സ്റ്റേഡിയത്തിനുമുന്നിൽ അർജന്റീനയുടെ മലയാളി ആരാധകർക്കൊപ്പം മിഖായേൽ
ഓസ്ട്രേലിയന്‍ താരങ്ങളെല്ലാം പെനാല്‍ട്ടി ബോക്സില്‍ നിരന്നുനില്‍ക്കുമ്പോള്‍ അവര്‍ക്കിടയിലൂടെ ഇന്ദ്രജാലം പോലൊരു ഗോള്‍വഴി തെളിച്ച ലയണല്‍ മെസ്സിയെപ്പോലെ, തിരക്കിനിടയിലൂടെ ശാന്തനായി തന്റെ വഴി കണ്ടെത്തി നടക്കുകയായിരുന്നു മിഖായേല്‍. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിനുമുന്നിലൂടെ അയാള്‍ അര്‍ജന്റീനയുടെ പതാക പുതച്ച് നടന്നുപോകുന്നു.
അര്‍ജന്റീനക്കാരനായ മിഖായേല്‍ എന്ന എണ്പതുകാരന് ഇത് ഏഴാം ലോകകപ്പാണ്. 1994-ലെ അമേരിക്ക ലോകകപ്പിലാണ് സ്വപ്നയാത്ര തുടങ്ങുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം 2010-ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന് പോയില്ല. ''മാറഡോണ ലോക കിരീടമുയര്‍ത്തിയ 1986-ലെ മെക്സിക്കോ ലോകകപ്പ് നേരില്‍ കാണാനായില്ല. ടി.വി.യില്‍ അതു കണ്ടപ്പോള്‍ അര്‍ജന്റീന ലോകകിരീടമുയര്ത്തുന്നത് എന്നെങ്കിലും നേരില്‍ കാണണമെന്ന് തോന്നി. അതുകാണാനാണ് ഞാന്‍ യാത്രതുടങ്ങിയത്. മാറഡോണയില്‍ തുടങ്ങിയ സ്വപ്നം ഇക്കുറി മെസ്സി പൂവണിയിക്കുമെന്ന് വിശ്വസിക്കുന്നു.'' മിഖായേല്‍ പറയുന്നു.
കൂടെയുണ്ടായിരുന്ന മലയാളികള്‍ക്കും ആവേശം. കൊട്ടാരക്കരക്കാരന്‍ സിബി മാത്യുവും കുട്ടനാട്ടുകാരന് ബിനോയ് ജോണും പാലാക്കാരന് ഷിന്‍സ് സ്റ്റീഫനും തൊടുപുഴക്കാരന് ഷിനോജ് ജോസഫുമെല്ലാം അര്‍ജന്റീന ആരാധകരാണ്.
മിഖായേല്‍ ഇതുവരെ കണ്ട ലോകകപ്പ് നടന്ന രാജ്യങ്ങളുടെ പതാക മിഖായേലിന്റെ കൈയിലുള്ള അര്‍ജന്റീനയുടെ പതാകയില്‍ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്. ''എണ്‍പതാം വയസ്സില്‍ ലോകകപ്പിനെത്തിയ ഇങ്ങേരുടെ ആവേശം കാണുമ്പോള്‍ കൊതിയാകുന്നു. ഇങ്ങനെയൊക്കെ പോകാന്‍ നമുക്കൊന്നും കഴിയണമെന്നില്ല. മനുഷ്യന്റെ പ്രതീക്ഷയുടെ പ്രതീകമാണ് ഈ മനുഷ്യന്.'' -ബിനോയ് പറഞ്ഞു.
Content Highlights: Argentina Fans, FIFA World Cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..