കൊറിയയിൽനിന്നെത്തിയ കിം അറബിവേഷത്തിൽ കൂട്ടുകാരികൾക്കൊപ്പം മെട്രോയിൽ | Photo: Siraj Kasim
കൊറിയയുടെ കഥയാണ് പറയുന്നത്. സ്വാഭാവികമായും നായകന്റെ പേര് കിം എന്നായിരിക്കുമല്ലോ. മെട്രോയില്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലേക്കു പോകുമ്പോഴാണ് കിമ്മിനെ കണ്ടത്. മണവാളനെ ഒരുക്കുംപോലെ കിമ്മിനെ ആടയാഭരണങ്ങള്‍ അണിയിക്കുകയാണ് കൂട്ടുകാരികളായ യുന്നും വുജോങും ജി വൂവും. തൗബും ഗത്രയുമൊക്കെ ധരിപ്പിച്ച് അറബിക്കുപ്പായത്തില്‍ ഒരുക്കുമ്പോള്‍ കിമ്മിനു നാണം. സ്കൂള്‍ കലോത്സവത്തില്‍ പ്രച്ഛന്നവേഷ മത്സരത്തിനെന്നപോലെ ഇവരുടെ ഒരുക്കം കണ്ടപ്പോള്‍ അടുത്തുചെന്നു 'ഹായ്' പറഞ്ഞു.
ലോകകപ്പില്‍ കൊറിയയും ഘാനയും തമ്മിലുള്ള കളി കഴിഞ്ഞുവരുന്ന വഴിയാണ് മെട്രോയില്‍ ഈ കൊറിയന്‍ സംഘത്തെ പരിചയപ്പെട്ടത്. അറബിവേഷത്തില്‍ കൊറിയക്കാരനെ കണ്ടപ്പോള്‍ കൗതുകത്തോടെ പലരും അരികിലെത്തി സെല്ഫിയെടുക്കുന്നു. ''ലോകകപ്പിന് വരുമ്പോള്‍ വേഷം പ്രധാനമാണ്. കൊറിയയുടെ പതാക മുഖത്ത് ചാലിച്ചാണ് മിക്കവരും എത്തുന്നത്. അതിനൊപ്പം നല്ല വസ്ത്രവും വേണമല്ലോയെന്നാലോചിച്ചപ്പോഴാണ് വുജോങ് ഇങ്ങനെയൊരു ഐഡിയ പറഞ്ഞത്. അറബിവേഷത്തില്‍ എന്നെക്കാണുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കുന്നു'' കിം പറഞ്ഞു.
കിം അറബിയായെങ്കില് കൊറിയയിലെ പരമ്പരാഗതവസ്ത്രമായ ഹാന്ബോക് ധരിച്ചാണ് യുന്നിന്റെ ആഘോഷം. തലയില്‍ സൂര്യകാന്തിപ്പൂവുപോലുള്ള ഒരു തൊപ്പിയും ധരിച്ചുനില്ക്കുന്ന യുന്നിനെ കിട്ടിയാലും ആരും സെല്‍ഫിയെടുക്കാതെ പോകുന്നില്ല.
''ഹാന്ബോക് ഞങ്ങളുടെ പരമ്പരാഗതവസ്ത്രമാണ്. കല്യാണത്തിനും അതുപോലെയുള്ള ആഘോഷാവസരങ്ങളിലുമാണ് പെണ്‍കുട്ടികള്‍ ഹാന്ബോക് ധരിക്കാറുള്ളത്. ലോകകപ്പിനു കിം അറബിക്കുപ്പായമിട്ടപ്പോള് ഞാന്‍ ഹാന്ബോക് ധരിക്കാന്‍ തീരുമാനിച്ചു. ഞങ്ങളെ ഒരുമിച്ചുകാണാന്‍ നല്ല രസമില്ലേ?'' യുന്നിന്റെ ചോദ്യം. ''അറബിയും കൊറിയയും ഒരുപോലെ കലക്കി.'' എന്ന് മറുപടി നല്കി.
കിമ്മും കൂട്ടുകാരികളും ഖത്തറിലെത്തിയിട്ടു ഒരാഴ്ചയായി. കൊറിയയിലെ ഉത്സാനില്നിന്നാണ് വരുന്നത്. മൂവരും എന്‍ജിനിയറിങ് പഠനം കഴിഞ്ഞു. പഠനസമയത്ത് പാര്‍ട്ട് ടൈം ജോലിയെടുത്തു സമ്പാദിച്ച പണംകൊണ്ടാണ് ലോകകപ്പിനെത്തിയത്. എല്ലാവരുടെയും മാതാപിതാക്കളും കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ചതോടെയാണ് യാത്ര യാഥാര്‍ഥ്യമായത്. അതിന്റെ കാരണം എന്താണെന്നു അറിയാമോയെന്നു വുജോങ്ങിന്റെ ചോദ്യം. ഉത്തരം അറിയാതെ ചിരിച്ചപ്പോള്‍ അവള് പറഞ്ഞു, ''എന്റെ പേരുതന്നെയാണ് കാരണം. വുജോങ് എന്നാല്‍ ഫ്രണ്ട്ഷിപ്പ് എന്നാണര്‍ഥം.''
Content Highlights: siraj kasim qatar world cup column about south korea fans
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..