Photo: AFP
ദോഹ: ബ്രസീല്‍- സെര്‍ബിയ മത്സരത്തിന്റെ ഓര്‍മയില്‍ മിക്സഡ് സോണില്‍ ബ്രസീല്‍ കളിക്കാരെ കാത്തുനില്‍ക്കുമ്പോഴാണ് തിയാഗോ സില്‍വ ഫോണില്‍ എന്തോ തിരയുന്നതു കണ്ടത്. ബ്രസീല്‍ കളിക്കാരനായ തിയാഗോ സില്വയല്ല ഈ തിയാഗോ. ബ്രസീലിലെ ഫ്രീലാന്‍സ് റിപ്പോര്‍ട്ടറായ തിയാഗോയെ പരിചയപ്പെട്ടപ്പോള്‍ ഫോണില്‍ ആകാംക്ഷയോടെ തിരഞ്ഞുകൊണ്ടിരുന്ന 'രഹസ്യം' വെളിപ്പെടുത്തി. പന്തയച്ചാര്ട്ടില് ബ്രസീലിന്റെ സാധ്യത എത്രത്തോളം ഉയര്‍ന്നെന്നാണ് നോക്കിക്കൊണ്ടിരുന്നത്.
സെര്‍ബിയക്കെതിരേ റിച്ചാലിസന്റെ സൂപ്പര്ഗോളും ജയവും എല്ലാ പന്തയച്ചാര്ട്ടുകളിലും ബ്രസീലിന്റെ ഗ്രാഫ് ഉയര്‍ത്തിയതിന്റെ ത്രില്ലിലാണ് തിയാഗോ. 'ഞാന്‍ കാര്യങ്ങള്‍ ലളിതമായി പറഞ്ഞുതരാം' എന്ന മുഖവുരയോടെ തിയാഗോ അപ്പോള്‍ത്തന്നെ 'ബെറ്റിങ് ക്ലാസ്' എടുത്തുതന്നു.
''നേരത്തേ നിങ്ങള്‍ ബ്രസീലിനായി നാലുഡോളര്‍ പന്തയം വെക്കുകയും അവര്‍ കിരീടം ചൂടുകയും ചെയ്താല്‍ 12 ഡോളര്‍ തിരികെ കിട്ടുമായിരുന്നു. ഇപ്പോള്‍ അഞ്ചു ഡോളര്‍ വെച്ചാലേ 12 ഡോളര്‍ തിരികെക്കിട്ടൂ. അതാണ് അന്നത്തെയും ഇന്നത്തെയും വ്യത്യാസം''. തിയാഗോ പറഞ്ഞു.
ഇതൊക്കെ ഇത്ര കൃത്യമായി നിരീക്ഷിക്കുന്നത് എന്തിനെന്നു ചോദിച്ചപ്പോള്‍ പൊട്ടിച്ചിരിയോടെയായിരുന്നു മറുപടി. 'ഞാനും ബ്രസീലിനായി ബെറ്റുവെച്ചിട്ടാണ് വന്നിരിക്കുന്നത്. നേരത്തെതന്നെ വെച്ചതിനാല്‍ എനിക്ക് കുറഞ്ഞ ഡോളറില്‍ കൂടുതല്‍ ലാഭം കിട്ടും.' തിയാഗോയ്ക്ക് ആശംസനേര്‍ന്ന് കൈകൊടുത്തപ്പോള്‍ ബ്രസീല്‍ താരങ്ങള്‍ മിക്സഡ് സോണിലേക്കു വന്നുകൊണ്ടിരുന്നു.
ലോകകപ്പ് ഫുട്ബോളിലെ ആദ്യ റൗണ്ടില്‍ എല്ലാ ടീമുകളുടെയും ഓരോ കളി കഴിഞ്ഞതോടെ പന്തയച്ചാര്ട്ടുകളിലും വലിയ മാറ്റമുണ്ടായി.
ദോഹയിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ പരിചയപ്പെട്ട ഫ്രഞ്ചുകാരന് നിക്കളാസ് ക്ലാരന്‍സാണ് അവസാന മിനിറ്റിലെ ബെറ്റിങ് സാധ്യതകളെപ്പറ്റി പറഞ്ഞുതന്നത്. 'കളി തുടങ്ങിക്കഴിഞ്ഞാലും ബെറ്റുവെക്കാവുന്ന ഏജന്‍സികളുണ്ട്. ടീമിനെ നിരീക്ഷിച്ച് വിലയിരുത്തിയശേഷം ബെറ്റ് വെക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഫ്രാന്‍സ്- ഓസ്ട്രേലിയ മത്സരത്തില്‍ ഇങ്ങനെ നിരീക്ഷിച്ച് പന്തയംവെച്ചവരില് പലരുടെയും കാശു പോയി. ആ മത്സരത്തില്‍ തുടക്കത്തില്‍ ഒരു ഗോള്‍ വഴങ്ങിയശേഷമാണല്ലോ ഫ്രാന്‍സ് നാലെണ്ണം തിരിച്ചടിച്ചത്.' നിക്കളാസ് പറഞ്ഞു.
തിയാഗോയുടെയും നിക്കളാസിന്റെയും 'ക്ലാസ്സ്' കഴിഞ്ഞപ്പോള്‍ ഇതേക്കുറിച്ച് കൂടുതലറിയാന്‍ തോന്നി. അങ്ങനെ സംഘടിപ്പിച്ച വിവരങ്ങളാണ് പട്ടികയില്‍.
ലോകകപ്പ് സാധ്യതാ പ്രവചനം (ലോകകപ്പ് തുടങ്ങുംമുമ്പും ഒരു കളി കഴിഞ്ഞശേഷവും)
ബ്രസീല്‍ 20 % - 29 %
ഫ്രാന്‍സ് 14 % - 13 %
അര്‍ജന്റീന 13 % - 10 %
ഇംഗ്ലണ്ട് 13 % - 13 %
സ്പെയിന് 11 % - 13 %
ജര്‍മനി 9 % - 3 %
ഹോളണ്ട് 8 % - 7 %
പോര്‍ച്ചുഗല്‍ 6 % - 8 %
ബെല്‍ജിയം 6 % - 4 %
Content Highlights: fifa world cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..