B.k.ഹരിനാരായണൻ
എത്ര സുന്ദരമായാണ് ഖത്തർ ഈ ലോകകപ്പിനെ ഒരുക്കിയിരിക്കുന്നത്. എത്ര സ്നേഹത്തോടെയാണ് അവർ അതിഥികളെ സ്വീകരിക്കുന്നത്. ഖത്തർ എയർപോട്ടിന് പുറത്ത് ഫൈസലിനെ കാത്തു നിൽക്കുമ്പോഴാണ് സ്വിറ്റ്സർലന്‍ഡുകാരനായ ഫുട്ബോൾ ആരാധകൻ മൈക്കിളിനെ പരിചയപ്പെട്ടത്. ബ്രസീലുമായുള്ള കളികാണാൻ വന്നതാണ് അയാൾ.
" Most systematic world cup" - അയാളുടെ മുഖം നിറയെ ആശ്ചര്യമായിരുന്നു. ആദ്യമായാണ് ഒരു ലോകം മുഴുവൻ ,ആറു വൻകരകൾ മുഴുവൻ ഒരു നഗരത്തിലേക്ക് ചുരുങ്ങുന്നത്. ഒരു മൈതാനത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകാൻ വിമാനം വേണ്ട.. എവിടേയും മെട്രോകളുണ്ട്. രണ്ടോ മുന്നോ മിനിട്ടുകളുടെ വ്യത്യാസത്തിൽ. മെട്രോ എത്താത്തിടത്തേക്ക്, ഖത്തറിലെ പൊതുഗതാഗത സംവിധാനമായ മൗസലാത്തിൻ്റെ ബസ്സുകളുണ്ട്.. സൗജന്യമാണ് ഇതിലെല്ലാം യാത്ര.
ഫൈസലിൻ്റെ കാറിൽ യൂനിസിൻ്റെ വീട്ടിലെത്തി. ഇന്ന് ഒരു കളിക്കും ടിക്കറ്റില്ല. എത്തിയ വിവരം സുഹൃത്തും ഖത്തർ ഫുട്ബോൾ ടീമിൻ്റെ ജെഴ്സി രൂപകല്‍പ്പന ചെയ്യുന്നവരിലൊരാളായ തൃശ്ശൂര്‍ക്കാരൻ ഷഫീർ കൊറിയ യെ വിളിച്ച് പറഞ്ഞു.
അപ്പോഴാണ് ഷഫീറിൻ്റെ ചോദ്യം
ഉച്ചക്ക് ഒരുമണിയുടെ കാമറൂൺ - സെർബിയ കളിക്ക് ടിക്കറ്റ് ഉണ്ട് ,പോകുന്നോ?
കേട്ടപാതി കേൾക്കാത്ത പാതി ഞങ്ങൾ അങ്ങോട്ട് പാഞ്ഞു. ടിക്കറ്റ് വാങ്ങി. ബ്രെയ്ക്ക് ഫാസ്റ്റ് കഴിച്ചെന്ന് വരുത്തി. കാറൊരിടത്തിട്ട് മെട്രോയിൽ ജിസിസിയിലേക്ക് പോയി. ഫൈസൽ എനിക്കും വേണുവിനും ഹയാ കാർഡ് എടുത്തു തന്നു. നേരെ അടുത്ത മെട്രോയിൽ കയറി വക്രയിലേക്ക്. അവിടെ നിന്ന് അൽ ജനൂബ് സ്റ്റേഡിയത്തിലേക്ക്. നാൽപ്പതിനായിരം പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ 39000ത്തിലധികം ആളുകളുണ്ട്. അകത്തു കടന്ന് സെർബിയൻ പോസ്റ്റിൻ്റെ പിന്നിലായി ഇരിപ്പിടം കിട്ടി.
ആദ്യമായി ടി.വിയിൽ കണ്ട ലോകകപ്പ് മത്സരം കാമറൂണിൻ്റെയാണ്. 1990-ൽ അർജൻറീനയും കാമറൂണും തമ്മിലുള്ള മത്സരം. അന്ന് റോജർ മില്ലറുടേയും, മക്കനാക്കിയുടേയുമൊക്കെ കാമറൂൺ അർജൻറീനയെ തോൽപ്പിച്ചു. ഇപ്പോഴിതാ ആദ്യമായി നേരിട്ടു കാണുന്ന മത്സരവും കാമറൂണിൻ്റെ തന്നെ. കളി തുടങ്ങി. ഞങ്ങളുടെ വലതുവശത്ത് മൂലയിലായി ,ഫാൻസോണിൽ തമ്പടിച്ചിരിക്കുന്ന കാമറൂൺ ആരാധകർ, മുകളിൽ നിന്ന് നോക്കുമ്പോൾ, ചുവപ്പും മഞ്ഞയും പച്ചയും നിറം കൊണ്ടു തീർത്ത ഭഗവതിക്കളം പോലെ. തിശ്ര നടയിൽ അവരുടെ മേളവും പാട്ടും കുഴൽ വിളിയും മുറുകിക്കൊണ്ടിരിക്കുന്നു. അതിനനുസരിച്ച് ഇരച്ചുകയറുന്ന കളിക്കാർ. എതിർ ഗോൾപോസ്റ്റിൻ്റെ ഇടതു ഭാഗത്തായി, ഗുൽമോഹർ പൂ വിതറിയട്ടപോലെ ഇരിക്കുന്ന സെർബിയക്കാർ താരതമ്യേന ശാന്തരാണ്.
ഉച്ചവെയിലിന് വല്ലാത്ത കനം. നേരെ ഞങ്ങളിരിക്കുന്ന ഭാഗത്തേക്കാണ് വരുന്നത്. കളിയുടെ 29 മിനിട്ടിൽ ഞങ്ങളുടെ കണ്ണിന് നേരെ താഴെ വച്ച് കാസെലെറ്റോ കാമറൂണിനുവേണ്ടി വല ചലിപ്പിക്കുന്നു. സ്റ്റേഡിയം മുഴുവൻ പ്രത്യേക രീതിയിൽ ഗോൾ എന്ന ആരവം മുഴങ്ങുന്നു. തിശ്ര നടയിലുള്ള മേളം ഉച്ചസ്ഥായിയിലെത്തുന്നു. ഒന്നാപകുതി അവസാനിച്ച് 6 മിനിട്ട് കൂടി ഇഞ്ചുറി ടൈം എന്ന അറിയിപ്പ് വരുന്നു. പക്ഷെ അടുത്ത രണ്ട് മിനിട്ടിനുള്ളിൽ സെർബിയ രണ്ട് ഗോളടിക്കുന്നു. പഴഞ്ഞി പള്ളി പെരുന്നാളിന്, മുണ്ടത്തിക്കോട് രാഗദീപത്തിൻ്റെ ബാൻ്റ്മേളം തുടങ്ങുന്നതുപോലെ സെർബിയൻ ക്ലാര്നറ്റുകൾ ശബ്ദിക്കുന്നു
ഒന്നാം പകുതി കഴിഞ്ഞ് ഇടവേള സമയത്താണ്, ഗാലറിയിൽ വച്ച് കാമറൂണിലെ പ്രസിദ്ധനായ കൊമേഡിയൻ തൊറങ്കോയെ കാണുന്നത്. കൗതുകുമുള്ള ആ വേഷം കണ്ട് അങ്ങോട്ട് ചെന്ന് പരിചയപ്പെട്ടു. പലരും വന്ന് അദ്ദേഹത്തിനൊപ്പം നിന്ന് പാമെടുക്കുന്നു. അവരോടെല്ലാം അയാൾ വല്ലാത്ത ഒരു ശബ്ദത്തിൽ മന്ത്രിച്ച് കൊണ്ടേയിരിക്കുന്നു
" ഞങ്ങൾ ജയിക്കും ,കാമറൂൺ ജയിക്കും "
ഞങ്ങളോടും അതു തന്നെ പറഞ്ഞു. പക്ഷെ സെർബിയ നിർത്താനുള്ള ഉദ്ദേശമായിരുന്നില്ല. ഉയരക്കൂടുതൽ അവർക്ക് വലിയ അനുഗ്രഹമായി തോന്നി. വീണ്ടും. കാമറൂണിൻ്റെ വല ചലിച്ചു. ( 3 - 1 ) . ഒരനുഷ്ഠാനം പോലെ, ഉത്സവപ്പാണി കൊലുമ്പുന്നപോലെ ഒരു പ്രത്യേക താളത്തിൽ കാമറൂൺ ആരാധകർ നിർത്താതെ കൊട്ടിക്കോണ്ടേയിരുന്നു. അത് കളിക്കാരിൽ ആവേശമായി. മൂന്നുമിനിട്ടിനുള്ളിൽ കാമറൂൺ രണ്ടുവട്ടം എതിർ വല ചലിപ്പിച്ചു. ( 3 - 3 ) സെർബിയൻ താളങ്ങൾ നിലച്ചു. പന്ത് അങ്ങോട്ടുമിങ്ങോട്ടും കയറി.. ഒടുവിൽ ലോങ്ങ് വിസിൽ വന്നു. കാമറൂണിൻ്റെ അബൂബക്കർ മികച്ച കളിക്കാരനായി പ്രഖ്യാപിക്കപ്പെട്ടു.
സ്റ്റേഡിയത്തിന് പുറത്തിറങ്ങുമ്പോൾ എങ്ങും പാട്ടും മേളവുമാണ്.. ഓരോയിടത്തും, വഴി തെറ്റാതിരിക്കാൻ,വരുന്നവർക്ക് മൈക്രോഫോണിലൂടെ നിർദ്ദേശം നൽക്കുന്നവർക്കുമുണ്ട് ഒരു പ്രത്യേക മൊഴിത്താളം. കൊട്ടി വന്ന മേളം പളളിയിൽ വച്ചവസാനിക്കും പോലെ സെർബിയൻ ആരാധകർ ബാൻ്റ് മേളം ഉച്ചസ്ഥായിയിലെത്തിച്ചിരിക്കുന്നു.. പലരും അതിനു ചുറ്റും നിന്ന് നൃത്തം വക്കുന്നു. അതിനിടയിലൂടെ പെർഫോം ചെയ്ത് നടന്ന് പോകുന്ന തൊറങ്കോ. അയാൾ ഉറക്കെ വിളിച്ച് പറയുന്നു.
" ഓൾ ദ ബെസ്റ്റ് ബ്രസീൽ "
ആരും നിൽക്കുകയല്ല ഒരു പാട്ടു പോലെ, അടുത്ത കളിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.
വഴിക്ക് കണ്ട തൃശൂർകാരനായ സുഹൃത്ത് പറഞ്ഞു.
" ഇദ് വേറെ വൈബാണ് ബ്രോ. ഇതെന്താന്നറിയണമെങ്കിൽ ഇബടെത്തന്നെ വരണം .. ഖത്തർ കിടുവാണ് അൽ കിടു "
Content Highlights: Serbia Cameroon Football Vibes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..