ഗാരിഞ്ചയുടെ ബൂട്ട്, ബ്രസീൽ ആരാധകനൊപ്പം ബി.കെ.ഹരിനാരായണൻ
അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഒരു കളിയെങ്കിലും കാണുക എന്നത് വലിയ ആഗ്രഹമായിരുന്നു. ഖത്തറിലേക്ക് പോരും മുമ്പെതന്നെ സുനു എടുത്തു തന്നിരുന്ന പ്രീക്വാര്‍ട്ടര്‍ ടിക്കറ്റുണ്ടായിരുന്നു. പോളണ്ടിനെതിരെ അര്‍ജന്റീന ജയിച്ചതോടെ അര്‍ജന്റീനയെ കാണാം എന്നുറപ്പായി. ബ്രസീലിനെ കാണാന്‍ എന്ത് ചെയ്യും. ടിക്കറ്റുകള്‍ എവിടെ അന്വേഷിച്ചിട്ടും കയ്യിലെത്തുന്നില്ല. അപൂര്‍വ്വം ഉള്ളവയ്ക്കാകട്ടെ മൂന്നിരട്ടി വിലയും. 40 റിയാലിന്റെ ടിക്കറ്റ് 700 ഡോളറിന് വരെ ആളുകള്‍ ഇങ്ങോട്ട് ചോദിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. അതായത് 840 രൂപയുടെ ടിക്കറ്റ് 56000 രൂപക്ക് !
പക്ഷെ മിക്കവാറും ആളുകളും കൊടുക്കുന്നില്ല. അങ്ങനെ ചങ്ക് പെടച്ച് നില്‍ക്കുമ്പോഴാണ്, ഖത്തറില്‍ വച്ച് പരിചയപ്പെട്ട സൂറൂര്‍ ഉമ്മര്‍ എന്ന സുഹൃത്ത് പറയുന്നത് 'ഞാന്‍ ബ്രസീലിന്റെ ഒരു കളി കണ്ടതാ, ങ്ങള് പോയി കാണിന്‍'. സുറൂറിന്റെ സ്നേഹവും നൗഫല്‍ തന്ന ജേഴ്സിയുമായി, ലുസൈല്‍ സ്റ്റേഡിയത്തിലേക്ക് മെട്രോ കയറി. ഖത്തര്‍ ലോകകപ്പില്‍ ഓരോ മത്സരങ്ങളും ആരംഭിക്കുന്നത് മെട്രോയില്‍ നിന്നാണ്. അത് മെട്രോയില്‍ തന്നെ അവസാനിക്കയും ചെയ്യുന്നു. ബ്രസീലിന്റെയോ, അര്‍ജന്റീനയുടേയോ കളിയാണങ്കില്‍ പറയേണ്ടതില്ല. മെട്രോ നിറച്ച് ആരാധകരായിരിക്കും.
ആട്ടവും പാട്ടുമായി സ്റ്റേഡിയത്തിന്റെ ഗെയ്റ്റ് കടന്ന്, ഒരു കുപ്പി വെള്ളം വാങ്ങിക്കാന്‍ കൗണ്ടറില്‍ നില്‍ക്കുമ്പോഴാണ്, ബ്രസീല്‍ കരാനായ ഫാബിയോ യെ പരിചയപ്പെട്ടത്. പ്രായം ചെന്ന ആരാധകനാണയാള്‍. ഒരു കൗതുകത്തിന് ഫേവറിറ്റ് പ്ലയര്‍ ആരാണെന്ന് ചോദിച്ചു.
അന്നും ഇന്നും എന്നും ഗാരിഞ്ച മാനേ ഗാരിഞ്ച
എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു 'ഗാരിഞ്ചയുടെ കാലില്‍, പന്ത് അനുസരണയുള്ള പൂച്ചക്കുഞ്ഞിനെപ്പോലെ ആയിരുന്നു. പക്ഷെ അര്‍ഹിക്കുന്ന അംഗീകാരം അയാള്‍ക്ക് കിട്ടിയോ എന്നറിയില്ല.'
ഒരു കാലത്തിന്റെ തിളക്കം അയാളുടെ കണ്ണിലുണ്ടായിരുന്നു.
'വിനീഷ്യസ് ജൂനിയറിനെ കാണുമ്പോള്‍ എനിക്ക് ഗാരിഞ്ചയെ ഓര്‍മവരും. രണ്ടുപേരും വിങ്ങര്മാരായതുകൊണ്ടാണോ എന്നറിയില്ല. ഫിഫയുടെ മ്യൂസിയമുണ്ട് ഇവിടെ. അവിടെ ഗാരിഞ്ചയുടെ ബൂട്ടുണ്ട്. പറ്റുമെങ്കില്‍ പോയി കാണണം.
.jpeg?$p=16d56ed&&q=0.8)
പിറ്റേന്ന് രാവിലെ തന്നെ യൂനസ് ഖാനും സോണി ഭായ്ക്കുമൊപ്പം കോര്‍ണിഷില്‍ ഫാന്സോണിലുള്ള ഫിഫ മ്യൂസിയത്തില്‍ പോയി. 1962 ലെ ചിലി വേള്‍ഡ്കപ്പില്‍ ഗാരിഞ്ച ഉപയോഗിച്ച ബൂട്ട് മനോഹരമായി ഒരുക്കി വച്ചിട്ടുണ്ടവിടെ. ചിലി വേള്‍ഡ്കപ്പില്‍ ബ്രസീലിന്റെ രണ്ടാമത്തെ മാച്ചിലാണ് പെലെ പരിക്കുപറ്റി പുറത്ത് പോകുന്നത്. പിന്നീടുള്ള മത്സരങ്ങള്‍ അദ്ദേഹത്തിന് കളിക്കാനായില്ല. തുടര്‍ന്ന് ബ്രസീലിന്റെ നിയന്ത്രണം ഏറ്റെടുത്തത് ഗാരിഞ്ചയായിരുന്നു. സ്പെയിനിനെതിരെ സമനില ഗോള്‍ നേടാന്‍, അമാര്ലിഡോയുടെ കാലുകളിലേക്ക് തളികയിലെന്നോണം പന്തെത്തിച്ചു. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ കോര്‍ണറില്‍ നിന്ന് ഹെഡ്ഡര്‍ ഗോള്‍. ആതിഥേരായ ചിലിക്കെതിരെ ഇരട്ടഗോള്‍.
ഫൈനലില്‍ കടുത്ത പനിയുമായാണ് ഗാരിഞ്ച ഇറങ്ങിയത്. ചെക്കോസ്ളോവാക്യക്കെതിരെ തന്റെ ടീമിനെ ജയിപ്പിക്കാന്‍. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ജയിച്ച് ബ്രസീല്‍ കപ്പുയര്‍ത്തുമ്പോള്‍, പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റും ഗോള്‍ഡന്‍ ബൂട്ടും ഗാരിഞ്ചക്കായിരുന്നു. ആ ടൂര്‍ണമെന്റില്‍ ഗാരിഞ്ച ഉപയോഗിച്ച ബൂട്ടാണ് മ്യൂസിയത്തിലെ ശേഖരത്തിലുള്ളത്. കാലം കൊത്തിവച്ച, കളിക്കളത്തിലെ ഒരുപാട് സ്മൃതിചിത്രങ്ങളുണ്ട് ഫിഫയുടെ മ്യൂസിയത്തില്‍. ഒറ്റനിമിഷത്തില്‍ ഒതുങ്ങുന്നതല്ല ഒരോ കളിക്കാഴ്ചയും. അത് ഓര്‍മ്മയുടെ കനല് ഊതിയെടുക്കല് കൂടിയാണ്.
Content Highlights: brazil in fifa world cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..