മെട്രോ സ്റ്റേഷനിൽ ഒത്തുകൂടി ബെൽജിയത്തിനെതിരായ വിജയമാഘോഷിക്കുന്ന മൊറോക്കൻ ആരാധകർ
''മൂന്നാം വയസ്സിലാണ് അവന് ഞങ്ങളുടെ മണ്ണില്‍നിന്ന് ജര്‍മനിയിലേക്കു ചേക്കേറിയത്. പക്ഷേ, തിരിച്ചുവരാതെ എവിടെപ്പോകാന്‍?. രാജ്യത്തിനുവേണ്ടി ഒരു ഗോളുമായി അവന് മടങ്ങിവന്നിരിക്കുന്നു... തുമാമ സ്റ്റേഡിയത്തില്‍നിന്ന് മെട്രോയില്‍ ലുസെയ്ലിലേക്കു പോകുമ്പോള്‍ കണ്ണീരണിഞ്ഞുകൊണ്ടാണ് അബ്ദേല്‍ മുബാഷി സംസാരിച്ചത്. പരമ്പരാഗത മൊറോക്കന്‍ വസ്ത്രങ്ങളും വെള്ളക്കോപ്പയും പാനപാത്രവുമായാണ് മുബാഷിയുടെ സഞ്ചാരം.
മുബാഷി പറഞ്ഞ കഥയിലെ നായകനാണ് കഴിഞ്ഞദിവസം മൊറോക്കോക്കാരുടെ ആഘോഷങ്ങളില്‍ നിറഞ്ഞുനിന്നത്. ബെല്‍ജിയത്തെ അട്ടിമറിച്ച മൊറോക്കോയുടെ ആദ്യഗോള്‍ നേടിയ അബ്ദേല്‍ ഹാമിദ് സാബിരി. മൊറോക്കോയില്‍ ജനിച്ച് ജര്‍മനിയിലേക്ക് കുടിയേറി അവിടെ ജര്‍മന്‍ അണ്ടര്‍ -21 ടീമിലെത്തിയശേഷമാണ് സാബിരി ജന്മനാട്ടില് തിരിച്ചെത്തിയത്. രണ്ടുമാസംമുമ്പ് മൊറോക്കോയുടെ ലോകകപ്പ് ടീമിലേക്ക് കോച്ച് സാബിരിയെ ക്ഷണിച്ച കഥ കേള്‍ക്കുന്നതിനിടെ ഇറങ്ങേണ്ട സ്റ്റേഷന് കഴിഞ്ഞിരുന്നു. അത് മറ്റൊരനുഭവത്തിന്റെ വാതില്‍ തുറക്കലായിരുന്നെന്നു അല്‍ ബിദ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ മനസ്സിലായി.
അപ്പോഴേക്ക് മെട്രോ സ്റ്റേഷന് മൊറോക്കന്‍ ആരാധകര്‍ ചെങ്കടലാക്കി മാറ്റിയിരുന്നു. ലോകകപ്പിന്റെ മാതൃകയുമായി നീങ്ങുന്ന ഒരു ചെറുപ്പക്കാരനെ എടുത്തുയര്‍ത്തിയാണ് ആഘോഷം. അതിനിടയില്‍ നില്‍ക്കേ, ചൈമയും ഫറായും ഇസാം ഇല്യാസും കൈപിടിച്ച് കൂടെ തുള്ളാന്‍ ക്ഷണിച്ചു. അവര്‍ക്കൊപ്പം ചുവടുവെക്കുമ്പോള്‍ ചൈമയുടെ കൂട്ടുകാരന് ഇല്യാസ് പാടാന്‍ തുടങ്ങി. ''ഏയോ ഏയോ ഹസാ എല്ബിദായ മസാല്‍ മസാല്‍ മബ്റൂഖ് അലൈനാ...'' പാട്ടിന്റെ അര്‍ഥം മനസ്സിലായില്ലെങ്കിലും അത് ഡയറിയില്‍ എഴുതിയെടുത്തു.
എന്റെ ദയനീയാവസ്ഥ കണ്ടിട്ടാകണം പാട്ടിനിടയില്തന്നെ ഫറാ ഡയറിക്കായി കൈനീട്ടി. ഡയറിയില്‍ കൃത്യമായി വരികള്‍ എഴുതിത്തന്നു. ''ഞങ്ങള്‍ക്കു ഇതാ ആഘോഷം. ഇതൊരു തുടക്കം മാത്രം. കാത്തിരിക്കാം പുതിയ കാഴ്ചകള്‍ക്കായി...'' എന്നൊക്കെയാണ് വരികളുടെ അര്ഥമെന്നുകൂടി പറഞ്ഞുതന്നു.
അല്‍ബിദ സ്റ്റേഷനില്‍ നിന്നിറങ്ങി ഫാന്സോണിലേക്കു നടക്കുമ്പോള്‍ ആഘോഷത്തിന്റെ പാരമ്യത്തിലായിരുന്നു മൊറോക്കോക്കാര്‍. ലോക റാങ്കിങ്ങിലെ രണ്ടാം സ്ഥാനക്കാരായ ടീമിനെ അട്ടിമറിച്ച ആവേശം അവിടെ നിറഞ്ഞുതുളുമ്പി.
'ഞങ്ങളുടെ നാട്ടില്‍ ഫുട്ബോളാണ് എല്ലാമെല്ലാം' അരികില്‍ നിന്ന റബേല്‍ ഹാക്കിമി അതു പറയുമ്പോള്‍ ഫറാ ഒരു ഡയലോഗുകൂടി അടിച്ചു. ''എന്റെ പേരുപോലെയാണിപ്പോള് മൊറോക്കന്‍ ഫുട്ബോള്‍.'' ആ പേരിന്റെ അര്‍ഥം എന്താണെന്ന് ചിന്തിച്ചുനില്ക്കേ ചിരിയോടെ അവള് പറഞ്ഞു, 'ഫറാ എന്നാല്‍ സന്തോഷം..'
Content Highlights: Morocco supporters celebrate historic 2-0 win against Belgium
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..