ഫിഫ ഫിറ്റ്നസ് ഇൻസ്ട്രക്ടർ ഗണേസൻ മണിയം. ഫോട്ടോ: ജി.ആർ.രാഹുൽ | മാതൃഭൂമി ഡോട്ട് കോം.
കൊച്ചി: ഇന്ത്യയിലെ റഫറിമാര്‍ മികച്ചവരാണെന്നും ഒരു ഇന്ത്യ റഫറി ഫിഫ മത്സരം നിയന്ത്രിക്കുന്ന കാലം വിദൂരമല്ലെന്നും ഫിഫ ഫിറ്റ്നസ് ഇന്‍സ്ട്രക്ടര്‍ ഗണേസന് മണിയം. ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് സംഘടിപ്പിച്ച ഫിഫ മെമ്പര്‍ അസോസിയേഷന് റഫറിമാര്‍ക്കുള്ള പരിശീലന പരിപാടിയ്ക്കായി കൊച്ചിയില്‍ എത്തിയതായിരുന്നു അദ്ദേഹം. ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ട്രെയ്നര്‍ കൂടിയാണ് സിംഗപ്പൂരുകാരനായ മണിയം.
'കൊച്ചിയില്‍ നല്ല അനുഭവമാണ് ഉണ്ടായത്. പരിശീലനത്തിന് എത്തിയ റഫറിമാര്‍ മികച്ച രീതിയിലാണ് വര്‍ക്കൗട്ട് ചെയ്തത്. നല്ല കഴിവുള്ളവരാണവര്‍. സമീപഭാവിയില്‍ തന്നെ ഏഷ്യന്‍ മത്സരങ്ങളും ലോക മത്സരങ്ങളും നിയന്ത്രിക്കാനാകുന്ന ഏതാനും പേര് ഇവിടെ നിന്ന് ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്' -ട്രെയ്നിങ് പ്രോഗ്രാമിന്റെ സമാപന ദിവസം മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ഗണേസന് മണിയം പറഞ്ഞു.
എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിലാണ് മണിയമിന്റെ നേതൃത്വത്തില്‍ ഫിറ്റ്നസ് സെഷനുകള്‍ നടന്നത്. ഒരു റഫറിയെ സംബന്ധിച്ച് ശാരീരികക്ഷമത ഏറെ പ്രധാനമാണെന്നതിനാലാണ് പരിശീലന പരിപാടിയില്‍ ഫിറ്റ്നസ് ആക്ടിവിറ്റികളും ഉള്‍പ്പെടുത്തിയതെന്ന് ഫിഫ ഇന്‍സ്ട്രക്ടര്‍ വ്യക്തമാക്കി.

'ഒരു റഫറിയെ സംബന്ധിച്ച് ശാരീരികക്ഷമതയാണ് ആദ്യമായി വേണ്ടത്. വേണ്ടത്ര ശാരീരികക്ഷമത ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് മത്സരത്തിന് ഇറങ്ങാന്‍ തന്നെ കഴിയില്ല. മത്സരത്തിലുടനീളം സജീവമായി നില്‍ക്കാനും ഗ്രൗണ്ടില്‍ കൃത്യമായ പൊസിഷന്‍ നിലനിര്ത്താനുമാവണം. അതിനാലാണ് ട്രെയ്നിങ്ങില്‍ ഞങ്ങള്‍ ഫിറ്റ്നസ് ആക്ടിവിറ്റികളും നടത്തുന്നത്.'
'റഫറിയിങ് മെച്ചപ്പെടുത്തുന്നതിനായി ധാരാളം തിയറി സെഷനുകളും ഉണ്ടായിരുന്നു,' മണിയം തുടരുന്നു. 'റഫറിമാരുടെ ശാരീരികക്ഷമത, സ്ഥിരത, നിയമങ്ങളെ കുറിച്ചുള്ള അറിവ് എന്നിവ വര്‍ധിപ്പിക്കുക എന്നതാണ് ഈ ട്രെയ്നിങ് പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നത്. ഒപ്പം അവരവരുടെ സംസ്ഥാനങ്ങളിലേക്ക് തിരികെ പോയി മറ്റുള്ളവര്‍ക്ക് പരിശീലനം നല്‍കാനും അവര്‍ക്ക് സാധിക്കും.'

ഗണേസന് മണിയമിനെ കൂടാതെ മലേഷ്യയില്‍ നിന്നുള്ള റൊസാലി ബിന്‍ യാകോബ് (ഫിഫ റീജിയണല്‍ ഡെവലപ്മെന്റ് ഓഫീസര്‍), സുബ്കിദിന് സല്ലെഹ് (ഫിഫ ടെക്നിക്കല്‍ ഇന്‍സ്ട്രക്ടര്‍) എന്നിവരും റഫറിമാരെ പരിശീലന പരിപാടിയ്ക്ക് എത്തിയിരുന്നു. മൂവരും ഖത്തര്‍ ലോകകപ്പിലെയും ട്രെയ്നര്‍മാരാണ്.
എല്ലാ വര്‍ഷവും നിയമങ്ങളില്‍ വരുത്തുന്ന അപ്ഡേഷനുകള്‍ മെമ്പര്‍ അസോസിയേഷനുകളിലേക്ക് എത്തിക്കുന്നതിനായാണ് ഫിഫ ട്രെയ്നിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കോവിഡായതിനാല്‍ രണ്ടു വര്‍ഷമായി ഓണ്‍ലൈനായാണ് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നത്. ലോകകപ്പിന് ട്രെയ്നര്‍മാരുമായി സംവദിക്കാനായത് വലിയ അവസരമായെന്ന് പരിശീലനത്തിന് എത്തിയ റഫറിമാര്‍ പറഞ്ഞു.

ജൂലായ് 20 ന് ആരംഭിച്ച ട്രെയ്നിങ് ഇന്ന് സമാപിച്ചു. അഞ്ചു ദിവസം വീതം രണ്ടു സെഷനുകളിലായി റഫറിമാര്‍ക്കും അസിസ്റ്റന്റ് റഫറിമാര്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കുമായി നാല് പ്രോഗ്രാമുകളാണ് നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായ് 140-ഓളം പേര് പരിശീലനത്തിനായി എത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..