Lionel Messi and Argentina team | Photo: Alex Pantling/Getty Images
ബ്യൂണസ് ഐറിസില്‍ എത്ര മാര്ടിനെസുമാരുണ്ട് എന്ന് പറയാനാവില്ല. എന്നാല്‍ അര്‍ജന്റീന ടീമില്‍ മൂന്നു മാര്ടിനെസുമാരുണ്ട്. ലൗട്ടറോ, ലിസാന്‍ഡ്രോ , ഗോളി എമിലിയൊ. പകരക്കാരനായി വന്ന ലിസാന്‍ഡ്രൊ, ഓസ്ട്രേലിയയുടെ ഭീഷണി വര്‍ധിച്ചുവന്ന ഘട്ടത്തില്‍ അസീസ് ബഹൈച്ച് നീണ്ട ഓട്ടത്തിനടുവില് തൊടുത്ത അടി തടുത്തുകൊണ്ട് അര്‍ജന്റീനയെ രക്ഷിച്ചു. ഗരങ് കുവോള്‍ അടുത്തുനിന്ന് അടിച്ചത് എമി മാര്‍ടിനെസ് തടുക്കുക മാത്രമല്ല പന്ത് നിലത്തു വീഴ്ത്താതെ ക്യാച്ചെടുക്കുകയും ചെയ്തു. എമിലിയൊ ആ ക്യാച്ച് വിട്ടിരുന്നുവെങ്കില്‍ കളി അധിക സമയത്തേക്ക് നീളുമായിരുന്നു. മറ്റെ മാര്‍ടിനെസ് എന്തു ചെയ്തു? മെസ്സി ലൗട്ടോറോയ്ക്ക് വളരെ തുറന്ന അവസരം ഒരിക്കിക്കൊടുത്തുവെങ്കിലും അത് പുറത്തേക്കടിച്ചു കളഞ്ഞു. ആദ്യ കളിയില്‍ ആദ്യ ഇലവനില്‍ തന്നെ ലൗട്ടറോ ഉണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലെ മാര്‍ടിനെസ് കളിച്ചിട്ടില്ല. പിന്നീടൊരവസരം ലൗട്ടറോക്ക് ലഭിച്ചത് ലക്ഷ്യം തെറ്റിയില്ലെങ്കിലും ഓസ്ട്രേലിയയുടെ ഗോളി മാത്യൂ റയന്‍ അത് പിടിച്ചു.
റയന്റെ പിഴവില്‍ നിന്നാണ് അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ വന്നത്. പകരം ഓസ്ട്രേലിയ ഗോള്‍ നേടിയത് ഗുഡ്വിന്റെ അടി എന്‍സൊ ഫെര്‍ണാണ്ടസ് സ്വന്തം പോസ്റ്റിലേക്ക് തിരിച്ചുവിട്ടപ്പോഴായിരുന്നുവല്ലോ. അങ്ങനെ ആ ഗോളുകള്‍ പരസ്പരം റദ്ദാക്കപ്പെട്ടു എന്നു പറയാം.
തന്റെ ആയിരാമത്തെ കളിയില്‍ മെസ്സിയെ യഥാര്‍ത്ഥ മെസ്സിയായി കാണാനായി. കാലുകള്‍ക്കിടയിലൂടെ കടന്നു പോകുന്നു, പാസ്സുകള്‍ നല്കുന്നു, വാങ്ങുന്നു, ഒറ്റയാനായ എതിരാളിയെ അഭിമുഖീകരിക്കുമ്പോള്‍ പന്ത് നിര്‍ത്തി അയാളെ കളിക്കാന്‍ ക്ഷണിക്കുന്നു. ഒരു മുഴുവന്‍ പാക്കേജായി കാണികള്‍ക്കത് ലഭിക്കുന്നു. ആദ്യത്തെ ഗോളിന്റെ സൃഷ്ടിയും സംഹാരവും മെസ്സിയുടെ വക തന്നെ. ബഹിച്ചും മെസ്സിയും തമ്മിലുള്ള പിടിവലിക്കൊടുവിലായിരുന്നു ആ ഫ്രീകിക്കും ഹാരി സൂട്ടറിന്റെ കാലുകള്‍ക്കിടയിലൂടെ ചോര്‍ന്ന ഗോളും.
ഓസ്ട്രേലിയന്‍ കളിക്കാര്‍ കളിക്കിടെ മെസ്സിയുടെ പ്രഭാവത്തില്‍ മയങ്ങിപ്പോകാതിരിക്കാന്‍ ശ്രദ്ധിച്ചു. ബഹിച്ചിനെപ്പോലെ കീനു ബാക്കസും തുടക്കത്തില്‍ മെസ്സിയുമായി മല്പിടിത്തം നടത്തി ടര്‍ഫില്‍ തുല്യതയ്ക്കുള്ള അവകാശം സ്ഥാപിച്ചിരുന്നു. അത് കളിക്കിടെ മാത്രം. കളി കഴിഞ്ഞ് ഡ്രസ്സിംഗ് റൂമിലെ ഇടനാഴിയില്‍ മെസ്സിയോടൊപ്പം ചിത്രമെടുത്ത ഓസ്ട്രേലിയന്‍ കളിക്കാരില്‍ ബാക്കസും പെടും.
ഹോളണ്ട് അര്‍ജന്റീനയ്ക്ക്് കടുത്ത എതിരാളിയായിരിക്കും എന്ന് വിശേഷിച്ച് പറയേണ്ടതില്ല. എന്നാല്‍ കൂടുതല്‍ കടുത്ത പരീക്ഷണങ്ങള്‍ നേരിട്ടു കൊണ്ടു വരുന്ന അര്‍ജന്റീനയ്ക്ക് അത് ഗുണം ചെയ്യും. തോറ്റു നില്ക്കുന്ന ഏതു ടീമും അവസാന ഘട്ടത്തില്‍ ചെയ്യുന്നതുപോലെ ഓസ്ട്രേലിയയും ആഞ്ഞുകയറും എന്നതിനാല്‍ പ്രതിരോധ നിരയെ മൂന്നു പേരായി ചുരുക്കി തിരിച്ചു കയറാനും അര്‍ജന്റീന ശ്രമിച്ചിരുന്നു. തോറ്റു നില്ക്കുന്ന ടീമിനെപ്പോലെ തന്നെ അര്‍ജന്റീനയും കളിച്ചതാണ് കളിയിലെ താപനില ഉയര്‍ത്തിയത്. അര്‍ജന്റീനയുടെ ശ്രമം വേണ്ടത്ര വിജയം കണ്ടില്ലെന്നു മാത്രം. ഓസ്ട്രേലിയ തലതാഴ്ത്തതെ തന്നെ മടങ്ങി.
ചെറുപ്പക്കാരുടെ നിരയായ അമേരിക്കയെ കീഴ്പ്പെടുത്താന്‍ ഹോളണ്ട് ഒരുക്കിയ കെണി ശരിക്കും ഫലിച്ചു. മൂന്നും ഗോളും നേടാന്‍ ഹോളണ്ടിന് നല്ല സൗകര്യം, തുറസ്സുകള്‍ ലഭിച്ചിരുന്നു. രണ്ട് ഗോള്‍ സഹായങ്ങള്‍ക്കു പിറകെ ഡെന്‍സല്‍ ഡംഫ്രീസ് സ്വന്തമായി ഗോളടിക്കുകയും ചെയ്തു. അമേരിക്കയുടെ ആഡംസ്, മൂസ, മെക്കന്നി സഖ്യത്തിന്റെ മധ്യനിര ദുര്‍ബലപ്പെട്ടതായി കണ്ടിരുന്നു. അമേരിക്കയുടെ ഊര്‍ജസ്വലതയെ തണുപ്പിക്കാനുള്ള പ്രൊഫഷണല്‍ വൈദഗ്ധ്യം ഹോളണ്ടിന് വേണ്ടുവോളമുണ്ട്. അമേരിക്കന്‍ നിരയില്‍ ഗോളടിക്കാന്‍ കഴിയുന്ന കളിക്കാരന്റെ സേവനം ലഭ്യമല്ലായിരുന്നു, അവര്‍ കൂടുതല്‍ പന്തുകള്‍ ലക്ഷ്യത്തിലേക്ക് തൊടുത്തിട്ടുണ്ട് എന്നു വരികിലും. പകരക്കാരനായി ഇറങ്ങിയ റൈറ്റിന്റെ ഗോള്‍ എങ്ങനയോ ഉയര്‍ന്നു പൊങ്ങി വലയില്‍ കയറുകയായിരുന്നു. ഹോളണ്ടിന്റെ കാണാന്‍ അധികമില്ലെന്ന പരാതി അവരുടെ കോച്ച് ലൂയി വാന്‍ഗാളിന്റെ സമക്ഷം തന്നെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ജയിക്കുന്നിടത്തോളം കാലം അതിനെക്കുറിച്ച് ആലോചിക്കേണ്ട എന്ന് അദ്ദേഹം കരുതുന്നുണ്ടാവണം.
കാന്‍സര്‍ ചികിത്സ തുടരുന്നതിനിടെ തന്നെയാണ് അദ്ദേഹം പരിശീലകന്റെ വേഷവും അണിയുന്നത് എന്നത് കളിയോടുള്ള അദ്ദേഹത്തിന്റെ താല്പര്യത്തെ എടുത്തുകാണിക്കുന്നു. ഹോളണ്ട് നിരയില്‍ അതുപോലുള്ള മറ്റൊരു ജീവിത കഥകൂടിയുണ്ട്. ലോകകപ്പ് തുടങ്ങുമ്പോള്‍ ഗോളിമാരില്‍ ജര്‍മനിയുടെ മാന്വല്‍ ന്യൂയറും ബെല്‍ജിയത്തിന്റെ തിബോ ക്വാര്ടയുമായിരുന്നു പ്രശസ്തി കൊണ്ട് മുന്നില്‍. അവരവരുടെ ടീമുകള്‍ക്ക് മാത്രമല്ല, കളിക്കാരെന്ന നിലയില്‍ ശോഭിക്കാതിരുന്ന ഇരുവര്‍ക്കും വ്യക്തിപരമായി ഈ ലോകകപ്പ് നഷ്ടമാണ്. മൊറോക്കോക്ക് എതിരെ ക്വാര്ട്വായും കോസ്റ്ററിക്കക്കെതിരെ ന്യൂയറും നടത്തിയിട്ടുള്ള പ്രകടനങ്ങള്‍ അവര്‍ വേഗം മറക്കാനാഗ്രഹിക്കുന്നുണ്ടാവും. പകരം പോളണ്ടിന്റെ ഷെസ്നിയുണ്ട്, ഹോളണ്ടിന്റെ ദീര്‍ഘകായനായ ആന്‍ഡ്രീസ് നോപ്പര്ട്ടുണ്ട്. ആറടി എട്ടിഞ്ച് ഉയരമുള്ള നോപ്പര്ടിനെ കാഴ്ച കൊണ്ടു മാത്രമല്ല കളി കൊണ്ടും കാണികള്‍ ശ്രദ്ധിക്കും.
ഈ 28-കാരന് പരിക്കുമൂലം വന്ന നഷ്ടക്കണക്കുകളാണ് പറയാനുണ്ടാവുക ഇതു വരേക്കും. ലോകകപ്പിലൂടെ ഒരു വീണ്ടെടുപ്പിന്റെ കഥയായിരിക്കുന്നു അതിപ്പോള്‍. എ ഗ്രൂപ്പ് മല്‍സരത്തില്‍ സെനഗലിനെതിരെ ലഭിച്ച അവസരമാണ് ദേശീയ ടീമില്‍ കളിക്കാന്‍ കിട്ടിയ ആദ്യത്തെ അവസരം. അതിന് മുമ്പ് ദേശീയ ടീമില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ല. നാട്ടിലെ ഹീരന്വീനിലൂടെയായിരുന്നു 2013-ല്‍ നോപ്പര്ടിന്റെ ക്ലബ്ബ് ജീവിതത്തിന്റെ തുടക്കം. മുട്ടിനേറ്റ പരിക്ക് കളിക്ക് തടസ്സം നിന്നു. ഏതാണ്ട് ഒരു കൊല്ലം അങ്ങനെ പോയി. പിന്നീട് നാക് ബ്രഡയില് 2014 -18 ല്‍ അവിടെ ആറു കളികളില്‍ പ്രത്യക്ഷപ്പെടുന്നു. തുടര്‍ന്ന് ഇറ്റലിയില്‍ രണ്ടാം ഡിവിഷനിലെ ഫോഗ്ഗിയയില്. എട്ടു കളികള്‍. 2019-20 ല്‍ നാട്ടിലെ ഡോര്ഡ്രെക്റ്റില് രണ്ടു കളികള്‍. 21-22 കാലത്ത് ഗോ എഹെഡ് ഈഗിള്‍സില്‍. 15 ലീഗ് കളികളും അഞ്ച് ഡച്ച് കപ്പ് കളികളും കളിച്ച ശേഷം ഈ വര്‍ഷം ഹീരന്വീനിലേക്കു തന്നെയുള്ള മടക്കം. അപ്പോഴാണ് ദേശീയ ടീമിലേക്ക് വിളി വരുന്നത്. ഈ കളിജിവിതത്തെ മറി കടന്ന് ഗോളടിക്കുന്ന അധികം കഥകള്‍ ഈ ലോക കപ്പില്‍ ഉണ്ടാവാനിടയില്ല. കുടിയറ്റത്തിന്റെയും ദാരിദ്രദുഃഖങ്ങളുടെയും കഥകളുണ്ടാവാം. അതുണ്ട്.
നോപ്പര്ടിന്റെ കളി ജീവിതം ഇനിയും പുഷ്പ്പിക്കുമോ എന്ന് പറയാനാവില്ല. സൗദി അറേബ്യ അര്‍ജന്റീനയെ പരാജയപ്പെടുത്തിയതു പോലുള്ള ഒരു യാത്ര തന്നെയാണ് നോപ്പര്ട് നടത്തിയതും. അതെവിടെ അവസാനിച്ചാലും ലോകകപ്പിലെ കാണികളുടെ കണ്ണില്‍ നോപ്പര്ട് ഉണ്ടാവും.
Content Highlights: argentina football, FIFA World Cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..