എനി ടൈം ഫോർ ആഫ്രിക്ക !


സി.പി വിജയകൃഷ്ണന്‍



Photo : Justin Setterfield/Getty Images

കൊളംബിയന്‍ ഗായികയായ ഷക്കീര 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിന്റെ അവതരണഗാനമായി പാടിയ 'ദിസ് ടൈം ഫോര്‍ ആഫ്രിക്ക' വളരെ പ്രശസ്തിയാര്‍ജിക്കുകയുണ്ടായി. ഈ വരികള്‍ അവര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ആ ലോകകപ്പില്‍ ഘാന സെമിയില്‍ കടക്കേണ്ടതായിരുന്നു. പക്ഷേ അതു നടന്നില്ല. ഇപ്പോള്‍ മൊറോക്കോ ലോകകപ്പിന്റെ സെമയിലെത്തിയിരിക്കുന്നു. അതുതന്നെ വലിയ നേട്ടമാണ്. ആഫ്രിക്കന്‍ ടീമുകള്‍ക്ക് മൊറോക്കോയുടെ നേട്ടം ഉണര്‍വ് പകരും എന്നത് വളരെ വ്യക്തം. കൗതുകകരമായ ഒരു കാര്യം ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയിട്ടുള്ളത് ഈജിപ്താണ് എന്നതാണ്. ഏഴു തവണ അവര്‍ ചാമ്പ്യന്‍മാരായിട്ടുണ്ടെങ്കിലും മൊറോക്കോ ഒരു തവണ മാത്രമേ ഈ കപ്പ് നേടിയിട്ടുള്ളൂ. ഈജിപ്തിന്റെ ലോകകപ്പ് പ്രകടനം പൊതുവെ ശരാശരിയായിരുന്നു. ഏറ്റവും കൂടുതല്‍ പ്രശസ്തിയുള്ള ആഫ്രിക്കന്‍ കളിക്കാരന്‍ ഈജിപ്തുകാരനായ മുഹമ്മദ് സലാ ആണെങ്കിലും.

പോളണ്ടിനെപ്പോലെ ഒന്നോ രണ്ടോ കളിക്കാരെ ആശ്രയിക്കുന്ന ടീമെന്നതിനെക്കാള്‍ ഒരു കൂട്ടം കളിക്കാരുടെ ഒന്നിച്ചുള്ള ബലത്തിലാണ് മൊറോക്കോ വിശ്വാസമര്‍പ്പിച്ചിട്ടുള്ളത്. മധ്യദൂര ഓട്ടങ്ങളില്‍ ലോക പ്രശസ്തരായ അത്ലറ്റുകള്‍ മൊറോക്കോയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. സയ്യിദ് ഔവിറ്റയെയും ഹിഷാം അല്‍ഗുറേജിനെയും ഓട്ടക്കാരി നവല്‍ മുത്താവക്കേലിനെയും ആളുകള്‍ ഓര്‍ക്കുന്നുണ്ടാവും. അത്ലറ്റിക്സില്‍ നല്ല പാരമ്പര്യമുള്ള നാടാണ് കെനിയയെയും അള്‍ജീരയെയും പോലെ മൊറോക്കോയും. അതിനാല്‍ മൊറോക്കോ ടീമിന്റെ അധ്വാനശേഷിയില്‍ അല്‍ഭുതപ്പെടേണ്ടതില്ല. സ്പോര്‍ട്സില്‍ കേമമായ പാരമ്പര്യമുള്ള നാടാണ് മൊറോക്കോയും.

പോര്‍ച്ചുഗലിനെതിരെ പ്രധാനപ്പെട്ട ഒന്നുരണ്ടു കളിക്കാരെ പരിക്കു മൂലം അവര്‍ക്ക് നഷ്ടപ്പെട്ടുവെങ്കിലും പകരക്കാര്‍ ആ വിടവ് അറിയാത്ത വിധം നികത്തി. ഇടത് ഫുള്‍ ബാക്ക് നൂസെയ്ര് മസ്റുയിക്കു പകരം കളിച്ച യഹിയ അത്തായത്തള്ളയും സെന്‍ട്രല്‍ ഡിഫന്‍ഡര്‍ നയേഫ് അഗ്വേര്‍ഡിനു പകരം വന്ന ജവാദ് എല്‍യമീക്കും ഒരു കുറവും വരുത്തിയില്ല. സൂഫ്യാന്‍ അമ്രബാത്തിന്റെ മിഡ്ഫീല്‍ഡിലെ പ്രതിരോധ പ്രകടനം പോലെ തന്നെ മധ്യദൂര ഓട്ടക്കാരുടെ ശരീരമുള്ള അസ്സദ്ദീന്‍ ഔനാഹിയുടെ സര്‍ഗാത്മകതയും ശ്രദ്ധിക്കപ്പെട്ടു. ഗോളി യാസീന്‍ ബൗനോ ആകെ വഴങ്ങിയത് ഒരു സെല്‍ഫ് ഗോള്‍ മാത്രം. ഹക്കീം സിയേഷും ബൗഫാലും എന്‍ നെസ്റിയും മുന്നേറ്റ നിരയിലേക്ക് കൊണ്ടു വരുന്ന കളിയും എതിര്‍ ടീമിന് ഭീഷണിയാണെന്ന് തെളിഞ്ഞു കഴിഞ്ഞു. കിട്ടിയ സന്ദര്‍ഭങ്ങളില്‍ അവര്‍ ആക്രമിക്കാന്‍ മടിച്ചിട്ടില്ല.

പോര്‍ച്ചുഗല്‍ സ്വിസ്റ്റര്‍ലന്‍ഡിനെതിരെ റൊണാള്‍ഡോയെ മാറ്റി ഗോണ്‍സലെ റാമോസിനെ ഇറക്കുകയും അയാള്‍ ഹാട്രിക്ക് നേടുകയും ചെയ്തു. സാഹചര്യങ്ങളുടെ സമ്മര്‍ദം അതിനുമേല്‍ ഉണ്ടാകാമെങ്കിലും അതില്‍ പുതുചിന്തയുടെ വെളിച്ചം ഇതില്‍ ഉണ്ടായിരുന്നു. എങ്കില്‍ ഹാട്രിക്ക് നേടിയ കളിക്കാരനെ മൊറോക്കോക്കെതിരെ എങ്ങനെ മാറ്റും എന്ന പ്രശ്നവുമുണ്ട്. എന്നാല്‍ പോലും മൊറോക്കോക്കെതിരെ റാമോസിനെ തന്നെ മാറ്റി ഫെര്‍ണാണ്ടോ സാന്റോസിന് റൊണാല്‍ഡോയെ പരീക്ഷിക്കാമായിരുന്നു. റൊണാള്‍ഡോയ്ക്ക് എതിരായ കളിയും വലീദ് റെഗ്രാഗി കണ്ടുവെച്ചിട്ടുണ്ടാകാമെങ്കിലും അതില്‍ അത്ഭുതാംശമുണ്ടാകുമായിരുന്നു. ജോവാവോ ഫെലിക്സിനെ മാറ്റിക്കൂടെ? പൊതുവെ നന്നായി കളിച്ചിട്ടുള്ള ഫെലിക്സിനെ മാറ്റുക വിഷമം. റൊണാള്‍ഡോ അപമാനിതനായെന്ന് തോന്നുന്നില്ല. ഔപചാരികമായ വിടവാങ്ങല്‍ മല്‍സരം എന്നൊന്ന് ലോക കപ്പില്‍ ഇല്ല. പരിശീലകന് ടീം തിരഞ്ഞെടുപ്പില്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ശരിയായ തീരുമാനങ്ങളെന്ന പോലെ തെറ്റിപ്പോകാവുന്ന തീരുമാനങ്ങളുടെ ഫലം കൂടിയാണ് കളികള്‍. മറ്റൊന്ന് ക്വാര്‍ട്ടറില്‍ കടന്ന ടീമുകളില്‍ മേന്‍മ കുറഞ്ഞ ഗോള്‍കീപ്പിങ് പോര്‍ച്ചുഗല്‍ ഗോളി ഡീഗോ കോസ്റ്റയുടെ ഭാഗത്തുനിന്നാണ് ഉണ്ടായത്. എന്‍ നസ്രിയുടെ തല പന്തില്‍ തൊട്ടശേഷം കോസ്റ്റ അതെവിടെ എന്നന്വേഷിച്ച് വായുവില്‍ പരതുകയായിരുന്നു. പന്ത് അതാ വലിയില്‍ കിടക്കുന്നു. തൊട്ടടുത്തുണ്ടായിട്ടും ചില സാധനങ്ങള്‍ കാണാതാവില്ലേ, അതു പോലെ. എന്‍ നസ്റിക്ക് പന്ത് കിട്ടില്ല എന്ന പ്രതീക്ഷയായിരുന്നു ഗോളിയുടെ ചാട്ടത്തിന് അടിസ്ഥാനം.

മൊറോക്കോയുടെ എതിരാളി ടൂര്‍ണമെന്റിലെ ഏറ്റവും സുസജ്ജ സംഘമായ ഫ്രാന്‍സാണ്. ഇംഗ്ലണ്ടിനെതിരെ ചില നേരം അവര്‍ കളി വിട്ടുകൊടുത്തുവെങ്കിലും ഗോള്‍ എവിടെ നിന്നും കൊണ്ടുവരാന്‍ അവര്‍ക്കാവും. കൈലിയന്‍ എംബാപ്പെയെ പിടികൂടുകയെന്നതു തന്നെ പ്രയാസം. എംബാപ്പെയെ തടയണമെങ്കില്‍ മറുവശത്തുള്ള ഉസ്മാനെ ഡെബലെയെയും മിഡ്ഫീല്‍ഡില്‍ കളിയുടെ ചുക്കാന്‍ പിടിക്കുന്ന അന്ത്വാന്‍ ഗ്രീസ്മനെയും വാതില്‍ തുറക്കുന്നതും കാത്ത്, മുഴുവന്‍ തുറക്കണമെന്നില്ല ഒരു പാളി നീക്കിയാല്‍ മതി, പെനാല്‍ടി ബോക്സില്‍ ചുറ്റിത്തിരിയുന്ന ഒലീവിയെ ഷിറൂവിനെയും തടയണം. എല്ലാവരും ഒരു പോലുള്ള കളിക്കാരല്ല. വ്യത്യസ്തമായ സിദ്ധികള്‍ അതിന്റെ വ്യത്യസ്തമായ വിനിയോഗങ്ങള്‍. ഇംഗ്ലണ്ടെന്നല്ല ഏത് യൂറോപ്യന്‍ ടീമും അനുകരിക്കാന്‍ ആഗ്രഹിക്കുന്ന ടീം ഫ്രാന്‍സാണ്. കളിയിലെ ചുവടുവെപ്പുകള്‍ മാത്രമല്ല ഇതിന് കാരണം മൊത്തം കളിയുടെ സംഘാടനം കൂടിയാണ്. അവര്‍ ഇംഗ്ലണ്ടിനെതിരെ രണ്ടു പെനാല്‍റ്റികള്‍ വഴങ്ങി എന്നത് കാണാതിരുന്നുകൂടാ. മേസണ്‍ മൗണ്ടിനെ പന്ത് വരുന്നതിനു മുമ്പേ തന്നെ തിയൊ ഹെര്‍ണാണ്ടസ് തള്ളി വീഴ്ത്തിയത് തികഞ്ഞ ബുദ്ധിശൂന്യതയായിരുന്നു. മൊറോക്കോ ഇതില്‍ നിന്ന് പാഠങ്ങള്‍ പഠിച്ചിട്ടുണ്ടാകും.

പെനാല്‍റ്റി പാഴാക്കിയ ഹാരി കെയ്നിന്റെ നിര്‍ഭാഗ്യത്തില്‍ കാണികള്‍ക്ക് അനുതാപം തോന്നാമെങ്കിലും ടെലിവിഷനില്‍ കേട്ട തികച്ചും പക്ഷപാതപരമായ ഇംഗ്ലീഷ് കളി വിവരണം മൂലം ഇംഗ്ലണ്ടിനെതിരെ തിരിഞ്ഞവരും ഉണ്ടാവും. രണ്ടു കമന്റേറ്റര്‍മാരും സാം മാറ്റര്‍ഫേസും ലീ ഡിക്സനുമാണ് അവരെന്ന് മനസ്സിലാകുന്നു, പരമാവധി രസം കെടുത്താന്‍ പരിശ്രമിച്ചു. ബ്രസീലുകാരനായ റഫറി വില്‍ടന്‍ സാംപായോവിന്റെ വിസില്‍ പക്ഷപാതപരമായി പ്രവര്‍ത്തിച്ചുവെന്ന് ആക്ഷേപിച്ചുകൂടെങ്കിലും ആ വിസിലില്‍ നിന്ന് അടുത്ത വിളി ശരിയായിട്ടുതന്നെയായിരിക്കുമോ എന്ന ആശങ്ക സ്വഭാവികമായും ഉടലെടുത്തിരുന്നു.

എന്നാല്‍ അതൊന്നും ഫ്രാന്‍സ് ഇംഗ്ലണ്ടിനു മേല്‍ നേടിയ വിജയത്തിന്റെ മേന്മയെ കെടുത്തുന്നില്ല. ഇംഗ്ലണ്ട് കുറച്ചു കാലമായി ഫ്രാന്‍സിനെ പിന്തുടരുന്നുണ്ട്. ഫ്രാന്‍സിന്റെ പ്രസിദ്ധമായ ക്ലെയര്‍ഫൊണ്ടെയ്ന്‍ അക്കാഡമിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഇംഗ്ലണ്ട് അവരുടെ തന്നെ സെന്റ് ജോര്‍ജ് പാര്‍ക്ക് അക്കാഡമിക്ക് രൂപം നല്‍കിയത് എന്നു പറയുന്നു. അവരുടെ ഫുട്ബോള്‍ അസോസിയേഷന്റെ മുഖ്യ പരിശീലകന്‍ ടിം ഡിറ്റ്മര്‍ രണ്ടു വര്‍ഷമായി ശേഖരിച്ചുവരുന്ന വിവരങ്ങള്‍, ഫ്രാന്‍സായിരിക്കും ക്വാര്‍ട്ടര്‍ ഫൈനലില്‍ തങ്ങളുടെ എതിരാളി എന്ന് മനസ്സിലാക്കിയ ഉടന്‍, കളിക്കാരുമായും പരിശീലക സംഘവുമായും പങ്കു വെച്ചു. ഇംഗ്ലണ്ട് ഫ്രാന്‍സിനെ എവ്വിധം നേരിടുമെന്ന് അവരുടെ അസിസ്റ്റന്റ് കോച്ച് സ്റ്റീവ് ഹോളണ്ട് ഒരഭിമുഖത്തില്‍ പറയുന്നുണ്ട്. എംബാപ്പെയെ തടയുക എന്നതു മാത്രമായിരിക്കില്ല അത്. സ്വാഭാവികമായും മുഴുവന്‍ സംഗതികളും ഹോളണ്ട് പറയില്ലല്ലോ. എംബാപ്പെ ഇങ്ങോട്ട് ചെലുത്തുന്ന ഒഴുക്കിന്റെ ശക്തിയെ തിരിച്ചങ്ങോട്ട് പ്രയോഗിക്കാമെന്ന് കരുതുന്നവരുണ്ട്. പന്ത് പോയ്പ്പോയാല്‍ തിരിഞ്ഞോടി പന്ത് പിടിച്ചുവാങ്ങാനോ അതിനു സാധിച്ചില്ലെങ്കില്‍ പ്രതിരോധിക്കാനോ എംബാപ്പെ മുതിരുന്നില്ല എന്നതാണ് ഈ വിചാരത്തിന് അടിസ്ഥാനം.അപ്പോള്‍ എംബാപ്പെ വിട്ടൊഴിയുന്ന പ്രദേശങ്ങളിലേക്ക് ആളെ കയറ്റി വിടാം. ഇംഗ്ലണ്ട് എംബാപ്പെയെ നിയന്ത്രിച്ചുവെങ്കിലും അതു കൊണ്ട് ഫലമുണ്ടായില്ല. ഷിറൂവിന്റെ തലയോ കാലോ നീണ്ടു വരാം. എംബാപ്പെ തന്നെ പെട്ടെന്ന് ഇടിമിന്നില്‍ പോലെ പ്രത്യക്ഷപ്പെടാം.

ഹോളണ്ടുമായി കളിസമയത്ത് ശാരീരികമായും കളി കഴിഞ്ഞ് വൈകാരികമായും നടത്തിയ ഏറ്റുമുട്ടലുകള്‍ അര്‍ജന്റീനയെ വിളക്കിച്ചേര്‍ത്ത് ശക്തിപ്പെടുത്തിയതായി പറയുന്നു. എതിരാളികള്‍ രണ്ടുഗോള്‍ തിരിച്ചടിച്ച ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തിരിച്ചുവന്നത് അവരുടെ ശക്തിയെ കാണിക്കുന്നു. സൗദി അറേബ്യയോടുള്ള തോല്‍വിയുള്‍പ്പെടെ മുന്‍കളികളിലും അവര്‍ക്ക് നന്നായി പ്രയത്നിക്കേണ്ടി വന്നു. ഫ്രാന്‍സിനെയൊ ബ്രസീലിനെയോ പോലെ അവര്‍ക്ക് കളിക്കാനായിട്ടില്ല എന്നത് ശരിയാണ്. എന്നാല്‍ അവരുടെ നിരയില്‍ മെസ്സിയുണ്ട്. പഴയ പോലെ ഓടിക്കളിക്കാനാവില്ലെങ്കിലും പെട്ടെന്നു നടത്തുന്ന ഇടപടലുകള്‍ അര്‍ജന്റീനക്ക് ഗുണം ചെയ്യുന്നു ഇപ്പോഴും. ഡിമരിയ തിരിച്ചു വരാം. ലൗട്ടറോ മാര്‍ടിനെസ് പ്രതീക്ഷക്കൊത്തവിധം കളിച്ചേക്കാം.

തെക്കെ അമേരിക്കക്കാരുടെ എതിരാളിയായ ക്രൊയേഷ്യക്ക് വയസ്സായിക്കൊണ്ടിരിക്കുന്നു എന്ന് മല്‍സരം തുടങ്ങും മുമ്പ് പറഞ്ഞു കേള്‍ക്കുകയുണ്ടായി. അങ്ങനെയൊരു തോന്നലുണ്ടാക്കാതെയാണ് അവര്‍ കളിക്കുന്നത്. ലൂക്ക മോഡ്രിച്ച് പ്രായത്തെ വകവെക്കാതെ കളിക്കുന്നു. പ്രതിരോധ ഭടനായ ജോസ്‌ക ഗുവാര്‍ഡിയോള്‍ ടൂര്‍ണമെന്റില്‍ ആ ഭാഗത്തു കളിക്കുന്ന മികച്ച കളിക്കാരിലൊരാളാണ്. പ്രതിരോധനിരയ്ക്ക് മുന്നിലും അവര്‍ക്ക് ബ്രോസോവിച്ചിന്റെ നല്ല കാവലുണ്ട്. ഇതു കാരണം മോഡ്രിച്ചിന് മിക്കയിടത്തും എത്താന്‍ സാധിക്കുന്നു. പെനാല്‍ടി ഷൂട്ടൗട്ടിലേക്ക് കളി നീണ്ടാല്‍ ഗോളി ലിവിയാക്കോവിച്ചിന്റെ സാമര്‍ത്ഥ്യം ടീമിന്റെ സഹയാത്തിനെത്തും. ക്രോയേഷ്യയുടെ കളിക്ക് വേഗത കുറവാണെന്ന ഒരു പ്രസ്താവനയുണ്ടെന്നുള്ളത് സത്യമാണ്. അര്‍ജന്റീനക്ക് ഇത് ചൂഷണം ചെയ്യാന്‍ കഴിയുമോ എന്നത് മറ്റൊരു കാര്യം.

ഫ്രാന്‍സിനും അര്‍ജന്റീനക്കും പകരം ക്രോയേഷ്യയും മൊറോക്കോയും ഫൈനല്‍ കളിച്ചാല്‍ ബാള്‍ക്കന്‍ - ഉത്തരാഫ്രിക്കന്‍ അറബ് രുചികള്‍ കലര്‍ന്ന് ഫുട്ബോളിന്റെ കളിപ്പെരുമയെ അഥവാ അതിന്റെ വംശമഹിമയെ അപകീര്‍ത്തിപ്പെടുത്തും എന്ന് വിചാരമുണ്ടാകേണ്ടതുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല തന്നെ. ഫ്രാന്‍സ് ടീം തന്നെ പലയിടങ്ങളില്‍ നിന്ന് കുടിയേറിവന്നവരുടെ സൃഷ്ടിയാണ്. ക്ലെയര്‍ഫോണ്ടെയ്ന്‍ പോലുള്ള അക്കാഡമികള്‍ അതിന് ഒത്താശ ചെയ്തിട്ടുണ്ട് എന്നത് മറ്റൊരു കാര്യം. സാഹിത്യ - സിനിമ കുതുകികള്‍ കാസബ്ലാങ്ക, ടാന്‍ജിയര്‍,മാരക്കേഷ് എന്നീ മൊറോക്കന്‍ നഗരങ്ങളെ പരിചയപ്പട്ടിട്ടുണ്ടാകും.

കൂടി വന്നാല്‍ ഏഴു കളികള്‍ മാത്രം ഫൈനലിലെത്തുന്ന ടീം കളിക്കുന്ന, കുറച്ചു ദിവസം മാത്രം നീണ്ടു നില്‍ക്കുന്ന ലോക കപ്പില്‍ ടൂര്‍ണമെന്റ് ജയിക്കുന്ന തന്ത്രങ്ങള്‍ ആയിരിക്കും പരിശീലകര്‍ സ്വീകരിക്കുക. മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന ലീഗുകളില്‍ നിന്ന് വ്യത്യസ്തമാവാം അത്. പിഴച്ചാല്‍ പിഴച്ചതു തന്നെ. എന്നാലും അതിലെ ജയത്തിന്റെ പ്രഭാവം ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്നു. ബ്രസീലിനെപ്പോലെ എല്ലാവര്‍ക്കും കളിക്കാന്‍ കഴിയണമെന്നില്ല. അതിന് നിര്‍ബന്ധിക്കുകയും അരുത്. പക്ഷേ ഫ്രാന്‍സാണ് ടൂര്‍ണമെന്റിലെ ഏറ്റവും സുസജ്ജവും സംഘടിതവുമായ ടീം. വ്യക്തിപ്രഭാവം കൊണ്ടും അവര്‍ മുന്നിലാണ്. ട്രോഫി വീണ്ടും പാരീസിലേക്ക് പോയിക്കൂടെന്നില്ല. ബ്രസീലാണ് ഏറ്റവുമൊടുവില്‍ തുടര്‍ച്ചയായി രണ്ടു തവണ ലോക കപ്പ് നേടിയിട്ടുള്ളത്. വര്‍ഷങ്ങളുടെ കണക്ക് അര്‍ജന്റീനക്കും പറയാനുണ്ട്. ഫ്രാന്‍സ് ജയിച്ചാല്‍ അത് പുതിയ ചരിത്രമാവും. യൂറോപ്പിന്റെ ആധിപത്യമെന്ന ക്രമം അപ്പോള്‍ പുനഃസ്ഥാപിക്കപ്പെടും.

Content Highlights: Can Morocco win the World Cup?

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


07:39

കാടിനിടയിലെ വശ്യത, ഏത് വേനലിലും കുളിര്, ഇത് മലബാറിന്റെ ഊട്ടി | Kakkadampoyil | Local Route

Mar 22, 2022

Most Commented