'ബോക്‌സിന് തൊട്ടുമുന്നില്‍ ആ ചാന്‍സ് മിസ്സാക്കിയപ്പോള്‍ നിന്റെ കണ്ണ്നിറഞ്ഞത് ഞാനും ഉമ്മിയും അറിഞ്ഞു'


സജ്‌ന ആലുങ്ങല്‍എക്വഡോറിനെതിരായ മത്സരത്തിൽ അൽമോസ് അലി | Photo: AFP

ഖത്തര്‍ ലോകകപ്പിലെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ടവര്‍ കത്ത് എഴുതുന്ന രൂപത്തിലുള്ളതാണ് ഈ കോളം. ഓരോ ദിവസത്തേയും മത്സരത്തിലേ ഏതെങ്കിലും സംഭവം വിഷയമാക്കിയായിരിക്കും ഈ സാങ്കൽപിക കത്ത്. ഖത്തര്‍ സ്‌ട്രൈക്കര്‍ അല്‍മോസ് അലിക്ക് അദ്ദേഹത്തിന്റെ പിതാവ് എഴുതുന്നതാണ് ആദ്യത്തെ കത്ത്‌

From
സൈനുലാബ്ദീന്‍
ഖാതൂം
സുഡാന്‍

To
അല്‍മോസ് അലി
ദോഹ സ്‌പോര്‍ട്‌സ് സിറ്റി
അല്‍ വാബ് സ്ട്രീറ്റ്
ദോഹ-ഖത്തര്‍

പ്രിയപ്പെട്ട അല്‍മുവിന്, അബ്ബ സൈനുലാബ്ദീന്‍ എഴുന്നത്. നീ ഖത്തര്‍ ടീമിനൊപ്പം ദോഹയിലാണെന്നും ലോകകപ്പിന്റെ തിരക്കിലാണെന്നും എനിക്കറിയാം. പക്ഷേ ഇത് എനിക്ക് എഴുതാതിരിക്കാന്‍ കഴിയുന്നില്ല. ലോകം മുഴുവന്‍ കാണുന്ന ഒരു മത്സരത്തിനായി നീ ഇറങ്ങിയപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. നിന്റെ ഉമ്മിയും എന്റെ തൊട്ടടുത്തുണ്ടായിരുന്നു. അവള്‍ എന്റെ കൈയില്‍ മുറുക്കെപ്പിടിച്ചു. ടീം വിജയിക്കുമോ തോല്‍ക്കുമോ എന്നൊന്നും പറയാനുള്ള അറിവ് എനിക്കില്ല. നീ കളിക്കുന്നത് കാണണം എന്നത് മാത്രമായിരുന്നു ടിവിക്ക് മുന്നിലിരിക്കുമ്പോള്‍ ഞങ്ങളുടെ ചിന്ത.

ഖത്തറിന്റെ ദേശീയ ഗാനത്തിനായി നീ അണിനിരന്നപ്പോള്‍ എന്റെ ഓര്‍മകള്‍ പിന്നോട്ട് പോയി. പണ്ട് നീ നമ്മുടെ ഈ വീടിന്റെ മുറ്റത്ത് കാല് പൊള്ളിയിട്ടും കളി നിര്‍ത്താതെ കളിച്ചത് എനിക്ക് ഓര്‍മ വന്നു. അന്ന് നിന്നെ ഞാന്‍ കുറേ വഴക്ക് പറഞ്ഞതാണ്. ഒരു ഷൂ പോലും വാങ്ങിത്തരാനുള്ള പണം എന്റെ കൈയിലല്ലോ എന്ന് ഓര്‍ത്ത് സങ്കടപ്പെട്ടതുമാണ്. ഈ അബ്ബ നിനക്കായി ഒന്നും ചെയ്തുതന്നിട്ടില്ലെന്ന കുറ്റബോധം ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. ഏഴാം വയസ്സില്‍ ഞങ്ങളെ വിട്ട് നീ ഖത്തറിലേക്ക് വിമാനം കയറിയതാണ്. ഫുട്‌ബോളിനോടുള്ള അഭിനിവേശം ആയിരുന്നല്ലോ നിന്നെ ആ യാത്രക്ക് പ്രേരിപിച്ചത്. മെസായ്മീറിലെത്തി അവിടെ ഒരു ക്ലബ്ബിനൊപ്പം കളി തുടങ്ങിയ നീ എന്നും രാത്രി ഉമ്മിയെ വിളിച്ചു കരയുന്നത് ഇപ്പോഴും എന്റെ ചെവിയില്‍ കേള്‍ക്കാം. അപരിചിതമായ സ്ഥലവും ആളുകളും നിന്നെ ഒരുപാട് ഭയപ്പെടുത്തിയിരുന്നല്ലോ. അതൊക്ക പോട്ടെ, സാരമില്ല. നമുക്ക് ഇന്നലത്തെ കളിയെ കുറിച്ച് തന്നെ സംസാരിക്കാം.

അയല്‍പക്കത്തുള്ളവരും എന്റെ കൂട്ടുകാരും എല്ലാവരും പറഞ്ഞിരുന്നു നീ ഒരു ഗോളെങ്കിലും അടിക്കുമെന്ന്. രണ്ടര കൊല്ലം മുമ്പ് നീ ഖത്തറിനെ ഏഷ്യന്‍ കപ്പില് ചാമ്പ്യന്‍മാരാക്കിയപ്പോള്‍ പുറത്തെടുത്ത കളി ഇവിടേയും കളിക്കുമെന്ന് പറഞ്ഞു. അതുകൊണ്ട് മാത്രം ഞാനും ഒരു ഗോള്‍ പ്രതീക്ഷിച്ചു. നീ അതിന് തൊട്ടടുത്ത് വരേയും എത്തി. രണ്ടാം പകുതിക്ക് മുമ്പ് പോസ്റ്റിന് തൊട്ടുമുമ്പില്‍ നിനക്ക് ഒരു അവസരവും കിട്ടിയില്ലേ. ആ നിമിഷത്തില്‍ ഞാന്‍ കസേരയില്‍ നിന്ന് എഴുന്നേറ്റുനിന്നു. ഗോളടിക്കണേ എന്ന് കണ്ണടച്ച് പ്രാര്‍ഥിച്ചു. പക്ഷേ നിന്റെ ഹെഡ്ഡര്‍ അല്‍പം പിഴച്ചുപോയി. ആ സമയത്ത് നീ ഒരുപാട് സങ്കടത്തിലൂടേയും നിരാശയിലൂടേയും കടന്നുപോയിട്ടുണ്ടാകും എന്ന് എനിക്കറിയാം. അവന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടാകും എന്ന് ഉമ്മിയും പറയുന്നുണ്ടായിരുന്നു. സാരമില്ല ട്ടോ. നീ അതോര്‍ത്ത് സങ്കടപ്പെടരുത്. അടുത്ത മത്സരം നമുക്ക് ഉഷാറാക്കാം. സെനഗലിനെ എങ്ങനെയെങ്കിലും പിടിക്കാം.

നീ ഒരിക്കലും ഖത്തറിലെ ആസ്‌പെയര്‍ അക്കാദമിയെ മറക്കരുത്. ഞാന്‍ ഇപ്പോഴും നിന്നോട് പറയുന്ന കാര്യം തന്നെയാണ് ഇത്. നിന്റെ ഫുട്‌ബോള്‍ ജീവിതം വാര്‍ത്തെടുത്തത് അവരാണല്ലോ. അത് നമ്മള്‍ വിസ്മരിക്കരുത്. നീ നന്നായി ഭക്ഷണം കഴിക്കണം. ഉറക്കം കളയരുത്. പറ്റുമെങ്കില്‍ ഞാനും അമ്മിയും ഒരു മത്സരം കാണാന്‍ അങ്ങോട്ട് വരാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ നടക്കുമോ എന്ന് അറിയില്ല. എന്നാലും ശ്രമിക്കാം.

സ്‌നേഹത്തോടെ
അബ്ബ

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join Whatsapp Group
https://mbi.page.link/1pKR

Content Highlights: qatar kathu world cup 2022 column by sajna alungl about almoez ali


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented