Photo: twitter.com/AchrafHakimi
പോര്‍ച്ചുഗലിനെ കീഴടക്കി ലോകകപ്പ് സെമിയിലെത്തിയ വിജയാഘോഷത്തില്‍ മൊറോക്കന്‍ താരങ്ങള്‍ ആവേശഭരിതരാകുമ്പോള്‍ അവരില്‍ പലരുടെയും നെറ്റിയില്‍ ആ ഉമ്മകള്‍ പതിഞ്ഞിട്ടുണ്ടായിരുന്നു, അവരുടെ പ്രിയപ്പെട്ട ഉമ്മമാരുടെ ഉമ്മകള്‍. ലോകകപ്പിനായി ഖത്തറിലെത്തിയ മൊറോക്കോ ടീമിനൊപ്പം താരങ്ങളുടെ ഉമ്മമാരും എത്തിയിട്ടുണ്ട്. ശനിയാഴ്ച പോര്‍ച്ചുഗലിനെതിരേ കളി ജയിച്ചപ്പോഴും അവര്‍ ഉമ്മമാരുടെ അടുക്കലേക്ക് ഓടി.
ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തില്‍ ബെല്‍ജിയത്തെ വീഴ്ത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ ഗാലറിയിലേക്ക് ഓടിച്ചെന്ന് ഉമ്മയെ വാരിപ്പുണര്‍ന്ന അഷറഫ് ഹക്കിമിയുടെ ചിത്രം വൈറലായിരുന്നു. താരങ്ങളുടെ ഊര്‍ജമാകാന്‍ ഉമ്മമാരെയും കൂടെക്കൊണ്ടുപോകാമെന്ന ആശയം മുന്നോട്ടുവെച്ചത് കോച്ച് റെഗ്രാഗുയ് തന്നെയാണ്. കോച്ചിന്റെ നിര്‍ദേശം മൊറോക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ചതോടെ ഉമ്മമാരില്‍ പലരും ടീമിനൊപ്പം ഖത്തറിലെത്തി.
ശനിയാഴ്ച രാത്രി പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചശേഷം സോഫിയാന്‍ ബൗഫല്‍ തന്റെ ഉമ്മയെ കെട്ടിപ്പിടിച്ചുനില്‍ക്കുമ്പോള്‍ ഗാലറിയിലിരുന്ന അബ്ദുള്ള പറഞ്ഞു 'ഖാദി നിദിവ് അല്‍ക്കാസ്'. ഒരു സ്വപ്നത്തിലേക്കുള്ള താക്കോലാണ് ഈ വാചകമെന്ന് മനസ്സുപറഞ്ഞു. കളികഴിഞ്ഞ് തുമാമ സ്റ്റേഡിയത്തിനുമുന്നിലെ മൊറോക്കന്‍ ചെങ്കടലില്‍ ഒരു തുള്ളിയായി ഒഴുകുമ്പോള്‍ ആ വാചകം പലതവണ കേട്ടു. അതിന്റെ അര്‍ഥം അന്വേഷിച്ചപ്പോള്‍ സമീപത്തുള്ളവരെല്ലാം സംസാരിക്കുന്നത് മൊറോക്കന്‍ ഭാഷമാത്രം. ഒടുവില്‍ ഇംഗ്ലീഷ് അറിയാവുന്ന മൊറോക്കന്‍ ചെറുപ്പക്കാരെ കണ്ടുമുട്ടി. രണ്ടുംകല്‍പ്പിച്ച് ആ വാചകം പറഞ്ഞപ്പോള്‍ 'ലോകകിരീടം ഞങ്ങള്‍ കൊണ്ടുപോകും' എന്നാണ് അതിന്റെ അര്‍ഥമെന്ന് അവര്‍ പറഞ്ഞുതന്നു.
Content Highlights: Mothers of Moroccan players steal spotlight in World Cup Qatar 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..