ പരാജയത്തില്‍ പരിഹസിച്ചവര്‍ക്കും കീറിമുറിച്ചവര്‍ക്കും മുന്നില്‍ മിശിഹയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. പ്രായോഗികതയെ അക്ഷരം പ്രതി കളത്തില്‍ നടപ്പിലാക്കിയ സ്‌കലോണിയും കയ്യടിനേടി. പിഴവുകളെല്ലാം തിരുത്തി മുന്നേറുന്ന അര്‍ജന്റീനയ്ക്കുമുന്നില്‍ ഇനി ഒരു മത്സരം മാത്രം ബാക്കി. അതും ജയിച്ചാല്‍ പിന്നെ 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകും. വിശ്വകിരീടത്തോടെ മെസ്സിക്ക് പടിയിറങ്ങാം. പ്രതീക്ഷയോടെ അവസാനമത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Content Highlights: Argentina is through to the World Cup final
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..