photo: Getty Images
അച്ഛന് അക്രമികള്‍ക്കൊപ്പം തോക്കെടുക്കാന്‍ തയ്യാറായിരുന്നെങ്കില്‍ അല്‍ഫോണ്‍സോ ഡേവിസിന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു. അക്കാലത്ത് ലൈബീരിയയില്‍ ജീവിക്കണോ, കൈയില്‍ ഒരു തോക്കുണ്ടായിരിക്കണം. എന്നും കലാപവും കൊള്ളയും കൂട്ടക്കൊലയും. അത്ര അപകടകരമായിരുന്നു അന്നവിടുത്തെ ജീവിതം. പക്ഷേ, അച്ഛന് ദേബയ്യ തോക്കെടുക്കാന്‍ തയ്യാറായില്ല. പകരം ഗര്‍ഭിണിയായ ഭാര്യ വിക്ടോറിയയെയും കൂട്ടി മോണ്‍റോവിയയിലെ വീട് ഉപേക്ഷിച്ച് ഉള്ളതെല്ലാം പെറുക്കിയെടുത്ത് ഘാനയിലെ ബുഡുബുറാം അഭയാര്‍ഥി ക്യാമ്പിലേയ്ക്ക് ഓടി രക്ഷപ്പെട്ടു. കഷ്ടിച്ച് ഒരു കോഴിക്കൂടിന്റെ വലിപ്പമുള്ള തകരഷീറ്റിട്ട കുടിലിലായിരുന്നു താമസം. ആ കൊച്ചുവീട് ഇന്നുമുണ്ട് ബുഡുബുറാമില്. അവിടെ വച്ചാണ് ഡേവിസ് പിറന്നത്. ദുരിതമയമായിരുന്നു ക്യാമ്പിലെ ജീവിതം. നല്ല വെള്ളമില്ല. ഭക്ഷണമില്ല. ശരിക്കും പറഞ്ഞാല്‍ ജീവച്ഛവങ്ങളായി കുറേ മനുഷ്യര്‍. അങ്ങനെയാണ് കാനഡയിലേയ്ക്ക് കുടിയേറാനുള്ള അവസരം ലഭിക്കുന്നത്.
എഡ്മണ്ടനില്‍ താമസമാക്കുമ്പോള്‍ അഞ്ച് വയസേ ഉണ്ടായിരുന്നുള്ളൂ അല്‍ഫോണ്‍സോയ്ക്ക്. കഷ്ടപ്പെട്ടാണ് മാതാപിതാക്കള്‍ മക്കളെ വളര്‍ത്തി വലുതാക്കിയത്. ഫുട്ബോളായിരുന്നു അല്ഫോണ്സോയുടെ ജീവവായു. വേഗതയും ടെക്നിക്കുമുള്ള ബാലനെ പരിശീകര്‍ ചെറുപ്പത്തില്‍ തന്നെ നോട്ടമിട്ടു. പിന്നെ കുതിപ്പിന്റെ കാലമായിരുന്നു. യുണൈറ്റഡ് സോക്കര്‍ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. പതിനഞ്ചാം വയസില്‍ തന്നെ മേജര്‍ സോക്കര്‍ ലീഗില്‍ കളിച്ച് റെക്കോഡിട്ടു. 2017-ല്‍ ദേശീയ ടീമിലുമെത്തി. രാജ്യത്തിനുവേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കി. ക്ഷണത്തില്‍ കാനേഡിയന്‍ ഫുട്ബോളിലെ ഏറ്റവും വിലപിടിപ്പുള്ള സൂപ്പര്‍സ്റ്റാറായി മാറുകയും ചെയ്തു. ഇന്ന് ബയേണിന്റെ മേല്‍വിലാസത്തില്‍ നാല് ബുണ്ടസ്ലീഗ കിരീടവും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും ഫിഫയുടെ ക്ലബ് വേള്‍ഡ് കപ്പും സ്വന്തമാണ് അല്‍ഫോണ്‍സോയ്ക്ക്. മുപ്പത്തിയാറ് കൊല്ലത്തിനുശേഷം ലോകകപ്പ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുന്ന കാനഡയുടെ ഏറ്റവും വലിയ തുറുപ്പുചീട്ടും പരിക്കില്‍നിന്ന് കരകയറി വന്ന ഈ ബയേണ്‍ മ്യൂണിക്ക് വിങറാണ്.
ഇന്ന് ലോകപ്പ് ചരിത്രത്തിലെ കാനഡയുടെ ആദ്യ ഗോള്‍ നേടിക്കൊണ്ട് ഈ 22-കാരന് ജ്വലിച്ചുനില്‍ക്കുകയാണ്. ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോള്‍ കൂടിയാണ് ഡേവിസ് നേടിയത്. കാനഡ പങ്കെടുക്കുന്ന രണ്ടാം ലോകകപ്പാണിത്. 1986-ലാണ് കാനഡ ആദ്യമായി ലോകകപ്പിന് യോഗ്യത നേടുന്നത്. എന്നാല്‍ കളിച്ച മൂന്ന് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളും തോറ്റ കാനഡയ്ക്ക് ഒരു ഗോള്‍ പോലും നേടാനായില്ല. ഇത്തവണ രാജ്യത്തിന്റെ എല്ലാ പ്രതീക്ഷയും വഹിച്ചുകൊണ്ട് അല്‍ഫോണ്‍സോ ഡേവിസും സംഘവും പന്തുതട്ടുകയാണ്...
Content Highlights: Alphonso Davies Born in Buduburam refugee camp in Ghana and straight into the history books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..